​ഒരു പതിറ്റാണ്ടോളം സിറോ മലബാർ സഭയെ ധീരമായി നയിച്ച സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇന്നലെ തന്റെ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം വളരെ ശാന്തമായി ഉറങ്ങിയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. സ്ഥാനം ഏറ്റ സമയം മുതൽ അദേഹത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഉണ്ടായിരുന്നതെന്ന് നമുക്കറിയാം.

എന്നാൽ ഇന്നലെ ഞാനുൾപ്പടെ സഭയെ സ്നേഹിക്കുന്ന പിതാവിനെ സ്നേഹിക്കുന്ന പലരുടെയും ഉറക്കം നഷ്ടമായിട്ടുണ്ട് എന്നത് മറ്റൊരു സത്യം. സ്നേഹിക്കുന്നവരുടെ മാത്രമല്ല പിതാവിനെ കുരിശിലേറ്റാൻ ശ്രമിച്ചവരും ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല. ഉറങ്ങാൻ ശ്രമിക്കുമ്പോൾ ആ മനുഷ്യൻ നീതിമാനായിരുന്നു എന്നവർ ശാന്തമായി മന്ത്രിച്ചിരുന്നിരിക്കാം.

പിതാവ് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെയാണ്. തന്നെ ഏല്പിച്ച സഭയെ പടുത്തുയർത്താൻ സാധ്യമായതെല്ലാം അദേഹം ചെയ്തു. തന്റെ അജഗണങ്ങൾ ചിതറാതെ, തകരാതെ, പിളരാതെ സഭാഗാത്രത്തോട് ചേർത്ത് നിർത്താൻ സാധിച്ചു. സീറോ മലബാർ സഭയിലെ 35 രൂപതകളിൽ 34 രൂപതാകളും സിനഡിനെ, സഭാ പിതാവിനെ അനുസരിച്ചു മാതൃ സഭയോട് ചേർന്ന് നിന്നു.

തെറ്റിദ്ധാരണകൾ മൂലം വളരെ കുറച്ച് പേർ മാത്രമേ അദേഹത്തെ കല്ലെറിഞ്ഞിട്ടുള്ളു, അവരോട് പിതാവ് ക്ഷമിച്ചിട്ടുണ്ടാവണം. തന്റെ വേദനകളും, അപമാനവും സഭയുടെ നന്മയ്ക്കായി സമർപ്പിച്ചാണ് അദേഹം ഇന്നലെ സഭാ തലവൻ എന്ന പദവിയിൽ നിന്ന് പടിയിറങ്ങിയത്.

സഭയ്ക്ക് നൽകാവുന്ന പരമാവധി നന്മകൾ പകർന്ന് നൽകി അദേഹം പിൻവാങ്ങുമ്പോൾ സ്വതന്ത്ര സഭ എന്ന നിലയിൽ സിറോ മലബാർ സഭയ്ക്ക് നൽകാൻ മാർപ്പാപ്പ ആഗ്രഹിക്കുന്ന പാത്രിയാർക്കൽ പദവി നേടാൻ നമുക്കായില്ലല്ലോ, സഭയുടെ പ്രഥമ പാത്രിയർക്കീസ് എന്ന് അങ്ങയുടെ പേരിനൊപ്പം വയ്ക്കാൻ സാധിച്ചില്ലല്ലോ എന്ന സങ്കടം അവശേഷിക്കുന്നു.

സഭയുടെ തലവൻ എന്ന സ്ഥാനം ഉപേക്ഷിച്ചെങ്കിലും അദേഹത്തിന്റെ കർദിനാൾ എന്ന പദവി നഷ്ടമാകില്ല. കർദിനാൾ എന്ന നിലയിൽ 80 വയസ് വരെ പൂർണ്ണ അധികാരത്തോടെ അദേഹത്തിന് വത്തിക്കാനിൽ ഇരുന്നോ, ഇവിടെയിരുന്നോ തന്റെ ശുശ്രൂഷകൾ ചെയ്യാം.

അങ്ങയെ വേദനിപ്പിച്ചതിന്, അങ്ങേയ്ക്കെതിരെ അപവാദങ്ങൾ പറഞ്ഞതിന്, തെറ്റിദ്ധരിച്ചതിന്, ധിക്കരിച്ചതിന് മാപ്പ്. ദൈവതിരുമുമ്പിൽ അങ്ങ് ഒരു വിശുദ്ധനാണെന്ന് വിളിച്ചു പറയുന്ന എല്ലാ മക്കളോടും ചേർന്ന് അങ്ങേയ്ക്ക് ആയുരാരോഗ്യവും സമാധാനവും നേരുന്നു.

(ജോ കാവാലം)

Jo Kavalam