കത്തോലിക്കാ സഭയിൽ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനങ്ങളിൽ എത്തുന്നതിനുമെല്ലാം നിയമങ്ങളും സംവിധാനങ്ങളും രീതികളുമുണ്ട്.

സുവിശേഷ മൂല്യങ്ങളെയും സഭാനിയമങ്ങളെയും സഭയിലെ മാർപാപ്പ വരെയുള്ള അധികാര ഘടനയേയും വെല്ലുവിളിച്ചുകൊണ്ട്, സഭയിലെ വിശ്വാസികളെയും സമർപ്പിതരെയുമൊക്കെ തെരുവിൽ അണിനിരത്തുന്ന രീതി തീർത്തും പരിചിതമായ ഒന്നല്ല.

സഭയുടെ അധികാര ഘടനയിലുള്ള ഒരു സംവിധാനത്തെയും തങ്ങൾ അംഗീകരിക്കില്ല, പകരം കേരളത്തിലെ പൊതു സമൂഹം തങ്ങൾക്കു നീതി നടത്തിതരണം എന്ന നിലപാടാണ് സഭയിൽ ചിലർ സ്വീകരിച്ചിട്ടുള്ളതെന്നാണ് സമീപ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽനിന്നു മനസ്സിലാകുന്നത്.

സഭക്കുള്ളിൽ പരസ്യമായ അച്ചടക്ക ലംഘനവും ഗുരുതരമായ കുറ്റാരോപണങ്ങളും ഉണ്ടാകുന്നു, ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കപ്പെട്ട വൈദികർപോലും പതിവു പൗരോഹിത്യ കർമങ്ങളും സഭയിലെ മറ്റ് ഉത്തരവാദിത്വങ്ങളുമായി ജനങ്ങൾക്കു മുൻപിൽ തിളങ്ങിനിൽക്കുന്നു! ഇതെല്ലാം ഏതൊരു വിശ്വാസിയെയും ആശയക്കുഴപ്പത്തിലാക്കുന്ന സംഗതികളാണ്. ഇതു കത്തോലിക്കാ സഭയിൽ നടക്കുന്നു എന്നത് രാഷ്ട്രീയപ്പാർട്ടികളെപ്പോലും അന്ധാളിപ്പിക്കുന്നു. ഇങ്ങനെ കുത്തഴിഞ്ഞ ഒരു സംവിധാനമാണോ രണ്ടായിരം വർഷം ചരിത്രഗതിയെ അതിജീവിച്ചു മുൻപോട്ടുപോകുന്ന കത്തോലിക്കാ സഭക്കുള്ളത് എന്ന് ഏതൊരു ചരിത്ര വിദ്യാർഥിയും അത്ഭുതപ്പെട്ടുപോകും! ട്രെയ്ഡ് യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും സമ്മർദ്ദ ശക്തികളായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളിൽപോലും ഇത്ര നഗ്നമായ അച്ചടക്ക ലംഘനവും ധിക്കാരവും കാണാൻ പ്രയാസമാണ്!

നിർണ്ണായക സമയങ്ങളിലെ ‘ഇൻഡിസിഷൻ’ പ്രശ്നങ്ങൾ പരിഹരിക്കുകയില്ല, ഏതു പ്രശ്നവും സങ്കീർണ്ണമാക്കുകയേയുള്ളു. അതാണ് ഇന്നു സഭയെ അലട്ടുന്ന പ്രശ്നങ്ങളെ ഇത്രയും വഷളാക്കിയത്‌ എന്നു പറയാതിരിക്കാൻ വയ്യാ. നടപടി സ്വീകരിക്കാൻ ചുമതലയുള്ളവരെ പ്രതിരോധത്തിലാക്കുകയും തീരുമാനമെടുക്കേണ്ട സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുക എന്ന തന്ത്രം വളരെ ഭംഗിയായി പയറ്റുന്നതിൽ വിദഗ്ധരായ ‘മിടുക്കന്മാർ’ യാതൊരു നിയന്ത്രണവുമില്ലാതെ അവരുടെ മിടുക്കു കാട്ടുകയാണ്. എന്തുകൊണ്ടാണ് സഭയിലെ അധികാരികൾക്ക് ഈ തന്ത്രം മനസ്സിലാകാതെ പോകുന്നത്‌?

ഒരുകാര്യം പറയാതെ വയ്യാ. അവ്യവസ്ഥിതി അരങ്ങുവാഴുന്ന ഇന്നത്തെ സാഹചര്യം ഒരുപാടു വിശ്വാസികളെ കരകയറാനാവാത്ത വിശ്വാസപ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. അനേകം വൈദികരുടെ സമർപ്പണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നിവർത്തികേടുകൊണ്ടുമാത്രം പലരും സഭാവിരുദ്ധ നിലപാടിലേക്ക് പോകാൻ ഇടയായിട്ടുണ്ട്. നിത്യവും കുർബാന ചൊല്ലാൻ വരുന്ന വൈദികരുടെ വാക്കുകളിൽ വിശ്വസിച്ചു വിശ്വാസികൾ മാത്രമല്ല സമർപ്പിതർപോലും സഭക്കെതിരെ തിരിയാൻ ഇടവന്നിട്ടുണ്ട്. ഇതെല്ലാംകൂടി കേരളത്തിന്റെയും ഭാരതത്തിന്റെതന്നെയും ക്രൈസ്തവ ജീവിതത്തെ മുൻപെങ്ങും ഇല്ലാത്തവിധം അന്ധകാരത്തിലാക്കിയിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ ക്രെഡിബിലിറ്റിയെയും കെട്ടുറപ്പിനെയും പൊതുനിരത്തിൽ വിചാരണ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരിക്കാൻ ഇനി ആർക്കാണ് കഴിയുക?

പടിപടിയായ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോകാൻ അധികാരത്തിലിരിക്കുന്നവർ ഇനിയും അമാന്തിക്കരുതേ!

🙏ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്