സീറോ മലബാർ സഭയിലെ ധൂർത്ത പുത്രന്മാർ

പ്രിയപ്പെട്ട പിതാക്കന്മാരേ, സന്യസ്തരേ, അത്മായ വിശ്വാസികളെ…

എർണാകുളം - അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നീറി നീറി നിലനിൽക്കുന്ന ലിറ്റർജി സംബന്ധിച്ച തർക്കം മറ നീക്കി അതിൻ്റെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്. ഈ തർക്കത്തിൽ പക്ഷം പിടിച്ച് കൊണ്ട് ഇരു വിഭാഗത്തിലും കുറച്ച് ആളുകൾ സജീവമായി രംഗത്തുണ്ട്. എന്നാൽ ബഹു ഭൂരിപക്ഷം വിശ്വാസികളും ഈ തർക്കത്തിൽ ഇടപെടാതെ നിഷ്പക്ഷതയോടെ നിൽക്കുന്നു. സഭയുടെ തിരുമാനങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ആളുകളാണ് ഈ ബഹുഭൂരിപക്ഷവും.
   2017-ൽ അതിരൂപതയിലെ കാനോനിക സമതികളുടെ അനുമതിയോടെ നടത്തിയ ഭൂമി വിൽപ്പന വിവാദമാകുമ്പോൾ സീറോ മലബാർ സഭയുടെ തലവനും അതിരൂപതയുടെ അദ്ധ്യക്ഷനുമായ മാർ ജോർജ് ആലഞ്ചേരി പിതാവിനെ ഒറ്റ തിരിഞ്ഞ് അക്രമിച്ചതിൻ്റെ കാരണവും മറ്റൊന്നായിരുന്നില്ല, മറിച്ച് സഭയിൽ ആകമാനം നടപ്പിലാക്കാൻ തിരുമാനിച്ച ഏകീകൃത കുർബാനയർപ്പണരീതി നടപ്പിൽ വരുത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഒരു പരിധിവരെ സഭാവിരുദ്ധ പ്രവർത്തനം നടത്തുന്നവർ അതിൽ വിജയിക്കുകയും ചെയ്തു. സഭയുടെ തലവനെ പൊതു സമൂഹത്തിൻ്റെ മുമ്പിൽ കള്ളനായി ചിത്രീകരിച്ച് സമാനതകളില്ലാതെ അക്രമിച്ചു. അവരുടെ വാദം ശരിവെക്കുന്നതിന് വേണ്ടി വ്യാജ രേഖകൾ ഉണ്ടാക്കി കാണിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു, അവസാനം വ്യാജരേഖകൾ ഉണ്ടാക്കിയവർക്കെതിരെ ശാസ്ത്രീയ തെളിവുകളോടെ കുറ്റപത്രം ഫയൽ ചെയ്ത് വൈദീകരടക്കം വിചാരണ നേരിടുന്ന സാഹചര്യം ഉണ്ടായി. ഇതൊക്കെ ചെയ്യുമ്പോഴും ആലഞ്ചേരി പിതാവ് നിരപരാധിയാണ് എന്ന് അവർ  അടക്കം പറയുകയും ചെയ്യുമായിരുന്നു. വി. കുർബാന ഏകീകരണം എന്ന ചരിത്രപരമായ ദൗത്യം പൂർത്തിയാക്കിയ ആലഞ്ചേരി പിതാവ് തൻ്റെ സ്ഥാനത്യാഗത്തിലൂടെ പൊതു സമൂഹത്തിൻ്റെ മുമ്പിൽ സഭയുടെ യശസ്സ് വീണ്ടെടുത്തതും ചരിത്രം.


 എന്നാൽ സഭയുടെ ഹൈരാർക്കി സംവിധാനത്തെ വെല്ല് വിളിച്ച് കൊണ്ട് ഇപ്പോഴും എർണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദീകരും, അത്മായരും നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങൾ അതിൻ്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. പാരമ്പര്യത്തിൻ്റെയും, അനുഷ്ഠാനത്തിൻ്റെയും പേര് പറഞ്ഞ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിശ്വാസികളിൽ ഉതപ്പ് ഉളവാക്കുന്നത് മാത്രമാണ്. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമെന്ന് പഠിപ്പിച്ചവർ തന്നെ അനുസരണക്കേടിൻ്റെ ആൾരൂപമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിരൂപതയിലെ ഭൂരിപക്ഷം വൈദീകരും ഒറ്റകെട്ടായി നിൽക്കുന്നത് മൂലം അവരുടെ ഇടവകയിലെ ജനങ്ങൾ മുഴുവനും അവരുടെ കൂടെയാണ് എന്നത് വ്യർത്ഥചിന്ത മാത്രമാണ്. വൈദീകർ പറയുന്നത് മാത്രം അനുസരിച്ച് ജീവിക്കുന്ന വിശ്വാസികൾ സഭയിൽ ഒരു പിളർപ്പുണ്ടായാൽ സഭ വിട്ട് അവരുടെ കൂടെ പോകുമെന്ന ചിന്ത ഒരു വ്യാമോഹം മാത്രമാണ്. മാർപാപ്പയേയും, കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെയും വെല്ല് വിളിച്ച് കൊണ്ട് സീറോ മലബാർ സഭ വിട്ട് മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്ര സഭയായി നിലനിൽക്കും എന്ന വാദം തന്നെ തെറ്റാണ് എന്ന് അവരുടെ മുൻകാല ചരിത്രം തെളിയിക്കുന്നു. പൗരസ്ത്യ തിരുസംഘത്തിൻ്റെ തലവൻ്റെയും, മാർപാപ്പയുടെയും കോലം കത്തിച്ച് സഭയെ വെല്ല് വിളിച്ചവർ എങ്ങനെ ഒരു സ്വതന്ത്ര സഭയായി മാർപാപ്പയുടെ കീഴിൽ നില നിൽക്കും. പൊതു സമൂഹത്തിൻ്റെ മുമ്പിൽ തോന്നിയത് പോലെ വ്യർത്ഥമായ വാദമുഖങ്ങൾ നിരത്തി ഒറ്റകെട്ടാണ് എന്ന് കാണിക്കാൻ കാട്ടികൂട്ടുന്ന പ്രകടനങ്ങൾ നാണം കെട്ടതാണ്. 
    അതിരൂപതയോട് സിനഡ് നീതി കാണിച്ചില്ല എന്ന ആരോപണം തന്നെ തെറ്റാണ്. ഈ അതിരൂപതയിലെ അംഗങ്ങളായ മെത്രാൻമാർ ഉൾപ്പെട്ട സിനഡ് എടുത്ത കൂട്ടായ തിരുമാനമാണ് മറ്റ് 34 രൂപതകളിലും നടപ്പിൽ വരുത്തിയത്. എന്നാൽ ഈ അതിരൂപത മാത്രം ഈ തിരുമാനം ഞങ്ങൾ നടപ്പിൽ വരുത്തില്ല എന്ന് പറയുന്നത് തന്നെ സഭാ സംവിധാനത്തോട് ഉള്ള വെല്ലുവിളിയാണ്. ഈ തിരുമാനത്തെ എതിർക്കാൻ ഇവിടെ നടത്തിയ സമരമുറകൾ വളരെ അപക്വവും പ്രാകൃതവമായിരുന്നു. ഈ സമരാഭാസങ്ങൾ തുടക്കത്തിലേ ഫലപ്രദമായ അച്ചട നടപടികളിലൂടെ തടഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാക്കുകയില്ലായിരുന്നു. 
   എന്നാൽ അതിരൂപതയിലെ ഉന്നത സ്ഥാനലബ്ധിയാഗ്രഹിച്ച് നിരാശരായ ചില വൈദീകരോടൊപ്പം പക്ഷം പിടിച്ച് അതിരൂപതയിലെ  മെത്രാന്മാരെ കൂട്ടി നടത്തിയ ചിലരുടെ നാടകങ്ങൾ ഈ വിഭാഗീയതയെ കൂടുതൽ മുറിവേൽപ്പിച്ചു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെയും, പ്രവർത്തന രീതികളെയും അറിയാത്തവർ അല്ലായിരുന്നു അവർ, എന്നാൽ ചില ഗൂഢാലോചനകളുടെ ഭാഗമായി അവർ അറിയാതെ അതിൻ്റെ ഭാഗമായിമാറുകയായിരുന്നു. കൂട്ടായ്മയുടെ പേരിൽ ഭൂരിഭാഗ വൈദീകരും നിശബ്ദരായി അവരോടൊപ്പം ചേർന്നു. എന്നാൽ നീതിക്ക് വേണ്ടി പൂതവേലി അച്ചനെ പോലെ ഉറച്ച നിലപാട്മായി നിന്ന ഒരു പക്ഷവും ഉണ്ടായിരുന്നു. സിനഡ് അംഗീകരിച്ച കുർബാനക്ക് വേണ്ടി വാദിച്ചവർ പല ഗ്രൂപ്പുകളായി പോരാടിയപ്പോൾ, എതിർക്കുന്നവർ സംഘടിതരായി ഒറ്റകെട്ടായി നിലകൊണ്ടു, പലപ്പോഴും ഈ ആൾകൂട്ടത്തിൻ്റെ ആരവം ശരിവെക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളെ അവർ ഫലപ്രദമായി ഉപയോഗിച്ചു. അതിൻ്റെ ഫലമായി ഒരു മേശക്ക് ചുറ്റുമിരുന്നു സംസാരിച്ച് തീർക്കാമായിരുന്ന വിഷയം കൈകാര്യം ചെയ്ത് ഒരു യുദ്ധം ചെയ്ത് അവസാനിപ്പിക്കേണ്ട രീതിയിൽ വഷളാക്കി മാറ്റി, ഈ വിഷയം ഇപ്രകാരം കൊണ്ടെത്തിച്ചവർക്ക് ചരിത്രം ഒരിക്കലും മാപ്പ് കൊടുക്കില്ല. 
  വിശ്വാസികളെ അൾത്താരയിൽ നിന്ന് പ്രബോധിപ്പിക്കുന്ന വൈദീകർ തങ്ങളുടെ മേൽപ്പട്ടക്കാരെ ചീത്തവിളിക്കുന്ന കാഴ്ച നാം കണ്ടു. കട്ടിൽ സമരം തൊട്ട് മാരത്തോൺ കുർബാന സമരംവരെ നടത്തി. ഈ സമരാഭാസങ്ങൾ മൂലം വിശ്വാസികൾക്ക് എന്ത് മേന്മയാണ് ഉണ്ടായത്. പുതിയ തലമുറയുടെ വിശ്വാസ തീഷ്ണതക്ക് കോട്ടം സംഭവിച്ചു. അവസാനം ഇതാ വ്യാജ സർക്കുലർ വരെ ഇറങ്ങിയിരിക്കുന്നു. 

നമ്മുടെ സഭ എങ്ങോട്ടാണ് പോകുന്നത്. പിതാക്കന്മാരേ ഇനിയെങ്കിലും കടുത്ത തിരുമാനങ്ങൾ എടുക്കാൻ വൈകരുതേ. അച്ചടക്കം ഉണ്ടെങ്കിലേ ഏത് പ്രസ്ഥാനവും വളരുകയുള്ളു. ഈശോയുടെ പ്രിയപ്പെട്ട പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായിരുന്നു യൂദാസ്. പന്ത്രണ്ടിൽ ഒരുവനെ നഷ്ടപ്പെടുത്തി മനുഷ്യരാശിയെ മുഴുവൻ ക്രിസ്തു രക്ഷപ്പെടുത്തിയെങ്കിൽ, അതിരൂപതയിലെ വിമതർക്കെതിരെ നടപടിയെടുത്ത് സഭയുടെ ഐക്യത്തെ വീണ്ടെടുക്കണം. അനിവാര്യമായ ദുരന്തത്തെ നേരിടാൻ വിശ്വാസികൾ സജ്ജരാണ്. സഭയാണ് വലുത്, കേവലം ഒരു അതിരൂപതയല്ല. ഇനിയും വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെ.

ഏറെ പ്രതീക്ഷകളോടെയാണ് ഇപ്പോൾ നടക്കുന്ന ഓൺലൈൻ സിനഡിനെ കാണുന്നത്. ശക്തവും വ്യക്തവുമായ തിരുമാനങ്ങൾ സിനഡ് കൈകൊള്ളുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കുന്നു. ചതുരംഗ കളിയെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളുമുണ്ടാകാം, അതെല്ലാം നിങ്ങൾക്ക് കടുത്ത തീരുമാനങ്ങൾ എടുക്കാനുള്ള പ്രചോദനമായി മാറട്ടെ. അതിൻ്റെ ഭാഗമാണല്ലോ സിനഡിന് ശേഷം ഇറക്കേണ്ട സർക്കുലർ നേരത്തെ ഇറക്കേണ്ടി വന്നത്. ഈ സർക്കുലറിൻ്റെ ഡ്രാഫ്റ്റ് ബോധപൂർവ്വമോ, അബദ്ധത്തിലോ ചോർന്നതാണെങ്കിലും, സിനഡിന് കടുത്ത തിരുമാനങ്ങൾ എടുക്കാനുള്ള ഒരു സന്ദേശമായി ഇത് കാണണം. കാരണം തീക്കട്ടയിലും ഉറുമ്പരിക്കുന്ന കാലഘട്ടമാണ് ഇത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വീണ്ടും വ്യാജ സർക്കുലർ ഇറക്കി എല്ലാ സീമകളും ലംഘിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ 2024 ജൂലൈ മൂന്നോട് കൂടി അവസാനിക്കാൻ ഉള്ള നടപടി ഉണ്ടാകണം.

പുതിയ പദ്ധതികളുമായി പല മെത്രാന്മാരേയും കൊണ്ട് അച്ചടക്ക നടപടി സംബന്ധിച്ച് അന്തിമ തിരുമാനം നീട്ടി വെപ്പിക്കാൻ സമ്മർദ്ദം ചെലുത്താൻ എല്ലാ സാധ്യതകളുമുണ്ട്. എന്നാൽ ഒന്നോർക്കുക, ആലഞ്ചേരി പിതാവ് സ്ഥാനമൊഴിഞ്ഞാൽ ഏകീകരണ കുർബാന ചൊല്ലാമെന്ന് പറഞ്ഞ് ചതിച്ചത് ഓർമ്മയുണ്ടാകണം. അസമയത്ത് പിതാവിൻ്റെ രാജി സ്വീകരിച്ചത് മൂലം. ഒരു സാംസ്കാരിക സമ്മേളനത്തോടെ മാന്യമായ ഒരു യാത്രയയപ്പ് പോലും നല്കാതെയാണ് ആലഞ്ചേരി പിതാവിൻ്റെ കാലാവധി പൂർത്തീകരിച്ചതും, പിൻഗാമിയെ തിരഞ്ഞെടുത്തതും എന്ന് വിശ്വാസികളിൽ എന്നും വേദനയുളവാക്കുന്ന ഓർമ്മകളാണ്. കൂടാതെ കഴിഞ്ഞ ദിവസം മാർ താഴത്ത് പിതാവ് മാർപാപ്പക്ക് നല്കിയ കത്ത് പുറത്ത് വിട്ട് വീണ്ടും വിവാദമുണ്ടാക്കി, സഭയോടൊപ്പം ഉറച്ച് നിന്ന താഴത്ത് പിതാവിനെയും, സിനഡ് പിതാക്കന്മാരെയും പ്രതിരോധത്തിലാക്കാൻ തക്ക എല്ലാ അടവുകളും അവർ പരീക്ഷിക്കുന്നു. രഹസ്യാത്മകതയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ പുറത്ത് വിടുന്നത് അക്ഷന്ത്യവമായ മാപ്പർഹിക്കാത്ത തെറ്റാണ്. അതായത് എല്ലാം പരിധി വിട്ടിരിക്കുന്നു. ചാട്ടവാർ എടുത്ത് സഭയിൽ കച്ചവടം നടത്തുന്നവരെ ആട്ടി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

commercial illustrator

തെറ്റ് തിരുത്തി മടങ്ങി വരുന്ന ധൂർത്തപുത്രന്മാരെ ചേർത്ത് നിർത്തുക, അല്ലാത്തവർ സ്വയം അവരുടെ വിധി നിർണ്ണയിക്കട്ടെ,
ഒരു വിശ്വാസിയും സഭാവിരുദ്ധരോടൊപ്പം ഉണ്ടാകില്ല.
സഭയോടൊപ്പം മാർപാപ്പയോടൊപ്പം.

അഡ്വ.ഡാൽബി ഇമ്മാനുവൽ


17-06-2024
എർണാകുളം

നിങ്ങൾ വിട്ടുപോയത്