കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല.
എറണാകുളം അതിരൂപതയിലുള്ളവർ നീതി നിഷേധിക്കപ്പെടുന്നവരാണെന്നും അകാരണമായി അവഹേളിക്കപ്പെടുന്നവരാണെന്നുമൊക്കെയാണ് അവരും അവരോട് അനുഭാവമുള്ളവരും കരുതുന്നത്.
Perception എന്നത് മാറ്റിവെച്ച് perspective ലേക്ക് മാറിയാൽ കാര്യങ്ങൾ കുറച്ചുകൂടി വിശാലമായി അവർക്ക് കാണാൻ കഴിയുമെന്നെനിക്ക് തോന്നുന്നു. ഓരോരുത്തരും അവനവന്റെ കാഴ്ചപ്പാട് മറ്റുള്ളവരെ convince ചെയ്യാൻ ശ്രമിക്കുമ്പോൾ ആരും ആരെയും കേൾക്കുന്നില്ല. മനസ്സിലാക്കുന്നില്ല. തങ്ങളുടേതായ ന്യായം മാത്രം ശരി. നമ്മുടെ 6 മറ്റൊരാൾ തല തിരിഞ്ഞു വായിക്കുമ്പോൾ 9. കാഴ്ചപ്പാട് വീക്ഷണത്തിലേക്ക് വഴി മാറുമ്പോൾ, നമുക്ക് മറ്റുള്ളവരെ കൂടി മനസ്സിലാക്കാൻ പറ്റും.
ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റുള്ളവർ എറണാകുളം – അങ്കമാലിക്കാരുടെ ( ജനാഭിമുഖ കുർബ്ബാന വേണമെന്ന് പറയുന്നവരുടെ ) perspective ൽ തന്നെ കാര്യങ്ങൾ കാണണമെന്ന് ശഠിച്ചാൽ, അവർക്ക് മാത്രം വേറൊരു നിയമം, പാപ്പ ഇത്രക്കും പറഞ്ഞിട്ടും അനുസരിക്കാതെ തങ്ങളുടെ മർക്കടമുഷ്ടി മാത്രം വിജയിപ്പിക്കാൻ നോക്കുന്നവർ എന്ന ദുഷ്പേര് ( ഏറെക്കാലമായി ഇതെല്ലാം നിലവിലുണ്ടെങ്കിലും ) ഇതൊക്കെയാവും ഫലം. അതിലും എളുപ്പം അവർക്ക് തങ്ങളുടെ വീക്ഷണം കുറച്ചുകൂടി വിശാലമാക്കി എല്ലാം ശുഭമായി പര്യവസാനിപ്പിക്കുന്നതല്ലേ?
എല്ലാവർക്കും ഈശോയുടെ പിറവിതിരുന്നാളിന്റെ സന്തോഷം അതിന്റെ പൂർണമായ അളവിൽ വേണമെന്നൊരു ആഗ്രഹമുള്ളത് കൊണ്ടാണ് ഞാൻ നിങ്ങളുടെ കാലുപിടിക്കാനും തയ്യാറായി കൊണ്ട് ഇങ്ങനെ പറയുന്നത്. കുറച്ചു വർഷങ്ങളായി ഓരോ ഫെസ്റ്റീവ് സീസണുകളുടെ ഒപ്പവും നിഴലുപോലെ കുർബാനയെചൊല്ലിയുള്ള തർക്കങ്ങളും വിശേഷദിവസങ്ങളിൽ കയ്യാങ്കളികളും കാണും. സന്തോഷദിനങ്ങൾക്ക് ശോകഛായ സമ്മാനിക്കുന്ന ഈ സമ്പ്രദായം എന്നാണ് നിലയ്ക്കുക? ആഗോളസഭയുടെ മുന്നിൽ ബ്ലാക്ക് ഷീപ്പുകളായി തുടരുന്ന നമ്മൾ ഈ തലകുനിഞ്ഞ അവസ്ഥയിൽ നിന്ന് എന്നാണ് സീറോ മലബാർ സഭയുടെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുനടക്കുക?
‘അപ്പോള്‍ എലീഷാ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഇവന്റെ കണ്ണുകളെ തുറക്കണമേ! ഇവന് കാണട്ടെ! കര്‍ത്താവ് അവന്റെ കണ്ണുകള്‍ തുറന്നു. എലീഷായ്ക്കു ചുറ്റും മല ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു നിറഞ്ഞിരിക്കുന്നത് അവന് കണ്ടു’.
2 രാജാക്കന്മാര് 6 : 17.
കണ്ണുകൾ തുറന്നിരുന്നിട്ടും കർത്താവിന്റെ സൈന്യത്തെ കാണാൻ ഏലീഷായുടെ ദാസന് കഴിഞ്ഞില്ല. ‘അവരുടെ കണ്ണുകളെ തുറക്കണമേ, അവർ കാണട്ടെ’ എന്ന് വിശ്വാസികൾക്ക് വേണ്ടി മാത്രമല്ല, കൊല്ലങ്ങളോളം പരിശുദ്ധ കുർബ്ബാനയെപറ്റി പഠിച്ച്, പൗരോഹിത്യം സ്വീകരിച്ച്, ഏറെക്കാലം കുർബ്ബാന ചൊല്ലി പരിചയമുള്ള കുറേയധികം വൈദികർക്ക് വേണ്ടി പോലും ഇപ്പോൾ പ്രാർത്ഥിക്കേണ്ട അവസ്ഥയാണ്.
‘ഈശോയെ കാണാനും ആരാധിക്കാനുമുള്ള ആഗ്രഹം ജനങ്ങൾക്കുമുണ്ടല്ലോ പുരോഹിതർക്ക് മാത്രം അല്ലല്ലോ അതിനുള്ള സൗകര്യം അവർക്കും വേണമല്ലോ’ എന്ന് ജനാഭിമുഖ കുർബ്ബാനക്കുള്ള ന്യായമായി പുരോഹിതർ തന്നെ പറയുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല ഇത്രക്കും ശ്രേഷ്ഠമായ, അനുഗ്രഹദായകമായ പരിശുദ്ധ കുർബ്ബാനയുടെ മൂല്യത്തെ പറ്റി ഇത്രക്കും സങ്കുചിത ചിന്തയേ അവർക്ക് ഉള്ളൂ എന്നോർത്ത്. ആരാണ് പറഞ്ഞത് ഏകീകൃത കുർബ്ബാനയിൽ വിശ്വാസികൾക്ക് ഈശോയിലേക്ക് എത്തിപ്പെടാനും ദൈവത്തെ ആരാധിക്കാനും തടസ്സമുണ്ടെന്ന്. എന്തുകൊണ്ടാണ് കാഴ്ചക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത്? വിശ്വാസദൃഡതക്കും ഒരുക്കത്തിനും അനുഭവത്തിനും അല്ലേ പരിശുദ്ധ കുർബ്ബാനയിൽ കാഴ്ചയേക്കാൾ പ്രാധാന്യം? “എന്തെന്നാൽ ഞങ്ങൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ് കാഴ്ചയാലല്ല” ( 2 കോറി 5:7)
ഇന്നലെ ഞാൻ ഒരു കമന്റിൽ സൂചിപ്പിച്ച പോലെ കാഴ്ചക്ക് ഇത്രക്കും പ്രാധാന്യമുണ്ടെങ്കിൽ അന്ധരായ മനുഷ്യരുടെ കാര്യം എന്താ? കണ്ണിന് കാഴ്ചയില്ലാത്തപ്പോൾ വിശുദ്ധ കുർബ്ബാന അർപ്പിച്ച ഒരു വൈദികനെ അറിയാം. കാഴ്ചയില്ലാതെ ദൈവാനുഭവം ഇല്ലെങ്കിൽ അവരുടെയൊക്കെ കാര്യം എങ്ങനാണ്? നമ്മൾ പരിശുദ്ധ കുർബ്ബാന അർപ്പിക്കാൻ വരുമ്പോൾ ബലിയർപ്പകനായ ക്രിസ്തുവിൽ, അർപ്പിക്കപ്പെടുന്ന അവന്റെ ശരീരരക്തങ്ങളിൽ, സ്വർഗ്ഗവാസികളോടൊപ്പം നമ്മുടെ രക്ഷകന്റെ ജീവിതവും പീഡാസഹനവും മരണവും പുനരവതരിക്കപ്പെടുന്നതിൽ അല്ലേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? പുരോഹിതൻ എങ്ങോട്ട് തിരിയുന്നു എന്നതെല്ലാം അവിടെ അപ്രസക്തമാണ്. എന്റെ കാര്യം പറഞ്ഞാൽ, കണ്ണ് തുറന്നു നിന്നാൽ ആര് വരുന്നു പോകുന്നു എന്നതൊക്കെ നോക്കിപോവും എന്നുള്ളതുകൊണ്ട് കണ്ണടച്ച് നിക്കാൻ ശ്രമിക്കാറുണ്ട്. അപ്പോഴാണ് കുർബ്ബാന കൂടുതൽ അനുഭവവേദ്യമാകാറുള്ളത്. അതുപോലെ, പൊക്കം കുറഞ്ഞ എനിക്ക് മുൻപിൽ, നല്ല പൊക്കം ഉള്ള രണ്ടുപേർ വന്നുനിന്നാൽ കഴിഞ്ഞില്ലേ അൾത്താരയിലെ view. പിന്നെ ഏന്തിവലിഞ്ഞു നോക്കണം. നമ്മളും ജനാഭിമുഖകുർബ്ബാന കൂടി പരിചയിച്ചവർ തന്നെയാണ്. എന്നിട്ടും ഇപ്പോൾ ഏകീകൃതകുർബ്ബാന കൂടുന്നു, കാരണം സഭ അതാവശ്യപ്പെടുന്നു, നമ്മൾ കേൾക്കുന്നു. നമ്മൾ കാണുന്നത് ഇത്തിരി കുറഞ്ഞാൽ എന്താ? ദൈവം നമ്മെയും നമ്മുടെ ഓരോ ചിന്തയും അനക്കവും അറിഞ്ഞുകൊണ്ടല്ലേ ഇരിക്കുന്നത്? നമ്മുടെ ഉള്ളിലേക്ക് ഈശോ എഴുന്നെള്ളി വരുന്നതിലും കൂടുതൽ എന്ത് വേണം?
ഈശോ നമ്മുടെ കണ്ണുകൾ തുറന്നുതന്നാൽ എത്ര വലിയ അത്ഭുതങ്ങളും ശ്രേഷ്ഠപ്രവൃത്തികളുമാണ് പരിശുദ്ധ കുർബ്ബാനയിൽ കാണാൻ കഴിയുക. അതിന്റെ ശരിയായ മൂല്യം അറിഞ്ഞാൽ നമ്മൾ മരിച്ച് പോകുമെന്നല്ലേ പറയുന്നത്? അത്രക്ക് ഉന്നതമായ ഈ ബലിക്ക് പരിമിതികൾ ഉണ്ടെന്ന് പറയുന്നത് അപരിമേയനായ ദൈവത്തിന്റെ ശക്തിക്ക് പരിധി നിശ്ചയിക്കും പോലെയാണ്.
ഈ ഒരു വിഷയത്തിൽ ഇതുവരെയായി എത്ര പോസ്റ്റുകൾ ആണ് ഇട്ടത്, ഇനിയും പറയുന്നത് ആരാധനക്രമത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ അവസാനിച്ച് സമാധാനവും ഒരുമയും എല്ലാവർക്കും ഉണ്ടാകണമെന്ന അത്യാഗ്രഹം കൊണ്ടാണ് അല്ലാതെ ആരെയും താഴ്ത്തികെട്ടാൻ വേണ്ടിയല്ല. ദയവു ചെയ്ത് മനസ്സിലാക്കണം. ദൈവത്തെ ഓർത്ത് compromise ന് തയ്യാറാവണം. ഇതുവരെയും പഠിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങൾക്ക് എതിർസാക്ഷ്യമാവുന്നത് നിർത്തി, പ്രിയ വൈദികരെ നിങ്ങൾ സ്വയം തിരുത്തണം. അപേക്ഷയാണ്, യാചനയാണ് .
എനിക്ക് യോഗ്യതയൊന്നുമില്ല നിങ്ങളെ ഉപദേശിക്കാൻ, എങ്കിലും സഭയുടെ നന്മക്കായി, ദൈവജനത്തിന്റെ ഉപരിനന്മക്കായി, ഇത് കേൾക്കണം.
ജിൽസ ജോയ്
ദൈവത്തിന്റെ വഴിവിട്ട് ലോകത്തിന്റെ വഴിയേ പോകുന്നവർക്ക് സത്യം ഗ്രഹിക്കാൻ സാധിക്കില്ല. വ്യാജത്വം അവരിൽ നിയന്ത്രണം എടുക്കും. കാരണം അവർ ദൈവത്തെക്കാൾ കൂടുതൽ ലോകത്തിനെയും അതിന്റെ മോഹങ്ങളെയും പുണരുന്നതു കൊണ്ടാണ്. ലോകം അവരിൽ സ്വാധീനം എടുക്കുകയാണ്.
ലോകത്തെയോ ലോകത്തിലുള്ള വ സ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.
എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്ക്കുന്നു.
(1 യോഹന്നാന് 2 : 15-17)