പെസഹാ ത്രിദിനത്തിലെ രണ്ടാം ദിവസം പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം റംശായോടെ ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിലെ മഹത്തായ ശനിയാഴ്ചയുടെ സവിശേഷതയാണ് ഈ ദിവസത്തെ രണ്ട് ആഘോഷങ്ങളുടെ ക്രമം. ആദ്യത്തേത് നമ്മുടെ കർത്താവിന്റെ മരണത്തിന്റെയും സംസ്‌കാരത്തിന്റെയും സ്മരണയും രണ്ടാമത്തേത് സാധാരണ രാത്രി ജാഗരണവുമാണ്. ആദ്യത്തേത് ആരംഭിക്കുന്നത് വലിയ ശനിയാഴ്ചയിലെ റംശായിൽ അതായത് പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം ആണ്. ആഘോഷമായ റംശാ ശുശ്രൂഷയിലെ കർമ്മങ്ങൾ വചനശുശ്രൂഷ, സുവിശേഷ പ്രഘോഷണത്തിനു ശേഷം മദ്ബഹാലേക്കുള്ള സ്ലീവയുടെ പ്രദക്ഷിണം, ഓനീസാ ദ് വാസാലിക്കേയുടെ സമയത്ത് നടത്തപ്പെടുന്ന മൃതസംസ്കാര ചടങ്ങുകൾ എന്നിവയാണ്.

സുവിശേഷ പ്രഘോഷണത്തിനു ശേഷമുള്ള കർമ്മക്രമങ്ങളുടെ വിവരങ്ങൾ ഹുദ്രയുടെ രണ്ട് പതിപ്പുകളും നൽകുന്നത് ഇപ്രകാരമാണ്: “സുവിശേഷ പ്രഘോഷണം പൂർത്തിയാകുമ്പോൾ, അവർ സ്ലീവയെ മെത്രാന്റെ നേർക്ക് തിരിച്ച് അതിൽ നിന്ന് അങ്കി (tunic – കൊത്തീനാ) നീക്കം ചെയ്യുകയും വൃത്തിയുള്ള ആവരണം കൊണ്ട് മൂടുകയും പുരോഹിതനെ ഏൽപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം [പുരോഹിതൻ] സുവിശേഷ പുസ്തകത്തോടൊപ്പം അത് മദ്ബ്ഹായിലേക്ക് കൊണ്ടുപോകുകയും ബലിപീഠത്തിനു മുകളിൽ സ്ഥാപിക്കുകയും ചെയ്യുന്നു: സ്ലീവായുടെ അടിത്തറയും മൂടുപടവും അവർ സങ്കീർത്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു [Cf. Breviarium, 375-376; Hudra , 500-501].

ലൂക്കാ, മത്തായി, യോഹന്നാൻ എന്നിവരിൽ നിന്ന് എടുത്ത സുവിശേഷ പ്രഘോഷണം യഥാർത്ഥ മിശിഹായായ ഈശോയുട പീഡാസഹനത്തിന്റെയും മരണത്തിന്റെയും അനുസ്മരണവും,
വചനശുശ്രൂഷയെത്തുടർന്നുള്ള കർമ്മങ്ങളും ബേമ്മയിൽ നിന്നും മദ്ബഹായിലേക്കുള്ള സ്ലീവായുടെ സംവഹിക്കലും നമ്മുടെ രക്ഷയ്ക്കായുള്ള നമ്മുടെ കർത്താവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും അനുഷ്ഠാനവുമാണ്.

ബേമ്മയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലീവായിൽ നിന്ന് അങ്കി നീക്കം ചെയ്യുന്ന അസാധാരണ ആരാധനാക്രമവും, തുടർന്ന് ശുഭ്രമായ ആവരണം കൊണ്ട് മൂടുന്നതും, തുടർന്ന് മദ്ബഹായിലേക്ക് സംവഹിക്കപ്പെടുന്നതും, ഒടുവിൽ ബലിപീഠത്തിനു മുകളിൽ സ്ഥാപിക്കുന്നതും നമ്മുടെ കർത്താവിന്റെ രക്ഷാകരമായ മരണത്തിന്റെയും കബറടക്കത്തിന്റെയും ആഘോഷപൂർവ്വമായ ആചരണങ്ങളാണ്.

സ്ലീവായിൽ നിന്ന് അങ്കി നീക്കം ചെയ്യുകയും ഒരു ആവരണം കൊണ്ട് മൂടുകയും ചെയ്യുന്ന ചടങ്ങ് മിശിഹായുടെ ശരീരം കുരിശിൽ നിന്ന് നീക്കം ചെയ്യുകയും സംസ്‌കാരത്തിനായി തയ്യാറാക്കുകയും ചെയ്യുന്നതിനെ പ്രതീകപ്പെടുത്തുന്നു. ബേമ്മയിലെ മേശയെ ഗാഗുൽഥായുടെ പ്രതീകമായും ബലിപീഠം കബറിടമായും പരമ്പരാഗതമായി മനസ്സിലാക്കുന്നു, ബേമ്മയിൽ നിന്ന് മദ്ബഹാലേക്കുള്ള സ്ലീവായുടെ സംവഹിക്കലും ബലിപീഠത്തിൽ പ്രതിഷ്ഠിക്കുന്നതും നമ്മുടെ കർത്താവിന്റെ മൃതദേഹവുമായി ഗാഗുൽത്തായിൽ നിന്ന് കല്ലറയിലേക്കുളള മൃതസംസ്കാരയാത്രയുടെയും മൃതസംസ്‌കാരകർമ്മത്തിന്റെയും പ്രതീകാത്മക ആഘോഷങ്ങളാണ്.
അർബേലിലെ ജോർജിന്റെ വിശദീകരണപ്രകാരം സ്ലീവായുടെ ഈ സംവഹിക്കൽ ദൈവാലയത്തിനു ചുറ്റുമായി മെത്രാനെയും മറ്റ് ശുശ്രൂഷകരേയും അനുഗമിച്ചുകൊണ്ട് വിശ്വാസി സമൂഹം നടത്തുന്ന ആഘോഷമായ പ്രദക്ഷിണമാണ്. സീറോ മലബാർ പാരമ്പര്യമനുസരിച്ച് ദൈവാലയ മുറ്റത്ത് സ്ഥാപിതമായ വലിയ കൽക്കുരിശിന് വലം വച്ചുള്ള പ്രദക്ഷിണമാണിത് എന്ന് ഫാ. പാത്തിക്കുളങ്ങര വിശദമാക്കുന്നുണ്ട്.

ഈ സായാഹ്ന ശുശ്രൂഷയുട അവസാന ചടങ്ങുകൾ ആഘോഷമായ റംശായുടെ ഭാഗമായ പരമ്പരാഗത പ്രദക്ഷിണവുമായി (ഓനീസാ ദ് വാസാലിക്കേ) ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ പ്രദക്ഷിണ ഗീതതത്തിന്റെ സവിശേഷത എന്നത് പ്രത്യേകമായ “മൃതസംസ്കാര ചടങ്ങുകൾ” ഉണ്ടെന്നതും ആലം ( Alam = For ever) എന്ന തലക്കെട്ടുള്ള ഒരു സുദീർഘമായ ഗീതത്തിന്റെ ( onyata ) സാന്നിധ്യവുമാണ്. ആരാധനാ ഗ്രന്ഥത്തിന്റെ രണ്ട് പതിപ്പുകളും പ്രത്യേക “മൃതസംസ്കാര ചടങ്ങ്” മുൻനിർത്തി അത്തരം ഒരു ആചരണത്തെക്കുറിച്ചുള്ള ഏറ്റവും കുറഞ്ഞ സൂചന മാത്രം നൽകുന്നു: “എല്ലാവരും മോണ്ടളത്തിലേക്ക് ( estawa ) വരുന്നു”.

ഫാ. A.G. കൊല്ലംപറമ്പിലിന്റെ നിരീക്ഷണത്തിൽ ഈ പ്രത്യേക പ്രദക്ഷിണ യാത്രയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്: ആദ്യം ഘട്ടം, സുവിശേഷ പ്രഘോഷണം പൂർത്തിയാകുമ്പോൾ, കുരിശിലേറ്റപ്പെട്ട മിശിഹായെ (സ്ലീവ) മൃതസംസ്കാരത്തിന് ഒരുക്കുന്നതിനും സ്ലീവയുടെ പ്രദക്ഷിണത്തിനുമായി പരി. സുവിശേഷ ഗ്രന്ഥത്തോടൊപ്പം മദ്ബഹായിലേക്ക് സംവഹിക്കുകയും ബലിപീഠത്തിൽ സ്ഥാപിക്കുന്നതും ചെയ്യുന്നു. രണ്ടാമതായി, അന്നത്തെ പ്രദക്ഷിണ ഗീതം ( Alam ) ആലപിക്കുമ്പോൾ ക്രൂശിക്കപ്പെട്ട മിശിഹായുടെ ശരീരം (സ്ലീവ) പരി. മദ്ബഹായിൽ നിന്ന് പ്രദക്ഷിണമായി പള്ളിയുടെ മോണ്ടളത്തിലേക്ക് കൊണ്ടുപോകുന്നു. മോണ്ടളത്തിലേക്കുള്ള വഴി മദ്ധ്യേ ആരാധനാ സമൂഹം രക്ഷകന്റെ ശരീരത്തിന് (സ്ലീവ) അന്തിമ ആദരവ് അർപ്പിക്കുന്നു. അവസാനമായി, കുരിശിലേറ്റപ്പെട്ട രക്ഷകന്റെ വിടവാങ്ങലിന്റെ പ്രതീകമായ പ്രദക്ഷിണം നടത്തപ്പെടുന്നു. ഈ പ്രദക്ഷിണം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മെത്രാന്മാരുടെയും വൈദികരുടെയും മ്‌ശം ശാനാമാരുടെയും മൃതസംസ്കാര വേളയിൽ രൂപംകൊണ്ട വിടവാങ്ങൽ യാത്രയുമായി സാമ്യമുള്ള ഒരു പ്രദക്ഷിണമാണ്. പ്രദക്ഷിണത്തിന്റെ സമാപനത്തിൽ, നമ്മുടെ കർത്താവിന്റെ ശരീരം (സ്ലീവ) മൃതസംസ്കാര ചടങ്ങുകൾ അവസാനിപ്പിക്കുന്നതിനായി മദ്ബഹായിലേക്ക് സംവഹിക്കുന്നു.

ഈ മൃതസംസ്കാര ചടങ്ങിന്റെ കൂടുതൽ വിശദാംശങ്ങൾ ഫാ. പാത്തികുളങ്ങര ​​ Qyamta w-Hayye w-Hudata എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായാണ് നമ്മുടെ കർത്താവിന്റെ മൃതസംസ്കാര കർമ്മം ഇന്നേ ദിവസം നടത്തുന്നത്. ആദ്യം, സുവിശേഷ പ്രഘോഷണത്തിനുശേഷം, ബേമ്മയിലെ സ്ലീവയെ മെത്രാന്റെ അടുത്തേക്ക് കൊണ്ടുവന്ന ശേഷം, അദ്ദേഹം സ്ലീവായിൽ നിന്ന് കൊത്തീനാ നീക്കം ചെയ്യുകയും വൃത്തിയുള്ള വെള്ള ആവരണത്താൽ പൊതിഞ്ഞ് ആർച്ച്ഡീക്കനെ അല്ലെങ്കിൽ ഒരു പുരോഹിതനെ ഏൽപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം അത് പ്രദക്ഷിണമായി വി. സുവിശേഷ ഗ്രന്ഥത്തോടൊപ്പം മദ്ബഹായിലേക്ക് കൊണ്ടുപോകുകയും ഇവ രണ്ടും ബലിപീഠത്തിൽ കിടത്തുകയും ചെയ്യുന്നു. രണ്ടാം ഭാഗമായി, ഗായകസംഘം വാസാ ലിക്കേ ഗീതം ആരംഭിക്കുമ്പോൾ, മെത്രാൻ ശുശ്രൂഷകരോടൊപ്പം പരി. മദ്ബഹായിൽ കയറുന്നു. അദ്ദേഹം [മെത്രാൻ] ബലിപീഠത്തിലെ സ്ലീവായിൽ നിന്ന് വെള്ള ആവരണം നീക്കം ചെയ്ത ശേഷം അല്പം വെള്ളം ഉപയോഗിച്ച് സ്ലീവാ കഴുകുന്നു. സ്ലീവ ഈശോയുടെ ശരീരത്തിന്റെ പ്രതീകമായതിനാൽ, ഈ കഴുകൽ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ശുദ്ധീകരിക്കുന്നതിനെ പ്രതീകപ്പെടുത്തുന്നു. തുടർന്ന് മെത്രാൻ സ്ലീവായെ ധൂപിക്കുന്നു. ഈശോയുടെ ശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ആവരണം ചെയ്യുകയും ചെയ്തതിനെ പ്രതീകവൽക്കരിക്കുന്നു (യോഹ. 19,40). സ്ലീവയെ ധൂപിച്ചശേഷം, സമൂഹത്തിലെ എല്ലാവർക്കും ചുംബിക്കുന്നതിനായി അവൻ അതിനെ പള്ളിയുടെ നടുവിലേക്ക് പ്രദക്ഷിണമായി കൊണ്ടുവരുന്നു. സ്ലീവായെ ചുംബിച്ച ശേഷം അവർ അല്പം കയ്പേറിയ പാനീയം ആസ്വദിക്കുന്നു. കയ്പേറിയ ഔഷധങ്ങളും സ്ലീവാ കഴുകാൻ ഉപയോഗിക്കുന്ന വെള്ളവും ഉപയോഗിച്ചാണ് ഈ കയ്പേറിയ പാനീയം തയ്യാറാക്കുന്നത്. സ്ലീവാ കഴുകാൻ ഉപയോഗിക്കുന്ന വെള്ളവുമായി കയ്പേറിയ ഔഷധസസ്യങ്ങൾ കലർത്തുന്നതും കയ്പേറിയ പാനീയം രുചിച്ചറിയുന്നതും സ്ലീവായിലെ മിശിഹായുടെ കയ്പേറിയ കഷ്ടപ്പാടുകളിലും മരണത്തിലും ഉളള നമ്മുടെ യഥാർത്ഥ പങ്കാളിത്തത്തിന്റെ പ്രതീകമാണ്. ഒടുവിൽ, എല്ലാവരും സ്ലീവായെ ചുംബിച്ചുകഴിഞ്ഞാൽ, മെത്രാൻ തന്റെ ശുശ്രൂഷകരോടൊപ്പം സ്ലീവായും വഹിച്ചുകൊണ്ട് ഒരു പ്രദക്ഷിണം നടത്തുന്നു, അത് മെത്രാന്മാരുടേയും പുരോഹിതന്മാരുടെയും മൃതസംസ്കാര സമയത്ത് ചെയ്യുന്നതുപോലെയുള്ള പ്രദക്ഷിണമാണ്. ആദ്യം സ്ലീവായെ ബലിപീഠത്തിലേക്ക് കൊണ്ടുവന്ന് അതിന്റെ തല മൂന്ന് തവണ ബലിപീഠത്തിൽ മുട്ടിക്കുന്നു. തുടർന്ന് വടക്ക് വശത്തുള്ള വാതിലിൽ കൊണ്ടുവന്ന് വാതിൽ മുട്ടിക്കുന്നു. അതുപോലെ തെക്കും പടിഞ്ഞാറും വാതിലുകളിൽ പ്രദക്ഷിണമായി കൊണ്ടുവന്ന് മുട്ടിക്കുന്നു. വിടവാങ്ങൽ ചടങ്ങ് കഴിഞ്ഞാൽ, മൃതസംസ്കാര ചടങ്ങുകളുടെ സമാപന ചടങ്ങുകൾക്കായി പ്രദക്ഷിണം മദ്ബഹായിലേക്ക് പോകുന്നു. ബലിപീഠത്തിൽ വച്ച് മെത്രാൻ സ്ലീവായെ വീണ്ടും വെള്ളക്കച്ച കൊണ്ട് മൂടുകയും അൾത്താരയ്ക്ക് പിന്നിലോ താഴെയോ സ്ഥാപിക്കുകയും ചെയ്യുന്നു.
മെത്രാന്മാർ, വൈദികർ, മ്‌ശംശാനാമാർ തുടങ്ങിയ ശുശ്രൂഷകരുടെ മൃതസംസ്‌കാരത്തിനും സമാനമായ ഒരു ചടങ്ങാണ് പിന്തുടരുന്നത്.

ഫാ. പാത്തികുളങ്ങര പറയുന്നതനുസരിച്ച്, ആരാധനാക്രമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഈ വിശദമായ വിശദീകരണം ഹുദ്രയിലോ മറ്റ് ആരാധനക്രമ ഗ്രന്ഥങ്ങളിലോ നൽകിയിട്ടില്ല. എന്നാൽ അത്തരമൊരു പ്രദക്ഷിണത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ബെഡ്ജാൻ പരാമർശിക്കുന്നുണ്ട്. എന്നാൽ ഫാ. പാത്തിക്കുളങ്ങര ഈ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത് റവ. ഫാ. പ്ലാസിഡ് ജെ. പൊടിപാറ (1899-1985) യുടെ അഭിപ്രായത്തിൽ നിന്നാണ്. അതായത് ആരാധനാക്രമ ഗ്രന്ഥങ്ങളിൽ പല ആരാധനാ കർമ്മങ്ങളെയും കുറിച്ച് പലപ്പോഴും ചില സൂചനകൾ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപെടുന്നു. ഫാ. പാത്തികുളങ്ങര സൂചിപ്പിക്കുന്നതു പോലെ ഒരു ഇന്ത്യൻ നാട്ടുനടപ്പായതിനാൽ കുരിശ് കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി തയ്യാറാക്കിയ കയ്പേറിയ ഔഷധസസ്യങ്ങളുടെ രുചി ബ്രെവിയേറിയത്തിലും ഹുദ്രയിലും ഉണ്ടാകാൻ യാതൊരുവിധ സാധ്യതയും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൽദായ -ഇന്ത്യക്കാർക്കിടയിൽ അവരുടെ അടുത്ത ബന്ധുക്കളുടെ ശരീരം അടക്കം ചെയ്തശേഷം ഇളം തേങ്ങയുടെ വെള്ളം ആസ്വദിക്കുന്ന ഒരു സാമൂഹിക ആചാരമുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു. പലയിടത്തും അവരുടെ ഹിന്ദു അയൽക്കാരും ഈ ആചാരം പാലിക്കുന്നു. ക്രൈസ്തവ മൃതസംസ്കാര ശുശ്രൂഷകളിൽ തേങ്ങാവെള്ളം ആശീർവദിക്കുന്നത് പുരോഹിതനാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പീഡാനുഭവ വെള്ളിയാഴ്ചയിലെ ഈ പ്രദക്ഷിണം, ശനിയാഴ്ചയുടെ റംശായിലെ ഓനീസാ ദ് വാസാലിക്കേയിൽ നടത്തപ്പെടുന്നു. ഓനീസാ ദ് വാസാലിക്കേ ഗീതത്തിൽ, മിശിഹായുടെ മരണ സമയത്ത് വിവരിച്ചിട്ടുള്ള ഭൂമികുലുക്കം, സൂര്യൻ അപ്രത്യക്ഷമാകൽ, ഓറശ്ലേം ദേവാലയത്തിന്റെ വിരി കീറൽ, ശവകുടീരങ്ങളിൽ നിന്ന് മരിച്ചവരുടെ ഉയിർത്തെഴുന്നേൽക്കൽ എന്നിവ വിവരിച്ചിട്ടുണ്ട്.

പ്രദക്ഷിണം മോണ്ടളത്തിൽ എത്തുമ്പോൾ, എല്ലാവരും ഇരുന്നുകൊണ്ട് നീണ്ട ഓനീസാ പാടുന്നു. മനോഹരമായ 44 പാദങ്ങളുള്ള ഈ ഗീതം സവിശേഷമായ ഒരു രചനയാണ്. “ഉണരുവിൻ” ( et’ ir ) എന്ന വാക്കിൽ നിന്നാണ് എല്ലാ പാദങ്ങളും ആരംഭിക്കുന്നത്. എല്ലാ ക്രൈസ്തവ ആരാധനാക്രമ പാരമ്പര്യത്തിലും വച്ച് അനന്യമായ ഒരു രചനയാണ് ഈ കീർത്തനം. ആദാം മുതൽ എല്ലാ പൂർവ്വ പിതാക്കളേയും നിവ്യാമാരേയും യോഹന്നാൻ മാംദാനയേയും സകല മൃതരായവരേയും കല്ലറകളിൽ നിന്നും ഉണർന്നെഴുന്നേറ്റ് കീർത്തനം ആലപിക്കാൻ ക്ഷണിക്കുന്നതാണ് ഈ കീർത്തനം (മത്താ. 27:51-53). ഈ പ്രദക്ഷിണവും തുടർന്നുള്ള ഓനീയാത്തയും സ്ലീവയെ ചുംബിച്ചുകൊണ്ട് ആദരവ് പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആദാമിൽ തുടങ്ങി ഗോത്രപിതാക്കന്മാരും നിവ്യാമാരും എല്ലാ നീതിമാന്മാരും മരിച്ചവരെല്ലാം ‘ഉണരുവാൻ’ ക്ഷണിക്കപ്പെടുന്നു. ജീവനും പുനരുത്ഥാനവും നൽകുന്ന മിശിഹായുടെ മരണവുമായി ബന്ധപ്പെട്ട് ഓരോരുത്തരായി ഓർമ്മിക്കപ്പെടുന്നു. മിശിഹായ്ക്ക് മുമ്പും ശേഷവുമുള്ള എല്ലാവർക്കും മുഴുവൻ സൃഷ്ടികൾക്കും അവന്റെ മരണം ഒരു പുതിയ ജീവിതത്തിന്റെ നിർണായക നിമിഷമായി ഈ കീർത്തനത്തിൽ അവതരിപ്പിക്കപ്പെടുന്നു.

കർമ്മങ്ങളുടെ സമാപനത്തിൽ, നമ്മുടെ കർത്താവിന്റെ ശരീരം (സ്ലീവ) മൃതസംസ്കാര ചടങ്ങുകൾ അവസാനിപ്പിക്കുന്നതിനായി മദ്ബഹായിലേക്ക് സംവഹിക്കുന്നു.
ഇന്നത്തെ തിരുക്കർമ്മങ്ങളിൽ പരി. കുർബാനയർപ്പണമോ പരി. കുർബാന സ്വീകരണമോ ഇല്ല എന്നത് ശ്രദ്ധേയമാണ്. ജാഗരണവും (ലെലിയാ), രണ്ട് മൗത്ത്വാകളും സുയ്യാക്ക, കാലാ ദ് ശഹ്റാ, സപ്രാ എന്നിവയാണ് ഈ ദിവസത്തെ മറ്റ് ആരാധനാ ശുശ്രൂഷകൾ.

വല്ലയിൽ ഗീവർഗീസ് കശ്ശീശാ 🖋️

നിങ്ങൾ വിട്ടുപോയത്