തീർത്തും അപ്രതീക്ഷിതമായിരുന്നു
ആ ഫോൺ കോൾ:
“അച്ചാ, സ്തുതിയായിരിക്കട്ടെ.
എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”.

ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി.

“അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്
നമ്പർ സംഘടിപ്പിച്ചത്. “

സി.എൽ.ജോസ് എന്ന പേര്
എനിക്കേറെ സുപരിചിതമാണ്.
എൻ്റെ അമ്മയും അദ്ദേഹത്തിൻ്റെ
നാടകങ്ങൾ വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്.
പത്ത് ദിവസം നീണ്ടു നിന്ന റേഡിയോ നാടകമത്സരങ്ങളിൽ സി.എൽ.ജോസിൻ്റെ നാടകത്തിൻ്റെ സ്ഥിരം ശ്രോതാവായിരുന്നു അമ്മ.

അദ്ദേഹം ഫോൺ വിളിച്ച വിവരം
അമ്മയോട് പറഞ്ഞപ്പോൾ
അമ്മയ്ക്കും സന്തോഷമായി.

അന്ന് ഞാൻ ആന്ധ്രയിലായിരുന്നു.
അവധിക്ക് വന്നപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. സ്വന്തം കൈയൊപ്പ് ചാർത്തി
ഏതാനും പുസ്തകങ്ങൾ
എനിക്കദേഹം സമ്മാനിച്ചു.

ആ സൗഹൃദം ഇന്നും തുടരുന്നു.
എൻ്റെ മൂന്നാമത്തെ പുസ്തകത്തിൻ്റെ ജോലികൾ പുരോഗമിക്കുന്ന സമയം. അവതാരിക ആരെക്കൊണ്ട് എഴുതിക്കണം എന്ന ചിന്തയായിരുന്നു. സുഹൃത്തായ
സൺഡേ ശാലോം എഡിറ്ററോട് സി.എൽ.ജോസിൻ്റെ കാര്യം സൂചിപ്പിച്ചു.
“അച്ചാ, അത്രയും വലിയ മനുഷ്യൻ
എഴുതി തരുമോ? മാത്രമല്ല,
അദ്ദേഹത്തിന് നല്ല തിരക്കായിരിക്കില്ലേ?”
ഇങ്ങനെയായിരുന്നു അദ്ദേഹം ചോദിച്ചത്.

എന്തായാലും പളളിയിൽ ചെന്നിരുന്ന് പ്രാർത്ഥിച്ചശേഷം ഞാൻ ഫോൺവിളിച്ചു:
”ജോസ് സാറേ, ജെൻസനച്ചനാണ്. ഒരപേക്ഷയുണ്ട്. പറ്റില്ലെന്നു മാത്രം പറയരുത്. എൻ്റെ പുതിയ പുസ്തകത്തിന്
അവതാരിക കുറിക്കുമോ?”

“അച്ചാ, എന്നേക്കാൾ കേമന്മാരും
കൂടുതൽ പേർ അറിയുന്നവരുമായവർ പലരുമുണ്ടല്ലോ? ഞാൻ വേണോ….. എന്തായാലും അച്ചൻ ആദ്യമായി
ഒരു കാര്യം ചോദിച്ചതല്ലേ,
പറ്റില്ലെന്നു പറയുന്നില്ല.
മാറ്റർ റെഡിയാകുമ്പോൾ
അയച്ചു തന്നോളൂ….”

എനിക്ക് വലിയ സന്തോഷമായി.

‘ക്രിസ്തുവിൻ്റെ പാദങ്ങൾ’
എന്ന ആ പുസ്തകത്തിൻ്റെ
പ്രൂഫ് നോക്കിയതും
ജോസ് സാർ തന്നെയാണ്.
അദ്ദേഹത്തിൻ്റെ കൈപ്പട പതിഞ്ഞ
ആ പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ കോപ്പികളും
വിറ്റ് തീർന്നു. അടുത്ത മാസം പുസ്തകം പുനപ്രസിദ്ധീകരിച്ചു.

ആ മഹത് വ്യക്തിയ്ക്ക്
ദൈവംദീർഘായുസും
ആരോഗ്യവും നൽകട്ടെ.

ഒരാളെ ആദരണീയനാക്കുന്നത്
അയാളുടെ പദവിയോ ഉയർച്ചയോ അല്ല,
മറിച്ച് മറ്റുള്ളവരോട്,
പ്രത്യേകിച്ച് തന്നേക്കാൾ താഴ്ന്നവരോട് അയാൾ എങ്ങനെ പെരുമാറുന്നു
എന്നതിലാണ്.

ഇവിടെയാണ് ക്രിസ്തുവും
നമ്മെ അതിശയിപ്പിക്കുന്നത്.
അവൻ ദൈവപുത്രനാണെന്ന്
ലോകം അറിയുന്നത്
സ്നാപകയോഹന്നാനു
മുമ്പിൽ ശിരസു നമിച്ച്
മാമ്മോദീസാ സ്വീകരിക്കുമ്പോഴാണ്.
പകച്ചു നിൽക്കുന്ന യോഹന്നാനെയും ജനക്കൂട്ടത്തെയും സാക്ഷി നിർത്തികൊണ്ട് സ്വർഗ്ഗം തുറക്കപ്പെട്ടു.
‘ഇവൻ എൻ്റെ പ്രിയപുത്രൻ,
ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന പിതാവിൻ്റെ സ്വരവും, പരിശുദ്ധാത്മാവിൻ്റെ ആഗമനവും സംഭവിക്കുന്നു (Ref മത്താ 3:13-17).

അപരനു മുമ്പിൽ എപ്പോഴെല്ലാം
നമ്മൾ എളിമപ്പെടുന്നുവോ,
അപ്പോഴെല്ലാം
സ്വർഗ്ഗം തുറക്കപ്പെടുന്നുണ്ട്!
എളിമയിലൂടെ സ്വർഗം സ്വന്തമാക്കാൻ
നമുക്ക് ശ്രമിക്കാം

ഫാദർ ജെൻസൺ ലാസലെറ്റ്


ജനുവരി 6-2021

നിങ്ങൾ വിട്ടുപോയത്