കത്തോലിക്കാ സഭയിൽ ഒരാൾ 50 വർഷങ്ങൾ പുരോഹിതൻ ,26 വർഷങ്ങൾ മെത്രാൻ,11 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല.മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.സീറോ മലബാർ സഭയെ ഉത്തരാധുനിക യുഗത്തിൽ നയിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് അദ്ദേഹം നേരിട്ട് കൊണ്ടിരിക്കുന്നത്.സീറോ മലബാർ സഭ, ആഗോള സഭയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെകിൽ അതിന് കാരണം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യവും ഇടപെടലും കൊണ്ടാണ്.
ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളുള്ള സമൂഹത്തിലാണ് സഭ നിലനിൽക്കുന്നത്. അതിസങ്കീർണ്ണമായ പ്രതിസന്ധികൾക്കിടയിൽ എറണാകുളം അങ്കമാലി ബസിലിക്കയിൽ കഴിഞ്ഞ വിശുദ്ധവാരത്തിൽ മൂന്ന് ദിവസങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കാൻ മാർ ആലഞ്ചേരി കാണിച്ച നിശ്ചയദാർഢ്യം ഒന്ന് മാത്രം മതി മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസ ധീരത എന്താണെന്ന് പൊതുസമൂഹത്തിന് മനസിലാക്കുവാൻ.
തന്റെ അടുക്കൽ സഹായത്തിന് വരുന്ന ആരെയും വെറും കൈയ്യോടെ മടക്കി അയക്കാത്ത പ്രകൃതം.പുറം ലോകത്തെ അറിയിക്കാതെ പതിതരായ ആളുകളെ സഹായിക്കുകയും,വിഷമങ്ങളും,സങ്കടങ്ങളും അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്ന് സഹായിക്കുകയും ചെയ്യുന്ന സ്വഭാവ വിശേഷം കാത്തുസൂക്ഷിക്കുന്ന അപൂർവ്വം ഇടയന്മാരിൽ ഒരാളാണ് മാർ ആലഞ്ചേരി.വിയോജിപ്പുള്ള ആളുകളെ തള്ളിക്കളയാതെ,എല്ലാവർക്കും വേണ്ടി കാത്തിരിക്കുന്ന ശ്രേഷ്ഠ ഇടയന്റെ കരുതൽ വ്യക്തിജീവിതത്തിൽ പകർത്തുന്ന അദ്ദേഹം അനുരഞ്ജനത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിടുന്നു.
സമൂഹത്തിലെ ഏറ്റവും ചെറിയവർ പോലും ഫോൺ വിളിച്ചാൽ സംസാരിക്കാനും,തിരിച്ചു വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാനും സാധിക്കുന്ന അദ്ദേഹത്തെപ്പോലെ ഒരു സഭാതലവനെ ഇന്ന് കണ്ടെത്താൻ ഏറെ വിഷമകരമാണ്.പ്രതിസന്ധികൾ കൂട്ടത്തോടെ മുന്നിൽ വരുമ്പോൾ അദ്ദേഹം പ്രകടിപ്പിക്കുന്ന ദൈവാശ്രയത്വ ബോധം നാളെ ഒരു പക്ഷെ പൊതുസമൂഹം തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ കാലശേഷമായിരിക്കാം.
സഭയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശങ്ങളായി വിശ്വാസികൾ മേജർ ആർച്ച് ബിഷപ്പായ അദ്ദേഹത്തിന് നൽകുന്നത് പരിഗണിക്കുകയും വേണ്ട സമയങ്ങളിൽ പ്രയോഗത്തിൽ വരുത്താൻ ദത്തശ്രദ്ധനുമാണ് മാർ ആലഞ്ചേരി.സീറോ മലബാർ സഭ ഏറ്റവും കൂടുതൽ വളർച്ച പ്രാപിച്ചത് 2011 -2022 കാലഘട്ടത്തിൽ തന്നെയാണ്.എപ്പോഴും സീറോ മലബാർ സിനഡിന്റെയും വിശ്വാസികളുടേയും പിന്തുണ ഏറ്റവും കൂടുതൽ ലഭിക്കുന്ന അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളും അവരുടെ പിന്തുണ കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
സഭയ്ക്കും സ്വന്തം നിലയ്ക്കും ലഭിക്കുന്ന വിലപിടിപ്പുള്ളതും അല്ലാത്തതുമായ എല്ലാ ലൗകിക വസ്തുക്കളും മറ്റുള്ളവർക്ക് നൽകാൻ ശ്രമിക്കുന്ന അദ്ദേഹം സ്വന്തമായി ഒന്നും തന്നെ മാറ്റിവയ്ക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വമല്ല. എന്ത് കൊണ്ട് വിയോജിപ്പുള്ളവർ പോലും അദ്ദേഹത്തെ ബഹുമാനിക്കുന്നു? എല്ലാവരെയും കേൾക്കാനും ശ്രദ്ധിക്കാനും സംഭാഷണത്തിൽ ഏർപ്പെടാനും സൗമനസ്യം കാണിക്കുന്നു എന്നത് തന്നെ കാരണം.
ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി അവശേഷിക്കും. സീറോ മലബാർ സഭയിലെ എന്നെ പോലൊരു ശരാശരി വിശ്വാസിക്ക് ഭാഷയുടെയും ഭൂമിയുടെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം വിശാലമായി ചിന്തിക്കാനും ആത്മീയതയിലേക്ക് കൈപിടിച്ച് എത്തുവാനും കഴിഞ്ഞത് യാദ്യച്ഛികതയോ ഭാഗ്യമോ മൂലമല്ല,മറിച്ച് ചതഞ്ഞ ഞങ്ങണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും ഋഷിതുല്യമായ സൗമ്യതയോടെ സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന താപസശ്രേഷ്ഠന്റെ സഭയിലെ അംഗങ്ങളായതു കൊണ്ടാണ്.
സഭയുടെ നഷ്ടങ്ങൾ നാം തിരിച്ചറിയുന്നത്,നഷ്ടപ്പെടുമ്പോൾ മാത്രമാണ്. ഇവിടെ നഷ്ടപ്പെടുന്നത് വ്യക്തികൾക്കല്ല, തലമുറകൾക്കാണ്,സഭയ്ക്കാണ്.മാർ ജോർജ് ആലഞ്ചേരിപ്പോലെയുള്ള ആത്മീയ നേതാക്കളുടെ സംഭാവനകൾ നമ്മുടെ തലമുറകൾ തിരിച്ചറിയുന്നത് ഏറെ വൈകിയായിരിക്കും.സീറോ മലബാർ സഭയുടെ ഭാവിയുടെ പ്രചോദനവും രൂപപ്പെടുന്നത് അദ്ദേഹത്തെപ്പോലെയുള്ള ദീർഘദർശികളുടെ പ്രയത്നഫലം കൊണ്ടായിരിക്കുമെന്ന് തീർച്ചയാണ്
ടോണി ചിറ്റിലപ്പിള്ളി