വിദ്യാഭ്യാസ മന്ത്രി ബഹു. കോടതിയെ വെല്ലുവിളിക്കുകയാണോ?

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്‌ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു വിവാദം നടക്കുകയും ആ വിവാദം പരിഹരിക്കുന്നതിന് വേണ്ടി സ്കൂൾ അധികൃതർ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയെയും കോടതി സംവിധാനത്തെയും സമീപിക്കുകയും ചെയ്തു എല്ലാ പ്രശ്നങ്ങളും വിശകലനം ചെയ്ത കോടതി സകമകാലിക കേരത്തിലെ രാഷ്ട്രീയ സമവാക്യങ്ങളും വർഗീയശക്തികളുടെ കടന്നാക്രമണവും എങ്ങനെ വിദ്യാഭ്യാസ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു എന്ന് നിരീക്ഷിച്ചുകൊണ്ട്, അത്തരത്തിലുള്ള ഒരു സമീപനവും അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല എന്ന വ്യക്തമായ നിരീക്ഷണം നടത്തി സ്കൂൾ തുറന്നു പ്രവർത്തിക്കാൻ പോലീസിന്റെ സംരക്ഷണം ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയാണ് ചെയ്തത്. ഇപ്രകാരം നമ്മുടെ നാട്ടിലെ കോടതി തന്നെ ഈ വിഷയത്തിൽ ഇടപെട്ട് ഒരു തീരുമാനം നൽകിയിരിക്കെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വി ശിവൻകുട്ടിത്തന്നെ ആ കോടതി നിർദേശത്തിന് എതിരെ പറഞ്ഞത് തീർത്തും അനുചിതമായി എന്ന് പറഞ്ഞാൽ അത് മതിയാവുകയില്ല.

വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ചുകൊണ്ട് തുടർ പഠനത്തിന് അനുമതി നൽകണം, മാനേജ്മെന്റിന്റെ ഭാഗത്തു ഗുരുതര വീഴ്ച്ച ഉണ്ടായി എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിനും നമ്മുടെ നാട്ടിൽ ഉയർന്നുനിൽക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ അതിന്റെ ഉദ്ദേശലക്ഷ്യം നേടുന്നതിന് സഹായിക്കുകയും, ആവശ്യമായ സംരക്ഷണംകൊടുക്കുകയും ചെയ്യേണ്ട സർക്കാർ സംവിധാനങ്ങൾതന്നെ മറ്റു താൽപര്യങ്ങളുടെ സംരക്ഷകരും അതിന്റെ വക്താക്കളും ആകുമ്പോൾ ആരുടെ അടുത്ത് അഭയംതേടണം എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടൽ പൊതുസമൂഹത്തിന് ആശ്വാസം നൽകുന്നതാണ്, എന്നിരുന്നാലും സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന ഈ പ്രതികരണം തീർച്ചയായിട്ടും ആശങ്കാജനകമാണ്.
ഇന്ത്യൻ ഭരണഘടനയും ഇപ്പോൾ നിലനിക്കുന്ന വിവിധ കോടതിഉത്തരവുകൾക്കും എതിരെ മതവിശ്വസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ചു സ്‌കൂളിൽ തുടർപഠനം നടത്താൻ അനുവദിക്കണമെന്ന്പറയാൻ ഒരു മന്ത്രിക്കും അവകാശമില്ലഎന്ന് താങ്കളെ ഓർമ്മിപ്പിക്കട്ടെ. മാത്രമല്ല, പൊതു പ്രവർത്തകരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥിനിയും മാതാപിതാക്കളും സ്‌കൂൾ നിയമങ്ങൾ അനുസരിക്കാമെന്നു സമ്മതിച്ചതുമാണ്. ഇരുകൂട്ടരും രമ്മ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയ ശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടുകൊടുക്കുന്ന വിവേകശൂന്യത നാട് ഭരിക്കുന്ന ഒരു മന്ത്രിയിൽനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഈ വിവാദ പ്രസ്താവന വഴി ബഹു. മന്ത്രി, കുടപിടിച്ചുകൊടുക്കുന്നതു കഴിഞ്ഞ കുറച്ചധികം നാളുകളായി കേരളത്തിലങ്ങോളമിങ്ങോളം ക്രൈസ്തവ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ മതപരമായ ആവശ്യങ്ങൾ ഉന്നയിച്ചു വിവാദവും സാമുദായിക സങ്കർഷവുമുണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയശക്തികൾക്കാണെന്നത് ഇവിടുത്തെ മതേതര സമൂഹം മനസ്സിലാക്കു ന്നുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളും ഭരണഘടാപരമായ അവകാശങ്ങളുള്ള ന്യുനപക്ഷ സ്ഥാപനങ്ങളാണെന്നത് താങ്കൾ മറക്കാൻ പാടില്ല.
ഒരു കാര്യംകൂടി താങ്കൾ ഓർക്കുന്നത് നല്ലതാണ്, പതിനഞ്ചാം നൂറ്റാണ്ടുമുതൽ തുടങ്ങിയതാണ് ക്രിസ്ത്യാനികൾ ഈ കേരളത്തിൽ പള്ളിക്കൂടങ്ങളും പഠിപ്പിക്കലും. ഇന്നുവരെ ഇവിടുത്തെ മനുഷ്യരെ ഭേദവിചാരമില്ലാതെ ജീവിക്കാൻ തന്നെയാണ് ക്രൈസ്തവസ്ഥാപനങ്ങൾ പരിശീലിപ്പിച്ചിട്ടുള്ളത്. വസ്ത്രംകൊണ്ടാരും പൊതു ഇടങ്ങളിൽ മാറ്റിനിർത്തപ്പെടാനോ, അടയാളപ്പെടുത്താനോ പാടില്ലെന്ന മഹാനുഭാവനായ വിശുദ്ധ ചാവറപിതാവിന്റെ ഉത്കൃഷ്ട ചിന്തയിൽനിന്നാണ് കേരളത്തിലെ പള്ളിക്കൂടങ്ങളിൽ ആദ്യമായി യൂണിഫോം ഏർപ്പെടുത്തിയത്. യൂണിഫോം മാത്രമല്ല ഉച്ചക്കഞ്ഞിയും അതിനുവേണ്ട പിടിയരിപിരിവും പാവപ്പെട്ടവനോടുള്ള കരുതലിന്റെ തെളിവും തുല്യതയ്ക്കുവേണ്ടിയുള്ള നിലപാടുമായിരുന്നു. അതുകൊണ്ട്, സ്‌കൂൾ യൂണിഫോം ധരിക്കുന്നതു ആരുടെയും പൗരാവകാശങ്ങളെ കവർന്നെടുക്കുകയല്ല, മറിച്ചു തുല്യതയുള്ള മതേതര മനസ് രൂപപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്.
Syro-Malabar Media Commission
