സഭാ ചരിത്രത്തിലെ ഇരുണ്ട ദിനം :-

ഏറ്റവും വേദന നിറഞ്ഞ സമയങ്ങളിലൂടെയാണ് ഇന്ന് സീറോ മലബാർ സഭ കടന്നു പോകുന്നത്. സഭയുടെ കെട്ടുറപ്പിനെ തകർക്കുന്നതിന് വേണ്ടി എർണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു ന്യൂനപക്ഷം ആളുകൾ ലിറ്റർജി തർക്കത്തിന്റെ പേരിൽ നടത്തിയ ആസൂത്രിതമായ നീക്കത്തിന്റെ അവസാന ഘട്ടത്തിൽ ആണ് ആലഞ്ചേരി പിതാവ് സ്വയം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എന്ന പദവിയിൽ നിന്ന് വിരമിക്കുന്നത്.

07-12-2023 എന്ന തിയതി സഭാ ചരിത്രത്തിൽ എന്നും ഒരു ഇരുണ്ട ദിനമായി രേഖപ്പെടുത്തും. വളരെയധികം പാരമ്പര്യം അവകാശപ്പെടുന്ന എർണാകുളം- അങ്കമാലി അതിരൂപതയുടെ അനുസരണക്കേടിന്റെ പാരമ്യത്തിൽ, അതിരൂപതയുടെ ശതാബ്ദി ആഘോഷത്തിന്റെ അവസാന വാരത്തിൽ അതിന്റെ നിറം കെടുത്തിയ തീരാ കളങ്കമായി മാറി ഈ സ്ഥാനത്യാഗം. ആലഞ്ചേരി പിതാവിന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയവർ അദ്ദേഹത്തിന്റെ കണ്ണീരിന്റെ ശാപം തലമുറകളോളം പേറേണ്ടി വരും എന്നത് സത്യമാണ്.

ആൾകൂട്ടത്തിന്റെ ആരവത്തിൽ ഒറ്റപ്പെട്ട ശബ്ദം :-

എർണാകുളം – അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം ലിറ്റർജി തർക്കമാണ്. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിൽ നിന്ന് പാത്രിയർക്കീസ് പദവിയിലേക്ക് സഭ ആഗോള തലത്തിൽ വളരുമ്പോൾ, അതിന് വേണ്ടി ആഹോരാത്രം കഠിനാദ്ധ്വാനം ചെയ്ത ആലഞ്ചേരി പിതാവിന്റെ സേവനം ഏറെ വിലപ്പെട്ടതാണ്. ഒരേ സമയം എർണാകുളം- അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പായും, ആഗോള സീറോ മലബാർ സഭയുടെ തലവനായും ഭരണപരമായ ചുമതലകൾ വഹിക്കുമ്പോൾ ഉണ്ടാകുന്ന ഉത്തരവാദിത്വങ്ങൾ ഏറെയാണ്. അപ്പോഴാണ് സഹായ മെത്രാന്മാരും സെക്രട്ടറിമാരും അദ്ദേഹത്തിന് സഹായകമാകേണ്ടത്. എന്നാൽ 2011-ൽ ഈ വലിയ ദൗത്യം ഏറ്റെടുക്കുമ്പോൾ തന്റെ മുൻഗാമികൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ തന്നെയും കാത്തിരിക്കുന്നുണ്ട് എന്ന് അറിഞ്ഞ് കൊണ്ടാണ് ഇവിടെ എത്തിയത്. അരമനയിൽ ഒറ്റപ്പെട്ട ജീവിതം ആരംഭിക്കുമ്പോൾ , എല്ലാവരെയും കൂടെ ചേർത്ത് നിർത്തി ഒറ്റകെട്ടായി മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിച്ചത്. എന്നാൽ പ്രവർത്തനങ്ങളിലെ കാർക്കശ്യ സ്വഭാവം പലരിലും അസ്വസ്ഥതകൾ ഉണർത്തിയിരിക്കാം. ആരോടും പ്രത്യക മമതകളില്ലാതെ എളിമയോടെ ലളിത ജീവിതം നയിച്ച ആലഞ്ചേരി പിതാവിന്റെ രീതികൾ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വിശ്വാസികൾക്ക് പിതാവിനെ എപ്പോൾ വേണമെങ്കിലും കാണാനും ഫോൺ വിളിക്കാനും സാധിക്കുമായിരുന്നു. സ്തുതി പാഠകരോ, ഉപജാപക സംഘങ്ങളോ ഉണ്ടായിരുന്നില്ല. ആരെയും അനർഹമായി ഒന്നും പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് പിൽക്കാലത്ത് സെക്രട്ടറിമാർ പോലും എതിരായി മാറിയത്. അരമനയിൽ തികച്ചും ഒറ്റപ്പെട്ട ജീവിതം നയിച്ച ആലഞ്ചേരി പിതാവ് പത്മവ്യൂഹത്തിൽ പെടുകയായിരുന്നു.

ലിറ്റർജി വിവാദം: –

സഭയിൽ ഏറെ കാലമായി നില നിന്നിരുന്ന ലിറ്റർജി സംബന്ധിച്ച തർക്കത്തിന് സഭയുടെ വിവിധ സിനഡിലൂടെ ഒരു ഐക്യരൂപമുണ്ടാക്കാൻ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിന് സാധിച്ചു. എന്നാൽ പാറേക്കാട്ടിൽ പിതാവിന്റെ പാഷണ്ഡതയിൽ പഠിച്ച് വളർന്ന് ജനാഭിമുഖ കുർബാന നടത്തി വന്ന അതിരൂപതക്ക് അത് വലിയ ആഘാതമായിരുന്നു. എന്നാൽ ഈ ലിറ്റർജി കമ്മിറ്റിയിൽ എടയന്ത്രത് പിതാവും ചക്യത്ത് പിതാവും അംഗമായിരുന്നു എന്നുള്ള യഥാർത്ഥ്യം എർണാകുളത്തുകാർ മറന്ന് പോകുന്നു. പിതാവ് ഈ ഏകീകൃത ലിറ്റർജി നടപ്പിലാക്കുമെന്ന് ഈ എതിർ വാദക്കാർ മനസ്സിലാക്കി. അവർ തടയിടാൻ തക്കം പാർത്തു.

ചതിക്ക് പിന്നിലെ യഥാർത്ഥ കാരണം :-

സീറോ മലബാർ സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും, തലവന്റെ സ്ഥാനിക രൂപതയും എർണാകുളം – അങ്കമാലി അതിരൂപതയാണ്. അതായത് സഭാ തലവൻ തന്നെയാണ് അതിരൂപതയുടെ അധികാരി . അത് കൊണ്ട് തന്നെ ഈ പദവിയിലേക്ക് സ്വാഭാവികമായി ഭൂരിപക്ഷം ഇല്ലാത്തതിനാൽ എർണാകുളത്തുകാർ തെരഞ്ഞെടുക്കപ്പെടുന്നില്ല. തങ്ങളെ നിയന്ത്രിക്കാനും ഭരിക്കാനും അതിരൂപതക്ക് പുറത്ത് നിന്ന് ഒരാൾ വരുന്നത് ഭൂരിപക്ഷം വൈദീകർക്കും എതിർപ്പായിരുന്നു. ഈ വിഭാഗീയ ചിന്ത മെത്രാൻ മോഹവുമായി നടന്നവർ തലമുറകളിലേക്ക് കൈമാറി. അതിന് വിശ്വാസികളെ കൂടെ നിർത്താൻ അവർ ഉയർത്തി കൊണ്ട് വന്ന വിവാദ വിഷയമാണ് ജനാഭിമുഖ കുർബാന. ഈ വികാരം വിശ്വാസികളിലും സന്യസ്തരിലും കുത്തിവെക്കുന്നതിൽ അവർ വിജയിച്ചു. ഇക്കാര്യങ്ങൾ പരസ്യമായി എതിർക്കാൻ പറ്റാത്തതിന്റെ പേരിലാണ് അവർ തക്കം പാർത്തിരുന്ന് ഭൂമി വിവാദത്തിൽ ആലഞ്ചേരി പിതാവിനെ കുടുക്കിയത്.

ഭൂമി വിവാദം – ചതിയുടെ കാണാ കഥകൾ

സത്യത്തിൽ കുരുടൻ ആനയെ കണ്ടത് പോലെയാണ് ഭൂമി വിൽപ്പന സംബന്ധിച്ചുള്ള കാര്യങ്ങൾ ഒരോരുത്തരും വ്യാഖ്യാനിക്കുന്നത്. ഓരോരുത്തരും യാതൊരു അടിസ്ഥാനവുമില്ലാതെ ഒരോ കഥകൾ ചമക്കുന്നു. ആൾകൂട്ടത്തിന്റെ ആരവം സത്യമാണെന്ന് ആളുകൾ വിശ്വസിക്കുന്നു. ആലഞ്ചേരി പിതാവ് ഒരിക്കലും മനസ് തുറന്നില്ല. എന്നാൽ പിതാവിനെ എതിർക്കുന്നവർ ഒറ്റകെട്ടായി ദ്യശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വാതോരാതെ നുണകൾമാത്രം ആവർത്തിച്ച് സംസാരിച്ചു ജനങ്ങൾ അത് വിശ്വസിച്ചു. ആലഞ്ചേരി പിതാവ് മനസ്സ് തുറന്നാൽ ചില മെത്രാൻമാർ ഇന്ന് സഭയിൽ ഉണ്ടാകില്ല. ചില വൈദീകർ, ചില അൽമായ പ്രമുഖർ എന്നിവരുടെ മുഖം വികൃതമാകും. എന്നാൽ തന്റെ ആടുകൾ ചിതറാതിരിക്കാനും നഷ്ടപ്പെടാതിരിക്കാനും ഒരു നല്ല ഇടയനടുത്ത ചിന്തയുമായി എല്ലാം നിശബ്ദമായി സഹിച്ചു. എല്ലാവരോടും സഭക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് മാത്രം പറഞ്ഞു.

ഒരു മെഡിക്കൽ കോളേജിന് വേണ്ടി അതിരൂപത മറ്റൂരിൽ 23.29 ഏക്കർ സ്ഥലം 60 കോടി രൂപ ലോൺ എടുത്ത് മേടിച്ചു. സ്ഥലത്തിന് അഡ്വാൻസ് കൊടുക്കുമ്പോൾ അതിരൂപതക്ക് പുറത്തുള്ള 40 ഏക്കർ വരന്തരപ്പള്ളി ഭൂമി വിറ്റ് കിട്ടുന്ന പണം കൊണ്ട് മേടിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ടി സ്ഥലത്തിന് കേസ് ഉണ്ടായിരുന്നത് മൂലം വിൽക്കാൻ സാധിച്ചില്ല, അങ്ങനെ ലോൺ എടുത്തു. ലോൺ ബാദ്ധ്യത കൂടിയപ്പോൾ സ്ഥലം വിറ്റ് ബാദ്ധ്യത തീർക്കാൻ തീരുമാനിച്ചു. അതിരൂപതയുടെ 5 സ്ഥലങ്ങൾ മൂന്ന് ലക്ഷം മുതൽ ഇരുപത് ലക്ഷം വരെ വിലയുള്ളത് ശരാശരി ഒമ്പത് ലക്ഷത്തി അയ്യായിരം എന്ന് നിശ്ചയിച്ചത് ആലഞ്ചേരി പിതാവ് തനിച്ചല്ല ഉത്തരവാദപ്പെട്ട കാനോനിക സമതികളാണ്. അത് മിനുട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് അതിരൂപതയിൽ രേഖകൾ ഉണ്ട്. കൂടാതെ അതിരൂപതയിലെ സാമ്പത്തിക ഭരണം നടത്തിയിരുന്നത് എടയന്ത്രത്ത് പിതാവായിരുന്നു. ലിസി ആശുപത്രിയുടെ ഡയറക്ടർ എടയന്ത്രത്ത് പിതാവായിരുന്നു. അന്ന് ലിസ്സിയുടെ അക്കൗണ്ടിൽ 100 കോടിയോളം രൂപയുണ്ടായിരുന്നു. 60 കോടി രൂപ മുടക്കി കാക്കനാട് തെങ്ങോട് ഫാ.ജോസ് പാറേക്കാട്ടലിൽ ചൂണ്ടി കാണിച്ച അഞ്ച് ഏക്കർ ഭൂമി (രണ്ടേക്കർ പുരയിടവും മൂന്ന് ഏക്കർ നിലവും) ലിസി ആശുപത്രി മേടിക്കുന്നത്. അതിരൂപ ഭൂമി വിറ്റ അതേ വർഷമാണ് ഈ ക്രയ വിക്രയം നടന്നത് എന്നത് രേഖകൾ കൊണ്ട് നമ്മൾക്ക് കാണാം. ഭൂമി വിറ്റതിന്റെ ഉത്തരവാദിത്വം കൂട്ടുത്തരവാദിത്വമായിരിക്കേ എങ്ങനെ ആലഞ്ചേരി പിതാവ് മാത്രം കുറ്റക്കാരനാവും. നൈയാമികമായി ഒപ്പ് വെക്കേണ്ടയാൾ എന്ന നിലയിൽ മാത്രം ആണ് ആധാരങ്ങളിൽ ആലഞ്ചേരി പിതാവ് ഒപ്പ് വെക്കുന്നത്. ഈ അഞ്ച് സ്ഥലങ്ങളിൽ ഏറ്റവും വിലകൂടിയ 60 സെന്റ് സ്ഥലം ഇടനിലക്കാരനായ സാജു വർഗ്ഗീസ് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തപ്പോൾ പണം നൽകിയില്ല. എന്നാൽ ഓരാഴ്ചക്ക് ശേഷം നോട്ടു നിരോധനം വന്നപ്പോൾ കാര്യങ്ങൾ തകിടം മറഞ്ഞു. പണം വരാൻ വൈകിയപ്പോൾ ഇട നിലക്കാരന്റെ കൈവശമുള്ള രണ്ട് ഭൂമികൾ ജാമ്യ ഭൂമികളായി അതിരൂപതയുടെ പേരിൽ തീറ് എഴുതി മേടിച്ചു. ഇക്കാര്യം കാനോനിക സമതികളിൽ ആലോചിച്ചില്ല എന്നതാണ് ആലഞ്ചേരി പിതാവിനെതിരെ അവർ ആരോപിക്കുന്നത്. എന്നാൽ പിതാവ് അതിരൂപതയുടെ പണം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഇരട്ടി മൂല്യമുള്ള ഭൂമികൾ ബുദ്ധിപരമായി എഴുതി മേടിച്ചതിലുള്ള നന്മ കാണാതെ , നിറം പിടിപ്പിച്ച കള്ള കഥകളുമായി ഇറങ്ങി. അതിനെ ജനങ്ങളിൽ വിശ്വസിപ്പിക്കാനാണ് അവർ വ്യാജ രേഖകൾ ചമച്ചത്.

വ്യാജരേഖ കേസ് :-

ശത്രുക്കളോട് പോലും ആരും ചെയ്യാത്ത കടുത്ത നീച പ്രവർത്തിയാണ് വ്യാജ രേഖ ചമച്ചവർ ചെയ്തത്. ഭൂമി വിൽപ്പനയിൽ കള്ളപ്പണമിടപാട് നടത്തിയിട്ടുണ്ട് എന്നും, ടി തുക ലുലു മാരിയറ്റിൽ നിക്ഷേപിച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന ബാങ്ക് ഇടപാടുകളുടെയും മീറ്റിങ്ങ്കളുടെയും രേഖകൾ ആണ് വ്യാജമായി നിർമ്മിച്ചത്. ഫാ. പോൾ തേലക്കാട്, ഫാ. ടോണി കല്ലൂക്കാരൻ , ഫാ. ബെന്നി മാരാംപറമ്പിൽ എന്നീ വൈദീകരും, ആദിത്യൻ സക്കറിയ, വിഷ്ണു റോയി എന്ന അത്മായരും ചേർന്നാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. നിർമ്മിച്ച വ്യാജ രേഖകൾ പ്രതികൾ മെയിലിലൂടെ പരസ്പരം കൈമാറി. ഇതിന്റെ ഗുഢാലോചന ഭാഗം പോലീസ് അന്വേഷിച്ചിരുന്നെങ്കിൽ ഒരു മെത്രാനും രണ്ട് വൈദീകരും കൂടി പ്രതികൾ ആകുമായിരുന്നു. സഭാ തലവനെതിരെ രാജ്യദ്രോഹത്തിന് സമാനമായ കുറ്റകൃത്യം നടത്തിയവർ ഇന്നും ശക്തന്മാരായി അതിരൂപതയിൽ നിൽക്കുന്നു. ഇവർക്കെതിരെയുള്ളത് സൈബർ തെളിവുകളാണ്. കൂട്ട് പ്രതി മാപ്പ് സാക്ഷിയായി എന്നിട്ടും അവർ ഒറ്റകെട്ടായി ന്യായീകരിക്കുന്നു. കോടതിയിൽ നിൽക്കുന്ന കേസിൽ ഇനി കോടതി വിധി പറയട്ടെ.

റെസ്റ്റിറ്റ്യൂഷൻ

ഇപ്പോൾ എതിർ ഭാഗം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് പിതാവ് റെസ്റ്റിറ്റ്യൂഷൻ നടത്തണമെന്നാണ്. 36 അധാരങ്ങൾ പ്രകാരം വിൽപന നടത്തിയ 2 ഏക്കർ 80 സെന്റ് ഭൂമിക്ക് ലഭിക്കേണ്ട പതിമൂന്ന് കോടി അറുപത് ലക്ഷം രൂപയും പിന്നീട് അതിരൂപതക്ക് ലഭിച്ചു. ധാരണ പ്രകാരം ഇടനിലക്കാരൻ നൽകേണ്ട കൂടുതൽ തുകക്ക് മൊത്തം 42 ഏക്കർ ഭൂമി അതിരൂപതയുടെ പേരിൽ ഉണ്ട്. ഈ ഭൂമി 35 കോടി രൂപക്ക് മേടിക്കാൻ ആള് വന്നിട്ടും അതിരൂപത വിൽക്കാൻ തയ്യാറായില്ല. മറിച്ച് സാജു വർഗ്ഗീസിനെതിരെ അതിരൂപത നാളിതുവരെ ബാക്കി തുകക്ക് കേസ് കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആലഞ്ചേരി പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായി കോട്ടപ്പടി ഭൂമി മാറും, അത് ഭാവിയിൽ സഭക്ക് അനുഗ്രഹമായി മാറും.

കട്ടിൽ സമരം മുതൽ നീതിയജ്‌ഞം വരെ :-

ഭൂമി വിവാദത്തിന്റെയും കുർബാന വിഷയത്തിന്റെയും പേരിൽ അതിരൂപത സമാനതകളില്ലാത്ത സമരമുറകളാണ് സ്വീകരിച്ചത്. ഇത് പൊതു സമൂഹത്തിന് മുമ്പിൽ സഭയുടെ വിലയിടിയാൻ ഇടയാക്കി. സഭയുടെ ഹയരാർക്കി സംവിധാനത്തെ ചോദ്യം ചെയ്തു കൊണ്ട് തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്ന ഒരുപറ്റം വൈദികരും അല്മായരും സഭാഗാത്രത്തിനേൽപ്പിച്ച മുറിവ് ചെറുതൊന്നുമല്ല. സീറോ മലബാർ സഭയിലെ 34 രൂപതകൾ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന നടപ്പിൽ വരുത്തിയപ്പോൾ എർണാകുളം അതിരൂപത മാത്രം മറുതലിച്ച് നിൽക്കുന്നു.

പീഢാസഹന കാലഘട്ടം

കഴിഞ്ഞ അഞ്ച് വർഷക്കാലമായി സീറോ മലബാർ സഭക്കും ആലഞ്ചേരി പിതാവിനും പീഢാസഹന കാലഘട്ടമായിരുന്നു. കള്ള കേസ് കളിലൂടെ പിതാവിനെ കാരാഗ്യഹത്തിലാക്കാൻ പരമാവധി ശ്രമിച്ചു. വിലകുറഞ്ഞ പ്രാദേശിക വാദത്തിന്റെ പേരിൽ ആലഞ്ചേരി പിതാവിൻറെ രക്തത്തിനു വേണ്ടി, “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” എന്ന് യൂദന്മാർ ആർത്തു വിളിച്ചത് പോലെ എർണാകുളം വിമതർ ആർത്ത് വിളിക്കുമ്പോൾ കർത്താവിൻറെ സ്ഥാനത്ത് ഇന്ന് ആലഞ്ചേരി പിതാവ് ആണ് എന്നത് ഏറെ വേദനാജനകമാണ്. പിതാവിൻറെ കൂടെ നിന്നവരടക്കം യൂദാസുകളായി മാറിയപ്പോൾ സഭയുടെ ആത്യന്തിക വിജയത്തിന് വേണ്ടി സഭയെ എന്നും ഒറ്റക്കെട്ടായി നിർത്തണമെന്നുള്ള ആഗ്രഹത്തിനു വേണ്ടി സ്വയം സ്ഥാനമൊഴിയാം എന്ന് പ്രഖ്യാപിച്ച് ആലഞ്ചേരി പിതാവ് ഒരു വശത്ത് നിൽക്കുമ്പോൾ അത് റോം ആവശ്യപ്പെട്ടിട്ടാണ് എന്ന് വരുത്തി തീർത്തു കൊണ്ട് മാധ്യമ വാർത്തകൾ വളച്ചൊടിച്ചു കൊടുക്കുന്ന വിമത കുടുംബങ്ങൾക്ക് തലമുറകളുടെ ശാപം ഉണ്ടാകും എന്ന് പറയാതെ വയ്യ. ആലഞ്ചേരി പിതാവിൻറെ രക്തസാക്ഷിത്വത്തോടെ സഭയിൽ സമാധാനം കൈ വരുമെങ്കിൽ, ദൈവം മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരം ആയി കർത്താവിനെ കുരിശുമരണത്തിന് വിട്ടുകൊടുത്തത് പോലെ, സഭയുടെ ശുദ്ധീകരണത്തിന് വേണ്ടി ദൈവം ആലഞ്ചേരി പിതാവിനെയും നിയോഗിക്കുകയാണ് ചെയ്തത് എന്ന് ഞാൻ വിശ്വസിക്കുന്നു.

കുരിശ് മരണത്തിന് ശേഷമുള്ള ഉയർപ്പ് :-

ജനമനസ്സുകളിൽ എന്നും ആലഞ്ചേരി പിതാവ് ഒരു വിശുദ്ധൻ ആയിരിക്കും. തന്റെ ജീവിതദൗത്യത്തിൽ വിശുദ്ധിയോടെ സഭയെ നയിച്ച അദ്ദേഹത്തെ ഭൂമി വിവാദത്തിന്റെ പേരിൽ മാധ്യമങ്ങളിലൂടെ അപഹാസ്യനാക്കിയപ്പോൾ, കർത്താവിനെ ഗാഗുൽത്തായിലേക്കുള്ള യാത്രയിൽ ആർത്ത് വിളിച്ച ജനക്കൂട്ടത്തിൽ നിസ്സഹായനായി നടന്ന ഈശോയും ആലഞ്ചേരി പിതാവും ഒരു പോലെയായി തോന്നി. ആലഞ്ചേരി പിതാവ് രാജി വെച്ചാൽ ഞങ്ങൾ സിനഡ് അംഗീകരിച്ച കുർബാന നടപ്പിൽ വരുത്താൻ തയ്യാറാണെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ ആവശ്യത്തെ തന്റെ ജീവിതം നൽകിയാണ് പിതാവ് സ്ഥാനത്യാഗം ചെയ്തത്. എറണാകുളം അങ്കമാലി രൂപതയിലെ വിമതർക്ക് ചരിത്രം ഒരിക്കലും മാപ്പു കൊടുക്കുകയില്ല എന്ന് ഒരിക്കൽ കൂടി ഞാൻ പറയുന്നു.

കെട്ടിച്ചമച്ച ഭൂമി വിവാദം സാധൂകരിക്കുവാൻ വേണ്ടി വ്യാജരേഖ ഉണ്ടാക്കിയ വൈദികർ സഭയിൽ ഇന്നും വിഹരിക്കുന്നത് ആലഞ്ചേരി പിതാവിൻറെ ഔദാര്യമായി വേണം നിങ്ങൾ കണക്കാക്കാൻ. യഥാസമയം കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ വിമത വൈദികരിൽ പകുതിയോളം വൈദികർ ഇന്ന് സഭയിൽ ഉണ്ടാകുമായിരുന്നില്ല എന്ന കാര്യവും നിങ്ങൾ ഓർക്കണം. ഒരാൾ പോലും സഭയിൽ നിന്നും വിട്ടു പോകരുത് എന്ന് ആഗ്രഹിച്ചുകൊണ്ട് നഷ്ടപ്പെട്ട ആടിനെ തേടി നടന്ന നല്ല ഇടയനാണ് ആലഞ്ചേരി പിതാവ്. നിങ്ങൾ കുരിശിൽ തറയ്ക്കുന്നത് ഒരു നല്ല ഇടയനെയാണ് ഇടയൻ വീണാൽ ആടുകൾ ചിതറും എന്നുള്ളത് ഇനി കാണേണ്ടിയിരിക്കുന്ന കാര്യമാണ്. വിശ്വാസികൾക്കിടയിലും സന്യസ്തർക്കിടയിലും പിതാക്കന്മാരുടെ ഇടയിലും പൈശാചിക ശക്തിയുടെ സ്വാധീനം കടന്നുകൂടി എന്നുള്ളത് ഏറെ വേദനാജനകമാണ്. ഓരോരുത്തരും പരസ്പരം പിന്നിൽ നിന്ന് കുത്തുമ്പോൾ നിങ്ങളുടെ മുഖം യൂദാസിന്റെ മുഖമായി മാറുന്നു എന്നുള്ളത് ഏറെ വേദനാജനകമാണ്. എന്നാൽ ഏത് കുരിശ് മരണത്തിന് ശേഷവും ഒരു ഉയർപ്പുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സമയവും കടന്ന് പോകും, സ്നേഹത്തിന്റെ കടലായ ആലഞ്ചേരി പിതാവിനെ ഈ കൊടിയ സഹനങ്ങൾക്കൊടുവിൽ ഉയർപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

നന്ദിയോടെ…

കഴിഞ്ഞ പന്ത്രണ്ട് വർഷമായി സഭയെ വളർത്തിയതിന് തന്റെ ശത്രുക്കളെ സ്നേഹം കൊണ്ട് കീഴടക്കിയതിന്, സഭയുടെ വിജയത്തിന് വേണ്ടി ത്യാഗം ചെയ്തതിന്, പീഢാസഹനങ്ങൾ പരാതി പറയാതെ നിശബ്ദം സഹിച്ചതിന്, പൈശാചിക ശക്തികൾക്ക് മുമ്പിൽ നന്മ മരമായി നിന്നതിന് നന്ദി… നന്ദി….

ചരിത്രം അങ്ങയെ വാഴ്ത്തുന്ന കാലം വരും തീർച്ച അതിനായി പ്രാർത്ഥിക്കുന്നു. അങ്ങ് സഭയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ്. അങ്ങയുടെ സ്ഥാനത്യാഗം സഭയിൽ ഐക്യം കൊണ്ടു വരട്ടെ, കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല, എല്ലാവർക്കും മാനസാന്തരമുണ്ടാകട്ടെ. പ്രാർത്ഥനാശംസകൾ നേരുന്നു.

✍️അഡ്വ. ഡാൽബി ഇമ്മാനുവൽ,

എർണാകുളം.

നിങ്ങൾ വിട്ടുപോയത്