ആരാധനാക്രമത്തിന്റെ ശരിയായ അനുഷ്ഠാനത്തിന് പരിശീലനം ആവശ്യമാണ്. ദൈവതിരുമുൻപിൽ സമയം പാഴാക്കുന്നതാണ് ആരാധനക്രമം എന്ന ഗുവാർഡിനിയുടെ പ്രസ്താവന വളരെ ശരിയായ അർത്ഥത്തിൽ മനസിലാക്കിയാൽ എത്ര മനോഹരവും, ഇന്നത്തെ മനുഷ്യന് എത്ര സ്വീകാര്യവുമായ ആശയമാണ് ഗുവർഡീനി മുന്നോട്ടു വാക്കുന്നതെന്ന് നമുക്ക് ബോദ്ധ്യപ്പെടും. ദൈവതിരുമുൻപിൽ പാഴാക്കുന്ന സമയം വാക്കുകളും ചിന്തകളും അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചുള്ള ദൈവതിരുമുൻപിലെ വിശുദ്ധവും ദൈവികവുമായ “കളി” ആയാണ് അരാധനക്രമത്തെ ഗുവാർഡിനി വ്യാഖ്യാനിക്കുന്നത്. എന്തെങ്കിലും നേടാൻ വേണ്ടിയുള്ള കളിയല്ലിത്. ക്രിക്കറ്റും ചെസും ഫുട്ബോളും പോലുള്ള കളികൾ പലർക്കും പണം നേടാനുള്ള മാർഗ്ഗം കൂടിയാണ്. അത്തരം ഏതെങ്കിലും ലക്ഷ്യം ആരാധനാക്രമത്തിനില്ല.

ശാന്തത തളംകെട്ടുന്ന, മനോഹാരിത ത്രസിക്കുന്ന, സ്വാതന്ത്ര്യം അനുഭവമാകുന്ന, ദൈവത്താൽ നിയോഗിക്കപ്പെട്ടു എന്ന് കരുതുന്ന, ഉല്ലാസവും വിനോദവും നൽകുന്ന, വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും തണലിൽ നടക്കുന്ന, മനോഹരമായ ഒരു കളിയാണ് ആരാധനാക്രമം എന്ന് ദൈവദാസനായ ഗുവാർഡീനി എഴുതി. മാത്രമല്ല രണ്ടാം വത്തിക്കാൻ കൗൺസിലിന് വർഷങ്ങൾക്ക് മുൻപ് മുതൽ യൂറോപ്പിലെ ആരാധനക്രമനവീകരണ പ്രസ്ഥാനത്തോടും ജർമ്മനിയിലെ യുവജനമുന്നേറ്റ പ്രസ്ഥാനത്തോടും ചേർന്ന് പറയുകയും എഴുതുകയും ചെയ്ത കാര്യങ്ങൾ യുവജന ക്യാമ്പുകളിലും ആത്മീയ പരിശീലന സെമിനാറുകളിലും അദ്ദേഹം പ്രയോഗിക്കുകയും ചെയ്തു. യുവജനങ്ങൾക്കുവേണ്ടി യുവജനങ്ങളോടൊത്ത് ആരാധനാക്രമപരമായ പല പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ആരാധനാക്രമം നിത്യജീവിതത്തിന്റെ അനുഭവവും ആസ്വാദനവും പോലെ, ദൈവസ്തുതിയുടെ നിത്യമായ ആലാപനം പോലെ, സ്വർഗ്ഗീയാനുഭവത്തിന്റെ ഭൂമിയിലെ ആഘോഷം പോലെ, ഒരിക്കലും ഉപയോഗശൂന്യമെന്നോ വിരസമെന്നോ തോന്നാത്ത, എന്നും ഉത്സാഹത്തോടെയും ആവേശത്തോടെയും പങ്കെടുക്കാൻ തോന്നുന്ന ആഘോഷവും ഉത്സവവും ആണ്, ആയിരിക്കണം എന്ന ഗുവർഡീനിയുടെ ദർശനം എത്ര മനോഹരം എന്നെ എനിക്കു പറയാനാകൂ.

ആരാധനാക്രമത്തിന്റെ പ്രാധാന്യം

ജീവിതം ഒരു കലയായും ഒരു ഉത്സവമായും മനസിലാക്കുന്നവരുടെ ആഘോഷവും ദൈവാനുഭവവും ആണ് ആരാധനാക്രമം. അതിന്റെ സമ്പന്നതയെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം. അതുകൊണ്ടു ആരാധനക്രമസാഹിത്യത്തെക്കുറിച്ചും ഒരുവൻ ബോധവാനായിരിക്കണം. പ്രത്യേകിച്ച് ആരാധനാക്രമത്തിന്റെ കലാപരമായ വീക്ഷണകോണിലൂടെ എഴുതിയ ആരാധനക്രമ സാഹിത്യങ്ങളുടെ വായനയും പഠനവും ആഘോഷപൂർണ്ണവും ആനന്ദകരവും വിനോദത്തിനുതകുന്നതുമായ ആരാധനാക്രത്തിന്റെ ആഘോഷത്തിനു സഹായിക്കും. ഒരു കലാസൃഷ്ടി വീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതും കലയുടെ വീക്ഷണകോണിലൂടെ മാത്രമായിരിക്കരുത്. ആരാധനാക്രമം എന്ന കല നോക്കിക്കാണേണ്ടതും വിലയിരുത്തേണ്ടതും മനുഷ്യരുടെ ആഘോഷമെന്ന ആരോധനാക്രമസങ്കൽപ്പത്തിന്റെ വെളിച്ചത്തിലും സ്രഷ്ടാവായ ദൈവത്തിന്റെ കർമ്മം എന്ന നിലയിലും അരൂപിയായ പരിശുദ്ധാല്മാവിന്റെ പ്രവൃത്തി എന്ന നിലയിലുമാണ്. സൗന്ദര്യശാസ്ത്രത്തിന്റെ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്ന മനോഹരവും അതിനാൽ തന്നെ ലളിതവുമായ ഒരു കലാസൃഷ്ടി ആണ് ആരാധനക്രമം.

അരാധനാക്രമവും അനുദിനജീവിതവും

ആരാധനാക്രമത്തിലെ ആചാരങ്ങൾക്ക് അനുദിനജീവിതവുമായി ബന്ധമുണ്ടാകണം. ഉദാഹരണത്തിന്, കമ്പനികളിലെ ജോലിയും ഫാക്ടറികളിലെ ജോലിയും ഗവർണ്മെന്റ് ഓഫിസുകളിലെ ജോലിയും കൃഷി സംബന്ധമായ ജോലിയും ചെയ്യുന്നവർക്ക് അവരുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രതീകങ്ങളും ആശയങ്ങളും ആരാധനാക്രമത്തിലും അന്യമാകാതെയും സമന്വയിച്ചും സ്വാധീനിച്ചും സംഗ്രഹിച്ചും നിലനിൽക്കണം. ആരാധനാക്രമത്തിലെ അടയാളങ്ങൾക്കും പ്രതീകങ്ങൾക്കും പ്രാർത്ഥനകൾക്കും പാട്ടുകൾക്കും എതെങ്കിലും വിധത്തിൽ അവരുടെ അനുദിനജീവിതവുമായി ബന്ധമുണ്ടായിരിക്കണം. ആരാധനാക്രമം ഒരു ക്രൈസ്തവ മനോഭാവം രൂപീകരിക്കുന്നതിന് സഹായിക്കണം. അനുദിനജീവിതത്തിലെ പ്രവർത്തനനിരത പ്രതിഫലിക്കുന്നതും അവ സന്തോഷനിർഭരവും ഫലപ്രാപ്‌തിയുള്ളതുമാക്കാൻ സഹായിക്കുന്നതുമാകണം ആരാധനക്രമം.

ഉപസംഹാരം

ആരാധനാക്രമം പ്രാർത്ഥനയാണ്. അതുകൊണ്ടു അത് ദൈവവുമായുള്ള നമ്മുടെ ബന്ധം പ്രകടമാക്കുന്നു. ആരാധനാക്രമം നമ്മുടെ സംസ്ക്കാരം ആവിഷ്ക്കരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തിന്റെ ആഘോഷമെന്ന് ഗുവാർഡിനി ആരാധനാക്രമത്തെ വിളിക്കുന്നു. ആരാധനാക്രമം നമ്മുടെ സമൂഹത്തിന്റെ ആഘോഷവും ആണ്. സമൂഹത്തിന്റെ ആഘോഷമെന്ന നിലയിൽ ആരാധനാക്രമം ഒരു പ്രാപഞ്ചികമായ പ്രാർത്ഥനയാണ്.

സർവ്വപ്രപഞ്ചങ്ങളോടുകൂടിയും സർവ്വപ്രപഞ്ചങ്ങളും കൂട്ടമായും ഒരുമിച്ചും നടത്തുന്ന ആഘോഷവും പ്രാർത്ഥനയുമാണ് ആരാധനക്രമം. ഈ ആഘോഷത്തിൽ മനോഹരവും സൗന്ദര്യാൽമകവും ആകർഷകവുമായ ശൈലിയും വർണ്ണനിർഭരവും സുന്ദരവും പ്രിയം നല്‍കുന്നതുമായ നിരവധി ഘടകങ്ങക്കും വസ്തുക്കളും ആശയങ്ങളും ഉൾപ്പെടുന്നുണ്ട്.

ആരാധനാക്രമം അതിന്റെ എല്ലാ ആശയങ്ങളും വസ്തുതകളും പ്രകടിപ്പിക്കാൻ പര്യാപ്തമാകുന്നതിന് നിരവധി പ്രതീകങ്ങളും അടയാളങ്ങളും ആരാധനാക്രമത്തിൽ ഉണ്ട്. പ്രതീകങ്ങൾ ആരാധനാക്രമത്തിന്റെ സമ്പന്നതയാണ് വ്യക്തമാക്കുന്നത്. അതുപോലെ ആരാധനക്രമം ശാന്തമാകാനും വിശ്രമിക്കാനും മാനസികവും ശാരീരികവുമായ ഉൻമേഷത്തിനും ഉല്ലാസത്തിനും ഉതകുന്ന അനുഷ്ടാനം ആണ്.

ആരാധനക്രമം ഒരു വിനോദമായും കലയായുമാണ് ഗുവാർഡിനി അവതരിപ്പിക്കുന്നത്. നിയമങ്ങളും ക്രമങ്ങളും ചട്ടങ്ങളുമുള്ള ഒരു കളി ആയി ആരാധനാക്രമത്തെ മനസിലാക്കുന്നു. ആരാധനക്രമം അല്പംപോലും മാനസിക സങ്കർഷം സൃഷ്ടിക്കില്ല, മറിച്ചു ആരാധനക്രമം മാനസിക സങ്കർഷം ഇല്ലാതാക്കും.

ആരാധനാക്രമം വിരസമല്ല. മാറ്റുവാക്കുകളിൽ ആരാധനക്രമം വിരസമാകാൻ ഇടയാക്കികൂടാ. ആരാധനക്രമം എല്ലാ അർത്ഥത്തിലും ഉത്സാഹപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും ശാന്തരാക്കുന്നതും ആനന്ദം നൽകുന്നതും ആകണം.

മനോഹരമായ, സൃഷ്ടിപരമായ, സൗന്ദര്യാത്മകമായ, കലാപരമായ പ്രകടനവും ആവിഷ്ക്കാരവുമായ ആരാധനക്രമം അനുദിനജീവിതത്തിന്റെ ഭാരം ചുമക്കുന്ന മനുഷ്യന് അവന്റെ തളർച്ചയിൽ ഉണ്മേഷവും ഉണർവും പ്രചോദനവും പ്രോത്സാഹനവും ശക്തിയും പ്രതീക്ഷയും നല്കും. പരിശുദ്ധാത്മാവാണ് ആരാധനാക്രമം എന്ന കല സുന്ദരവും ശാന്തവും ഹൃദ്യവുമാക്കാൻ നമ്മെ സഹായിക്കുന്നത്. ഗുവാർഡിനിയുടെ പല ദർശനങ്ങളും ആശയങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിലിലും അതിനു ശേഷവും നടപ്പാക്കി.

ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഗുവാർഡിനിയെ മഹാനായ ദൈവശാസ്ത്രജ്ഞനായും ആരാധനക്രമ നവീകരണത്തിന്റെ മാർഗദർശി ആയും അവതരിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

‘ആരാധനാക്രമത്തിന്റെ ആത്‌മാവ്’‌ എന്ന പേരിൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ എഴുതിയ പുസ്‌തകത്തിൽ പരോക്ഷമായെങ്കിലും ഗുവാർഡീനിയുടെ അതേ പേരിലെ പുസ്തകത്തിലെ പല ആശയങ്ങളും സാധൂകരിക്കയോ പ്രതിഫലിക്കയോ ചെയ്യൂന്നുണ്ട്. ആരാധനാക്രമത്തിന്റെ പ്രാപഞ്ചികമാനം, ആരാധനാക്രമം സമൂഹത്തിന്റെ ആഘോഷം, സംസ്‌കാരത്തിന്റെ പ്രതിഫലനം, അനുദിന ജീവിത വ്യഗ്രതകൾക്കും ഭാരത്തിനുമിടയിൽ ഉല്ലാസവും വിനോദവും ശാന്തമാക്കാനുതകുന്ന കളി തുടങ്ങിയ ആശയങ്ങൾ ആരാധനക്രമ നവീകരണത്തിന് ഇനിയും ഭാവിയുള്ളതായി ബോധ്യപ്പെടുത്തുന്നു.

ആരാധനാക്രമം എന്ന രഹസ്യം നമ്മൾ അനുഭവിക്കയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അനുവദിക്കയും വേണം. ആരാധനാക്രമത്തിന്റെ ആൽമാവിനെ കണ്ടെത്താനും ആരാധനാക്രമത്തിന്റെ അരൂപിയിൽ നിറയാനും ആരാധനാക്രമത്തിന്റെ ചൈതന്യം ത്രസിപ്പിക്കാനും അരൂപി, ശാന്തതയുടെ ആത്മാവ്, കൃപ നൽകും.

ജോസഫ് പാണ്ടിയപ്പള്ളിൽ

നിങ്ങൾ വിട്ടുപോയത്