നിര്‍ണ്ണായകം; എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പേപ്പല്‍ പ്രതിനിധി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു ഡിസംബർ 11 തിങ്കളാഴ്ചയാണ് വത്തിക്കാനിലെ പേപ്പൽ വസതിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

നാളെ ചൊവ്വാഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് നിര്‍ണ്ണായകമായ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് സിറിൽ, പരിശുദ്ധ പിതാവിനോട് വിവരിക്കുകയും അനുഗ്രഹം ആവശ്യപ്പെടുകയും ചെയ്തായി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കൂടിക്കാഴ്ചയില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത പാപ്പയുടെ വീഡിയോ സന്ദേശത്തിന് ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ നന്ദിയര്‍പ്പിച്ചു. പ്രശ്നപരിഹാരത്തിന് ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പാപ്പ, പ്രാര്‍ത്ഥനയും ആശംസയും അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറി കൂടിയായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള തന്റെ പ്രതിനിധിയായി ഫ്രാന്‍സിസ് പാപ്പ നിയമിക്കുന്നത്.

അതേസമയം പിറവി തിരുനാള്‍ മുതല്‍, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണമെന്നും ആരാധനക്രമത്തിൽ വിട്ടുവീഴ്ച പാടില്ലായെന്നും ഫ്രാന്‍സിസ് പാപ്പ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



എറണാകുളം-അങ്കമാലി അതിരൂപതയെ അഭിസംബോധന ചെയ്തുക്കൊണ്ടുള്ള പാപ്പയുടെ അസാധാരണമായ വീഡിയോ സന്ദേശം വത്തിക്കാന്‍ മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ടത്. വീഡിയോയില്‍ ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് അതിരൂപത തുടരരുതെന്നും സഭാധികാരികൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കണമെന്നും പാപ്പ താക്കീത് നല്‍കിയിരിന്നു. ഈ സാഹചര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ നടത്തുന്ന സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമാണുള്ളത്.

https://youtu.be/egDQZAWHTqU

നിങ്ങൾ വിട്ടുപോയത്