ടെക്സാസ്: അമേരിക്കയിലെ പ്രശസ്ത ടാറ്റൂ കലാകാരിയും റിയാലിറ്റി ഷോകളിലെ താരവും മന്ത്രവാദിനിയുമായിരിന്ന കാറ്റ് വോണ്‍ ഡി ക്രൈസ്തവ സ്വീകരിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 3ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന്റെ വീഡിയോ കാറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ഇത് വലിയ ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിൽ കാറ്റ് വോണ്‍ ഡി, നിഗൂഢ കലകളില്‍ നിന്നും മന്ത്രവാദത്തില്‍ നിന്നും സ്വയം അകന്നുനിൽക്കുകയാണെന്ന് വെളിപ്പെടുത്തിയിരിന്നു.

മന്ത്രവാദത്തെക്കുറിച്ചുള്ള വാചകങ്ങളും ടാരറ്റ് കാർഡുകളുടെ പെട്ടികളും ഉൾപ്പെടെ, താൻ ഒഴിവാക്കുന്ന വിവിധ പൈശാചിക വസ്തുക്കളുടെ ചിത്രം കാറ്റ് വോണ്‍ അന്ന് പങ്കിട്ടു.

ഇതിനു പിന്നാലെ താരം ഒരു വര്‍ഷത്തിന് യേശുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത.സെവന്‍ത്-ഡേ അഡ്വെന്റിസ്റ്റ് സമൂഹത്തിലെ മിഷ്ണറിമാരുടെ മകളായി മെക്സിക്കോയില്‍ ജനിച്ചു വളര്‍ന്ന കാറ്റ് വോണ്‍, ടാറ്റൂ കലാകാരിയും ടെലിവിഷന്‍ താരവും ആകുന്നതിന് മുന്‍പെ മികച്ചൊരു ബിസിനസുകാരിയായും, റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായും അറിയപ്പെട്ടിരിന്നു.

1988-ലാണ് കാറ്റിന്റെ കുടുംബം കാലിഫോര്‍ണിയയിലേക്ക് മാറുന്നത്. പതിനാലാമത്തെ വയസ്സില്‍ തന്റെ ആദ്യത്തെ ടാറ്റൂ വരച്ച കാറ്റ്, 2005-ലാണ് മയാമി സൗത്ത് ബീച്ചിലെ ടാറ്റൂ കലാകാരന്‍മാരെ കുറിച്ചുള്ള ‘മയാമി ഇങ്ക്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.

ഷോയിലെ മറ്റ് താരങ്ങളുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പരിപാടി വിട്ട കാറ്റ് ‘എല്‍.എ ഇങ്ക്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി.ഏതാണ്ട് 29 ലക്ഷം കാഴ്ചക്കാരുള്ള ടെലിവിഷന്‍ ഷോയായിരിന്നു ഇത്. മേക്കപ്പ് സാധനങ്ങളുടെ സ്വന്തം ബ്രാന്‍ഡും, ഷൂ ലൈനും ഉള്ള കാറ്റ് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും, സ്വന്തം ആല്‍ബം ഇറക്കുകയും ചെയ്തിട്ടുണ്ട്.

ലഹരിക്കടിമയായ കാറ്റ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിച്ചിരിന്നു. ലഹരിയുടെ പിടിത്തത്തില്‍ നിന്നുള്ള പിന്‍വാങ്ങലിന്റെ വേദനയും, അതേതുടര്‍ന്നുള്ള ആത്മഹത്യ പ്രവണതയും, ഏകാന്തതയും ഒത്തിരി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരിന്നുവെന്ന് കാറ്റ് വെളിപ്പെടുത്തിയിരിന്നു.

പൈശാചികമായ ഉള്ളടക്കമുള്ള നിരവധി ടാറ്റൂകള്‍ ചെയ്ത അവള്‍ തന്റെ യൌവനത്തില്‍ ഒത്തിരി പൈശാചികമായ മന്ത്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിന്നു.

2022 ജൂലൈ മാസത്തില്‍ തന്റെ പക്കലുള്ള ദുര്‍മന്ത്രവാദത്തേക്കുറിച്ചുള്ള പുസ്തകങ്ങള്‍ താന്‍ വലിച്ചെറിയുകയാണെന്ന് കാറ്റ് വെളിപ്പെടുത്തി. “ഇപ്പോള്‍ ഇതുപോലുള്ള മാറ്റങ്ങളിലൂടെ കടന്നു പോകുന്നവര്‍ നിങ്ങളില്‍ ആരെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അര്‍ത്ഥപൂര്‍ണ്ണമായ ചില തിരിച്ചറിവുകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായി” എന്നാണ് കാറ്റ് അന്നു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഒരു ആത്മീയ യുദ്ധം നടക്കുന്നുണ്ടെന്നും താനും തന്റെ കുടുംബവും സ്നേഹവും പ്രകാശവുമായി കീഴടങ്ങുകയാണെന്നു കാറ്റ് ഇന്ന് പറയുന്നു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുള്ള കാറ്റിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു നിരവധി പേരാണ് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുന്നത്.

Wilphy Wilson