അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല .

അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ?

ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്.

സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട്‌ പോകുന്നത് അപ്പനായാലും തടയണം.

മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ അരക്ഷിത സാഹചര്യത്തിലേക്ക് കൊണ്ട് പോകാനോ പറ്റില്ല.സംശയാസ്പദമായ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിംഗ് സംസ്കാരം ഉണ്ടാകണം.

പോലീസ് കാര്യങ്ങൾ കണ്ടെത്തട്ടെ. കുട്ടികളുടെ കാര്യത്തിൽ ഇത്തരം ജാഗ്രതകൾ വേണം. അതുണ്ടായിരുന്നെങ്കിൽ ഈ കുഞ്ഞു മരിക്കില്ലായിരുന്നു.

നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചും, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആശയം നടപ്പിലാക്കാനുള്ള നന്മയിലും അഞ്ച് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊന്നവൻ രക്ഷപ്പെടുകയോ, കുറഞ്ഞ ശിക്ഷ വാങ്ങി നമ്മുടെ നികുതി ചെലവിൽ ഏതെങ്കിലും ജയിലിൽ ഉണ്ട് താമസിച്ചു മെഴുത്ത് വരികയോ ചെയ്താൽ പൊതു ജനം പ്ലിങ്.

എല്ലാ തട്ടിലും പോയി കേസ് തീർപ്പായി വരാൻ കൊല്ലം എത്ര കഴിയും? ഏതൊരു പ്രമാദമായ കേസ് സംഭവിക്കുമ്പോഴും ഇതാണ് ഓർക്കുന്നത്.

ആലുവയിലെ കുറ്റാരോപിതനെ കോടതിൽ ഹാജരാക്കും വരെ എല്ലാവർക്കും കാണുവാൻ പോന്ന വിധം പ്രദർശിപ്പിച്ചാണ് കൊണ്ട്‌ നടന്നത്.

ഐഡന്റിഫിക്കേഷൻ പരേഡ് വേണ്ടി വന്നാലോയെന്ന്‌ ചൊല്ലി ഇപ്പോൾ മുഖം മൂടിയാണ് യാത്ര. ഇതിലൊക്കെ ഒരു ചിട്ടയില്ലേ സർ.ലോകം മുഴുവൻ ഐഡന്റിഫൈ ചെയ്ത ശേഷം എന്തൊരു പരേഡ്?

അതിന്റെ വിശ്വാസ്യത പോയില്ലേ? പഴുതുകൾ അറിയാതെ വന്ന് ചേരുകയാണോ?

(സി ജെ ജോൺ)

Drcjjohn Chennakkattu

നിങ്ങൾ വിട്ടുപോയത്