ഫാ മുണ്ടാടൻ്റെ പ്രസംഗംശുദ്ധ ഭോഷ്ക്

വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വളരെ വികലമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരോഹിതനാണ് ഫാ കുര്യാക്കോസ് മുണ്ടാടന്‍. വിമത മഹാസമ്മേളനത്തില്‍ ആവേശംമുറ്റി അദ്ദേഹം വിളിച്ചു പറഞ്ഞ വാക്കുകളിൽ, വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളിലുള്ള തന്‍റെ അജ്ഞതയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകളെ തള്ളിക്കളഞ്ഞ് സ്വന്തം ഉപദേശം സ്ഥാപിക്കാനുള്ള തൻ്റെ വ്യഗ്രതയുമാണ് വെളിവാകുന്നത്.

ഫാ മുണ്ടാടന്‍റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ നോക്കുക: “…ദൈവത്തിനുവേണ്ടി മനുഷ്യന്‍ അര്‍പ്പിക്കുന്ന ബലിയല്ല ദിവ്യബലി. മനുഷ്യനായ ദൈവം മനുഷ്യരുടെ മുഖത്തു നോക്കി മനുഷ്യര്‍ക്കുവേണ്ടി അര്‍പ്പിച്ച ഒരു ബലി. മനുഷ്യന്‍ ദൈവത്തിന് അര്‍പ്പിക്കുന്ന ബലിയല്ല, ദൈവം മനുഷ്യന് അര്‍പ്പിക്കുന്ന ബലിയാണ് പരിശുദ്ധ കുര്‍ബാന, അവന്‍ കാല്‍വരി മലയില്‍ മരിച്ചപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല നെടുകെ കീറി, ഇവിടെ രഹസ്യങ്ങളില്ല, ഇവിടെ പരസ്യമാണ്, ഇവിടെ മനുഷ്യന്‍റെ മുഖത്താണ് ദൈവം, മനുഷ്യനാണ് ദൈവം…” ഇങ്ങനെ പോകുന്ന മുണ്ടാടന്‍റെ കണ്ഠക്ഷോഭങ്ങൾ.

“മനുഷ്യനായ ദൈവം മനുഷ്യരുടെ മുഖത്തു നോക്കി മനുഷ്യര്‍ക്കുവേണ്ടി അര്‍പ്പിച്ച ഒരു ബലിയാണ് കാല്‍വരി യാഗമെന്നാണ് ഈ മാന്യവൈദികന്‍ പ്രസംഗിച്ചത്. വിശുദ്ധ ബൈബിള്‍ സംശയമില്ലാതെ പ്രഖ്യാപിക്കുന്നത് ഈശോമശിഹാ മനുഷ്യനുവേണ്ടി യാഗമാവുകയും തന്നെതന്നെ ദൈവത്തിന് യാഗമാക്കുകയും ആയിരുന്നു എന്നാണ്.

“അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു” (എഫേ 5:2).”നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിനെ”യാണ് ഹെബ്രായ ലേഖനം 9:14 ൽ വരച്ചുകാണിക്കുന്നത്. അപ്പോള്‍ “മനുഷ്യനായ ദൈവം മനുഷ്യരുടെ മുഖത്തു നോക്കി മനുഷ്യര്‍ക്കുവേണ്ടി അര്‍പ്പിച്ച ബലി” എന്ന ഫാ കുര്യാക്കോസ് മുണ്ടാടൻ്റെ വാദം ശുദ്ധ ഭോഷ്കും വചനവിരുദ്ധവുമാണ്.

“ദൈവം മനുഷ്യന് അര്‍പ്പിക്കുന്ന ബലിയാണ് പരിശുദ്ധ കുര്‍ബാന” എങ്കില്‍ ആരാണ് ഈ ബലി സ്വീകരിക്കുന്നത്? മനുഷ്യനല്ലേ? അപ്പോള്‍ യാഗാര്‍പ്പണത്തിലൂടെ മനുഷ്യനെ പ്രസാദിക്കുക എന്നതായിരിക്കണമല്ലോ ദൈവം ലക്ഷ്യമിടുന്നത്! മനുഷ്യനായി ജീവിച്ച ദൈവപുത്രനായ ക്രിസ്തു പോലും തൻ്റെ ജീവിതത്തിലും കുരിശു മരണത്തിലും സ്വയം പ്രസാദിച്ചില്ല (റോമ 15:3). ക്രിസ്തുവിനെ പിൻപറ്റുന്നവരും ബലിയർപ്പണത്തിൽ പങ്കാളികളാകുന്നത് സ്വന്തം സന്തോഷത്തിനു വേണ്ടിയല്ല, ദൈവത്തിൻ്റെ പ്രസാദത്തിനു വേണ്ടിയാണ് മനുഷ്യൻ ബലിയർപ്പിക്കുന്നത്.

കാല്‍വരി യാഗത്തിന്‍റെ നിഴലായിരുന്നല്ലോ പഴയനിയമ യാഗങ്ങള്‍. പഴയനിമയ യാഗങ്ങളേക്കുറിച്ചു പറയുന്നിടത്ത് എവിടെയാണ് “ദൈവം മനുഷ്യനുവേണ്ടി യാഗം അര്‍പ്പിച്ചതായി” പറയുന്നത്? അന്ധരെ നയിക്കുന്ന അന്ധന്‍റെ അറിവുകള്‍ മാത്രമാണ് മുണ്ടാടൻ അച്ചൻ്റെ ഗീര്‍വാണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് എന്ന് പറയാതെ വയ്യ. എറണാകുളം അങ്കമാലി പ്രദേശത്തേ വിമതന്മാർക്ക് നേതൃത്വം നൽകാൻ അങ്ങ് സർവ്വാത്മനാ യോഗ്യനാണ്.

“അവന്‍ കാല്‍വരി മലയില്‍ മരിച്ചപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല നെടുകെ കീറി, ഇവിടെ രഹസ്യങ്ങളില്ല, ഇവിടെ (എല്ലാം) പരസ്യമാണ്” എന്ന ഫാ. മുണ്ടാടൻ്റെ പ്രസ്താവനയിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ഈശോമശിഹായുടെ മരണത്തോടെ “ദേവാലയത്തിലെ തിരശ്ശീല കീറിയ ഉടൻ എല്ലാ ദൈവിക മര്‍മ്മങ്ങളും വെളിപ്പെട്ടില്ല. തിരശ്ശീല കീറിയതിൻ്റെ അര്‍ത്ഥം ഹെബ്രായ ലേഖനത്തിലാണ് വിശദമാക്കുന്നത്. “എന്തെന്നാല്‍, തൻ്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു” (ഹെബ്രാ 10:20)

യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ദൈവമക്കളാകുന്ന ഓരോ വ്യക്തിക്കും മകന്‍/മകള്‍ എന്ന ആത്മവിശ്വാസത്തോടെ ദൈവസന്നിധിയിലേക്ക് അടുത്തുചെല്ലാനുള്ള മാര്‍ഗ്ഗമായിരുന്നു ക്രിസ്തുവിന്‍റെ മരണത്തോടെ ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറിപ്പോയി എന്നതിന്‍റെ അര്‍ത്ഥം. തിരശ്ശീല രണ്ടായി കീറിയെങ്കിലും കാല്‍വരി യാഗത്തിന്‍റെ രഹസ്യാത്മക പൂര്‍ണ്ണമായി വെളിപ്പെട്ടിട്ടില്ല. ഇന്നും ഈ രഹസ്യാത്മകത നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ ഇപ്രകാരം പ്രസ്താവിക്കുന്നു ”അപ്പവും വീഞ്ഞും അഗ്രാഹ്യമായ വിധത്തില്‍ യേശുക്രിസ്തുവിന്‍റെ ശരീരവും രക്തവുമായിത്തീരുന്നു” (സിസിസി 1333). അപ്പ വീഞ്ഞുകളില്‍ സംഭവിക്കുന്ന ഈ അഗ്രാഹ്യമായ പരിവര്‍ത്തനമാണ് വിശുദ്ധ കുര്‍ബാനയെ “കൂദാശകളുടെ കൂദാശ”യായി നിലനിര്‍ത്തിയിരിക്കുന്നത്.

ക്രിസ്തുവിനെ സ്വീകരിക്കുന്ന മനുഷ്യന്‍ ദൈവത്തിന്‍റെ മകന്‍/ മകള്‍ ആയിത്തീരുന്നു (യോഹ 1:12,13) എന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ മാറ്റം എപ്രകാരമാണ് ആ വ്യക്തിയിൽ സംഭവിക്കുന്നത് എന്നത് ആര്‍ക്ക് വിവരിക്കാന്‍ കഴിയും? കുമ്പസാരത്തിലൂടെ ഏപ്രകാരമാണ് ഒരുവനില്‍ പാപമോചനം സംഭവിക്കുന്നത് എന്നതും രോഗീലേപനത്തിലൂടെ എപ്രകാരമാണ് രോഗശാന്തി സംഭവിക്കുന്നത് എന്നതും ആര്‍ക്ക് വിവരിക്കാന്‍ കഴിയും? ഇവിടെയെല്ലാം കൂദാശകളിലെ രഹസ്യാത്മകത നിലനിൽക്കുന്നില്ലേ ? വിശുദ്ധകുര്‍ബാനയില്‍ ഗോതമ്പ് അപ്പവും മുന്തിരിച്ചാറും ഈശോമശിഹായുടെ ശരീരവും രക്തവുമായി എപ്രകാരമാണ് പരിവര്‍ത്തനവിധേയമാകുന്നത് എന്ന് ആര്‍ക്ക് വിശദീകരിക്കാന്‍ കഴിയും? ചില ഉദാഹരണങ്ങൾ പറയാൻ കഴിയുമായിരിക്കും. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒരു ശരീരമാകുന്നു എന്നതിലെ മര്‍മ്മം എങ്ങനെ വിശദമാക്കാന്‍ കഴിയും? ഇവിടെയെല്ലാം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ വിധത്തില്‍ സംഭവിക്കുകയും മാനുഷികയുക്തിയാല്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്തതുമായ ദൈവദത്തമായ ഒരു രഹസും നിലനിൽക്കുന്നതു കാണാം. ഈ രഹസ്യാത്മകതയാണ് കൂദാശകളുടെ അന്ത:സത്ത. അതിനാല്‍ ”കൂദാശകള്‍ വിശ്വാസത്തില്‍ യോഗ്യമായി ആഘോഷിക്കപ്പെടുമ്പോള്‍ അവ സൂചിപ്പിക്കുന്ന കൃപാവരം നല്‍കുന്നു” (സിസിസി 1127) എന്ന് തിരുസ്സഭ പഠിപ്പിക്കുന്നു

“വിശുദ്ധ കുര്‍ബാന ഒരു രഹസ്യമാണ്” (സിസിസ 1336). കര്‍ത്താവിന്‍റെ വരവുവരേയും ഇത് രഹസ്യമായിത്തന്നെ നിലനില്‍ക്കുകയും ചെയ്യും. വിശുദ്ധ കുര്‍ബാനയില്‍ നിറഞ്ഞുനില്‍ക്കുന്ന അതിമഹത്തായ ദൈവികരഹസ്യങ്ങളിൽ ക്രിസ്തുസംഭവങ്ങളുടെ സമ്പൂര്‍ണ്ണത – ദൈവം മനുഷ്യനായതിലെ മർമ്മം, ദൈവം മരിച്ചതിലെയും ഉയിർത്തതിലേയും മർമ്മം, അപ്പ വീഞ്ഞുകൾ ദൈവപുത്രൻ്റെ ശരീര രക്തങ്ങളാകുന്നതിലേ മർമ്മം ത്രിത്വത്തിൻ്റെ മർമ്മം… എന്നിങ്ങനെ മനുഷ്യന് അഗ്രാഹ്യമായ ദൈവിക രഹസ്യങ്ങളിലൂടെയുള്ള തീർത്ഥയാത്രയാണ് വിശുദ്ധ കുർബാന.

ജനാഭിമുഖ ബലിയര്‍പ്പിക്കുന്നവര്‍ കൊണ്ടുനടക്കുന്ന ഒരു വാദമാണല്ലോ ”മനുഷ്യന്‍റെ മുഖത്താണ് ദൈവം, മനുഷ്യനാണ് ദൈവം” എന്ന വാദം. ദൈവികതയെ ഏറ്റവും നല്ലതായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒരു സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ ദൈവികഛായ വഹിക്കുന്നു എന്നത് നേരാണ്. എന്നാല്‍ കാര്‍മ്മികനും ജനങ്ങളും പരസ്പരം മുഖത്തോടു മുഖം നോക്കുമ്പോള്‍ ദൈവത്തേയാണ് കാണുന്നത് എന്ന കരുതുന്നത് എത്രയോ മൗഡ്യമാണ്? കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ ഈ അപകടം തിരിച്ചറിഞ്ഞ് സഭയെ പ്രബോധിപ്പിക്കുമ്പോള്‍ ഇപ്രകാരം പറയുന്നു “നമുക്ക് ഇത്രമേല്‍ അതിലളിതമായ രീതിയില്‍ മനുഷ്യനിലെ ദൈവത്തിന്‍റെ ഛായയെ കാണാന്‍ സാധ്യമല്ല” (ദി സ്പിരിറ്റ് ഓഫ് ദി ലിറ്റര്‍ജി ,പേജ് 83).

“മനുഷ്യനിലെ ദൈവികഛായ എന്നത് നമുക്ക് ഫോട്ടോയെടുക്കാവുന്നതോ ഫോട്ടോയില്‍ കാണുന്നതുപോലെ കാണാവുന്നതോ അല്ലെന്ന് അദ്ദേഹം വിശദമാക്കുന്നു. നമുക്ക് മനുഷ്യനിലെ ദൈവികഛായ കാണാന്‍ സാധിക്കുന്നത് നാം മനുഷ്യനിലെ നന്മ, സത്യസന്ധത, ആന്തരികസത്യം, എളിമ, സ്നേഹം തുടങ്ങിയ ഗുണങ്ങള്‍ കാണുമ്പോഴാണ്. പ്രസ്തുത ഗുണങ്ങള്‍ മനുഷ്യന് ഒരളവുവരെ ദൈവത്തിന്‍റെ സാദൃശ്യം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ റാറ്റ്സിംഗറുടെ അഭിപ്രായത്തില്‍ പരസ്പരം ദൈവത്തിന്‍റെ ഛായ മനുഷ്യനില്‍ കാണാന്‍ ജനാഭിമുഖ ബലിയര്‍പ്പണം സഹായിക്കുന്നു എന്ന വാദഗതി ഉപരിപ്ലവമായ ഒന്നാണ്” (ജനാഭിമുഖമോ കിഴക്കിനഭിമുഖമോ, ഫാ ജോസഫ് കളത്തില്‍, പേജ് 102).

ക്രിസ്തു തന്‍റെ ശിഷ്യന്മാരുമായി ചേര്‍ന്ന് നടത്തിയ അന്തിമ പെസഹാ ഭക്ഷണത്തിന്‍റെ അനുകരണമല്ല വിശുദ്ധ കുര്‍ബാന. ഇപ്രകാരം ഒരു അനുകരണമായിരുന്നെങ്കില്‍ ക്രിസ്തുവിനോടൊത്തുള്ള പന്ത്രണ്ട് ശിഷ്യന്മാരേപ്പോലെ വിശുദ്ധ കുര്‍ബാനകളില്‍ 12 പേരില്‍ കൂടുതല്‍ ഉണ്ടാകുവാന്‍ പാടില്ലായിരുന്നു, ഓരോ കുര്‍ബാനയുടെയും പ്രാരംഭമായി പാദക്ഷാളന ശുശ്രൂഷയും യഹൂദപെസഹാ ഭക്ഷണരീതിയുടെ മേശയും ഒരുക്കപ്പെടണമായിരുന്നു. കൂടാതെ കുര്‍ബാനയർപ്പണങ്ങൾ രാത്രികാലങ്ങളില്‍ നടത്തിയാൽ മാത്രമേ ക്രിസ്തുവിൻ്റെ പെസഹായോട് പൂർണ്ണമായി താദാത്മ്യപ്പെടുകയുള്ളൂ.. പന്തിഭോജനത്തിനുശേഷം ഈശോയും ശിഷ്യന്മാരും ഒലിവുമലയിലേക്ക് പോവുകയും രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തതിനെ അനുകരിക്കേണ്ടതുണ്ട്. എല്ലാറ്റിനും ഒടുവില്‍ ക്രൂശിക്കപ്പെടുകയും വേണമല്ലോ. തന്‍റെ അന്ത്യത്താഴത്തെയും തുടര്‍ന്നുള്ള രക്ഷാകരസംഭവങ്ങളെയും ഇപ്രകാരം അനുകരിക്കാന്‍ ക്രിസ്തു ആവശ്യപ്പെടുന്നില്ല. ഓര്‍മ്മിക്കുവാന്‍ ആണ് ആവശ്യപ്പെടുന്നത്. ഈ അനുസ്മരണത്തെ പരിശുദ്ധ സഭ ഒരു മണവാട്ടിയുടെ മനസ്സോടെ ഏറ്റവും മനോഹരമായി തിരുബലിയില്‍ ആഘോഷിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു.

ഫാ. മുണ്ടാടൻ, വിശുദ്ധ കുർബാനയെ നിങ്ങൾ ഇന്ന് തര്‍ക്കത്തിനും സമരത്തിനും വേദിയാക്കിയിരിക്കുന്നു. വിശുദ്ധകുര്‍ബാനയുടെ മര്‍മ്മം നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല അല്ലെങ്കില്‍ നിങ്ങൾ അത് അനുസരിക്കുന്നില്ല എന്നല്ലേ ഇതിൻ്റെ അർത്ഥം ?

“ദിവ്യകാരുണ്യവും കുരിശും ഇടര്‍ച്ചക്കല്ലാണ്. ഇത് ഒരു രഹസ്യമാണ്. എക്കാലവും ഭിന്നതയ്ക്ക് അവസരമായി ഇത് നിലനില്‍ക്കും” (സിസിസി 1336). “നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്” (1 കൊരി 11:19).

യോഗ്യരേ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം കൂടിയാണ് സഭയിലെ ഭിന്നിപ്പുകളെങ്കില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം എന്ന് അങ്ങയെയും സഹവിമതന്മാരേയും ഓർമ്മപ്പെടുത്തട്ടെ!

മാത്യൂ ചെമ്പുകണ്ടത്തിൽ

13 ആഗസ്റ്റ് 2022

നിങ്ങൾ വിട്ടുപോയത്