ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയ സൗഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ മതിയാവൂ; രണ്ടു വള്ളത്തിൽ ഒരേ സമയം യാത്ര ചെയ്യുക അസാധ്യമാണ്. “ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്” (റോമാ 14:17), എന്ന് വിശുദ്ധ പൌലോസ് ദൈവാത്മാവിനാൽ നിറഞ്ഞു നമ്മെ ഓർമ്മിപ്പിക്കുന്നു.

പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. രക്തസാക്ഷി ആകാനായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ ക്രൈസ്തവനും. എന്നാൽ, രക്തസാക്ഷി എന്നതിന് ശാരീരികമായി രക്തം ചിന്തുക എന്നു മാത്രമല്ല അർത്ഥം. ദൈവത്തെ നമ്മിൽനിന്നും അകറ്റിനിരത്തുന്ന എല്ലാ ലൗകീകതകളും ത്യജിക്കുന്നതുവഴിയും, ദൈവസ്നേഹത്തെ പ്രതി നിന്ദനത്തിനും അവഹേളനത്തിനും വിധേയമാകുന്നതുവഴിയും എല്ലാം യേശുവിന്റെ രക്തസാക്ഷിത്വത്തിൽ പങ്കാളികളാകാൻ നമുക്കാവും.

നമ്മൾ താമസിക്കുന്നിടത്തു പോലും ദൈവനാമത്തെ പ്രതിയും, ദൈവവചനം അനുസരിക്കുന്നതു കൊണ്ടും, ദൈവവിശുദ്ധിയാൽ ജീവിതം നയിക്കുന്നതുകൊണ്ടും ദിനംപ്രതി സമൂഹത്തിലും, ജോലിസ്ഥലത്തും, കുംടുബത്തിലും, ആളുകൾ പീഡിക്കപ്പെടുകയും ദൈവഹിതത്താൽ ജീവിക്കുന്നതു കൊണ്ട് അവഹേളിക്കപ്പെടുകയും ചെയ്യപ്പെടുന്നു.

എന്നാൽ നാം ഓർക്കേണ്ട കാര്യം ഉണ്ട്, ദൈവഹിതപ്രകാരം ജീവിക്കുന്നവരുടെ തലമുടിയിഴ പോലും നശിച്ചു പോകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. നാം ഒരോരുത്തർക്കും ദൈവനാമത്തെപ്രതി പീഡകൾ സഹിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

ph 9446329343

നിങ്ങൾ വിട്ടുപോയത്