*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ**

“Whoever controls Media Contol the Mind”:- Jim Morrison*

സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വൈദികരിൽ നിന്നും വിശ്വാസ സമൂഹത്തിൽ നിന്നും ഉണ്ടായത്. സഭയുടെ കാലാനുസൃതമായ നവീകരണവും ഐക്യവും ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ട് വച്ച ഇത്തരം നടപടികളും തീരുമാനങ്ങളും അതിനോടുള്ള പ്രതികരണങ്ങളും സഭാ സംവിധാനത്തിന്റെവിവിധ വേദികളിൽ ചർച്ച ചെയ്യപ്പെടേണ്ടതും വിശകലനത്തിന് വിധേയമാക്കേണ്ടതും സഭയുടെ സുതാര്യതയ്ക്കും പങ്കാളിത്ത ഭരണത്തിനും അത്യാവശ്യമാണ്. എന്നാൽ നിർഭാഗ്യവശാൽ കേരള കത്തോലിക്കാ സഭയിൽ പ്രതേകിച്ചു സീറോ മലബാർ സഭയിൽ ഇത്തരത്തിലുള്ള സജീവ ചർച്ചകളും വിശകലനങ്ങളും തർക്കങ്ങളും ഇപ്പോൾ നടക്കുന്നത് സഭയുടെ നൈയാമിക ചട്ടകൂടുകൾക്ക് അകത്തല്ല, മറിച്ചു ചില ‘ഓൺലൈൻ പ്ലാറ്റ്ഫോമു’ കളിൽ ആണ് എന്നതാണ് സങ്കടം.

വളരെ കെട്ടുറപ്പുള്ള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനങ്ങളേയും നിയമ വ്യവസ്ഥകളെയും ആരാധനക്രമ വിധികളെയും ഒപ്പം സഭാ അധികാരികളെയും വിമർശനകൾക്കും പരിഹാസങ്ങക്കും വിധേയമാക്കി ഒളിഞ്ഞും തെളിഞ്ഞും സൈബർ ഇടങ്ങളിൽ ചിലർ നടത്തുന്ന വാക്ക് പോരുകൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു.

*’സഭാ സംരക്ഷകർ’ എന്ന് സ്വയം പ്രഖ്യാപിച്ച പല ‘ഫേസ്ബുക്ക്’ പേജുകളും ‘യൂട്യൂബ്’ ചാനലുകളും ‘ഇൻസ്റ്റഗ്രാം’ അക്കൗണ്ടുകളും പിന്നെ കാക്കത്തൊള്ളായിരം ‘വാട്സ്ആപ്പ്‌സ്’ ഗ്രൂപ്പുകളും അതിന്റെ അഡ്മിൻമാരും ചുരുക്കം ചില അംഗങ്ങളും ചേർന്ന് അക്ഷരാർഥത്തിൽ സഭാ ഗാത്രത്തെ വലിച്ചു കീറുകയാണ്.*

വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും പേരുകൾ പറഞ്ഞു ‘തെക്കെ’ന്നും ‘വടക്കെ’ന്നും ചേരി തിരിഞ്ഞു വ്യാജ ‘അക്കൗണ്ടു’കളിൽ നിന്നും പേരുകളിൽ നിന്നും ഇവർ തള്ളിവിടുന്ന സത്യത്തിന്റെ അംശം തീണ്ടിയിട്ടില്ലാത്ത ‘കുറിപ്പുകളും ‘പോസ്റ്ററുകളും’ വിശ്വാസികളിൽ വെറുപ്പും വിദ്വേഷവും സംശയവുമാണ് കുത്തി വക്കുന്നത്.സഭാ ഐക്യവും വളർച്ചയും മുന്നിൽ കണ്ടുകൊണ്ട് ആരംഭിച്ചിരിക്കുന്ന ഇത്തരം പല ഗ്രൂപ്പുകളിലും ഇപ്പോൾ നടക്കുന്നത് അന്യമത വിദ്വേഷവും പരസ്പരമുള്ള ചളി വാരി എറിയലുമാണ്. ഇതിൽ പല ഗ്രൂപ്പുകളിലും അഡ്മിൻ പാനൽ അംഗങ്ങളും അവർക്ക് വേണ്ടിയുള്ള കൂലി എഴുത്തുകാരും മറഞ്ഞിരിക്കുന്നിട ത്തോളം കാലം ഇവരുടെ ഒക്കെ ഉദ്ദേശശുദ്ധിയും ലക്ഷ്യവും സംശയിക്കേണ്ടിയിരിക്കുന്നു. അസത്യങ്ങളെ അർദ്ധ സത്യങ്ങളാ യും അർദ്ധസത്യങ്ങളെ സത്യവുമായി അവതരിപ്പിച്ചുകൊണ്ട് ഇവർ നടത്തുന്ന ‘ഓണ്ലൈൻ ഒളിപ്പോരുകൾ’ പലപ്പോഴും ഒരു മൂന്നാകിട രാഷ്ട്രീയ നിലവാരത്തെക്കാൾ തരം താണിരിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ ‘തലതൊട്ടപ്പന്മാരായി’ സ്വയം കരുതുന്ന സംഘടനകളും വ്യക്തികളും തങ്ങളുടെ ചെയ്തികൾ സഭാ കൂട്ടായ്മയെ യഥാർത്ഥത്തിൽ വളർത്തുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യട്ടെ.

മറ്റ് ഏതൊരു ഭരണ സംവിധാനത്തിലും അധികമായി വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനും അതിനെ പ്രതിരോധിക്കാനും വിമർശന വിധേമാക്കാനുമുള്ള സാധ്യത സഭയിലും ഉണ്ട്. ആ സാധ്യത പ്രയോജനപ്പെടുത്തി പരസ്പര ബഹുമാനത്തോടു കൂടിയുള്ള സംഭാഷണങ്ങളും ക്രിയാത്മകമായ ചർച്ചകളും മാന്യത കൈവിടാത്ത മറുപടിയുമായി നമ്മുടെ പ്രതികരണ ശൈലി മാറണം. മറിച്ച് സൈബർ യുദ്ധഭൂമിയിൽ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന ആശയ ശരങ്ങളും വിമർശനത്തിന്റെ വെടി ഉണ്ടകളും പരിഹാസത്തിന്റെ ഒളിയമ്പുകളും ഉപയോഗിച്ചു സഭയെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യാമെന്നുള്ള വ്യാമോഹം എത്രത്തോളം ക്രൈസ്തവമാണ് എന്നുകൂടി ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

പിന്നെ മറ്റൊരുകാര്യം ഇത്തരത്തിലുള്ള പല സ്വയം പ്രഖ്യാപിത സഭാ സംരക്ഷണ ഗ്രൂപ്പുകളിലും അറിഞ്ഞോ അറിയാതെയോ മതമേലധ്യക്ഷന്മാർ പോലും അംഗങ്ങളാണ് എന്നത് ഇത്തരക്കാരെ വളം വെച്ചു കൊടുക്കുന്നുണ്ട്. അതുകൊണ്ട് സഭയെ പൊതു സമൂഹ മധ്യത്തിൽ പരിഹാസ വിധേയമാക്കുന്നഈ ‘സൈബർ പോരാളികൾക്കും’ അവരുടെ ‘ഓണ്ലൈൻ യുദ്ധഭൂമികൾക്കും’ ഒരു നിയന്ത്രണം കൊണ്ടുവരുകയോ അതുമല്ലെങ്കിൽ ചുരുങ്ങിയ പക്ഷം അവരെ നിഷേധിക്കുവാൻ ആയിട്ടുള്ള വിവേകം എങ്കിലും സഭാ നേതൃത്വം കാണിക്കണം.

*വാൽ കഷ്ണം:* ‘തുപ്പൽ’ ആയിരുന്നു ഈ പോയവാരം കേരളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്. ചിലർ ഭക്ഷണത്തിൽ തുപ്പുന്നു, വേറെ ചിലർ മുഖത്ത് തുപ്പുന്നു. ഇനിയും ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..

..😃😃 എന്താല്ലേ…..?

ഫാ. നൗജിൻ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്