പ്രസ്താവന
സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണവിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തിൽ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഈ പ്രസ്താവന നൽകുന്നത്.
2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാർപാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാൽ, കത്തോലിക്കാതിരുസഭയുടെ പിതാവും തലവനുമായി മാർപാപ്പയെ അംഗീകരിക്കുകയും തിരുസഭയുടെ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുകയുംചെയ്യുന്ന എല്ലാവരും മാർപാപ്പയുടെ ഈ തീരുമാനം അനുസരിക്കാൻ കടപ്പെട്ടവരാണ്.
1999 നവംബർ മാസത്തിലെ സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് ഏകകണ്ഠമായി സ്ഥിരീകരിച്ചതും പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതിയാണ് 2021 നവംബർ 28 മുതൽ നിയമബദ്ധമായി നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നത്.
തികച്ചും അസാധാരണമായ നടപടിയെന്നനിലയിൽ പിതൃസഹജമായ സ്നേഹത്തോടെ 2021 ജൂലൈ 03ന് സീറോമലബാർസഭയ്ക്ക് മുഴുവനായും 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും എഴുതിയ രണ്ടു കത്തുകളിലൂടെ ഫ്രാൻസിസ് മാർപാപ്പ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഈ കത്തുകളുടെ ഉള്ളടക്കം തന്നെയാണ് കഴിഞ്ഞ ദിവസം നല്കിയ വീഡിയോ സന്ദേശത്തിലും മാർപാപ്പ ആവർത്തിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സ്വീകരിക്കാനും അനുസരിക്കാനും എല്ലാവരും കടപ്പെട്ടവരാണ്.
വീഡിയോ സന്ദേശത്തിലെ മാർപാപ്പയുടെ വാക്കുകൾ കൃത്യവും വ്യക്തവുമാണ്:
“ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള വ്യത്യസ്തമായ വാദഗതികൾ സമയമെടുത്തു പഠിച്ചാണു ഞാൻ നിങ്ങളോട് സംസാരിക്കുന്നത്… സഭ കൂട്ടായ്മയാണ്, ആ കൂട്ടായ്മയോട് ചേർന്നുനില്ക്കുന്നില്ലെങ്കിൽ വിഘടിത വിഭാഗമാകും… സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും തീരുമാനങ്ങളെ ധിക്കരിക്കാൻ പ്രേരിപ്പിക്കുന്നവരെ പിന്തുടരരുത്… പരിശുദ്ധാത്മാവു നയിക്കുന്ന കൂട്ടായ്മയിലേക്കല്ല വിഭാഗീയതയുടെ മറ്റിടങ്ങളിലേക്കാണ് നിങ്ങൾ നയിക്കപ്പെടുന്നത്… സഭയോടു വിധേയത്വമുള്ളവരാകാനും കലഹങ്ങൾ അവസാനിപ്പിക്കാനും ഞാൻ ആവശ്യപ്പെടുന്നു.”
വേദനയോടും പൈതൃകമായ വാത്സല്യത്തോടുംകൂടെ മാർപാപ്പ നൽകുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം. കാരണം, മാർപാപ്പയെ അനുസരിക്കുമെന്ന് ആവർത്തിച്ചു പറയുന്നവരോട് സംശയാതീമായും അവസാനമായും തന്റെ തീരുമാനം പരിശുദ്ധ പിതാവ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡു തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് രണ്ടു കത്തുകളിലൂടെ മാർപാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണമാർഗമായ വീഡിയോ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് പരിശുദ്ധ പിതാവിന് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്. 2023 ഡിസംബർ 25 മുതൽ എറണാകുളം-അങ്കമാലി അതിരൂപതമുഴുവനിലും സിനഡുതീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടതിനുശേഷവും ആഘോഷദിവസങ്ങളിൽ മാത്രം ചിലയിടങ്ങളിൽ ചൊല്ലണമെന്നാണ് മാർപാപ്പ പറഞ്ഞിരിക്കുന്നത് എന്ന പ്രചാരണമാണ് യഥാർത്ഥത്തിൽ തെറ്റിധാരണ പടർത്തുന്നത്.
സഭയുടെ കൂട്ടായ്മയിൽ ചേർന്നുനില്ക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയംനല്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ നിർബന്ധമായും എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടത്. മുറിവുകൾ ഉണക്കി സഭാകൂട്ടായ്മ പുനഃസ്ഥാപിച്ച് കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ തുടരുകയെന്ന മാർപാപ്പയുടെ ആഹ്വാനം എളിമയോടെ സ്വീകരിക്കാം.
ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ
ഡിസംബർ 11, 2023