ചില ഓർമകൾ മനസിൽ നിന്നും മാഞ്ഞു പോകില്ല.
അവയങ്ങനെ പ്രാക്കളെപ്പോൽ ഇടയ്ക്കിങ്ങനെ കുറുകിക്കൊണ്ടിരിക്കും.
പറഞ്ഞു വരുന്നത് ഓർമ്മയിലിന്നും മായാതെ നിൽക്കുന്ന ഒരു ടീച്ചറെക്കുറിച്ചാണ്.
ഇത് കുറിക്കും മുമ്പ് ഞാനവരെ വിളിച്ചിരുന്നു.

ഒത്തിരിവർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ ആ യു.പി. സ്കൂളിലെത്തും.
പൊതുവെ വിഷമമുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മേൽ പറഞ്ഞ ടീച്ചറാണ്.
ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരോട് കുട്ടികൾക്ക് ഇഷ്ടക്കേട് തോന്നാമെങ്കിലും എന്തുകൊണ്ടോ ഈ ടീച്ചറെ കുട്ടികൾക്കെല്ലാം ഇഷ്ടമായിരുന്നു.
വഴക്കു പറയുമെങ്കിലും ഹൃദയത്തിൽ എവിടെയോ അവരോട് ഒരു അമ്മസ്നേഹം സൂക്ഷിച്ചു വെച്ചിരുന്നു.

വാക്കിലും പ്രവർത്തിയിലും ഇടപെടലുകളിലും സ്നേഹം നിറഞ്ഞു നിന്ന ടീച്ചറെ കുട്ടികൾ വിളിച്ചു കൊണ്ടിരുന്നത് കുഞ്ഞുമേരി ടീച്ചർ എന്നായിരുന്നു.
ആ സ്കൂളിൽ മറ്റ് പല മേരിമാർ ഉണ്ടായിരുന്നതിനാലാണ്
ആ പേര് വീണത്.

ഹൈസ്കൂളിലെത്തിയപ്പോഴും
കുഞ്ഞു മേരി ടീച്ചർ എന്റെ കാര്യങ്ങൾ അമ്മയോട് ചോദിക്കുമായിരുന്നു. അമ്മയായിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്ന മൂന്നുമുറി പള്ളി സ്ക്കൂളിൽ (സെന്റ് ജോസഫ് യു.പി.സ്ക്കൂൾ) ഉച്ചഭക്ഷണം പാകം ചെയ്തിരുന്നത്.
പിന്നീട് ഞാൻ സെമിനാരിയിൽ ചേർന്നെന്നറിഞ്ഞപ്പോൾ എനിക്കുവേണ്ടി മുടങ്ങാതെ പ്രാർത്ഥിച്ചിരുന്നവരിൽ
ഒരാൾ ഈ ടീച്ചറായിരുന്നു.

ഞങ്ങളുടെ ഇടവക തന്നെയായിരുന്നതിനാൽ അവധിക്കാലത്ത് വീട്ടിൽ വരുമ്പോൾ പള്ളിമുറ്റത്ത് എന്നെക്കാണാനായ് എത്രയോ തവണ ടീച്ചർ കാത്ത് നിന്നിരിക്കുന്നു.

2005 സെപ്തംബർ 8 ന് തിരുപ്പട്ടം സ്വീകരിച്ച ശേഷം ഇടവകയിൽ ആദ്യമായ് ബലിയർപ്പിച്ചപ്പോഴും ആദരവോടെയും ആനന്ദത്തോടെയും എന്നെ അഭിനന്ദിക്കാൻ മുൻനിരയിൽ ടീച്ചറും ഉണ്ടായിരുന്നു.

ഇപ്പോൾ ടീച്ചർക്ക് പ്രായം 76.
എന്റെ അപ്പച്ചന്റെ വയസ്.
ഞാൻ ഇടവകയിൽ വരുമ്പോൾ കുർബാനയ്ക്കു ശേഷം എന്നെക്കാണാൻ കാത്തുനിൽക്കുന്ന ടീച്ചറുടെ ആ നിഷ്കളങ്കമായ സ്നേഹം കൺമുന്നിലുണ്ട്.

പ്രായമായവരോട് കുശലം ചോദിക്കുമ്പോൾ മക്കളുടെയും ചെറുമക്കളുടെയും വിശേഷങ്ങൾ നമ്മൾ ചോദിക്കുമല്ലോ?
എന്നാൽ, അവിവാഹിതയായി ജീവിക്കുന്ന ടീച്ചറോട് ‘സുഖമാണോ’ എന്നല്ലാതെ മറ്റെന്ത് ചോദിക്കാൻ കഴിയും?

വിവാഹം കഴിച്ചില്ലെങ്കിലും ഹൃദയം നിറയെ കരുണയും കരുതലുമുള്ള,
പ്രായമേറിയിട്ടും ഒരു കിലോമീറ്റർ നടന്ന് അനുദിനം ദിവ്യബലിയിൽ പങ്കെടുക്കുന്ന ടീച്ചർ എന്നെ
എന്നും അതിശയിപ്പിക്കുന്നു. വല്ലപ്പോഴും ഫോൺ വിളിക്കുമ്പോൾ,
“അച്ചന് തിരക്കുണ്ടായിട്ടും,
എന്നെ വിളിച്ചല്ലോ” എന്ന പരിഭവത്തിന് മുമ്പിൽ ഞാൻ നിസാരനായി പോകുന്നു.

ക്രിസ്തുവിന്റെ വംശപരമ്പര അവസാനിക്കുന്നത് മറിയത്തിന്റെ പേരോടെയാണ്:


“യാക്കോബ്‌ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1 :16)

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ വേളയിൽ
എല്ലാ അമ്മമാർക്കും മേരിമാർക്കും മാതൃത്വം നെഞ്ചേറ്റിയ സകലർക്കും മംഗളങ്ങൾ!

ഫാദർ ജെൻസൻ ലാസലെറ്റ്
സെപ്തംബർ 8-2023 .

നിങ്ങൾ വിട്ടുപോയത്