എന്താണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം?അത് ദൈവം ഇല്ല എന്ന വിശ്വാസം അല്ല. ഒരു മതവും വേണ്ട എന്ന നിലപാട് അല്ല. എല്ലാ മതങ്ങളിലും ഒരുപോലെ ദൈവം ഉണ്ട് എന്ന കാഴ്ചപ്പാടും അല്ല. മതേതരത്വം എന്നാൽ ബഹുസ്വരതയെ ആദരിക്കലാണ്. ഓരോ പൗരനും തനിക്കു ഇഷ്ടമുള്ള വിശ്വാസം (അത് മൂല്യങ്ങൾക്ക് അധിഷ്ഠിതവും പൊതു നന്മയ്ക്കു ഉപകരിക്കുന്നതും നിയമവിധേയവുമായിരിക്കണം) ജീവിക്കാനും, അതേക്കുറിച്ചു പറയാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്.
ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്. ഇന്ന് നമ്മൾ കാര്യമായി ഉയർത്തിപ്പിടിക്കുന്ന ഒട്ടുമിക്ക എല്ലാ ശാസ്ത്ര നേട്ടങ്ങളും ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളാണ്. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു ഇറങ്ങുന്നവരാണ് ശാസ്ത്ര മേഖലയിൽ ഭൂരിഭാഗവും സേവനം ചെയ്യുന്നതും ഗവേഷണങ്ങൾ നടത്തുന്നതും. പല ശാസ്ത്ര നേട്ടങ്ങളും പാശ്ചാത്യ ലോകത്തു ഇന്നും അറിയപ്പെടുന്നത് ക്രിസ്ത്യൻ പുരോഹിതരുടെയും സന്യസ്തരുടെയും പേരിലാണ്. ശാസ്ത്ര ലോകത്തു മതം നൽകുന്ന സംഭാവനകൾ ആർക്കും നിഷേധിക്കാൻ കഴിയില്ല. “അല്പജ്ഞാനം അപകടം” എന്ന് പറയുന്നത് പോലെ അല്പം വിദ്യാഭ്യാസത്തിലൂടെ ചെറിയ ശാസ്ത്ര ബോധം ലഭിച്ച ചിലർ ദൈവം ഇല്ല എന്നും മതം വേണ്ട എന്നും ശാസ്ത്രം മാത്രം മതിയെന്നും വാദിക്കുന്നത് കേൾക്കാറുണ്ട്.
രാഷ്ട്രീയം കളിക്കാൻ മതത്തെയും ശാസ്ത്രത്തെയും കൂട്ട് പിടിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്. നാടിൻറെ പുരോഗതിക്കും വികസനത്തിനും വേണ്ടി എന്ത് ചെയ്തു എന്ന് പറഞ്ഞു വോട്ട് ചോദിക്കുന്നതിനേക്കാൾ എളുപ്പം മതം പറഞ്ഞു വോട്ട് മേടിക്കാൻ ശ്രമിക്കുന്നതാണെല്ലോ. മതം മനുഷ്യന്റെ സ്വകാര്യ വിഷയമാണ്. അതിൽ തൊട്ടു വികാരം ഇളക്കിവിട്ടു വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇവർ പയറ്റുന്നത്.
മതവിശ്വാസികൾക്ക് വേണ്ടത് അദ്ധ്യാത്മീകതയാണ്. അതിൽ ശാസ്ത്രീയതയുണ്ട്. അമിതമായ സാമൂദായിക ബോധം മതത്തിന്റെ സംഘടനാ ശക്തിയെ ഒരു പക്ഷെ വളർത്തിയേക്കാം; എന്നാൽ അത് വിശ്വാസിയെ ദൈവ അവബോധത്തിലേക്കു വളർത്തണമെന്നില്ല. ഇന്ന് അദ്ധ്യാത്മീകത ചർച്ച ചെയ്യപ്പെടുന്നത് കാണുന്നില്ല. വിശ്വാസിയെ അതിലേക്കു വളർത്തുന്നതിന് മതങ്ങൾക്ക് താല്പര്യം കുറയുന്നുവോ എന്ന് സംശയമുണ്ട്. ഇത്തരം പ്രവണത ഉള്ള മതങ്ങൾ കാലക്രമേണ ഇല്ലാതെയാകും.
മതം ഒരു ആൾകൂട്ടമല്ല. അത് വിശ്വാസവും മൂല്യങ്ങളും അനുസരിച്ചു ജീവിക്കുന്ന ഒരു അദ്ധ്യാത്മീക സമൂഹമാണ്. അവരുടെ വിശ്വാസത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും നിന്ന് പറഞ്ഞാൽ വൃണപ്പെടുന്ന ഒരു സമൂഹമല്ല. വെറും സംഘടനയായി മാത്രം ഒരു മതം ഒരിക്കലും സമൂഹത്തിൽ ദീർഘനാൾ നിലനിൽക്കില്ല. ശരിയായ അദ്ധ്യാത്മീകത മനുഷ്യനെ ശാസ്ത്രീയമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. യുക്തിരഹിതമായ മതബോധം മനുഷ്യനെ അന്ധവിശ്വാസത്തിലേക്കും ചൂഷണത്തിലേക്കും നയിക്കും. അതീവ ശ്രദ്ധ വേണം മതവും ശാസ്ത്രവും രാഷ്ട്രീയവും കൈകാര്യം ചെയ്യാൻ. പ്രിത്യേകിച്ചു ബഹുസ്വരത നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിൽ.
ജോർജ് പനന്തോട്ടം