മംഗളവാർത്ത – മൂന്നാം ഞായർ
“യോഹന്നാൻ എന്നാണ് അവന്റെ പേര് “(Luke ..1:63)
ദൈവപുത്രന് വഴിയൊരുക്കാൻ വന്നവന് യഹൂദ പാരമ്പര്യമനുസരിച്ചുള്ള പേരിടീൽ കർമ്മമാണ് സന്ദർഭം. “God is merciful- ദൈവം കരുണയുള്ളവൻ എന്നർത്ഥം വരുന്ന യോഹന്നാൻ എന്ന് പേരിടാൻ അവന്റെ മാതാപിതാക്കൾക്ക് രണ്ടുപ്രാവശ്യം ചിന്തിക്കേണ്ടി വന്നില്ല.
ഒരുവന്റെ വ്യക്തിത്വവും സത്തയും വെളിപ്പെടുത്തുന്നതാണ് അവന്റെ പേര് ; അങ്ങനെ ആയിരിക്കുകയും വേണം. എന്നാൽ ഇന്ന്, വളർന്ന ലോകത്തിനൊപ്പം വളരാൻ പരിശ്രമിച്ചവന്റെ തല മാത്രം വളർന്നപ്പോൾ ഉയർന്നുവന്ന ചോദ്യമാണ് പേരിലെന്തിരിക്കുന്നു എന്നത് ! ഒരു കാലത്തു ക്രിസ്ത്യൻ കുടുംബങ്ങളിൽ ഒരു കുഞ്ഞുണ്ടായാൽ അതിന് ഇടുന്ന പേര് – മാമോദീസ പേര് -വല്യപ്പൻ/ വല്യമ്മ ആരുടേതെങ്കിലും ആയിരിക്കും – പാരമ്പര്യതുടർച്ച ഉറപ്പിച്ചുകൊണ്ട് ; അതൊരു വിശുദ്ധന്റെ പേരും ആയിരിക്കും- എന്നും കൂട്ടായി ഒരു സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ഉണ്ട് എന്നൊരു ഓർമപ്പെടുത്തലും.
പക്ഷേ, പേരിലെന്തിരിക്കുന്നു? എന്റെ വിശ്വാസവും എന്റെ പാരമ്പര്യവും എന്റെ സ്വകാര്യസമ്പത്തല്ലേ, ലോകത്തോട് വിളിച്ചുകൂവേണ്ടതല്ലല്ലോ എന്ന് വീമ്പിളക്കുന്നവർ മറന്നുപോകുന്നു വേണ്ടായെന്ന് വയ്ക്കുന്നത് സ്വന്തം സത്തയാണെന്ന്.
സമൂഹത്തിൽ സ്വന്തം പേരിലൂടെയും വിശ്വാസപ്രഘോഷണം സാധ്യമാണെന്ന്. അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സ്വന്തം തറവാടിനെയും വിശ്വാസത്തെയും മറയും മടിയും കൂടാതെ വിളിച്ചുപറയാനുള്ള അവസരമാണെന്ന്.
മതേതരത്വവും ആധുനികതയും വച്ചുവിളമ്പിത്തരുന്ന ഗർവ്വിനെ വിഴുങ്ങുമ്പോഴും സ്വന്തം വിശ്വാസത്തിൽ മായം ചേരുന്നില്ലായെന്നു ഉറപ്പുവരുത്തുമ്പോഴാണ് നാം വിജയിക്കുക, നമ്മിലൂടെ ക്രിസ്തു വിജയിക്കുക.
ദൈവത്തിന്റെ കരുണയാണ് എന്റെ ജീവിതം എന്ന് മറക്കാതെയും മടികൂടാതെയും പറയാൻ സാധിക്കണമെന്ന് സക്കറിയായും എലീശയും ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. പേരിലടങ്ങിയിരിക്കുന്ന ക്രിസ്തീയ പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും പേരിലൂടെ ലഭിച്ചിരിക്കുന്ന സ്വർഗ്ഗീയ മധ്യസ്ഥന്റെ സംരക്ഷണവലയം ഉറപ്പുവരുത്താനും സാധിക്കട്ടെ ഏവർക്കും.
ഒപ്പംതന്നെ, കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ പൈതൃകത്തെയും കർത്താവിനെയും അവനിലുള്ള വിശ്വാസത്തെയും ഓർക്കാനും, അവന്റെ സ്നേഹത്തിനും കരുണയ്ക്കും സാക്ഷിയായി ജീവിക്കാനുള്ള ഒരു ദൈവിക ദാനമാണീ ശിശു എന്നും ഓർക്കുവാനുള്ള കൃപ മാതാപിതാക്കൾക്കുണ്ടാവട്ടെ. പുത്തൻ തലമുറയ്ക്ക് അത് പറഞ്ഞുകൊടുക്കാനുള്ള വിവേകവും ആർജ്ജവവും ഉണ്ടായിരിക്കട്ടെ മുതിർന്നവർക്ക്.
യോഹന്നാൻ എന്ന പേരും ആ പേരുകാരനും നമ്മെ ഇന്നും എന്നും ഓർമിപ്പിക്കുന്നു-ദൈവം കരുണയുള്ളവൻ ആകുന്നു.
ബെൻ ജോസഫ്