ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ

അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയും

നാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന മരണമടഞ്ഞപ്പോൾ ഭർത്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളാണിവ.

ദൈവകരുണയുടെ തിരുനാളിനു തലേന്ന് ശനിയാഴ്ചയാണ് കാൻസറുമായുള്ള നീണ്ട പോരാട്ടത്തിനുശേഷം ദൈവ സന്നിധിയിലേക്ക് അവൾ യാത്രയായത്. വിശുദ്ധിയോടും തീക്ഷ്ണതയോടുംകൂടി കത്തോലിക്കാ വിശ്വാസം ജീവിച്ച അവൾ ക്യാൻസർ എന്ന രോഗത്തെ അനുഗ്രഹമായാണ് സ്വീകരിച്ചത്. ക്യാൻസറിനെ കർത്താവിലുള്ള സ്നേഹത്തോടും പ്രത്യാശയോടും കൂടി അവൾ അഭിമുഖീകരിച്ചു. മരണക്കിടക്കയിലും അവൾ സധൈര്യം വചനം പ്രസംഗിച്ചു

നിത്യതയിലേക്കുള്ള അവളുടെ യാത്രയിൽ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു.

വിശുദ്ധ കുർബാനയെ ഔഷധമായി കണ്ടിരുന്ന ജെസിക്കായുടെ ഇൻസ്റ്റാഗ്രാം പേജ് ( blessed_by_cancer ) എന്നായിരുന്നു.

അതിൽ ചേർത്തിരിക്കുന്ന തിരുവചനഭാഗം നിയമാവർത്തന പുസ്തകം മുപ്പത്തിയൊന്നാം അധ്യായം എട്ടാം തിരുവചനമായിരുന്നു. “കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.”

കഷ്ടപ്പാടുകൾക്കിടയിലും സന്തോഷത്തിൻ്റെയും ആർദ്രതയുടെയും സന്ദേശങ്ങളാൽ നിറഞ്ഞിരിന്ന അവളുടെ ജീവിതവും മാതൃകയും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഒരു വഴികാട്ടിയായിരുന്നു

2020-ൽ നാലാമത്തെ കുഞ്ഞ് ഉദരത്തിലായിരിക്കുമ്പോഴായിരുന്നു ജെസീക്കയിൽ സ്തനാർബുദം കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കാൻ ചില ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും, കുഞ്ഞിനു വേണ്ടി അവൾ ഉറച്ചുനിന്നു. വാഴ്ത്തപ്പെട്ട സോളാനസ് കേസി എന്ന പുണ്യത്മിൻ്റെ സ്മരണക്കായി തോമസ് സോളാനസ് എന്ന് പേരിട്ട അവളുടെ മകൻ്റെ ജനനത്തെത്തുടർന്ന്, അവളുടെ സ്കാനിംഗ് റിപ്പോർട്ട് അവൾ ക്യാൻസറിൽ നിന്ന് മുക്തയാണെന്ന് തിരിച്ചറിയുന്, പക്ഷേ നിർഭാഗ്യവശാൽ, കുറച്ച് മാസങ്ങൾക്ക് ശേഷം രോഗം തിരിച്ചെത്തി. അവളുടെ ഒരു കീമോ സമയത്ത്, അവൾ ഇൻസ്റ്റാഗ്രാമിൽ എഴുതി, “ദൈവത്തിന് സമർപ്പിക്കുന്നു: കീമോയ്‌ക്കായി എൻ്റെ തല മൊട്ടയടിക്കുന്നു- കർത്താവ് നൽകുകയും തിരികെ എടുക്കുകയും ചെയ്യുന്നു കർത്താവിൻ്റെ നാമം വാഴ്ത്തപ്പെടട്ടെ!” മാരകമായ അസുഖമുള്ളവരോട് അവരുടെ അവസാന ഭക്ഷണം എന്തായിരിക്കുമെന്ന് പലപ്പോഴും ചോദിക്കാറുണ്ടെന്നും മറ്റൊരു പോസ്റ്റിൽ അവൾ എഴുതി. “എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രശ്നമല്ല, എൻ്റെ അവസാനത്തെ ഭക്ഷണം കുഞ്ഞാടിൻ്റെ അത്താഴമായിരിക്കും- അതായത് വി.കുർബാന.”

അവളുടെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ സന്ദേശം ഇങ്ങനെയാണ്.

സമയത്തിനു മുമ്പേ എപ്പോഴും ദൈവത്തിനു നന്ദി പറയുവിൻ .

ദൈവം എങ്ങനെ നമ്മുടെ ആത്മാവിനെ രൂപാന്തരപ്പെടുത്തന്നു എന്നതാണ് ശരിയായ അത്ഭുതം. ബാക്കിയെല്ലാം ബോണസാണ്.

ആത്മാവിൻ്റെ വിദ്യാലയമാണ് ജീവിതം മരണം ബിരുദാനദിനവും.

ജീവനെ സ്നേഹിച്ച, സഹനങ്ങളെ ആനന്ദത്തോടെ സ്വീകരിച്ച ജെസിക്കായുടെ ജീവിതവിശുദ്ധിയും മാതൃകയും അനേകർക്കു പ്രചോദനമാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

Hand reaching to sky.

നിങ്ങൾ വിട്ടുപോയത്