എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന്

സഭാനേതൃത്വം വഴങ്ങുമ്പോൾ…!!!

സീറോ മലബാർ സഭയെ സംബന്ധിച്ച് 2023 ഡിസംബർ ഏഴ് ഒരു സുപ്രധാന ദിനമായിട്ടായിരിക്കും സഭയുടെ ഇനിയുള്ള ചരിത്രത്തിൽ അറിയപ്പെടുക. സഭയെ നയിക്കുവാനായി സഭയുടെ സിനഡ് തെരെഞ്ഞെടുത്ത സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം പുരോഹിതരുടെ അച്ചടക്കമില്ലായ്മയുടെയും

ധാർഷ്ട്യത്തിൻ്റെയും ഫലമായി തന്റെ ശ്ലൈഹീക സ്ഥാനം ത്യാഗം ചെയ്ത ദിവസമാണിന്ന്.

സീറോ മലബാർ സഭയുടെ തലവൻ എന്ന നിലയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായിരുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരായി എറണാകുളത്തെ വിമത വൈദീകർ 2017 മുതൽ നടത്തിവന്നിരുന്ന പ്രത്യക്ഷ അക്രമണങ്ങളുടെ പരിസമാപ്തി കൂടിയാണ് ഈ സ്ഥാനത്യാഗത്തിൽ സംഭവിച്ചിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതർക്കിടയിൽ നിലനിന്നിരുന്ന സഭാവിരുദ്ധ നടപടികൾക്കു വിരുദ്ധമായി ആലഞ്ചേരി പിതാവെടുത്ത നടപടികളാണ് അദ്ദേഹത്തെ ഏതു വിധേനയും സ്ഥാനഭ്രാഷ്ടനാക്കുക എന്ന നിലപാട് സ്വീകരിക്കുവാൻ വിമത വൈദീകരുടെ നേതൃത്വത്തിലുള്ളവരെ പ്രേരിപ്പിച്ച മുഖ്യ ഘടകം. അതിനായി അവസരം നോക്കിയിരുന്ന അവർക്ക് ലഭിച്ച ആയുധമായിരുന്നു സഭാപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ട് നടത്തിയ അതിരൂപതയുടെ മൂന്ന് ഏക്കർ ഭൂമിയുടെ വിൽപ്പന. ഇതിലൂടെ ലഭിക്കേണ്ട പണം, നോട്ട് നിരോധനം മൂലവും മറ്റു കാരണങ്ങളാലും, ലഭിക്കുവാൻ താമസിച്ചത്, ഒരവസരമായി അവർ ഉപയോഗിച്ചു. അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിൽ ആധാരങ്ങളിൽ ഒപ്പ് വയ്ക്കുക മാത്രമായിരുന്നു പിതാവിന്റെ ഈ വിൽപ്പനയിലെ ഇടപെടൽ. ഇതെല്ലാം നന്നായി അറിയാവുന്ന പുരോഹിതർ തന്നെയാണ് മെത്രാപ്പൊലീത്ത അതിരൂപതയുടെ ഭൂമിയെല്ലാം ആരോടും ആലോചിക്കാതെ വിറ്റുതുലച്ചു എന്ന് പ്രചരിപ്പിച്ചു കൊണ്ട് തെരുവിലിറങ്ങിയത്. അദ്ദേഹത്തിൻ്റെ കോലം കത്തിക്കാനും കട്ടിൽ സമരം നടത്താൻ പോലും ചില പുരോഹത വേഷധാരികൾ തയ്യാറായി.

അവർ വിചാരിച്ചത്, ഈ ആരോപണങ്ങൾ കേട്ട് പിതാവ് സ്ഥാനം രാജിവച്ച് പോകും എന്നായിരുന്നു. എന്നാൽ, തന്റെ മന:സാക്ഷി കുറ്റപ്പെടുത്താത്തിടത്തോളം, തന്നെ സഭ ഏൽപ്പിച്ച ശുശ്രൂഷ താൻ തുടരുമെന്നുള്ള പിതാവിന്റെ നിലപാട് വിമത വൈദീകരെ അവരുടെ യഥാർത്ഥ നിറം ലോകത്തിന് മുൻപിൽ വെളിപ്പെടുത്തുന്ന സാഹചര്യങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിച്ചു. പിതാവ് അന്യായമായി ഭൂമി വിറ്റെങ്കിൽ അങ്ങനെ ലഭിച്ച പണം എവിടെയാണ് എന്നുള്ള വിശ്വാസികളുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു വിവിധ ബാങ്കുകളിലും കമ്പനികളിലും പിതാവിന് നിക്ഷേപമുണ്ട് എന്ന് കാണിക്കുന്നതിനായി ചമച്ച വ്യാജരേഖകൾ. പോലീസ് അന്വേഷിച്ച ഈ വ്യാജരേഖ കേസിൽ അതിരൂപതയിലെ മൂന്ന് വൈദീകർ ഇപ്പോൾ ക്രമിനൽ കോസ് വിചാരണ നേരിടുകയാണ്.

അതിരൂപതയിലെ വൈദീകർ മാത്രം വിചാരിച്ചാൽ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുക അസാധ്യമാണ്. ഇവർക്ക് ആവശ്യമായ പിന്തുണ കൊടുത്ത അതിരൂപതയിലെ മറ്റ് രണ്ടു മെത്രന്മാരെ തിരിച്ചറിയുകയും അവർക്കെതിരെയി വത്തിക്കാൻ നടപടിയെടുക്കുകയും അവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. ഈ മെത്രാന്മാരുടെ ഭാവി സിനഡ് തന്നെ തീരുമാനിക്കുക എന്ന് വത്തിക്കാൻ നിർദേശിച്ചപ്പോൾ അവരെ ശിക്ഷിക്കാതെ പകരം മറ്റ് ഉയർന്ന സ്ഥാനങ്ങൾ നൽകി സിനഡ് ദൗർബല്യം കാണിച്ചു.

അര നൂറ്റാണ്ടു കാലമായി സീറോ മലബാർ സഭയിൽ ചർച്ചചെയ്തുകൊണ്ടിരുന്ന വിശുദ്ധ കുർബാനയുടെ ഏകീകരണം നടപ്പിലാക്കുവാൻ സഭ തീരുമാനിച്ചതും ആലഞ്ചേരി പിതാവിന്റെ സ്ഥാനത്യാഗവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. സഭയിലെ മുപ്പത്തഞ്ചു രൂപതകളിൽ മുപ്പത്തിനാലിലും ഏകീകൃത വിശുദ്ധ കുർബാന അർപ്പണം നിലവിൽ വന്നെങ്കിലും എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമത പുരോഹിതന്മാർ അത് നടപ്പിലാക്കുവാൻ വിസമ്മതിച്ചു. അതിനായി കഴിഞ്ഞ മൂന്നു വർഷങ്ങൾ സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് അവർ നടത്തിയത്. അതിരൂപതയിലെ കാര്യങ്ങൾ ശരിയായ ദിശയിൽ നടപ്പിൽ വരുത്തുവാൻ മാർപ്പാപ്പ നിയമിച്ച പ്രത്യേക പ്രതിനിധിയെ പരസ്യമായി അപമാനിക്കുന്നതു വരെയെത്തി ഈ പ്രതിഷേധങ്ങൾ.

സഭയുടെ ഏറ്റവവും ഉയർന്ന ശുശ്രൂഷകന് വന്നുഭവിച്ച ഈ ദുര്യോഗത്തിൽ സീറോ മലബാർ സഭയുടെയും ലോകമെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെയും വ്യക്തിപരമായ വേദന ഇരട്ടിച്ചിരിക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ മേലാൽ സഭയിൽ ആവർത്തിക്കാതിരിക്കുവാനുള്ള ഫലപ്രദമായ നൈയാമിക നടപടികൾ സഭയുടെ നേതൃത്വം കൈക്കൊള്ളും എന്ന് നമുക്ക് പ്രത്യാശിക്കാം.

നിങ്ങൾ വിട്ടുപോയത്