ഷോയാണ്………അതേ ഷോ തന്നെയാണ്…….
.കൺമുന്നിൽ അശാസ്ത്രീയതയിൽ തീർത്ത കുരുതിക്കളത്തിൽ കുറച്ച് നിമിഷം മുൻപ് വരെ ഒപ്പം സംവദിച്ചിരുന്ന മനുഷ്യരുടെ ജീവൻ പൊലിയുന്നത് കണ്ടു നിൽക്കുന്ന ഏതൊരു “മനുഷ്യനും” തീർക്കുന്ന വേദനങ്ങളുടെ അമർഷം പ്രകടിപ്പിച്ചാൽ അത് നിങ്ങൾക്ക് ഷോയാണെങ്കിൽ നിങ്ങളുടെ അധികാര മേലാളന്മാരുടെ അന്ധതതന്നെയാണ്.
മുതലപ്പൊഴിയെന്ന മരണപ്പൊഴിയിൽ അന്നത്തിനായി വള്ളത്തിലേറി പോകുമ്പോൾ ആ ഹാർബർ കുരുതിക്കളമായി മത്സ്യത്തൊഴിലാളികളാകുന്ന മനുഷ്യർ മരണപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിൻമേൽ സകലതും പരിഹരിക്കപ്പെടുമെന്ന സ്ഥിരം പല്ലവി കേട്ടുമടുത്തവർ പ്രതികരിക്കുക തന്നെ ചെയ്യും…….
ഒരു മത്സ്യബന്ധന തുറമുഖമെന്നാൽ ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ഏതു കാലാവസ്ഥയിലും തന്റെ തൊഴിലിടമാകുന്ന കടലിൽ ചെന്ന് തന്റെ തൊഴിലാകുന്ന മത്സ്യബന്ധനം നിർവഹിച്ചു തിരികെ വരാൻ സുരക്ഷയൊരുക്കുന്ന ഇടം…….
എന്നാൽ അവിടെത്തെ അഴിമുഖം കടക്കുക എന്നത് ജീവൻ മരണപ്പോരാട്ടമായി തീരുമ്പോൾ…...
അതിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അത്താണികളായ മനുഷ്യർ കൊല്ലപ്പെടുമ്പോൾ…….
ആ കുരുതിക്കളത്തിലെ അശാസ്ത്രീയത പരിഹരിക്കപ്പെടുമെന്ന പാഴ് വാക്കുകൾ തനിയാവർത്തനം പോലെ നൽകാനാണ് നിങ്ങൾ കടന്നു വന്നതെങ്കിൽ പ്രതിഷേധങ്ങളുടെ “ഷോ ” നിങ്ങൾക്കു മുൻപിൽ കടലു പോലെ ആർത്തിരമ്പും……..
.കാരണം ആദ്യത്തെ സംഭവമല്ല അവിടെ സംഭവിച്ചിരിക്കുന്നത്…….
കൺമുന്നിൽ കുരുതികളുടെ പരമ്പര തീർക്കപ്പെടുമ്പോൾ അധികാരത്താൽ അടഞ്ഞു പോയ നിങ്ങളുടെ കാതുകൾ തുറക്കപ്പെടാൻ തന്നെയാണ് അമർഷങ്ങളുടെ ഷോകൾ തീർക്കുന്നത്…….
അഞ്ചു വർഷം കൂടുമ്പോൾ ജനാധിപത്യത്തിന്റെ പേരിൽ വോട്ടു കിട്ടാൻ ഞങ്ങൾക്കു മുൻപിൽ നിങ്ങൾ തീർക്കുന്ന പൊറാട്ടുനാടകങ്ങളുടെ ഷോയെക്കാൾ എന്തുകൊണ്ടും ഒപ്പുമുണ്ടായിരുന്നവർ കൺമുന്നിൽ ഇല്ലാതായി തീരുമ്പോൾ നിങ്ങൾക്കു നേരെ ഉയരുന്ന പ്രതിഷേധവും അമർഷവും മനുഷ്യത്വം നിറഞ്ഞ ഷോ തന്നെയാണ്……
Clinton Damian