പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ എല്ലാനിലയിലുമുള്ള ഭയങ്കരത്വം ഏറെ ഉന്നതവും എന്നാല്‍ സംക്ഷിപ്തവുമായ നിലയില്‍തന്നെ ഈശോ മശിഹാ വെളിപ്പെടുത്തിയതായി വിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. “ഉണ്ടാകട്ടെ” എന്ന വാക്കിനാല്‍ സര്‍വ്വപ്രപഞ്ചത്തെയും ഇല്ലായ്മയില്‍ നിന്ന് ഉളവാക്കിയ സകലത്തിനും കാരണഭൂതനായ ദൈവം, സ്ഥല-കാലങ്ങള്‍ക്ക് അതീതനായി സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായി ലോകസൃഷ്ടിമുതല്‍ തന്റെ അദൃശ്യപ്രകൃതിയും അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി വെളിപ്പെടുത്തിയിരിക്കുന്നു എന്ന് റോമാ 1 :20 ൽ വായിക്കുന്നു. ഈ പ്രപഞ്ചത്തിലെ തൻ്റെ ഏറ്റവും നിസ്സാരവും എന്നാൽ അമൂല്യവുമായ സൃഷ്ടിയായ മനുഷ്യനോടൊത്തു വസിക്കുവാൻ ദൈവം മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവരികയും അവരോടൊത്ത് വസിക്കുകയും ചെയ്തു. “ഞങ്ങൾ അവന്റെ മഹത്വം ദര്‍ശിച്ചു” എന്നാണ് കൂടെവസിക്കാൻ ഭാഗ്യം ലഭിച്ച യോഹനാൻ സാക്ഷ്യം നൽകിയത്.
ദൈവം മനുഷ്യനായി ജനിക്കുകയും മനുഷ്യനോടൊത്ത് വസിക്കുകയും ചെയ്യുക എന്നത് തികച്ചം അസംഭാവ്യമായ കാര്യമായിട്ടാണ് പലർക്കും തോന്നുന്നത്. എന്നാൽ ദൈവികതയെ ചൂഴ്ന്ന നിൽക്കുന്ന അസാധാരണ സംഭവങ്ങളുടെ നിരവധി സൂക്ഷ്മവിവരണങ്ങളാണ് വിശുദ്ധ ബൈബിള്‍ നല്‍കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ -മനുഷ്യ ബന്ധത്തിൽ രൂപപ്പെട്ട വിശുദ്ധ കൂട്ടായ്മ വെറുമൊരു മതചിന്ത അല്ലെങ്കിൽ തത്വചിന്ത എന്നതിനപ്പുറം വളർന്ന് വികസിച്ച്, ഈ ആധുനിക ലോകത്തിലും മനുഷ്യസമൂഹത്തിനുമേല്‍ വലിയ സ്വാധീനശക്തിയായി, പ്രതീക്ഷയായി നിലനില്ക്കുന്നു. ഇത് വളരെ അത്ഭുതകരമായ ഒരു കാര്യമാണ്.
നൂറ്റാണ്ടുകളോളം കൂടെ നടന്നിട്ടും അടുത്തിടപഴകിയിട്ടും സഹചാരിയെ പൂർണ്ണമായി മനസ്സിലാക്കാന്‍ മനുഷ്യന് കഴിയാതെ പോയ നിര്‍ഭാഗ്യാവസ്ഥയും ദൈവ -മനുഷ്യ ബന്ധത്തിന്റെ ചരിത്രത്താളുകളില്‍ നാം വായിക്കുന്നു. ആരാണ് ദൈവം? എന്താണ് അവിടുത്തെ പ്രകൃതം? ദൈവം ഏകനോ, ദൈവിക ഏകത്വത്തിൽ ബഹുത്വമുണ്ടോ ? ചോദ്യങ്ങളുടെ എണ്ണം കൂടുംതോറും ഉത്തരം കൂടുതൽ സങ്കീര്‍ണ്ണമാകുന്നു. എല്ലാ കാലഘട്ടങ്ങളിലും മനുഷ്യന് ദൈവത്തേക്കുറിച്ചു ചോദിക്കുന്നസ്ഥിരം ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം വിവരിച്ചുകൊണ്ട്, ദൈവം മനുഷ്യനായി നേരിട്ടു വന്ന് തന്നെ വെളിപ്പെടുത്തിയിട്ടും ആ ഉത്തരങ്ങൾ എല്ലാ മനുഷ്യനും ഒരു പോലെ സംതൃപ്തി നല്‍കുന്നില്ല. ഉത്തരം എത്രമേല്‍ വിവരിച്ചു പറഞ്ഞാലും ഒടുവില്‍ ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കുന്നു എന്ന പ്രഹേളിക ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
Jewish Doctors Meet The Great Physcian (Edited by Ruth Rosen) എന്ന ഗ്രന്ഥത്തില്‍ ഡോ റിച്ചാര്‍ഡ് ഹാര്‍വി എഴുതിയ “Jewishness and Trinity of God” എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു “Contemplation of infinite is always confusing to finite beings” “അപരിമേയനായ ദൈവത്തെ മനനം ചെയ്യുമ്പോള്‍ പരിമിതനായ മനുഷ്യന് പലപ്പോഴും ആശയക്കുഴപ്പത്തിലാകുന്നു”വത്രെ!മനുഷ്യത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ ആശയക്കുഴപ്പത്തിന്റെ തോത്, ദൈവത്തെ അറിയാൻ ശ്രമിക്കുന്തോറും വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞ ചരിത്രമില്ല. ഇനിയും ഈ സംശയങ്ങള്‍ ബലപ്പെട്ടുകൊണ്ടിരിക്കും, അതാണ് പൂര്‍വ്വകാലങ്ങളിലെ ദൈവാന്വേഷണ ചരിത്രം നമ്മേ ബോധ്യപ്പെടുത്തുന്നത്.
ദൈവം ഏകനാണ് എന്നു വിശുദ്ധ ബൈബിൾ പറയുമ്പോഴും ദൈവത്വത്തില്‍ ബഹുത്വം സുവ്യക്തമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൈവിക ഏകത്വത്തിലെ ഈ ബഹുത്വദർശനം ബഹുദൈവാരാധനയാണോ? പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിൽ എപ്രകാരം വിഭിന്നമായിരിക്കുന്നു? യേശുക്രിസ്തു ദൈവമോ മനുഷ്യനോ?….. ലോകമതങ്ങളൊന്നും ദൈവത്തെക്കുറിച്ച് നേരിടാത്ത നൂറുകൂട്ടം ചോദ്യങ്ങളാണ് ക്രൈസ്തവ സഭ ആരംഭകാലം മുതലേ നേരിട്ടുകൊണ്ടിരിക്കുന്നത്. ദൈവമെന്ന പരമയാഥാര്‍ത്ഥ്യത്തെ മുഖാമുഖം ദര്‍ശിക്കുന്നതുവരെ നമ്മളിൽ എല്ലാം ഇനിയും നിരവധി ചോദ്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
ബൈബിളിലെ ദൈവദര്‍ശനം ത്രീയേകത്വമാണ് എന്ന് നൂറ്റാണ്ടുകളായി ക്രൈസ്തവസഭകള്‍ സംശയം കൂടാതെ പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ, യേശുക്രിസ്തുവിനെ ദൈവത്തിന്റെ വെറുമൊരു സൃഷ്ടിയായി അവതരിപ്പിക്കുന്ന യഹോവയുടെ സാക്ഷികളും, മനുഷ്യരക്ഷ എന്ന പൊതുവായ ലക്ഷ്യത്തില്‍ ഒരുമിക്കുന്ന മൂന്നു സ്വതന്ത്ര ദൈവങ്ങളെക്കുറിച്ച് മോര്‍മണ്‍ വിഭാഗവും പഠിപ്പിക്കുന്നു. പിതാവായും പുത്രനായും പരിശുദ്ധാത്മാവായും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏകദൈവം മാറിമാറി വെളിപ്പെടുന്നുവെന്ന് വണ്‍നെസ് വിഭാഗം വാദിക്കുന്നു. ദൈവത്തിന്റെ അപരിമേയത്വത്തെ പരിമിതനായ മനുഷ്യന് മനനം ചെയ്തപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പത്തില്‍നിന്ന് ഉടലെടുത്ത ചിന്തകളിലെ വൈകല്യങ്ങൾക്ക് ഏതാനും ഉദാഹരണങ്ങളാണ് യഹോവാ സാക്ഷികളുടെയും മോർമൺസിൻ്റെയും വാദങ്ങളിൽ വ്യക്തമാകുന്നത്.
പിതാവും പുത്രനും പരിശുദ്ധാത്മാവ്വമായി ദൈവത്വത്തില്‍ നിറഞ്ഞുനില്ക്കുന്ന പരിശുദ്ധ ത്രീയേകത്വം എന്ന ബൈബിള്‍ വെളിപ്പാടിനെ ഒരു പ്രശ്നമായിട്ടല്ല, വിവിധ ബൈബിള്‍ വിഷയങ്ങൾ ഉയർത്തുന്ന ദൈവശാസ്ത്ര പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാര്‍ഗ്ഗമായിട്ടാണ് പലരും കണ്ടിട്ടുള്ളത്. ത്രീയേകത്വം എന്ന വിശ്വാസബോധ്യത്തെ അവഗണിച്ചുകൊണ്ടുള്ള എല്ലാ ദൈവാന്വേഷണവും വലിയ പരാജയമായിരിക്കും എന്ന് സാരം.
സൃഷ്ടാവായ ദൈവത്തില്‍ ബഹുത്വം നിറഞ്ഞുനില്ക്കുന്നു എന്നാണ് ഉല്‍പ്പത്തി പുസ്തകത്തിന്റെ ആരംഭത്തില്‍തന്നെ കാണുന്നത്. ‘”മൂന്നു ദൈവങ്ങള്‍” എന്നല്ല ഇതിനര്‍ത്ഥം, ദൈവിക ഏകത്വത്തില്‍ ബഹുത്വം നിറഞ്ഞിരിക്കുന്നു എന്നാണ് വെളിപ്പെടുന്നത്. മനുഷ്യന് ഉള്‍ക്കൊള്ളാനാവാത്ത സങ്കീര്‍ണ്ണമായ ഒരു ബഹുത്വമാണ് ദൈവിക ഏകത്വത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതിന് ഉത്പത്തി പുസ്തകം ഒന്നാം അധ്യായം തന്നെ തെളിവു നല്കുന്നു.
“നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” Let Us make man in Our image, after our likeness ഇതാണ് ത്രീയേകത്വ വിശ്വാസയാഥാര്ത്ഥ്യത്തിനു ആധാരമായ ദൈവശബ്ദം. തന്നില്‍ ബഹുത്വം നിറഞ്ഞുനില്ക്കുന്നു എന്നത് ദൈവികമായ പ്രസ്താവനയാണ്. ഇത് ബൈബിള്‍ വായിച്ച കേവലമനുഷ്യന്റെ ഊഹാപോഹങ്ങളായിരുന്നില്ല. ഈ വചനത്തോടു സാധര്‍മ്യമുള്ള നിരവധി വചനങ്ങള്‍ പഴയനിയമ, പുതിയനിയമ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. കേവലം ഒരു വിശ്വാസബോധ്യം എന്നതിനപ്പുറം, പ്രപഞ്ചസൃഷ്ടാവായ മഹാദൈവത്തിന്റെ പ്രകൃതിയെ അടുത്തറിയാന്‍ “ത്രീത്വം” എന്നത് അത്യന്താപേക്ഷിതമായ ഒരു ഉപകരണമാണെന്ന് (tool) മനസ്സിലാക്കാൻ കഴിയുന്നു. അതിനാൽ Trinity is not a problem, it’s a solution എന്നാണ് പറയപ്പെടുന്നത്.
ദൈവികതയില്‍ നിറഞ്ഞുനില്ക്കുന്ന ബഹുത്വം എന്നത് യഹൂദ റബ്ബിമാര്‍ക്ക് തങ്ങളുടെ വ്യാഖ്യാനങ്ങളില്‍ ഏറെ പ്രയാസമേറിയ വിഷയമായിരുന്നു. “ദൈവം ഏകനാകുന്നു” എന്ന് ഷേമാ പ്രാര്‍ത്ഥനയില്‍ ആവര്‍ത്തിച്ച് പറയുമ്പോഴും (ആവര്‍ത്തനപുസ്തകം 6:4) ദൈവത്വത്തില്‍ ബഹുത്വം വെളിപ്പെടുത്തുന്ന “ആര് നമുക്കു വേണ്ടി പോകും whom shall I send and who will go for Us ?” എന്ന ഏശയ്യ 6:8-ഉം വ്യാഖ്യാനിക്കാന്‍ കഴിയാതെ റബ്ബിമാര്‍ കുഴങ്ങി. ദൈവത്തിന്റെ ഏകത്വത്തില്‍ കാണപ്പെടുന്ന ബഹുത്വം എന്നതിലെ സങ്കീര്‍ണ്ണതയ്ക്ക് ഉത്തരം നല്‍കാതെ നൂറ്റാണ്ടുകളായി യഹൂദ റബ്ബിമാര്‍ ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. ഹീബ്രൂ തിരുവെഴുത്തുകളിലെ ഓരോ വാക്കും ഓരോ അക്ഷരവും ദൈവവചനവും ദൈവ ശബ്ദവുമാണെന്നു വിശ്വസിച്ചിരുന്ന യഹൂദ പണ്ഡിതന്മാര്ക്ക് എന്നാല്‍, ദൈവം തന്നെക്കുറിച്ച് ബഹുവചനത്തില്‍ “നാം” “നമുക്ക്” എന്നു സംസാരിച്ചതില്‍ കുടികൊള്ളുന്ന ബഹുത്വത്തെ അംഗീകരിക്കുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. ഇതൊക്കെ പൂജക ബഹുവചന സംബോധനകളാണ് എന്ന് പറയാമെന്നു മാത്രം. വാസ്തവത്തിൽ യഹൂദ റബ്ബിമാരേ ഇവിടെ കുറ്റം പറയാനും സാധിക്കില്ല. ഈശോ മശിഹാ ദൈവത്തെ വെളിപ്പാടുത്തിയതിൻ്റെ വെളിച്ചത്തിൽ പഴയ നിയമത്തെ പഠിക്കുമ്പോൾ മാത്രമാണ് ത്രീത്വ വിശ്വാസത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നത്. ഗമാലിയേലിൻ്റെ ശിഷ്യനായി പഠിച്ച് പിന്നീട് ക്രിസ്തു ശിഷ്യനായി സ്വയം സമർപ്പിച്ച പൗലോസ് ഈ വസ്തുത തിരിച്ചറിഞ്ഞു. 2 കൊരിന്ത്യ 3:14, 15, 16 വാക്യങ്ങളിൽ അദ്ദേഹം എഴുതി
“മങ്ങിക്കൊണ്ടിരുന്ന തേജസ്സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി മുഖത്ത് മൂടുപടം ധരിച്ചമോശയെപ്പോലെയല്ല ഞങ്ങള്‍. അവരുടെ മനസ്സ് കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്തുവിലൂടെമാത്രമാണ് അതു നീക്കപ്പെടുന്നത്.അതേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്.എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു.”
വാസ്തവമായി യഹൂദ പണ്ഡിതലോകം ഏറെ തലപുകഞ്ഞ വിഷയമാണ് ഉല്‍പ്പത്തി 1:26ഉം ഏശയ്യ 6:8ഉം വചനങ്ങള്‍. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സന്ദര്‍ഭമാണ് ഉല്‍പ്പത്തി 18,19 അധ്യായങ്ങളില്‍ മാമ്രേയുടെ തോപ്പില്‍ ദൈവം അബ്രഹാമിനു പ്രത്യക്ഷനായ സന്ദര്‍ഭം. ”മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍മൂത്ത സമയത്ത് അബ്രാഹം തൻ്റെ കൂടാരത്തിൻ്റെ വാതില്ക്കല് ഇരിക്കുകയായിരുന്നു. അവന് തലയുയര്ത്തിനോക്കിയപ്പോള് “മൂന്നാളുകള്‍” തനിക്കെതിരേ നില്ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന് കൂടാരവാതില്ക്കല് നിന്നെഴുന്നേറ്റ് അവരെ എതിരേല്ക്കാന് ഓടിച്ചെന്ന്, നിലംപറ്റെതാണ്, അവരെ വണങ്ങി. അവന് പറഞ്ഞു: യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ! (18:1-3).
അബ്രഹാം കര്‍ത്താവിനെ ഏകത്വത്തിലും തുടര്‍ന്ന്, അവിടുത്തെ മൂന്നാളുകളായി ബഹുത്വത്തിലും കാണുന്നു! മൂന്നാം വാക്യം “യജമാനനേ” എന്ന് ഏകവചനത്തില്‍ മൂവരെയും അഭിസംബോധന ചെയ്യുന്നു. എന്നാൽ പത്താം വാക്യത്തിലേക്കു വരുമ്പോള്‍ ഏറെ വിചിത്രമായുള്ള ഒരു സംഭാഷണം കാണാം “അവര്‍ ” അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന് മറുപടി പറഞ്ഞു. കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ “ഞാന്‍ ” തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിൻ്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും”
“അവര്‍ ചോദിക്കുന്നു” എന്ന് ഒമ്പതാം വാക്യത്തിലും ”ഞാന്‍ തീര്‍ച്ചയായും വരും” എന്ന് ഏകവചനത്തില്‍ പത്താം വാക്യത്തിലും രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി ഏകനായിരിക്കുമ്പോഴും ബഹുരൂപിയായി കാണപ്പെടുന്നു. നിമിഷാര്‍ദ്ധത്തില്‍ ദൈവികതയിൽ ഉണ്ടായിക്കൊണ്ടിരുന്ന, ഏകത്വത്തില്‍നിന്ന് ബഹുത്വത്തിലേക്കും ബഹുത്വത്തില്‍നിന്ന് ഏകത്വത്തിലേക്കുമുള്ള ഈ നിഗൂഡമായ ചാഞ്ചാട്ടത്തില്‍ ഇവിടെ അബ്രഹാമിനും ആശയക്കുഴപ്പം ഉണ്ടായിക്കാണില്ലേ? അബ്രഹാമിന്റെ തുടര്‍ന്നുള്ള എല്ലാ വിശ്വാസവും വിധേയത്വവും അസാധാരണമായ വിധത്തില്‍ ബഹുത്വത്തില്‍ കാണപ്പെട്ട ഈ ഏകനോട് ആയിരുന്നു. അതായിരുന്നു അബ്രഹാമിന്റെ വിശ്വാസത്തിന്റെ സവിശേഷത. ഏകത്വം ദര്ശിക്കുന്നിടത്തുതന്നെ ബഹുത്വവും ബഹുത്വത്തില്‍ നിലകൊള്ളുമ്പോൾ തന്നെ ഏകത്വവുമായി കാണപ്പെടുന്ന ഈ വിസ്മയകരവും നിഗൂഡവുമായ ആന്ദോളനത്തിനു മുന്നില്‍ ഭക്തിപൂര്‍വ്വമായ മൗനം മാത്രമായിരുന്നു യഹൂദ റബ്ബിമാര്‍ക്ക് ഉണ്ടായിരിന്നത്.
Plurality in the Majesty (മഹത്വത്തിലെ ബഹുത്വം) വ്യക്തമായി ബൈബിളില്‍ കാണപ്പെടുമ്പോഴും അത് എപ്രകാരം സാധ്യമായിരിക്കും എന്നതിന് തിരുവെഴുത്ത് വിവരണം നല്‍കുന്നില്ല. പരിശുദ്ധാത്മ നിവേശിതമായ ഒരു ഗ്രന്ഥം വച്ചുപുലര്‍ത്തുന്ന ഈ നിശ്ശബ്ദതയ്ക്ക് വെളിയിലേക്കു പോയി ഉത്തരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന മുന്നറിവോടെ ദൈവവചനത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് ദൈവത്തെ അന്വേഷിച്ച സഭാപിതാക്കന്മാരിലൂടെ ത്രീത്വ വിശ്വാസത്തിന് യുക്തിഭദ്രമായ വ്യക്തത കൈവരുന്നത്. ഈ യുക്തിബോധത്തോടെ ദൈവാന്വേഷണത്തില്‍ പങ്കാളികളായ എല്ലാവര്ക്കും ഒരുപോലെ മഹത്വത്തില്‍ ബഹുത്വമുണ്ട് എന്ന് സമ്മതിക്കേണ്ടി വന്നു. യേശു പറഞ്ഞാരുന്നു “എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹന്നാന് 14 : 26). പരിശുദ്ധാത്മാവ് സഭയെ പഠിപ്പിച്ച അതിമഹത്തായ പാഠം ത്രിത്വാധിഷ്ഠിതമായ ദൈവാവബോധമായിരുന്നു.
അബ്രഹാം പിതാവ് നേരിട്ട അതേ പ്രതിസന്ധി ദാവീദിനും നേരിടേണ്ടി വന്ന നിരവധി സന്ദർഭങ്ങൾ സങ്കീർത്തനത്തിൽ കാണാം. ദാവീദിന് മനസ്സിലാക്കാന്‍ കഴിയാതിരുന്ന മറ്റൊരു രാജാവിനെക്കുറിച്ച് മധുരഗാനം രചിക്കാന്‍ അദ്ദേഹം പലപ്പോഴും പ്രചോദിതനായായിരുന്നു. സങ്കീര്‍ത്തനം 110:1 “കര്‍ത്താവ് എൻ്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിൻ്റെ ശത്രുക്കളെ നിൻ്റെ പാദപീഠമാക്കുവോളം നീ എൻ്റെ വലത്തു ഭാഗത്തിരിക്കുക” 1 പത്രോസ് 1:11 പ്രകാരം, പഴയ നിയമ പ്രവാചകന്മാരിൽ ഉണ്ടായിരുന്ന ക്രിസ്തുവിൻ്റെ ആത്മാവിൻ്റെ മുൻകൂട്ടിയുള്ള പ്രവചനങ്ങളാണ് ഇവിടെയെല്ലാം പ്രകടമാകുന്നത്.
“ദൈവത്തിന്റെ ദൂതന്” എന്ന പേരില്‍ വെളിപ്പെടുന്ന വ്യക്തിത്വം ആര് എന്നതും യഹൂദജ്ഞാനികള്‍ ഉത്തരം നല്‍കാതെ പോയ വിഷയമാണ്. ഉല്‍പ്പത്തി 16:6 മുതല്‍ 10 വരയെയുള്ള വാക്യങ്ങളില്‍ ഹാഗാറും ദൈവത്തിന്റെ ദൂതനും തമ്മിലുള്ള സംഭാഷണം നോക്കുക: വാക്യം 10: ദൂതന് തുടര്‍ന്നു: “എണ്ണിയാല്‍ തീരാത്തവണ്ണം അത്രയധികമായി നിൻ്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും” ഇവിടെ അധികാരശബ്ദത്തോടെ ദൂതനാണ് “ഞാൻ” വര്‍ദ്ധിപ്പിക്കും എന്നു പറയുന്നത്. ഇത്രമേല്‍ അധികാരത്തോടെ സംസാരിക്കാന്‍ കേവലം ഒരു ദൂതന് എങ്ങനെ കഴിയും? ഇതേ രംഗമാണ് ഉല്‍പ്പത്തി 22:15-17 വരെയുള്ള വാക്യങ്ങളില്‍ അബ്രഹാമിനെ അനുഗ്രഹിക്കുന്ന ദൂതന് പറയുന്നതിലും കാണുന്നത്. “ഞാന്‍ നിന്നെ ഐശ്യരമായി അനുഗ്രഹിക്കും”. ഇവിടെ ദൈവത്തിന്റെ ശബ്ദത്തില്‍ അധികാരത്തോടെ വെളിപ്പെടുന്ന ദൂതന് ആരാണ്?
പഴയനിയമത്തില്‍ ത്രീയേകദൈവത്വം വെളിപ്പുടന്നുണ്ട് എന്നതിന് ഏറെ ശക്തമായ വിവരണം നല്കുന്ന വാക്യമാണ് ഏശയ്യാ പ്രവചനം. “ഉസിയാ രാജാവ് മരിച്ച ആണ്ടില്‍ കര്‍ത്താവ് ഉന്നതമായ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു” ഏശയ്യാ കണ്ടു. എന്നാല്‍ യോഹന്നാന് 12:41 -ൽ വായിക്കുമ്പോൾ മനസ്സിലാകുന്നത്, ഏശയ്യാ പ്രവാചകൻ മനുഷ്യാവതാരത്തിനു മുമ്പുള്ള ക്രിസ്തുവിനെയാണ് കണ്ടതെന്നാണ്. ഇത് യേശുക്രിസ്തുതന്നെ സാക്ഷ്യം നല്കുന്നു. NIV ബൈബിള്‍ പരിഭാഷ ഈ യാഥാര്‍ഥ്യം അടിവരയിട്ട് ഉറപ്പിച്ചുകൊണ്ടാണ് യോഹന്നാന് 12:41 വിവര്‍ത്തനം ചെയ്തിരിക്കുന്നത്. (Isaiah said this because he saw Jesus’s glory and spoke about Him)
NIV ബൈബിള്‍ യോഹന്നാന്റെ സുവിശേഷം 1:18 നല്കിയിരിക്കുന്നതും ശ്രദ്ധേയമായ ഒരു വ്യാഖ്യാനത്തോടുകൂടിയ പരിഭാഷയാണ്. No one has ever seen God, but the one and only Son, who is himself God and[b] is in closest relationship with the Father, has made him known. (John1:18) “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന് ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു” എന്ന് യോഹന്നാന് 1:1-2 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വചനത്തിൽ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ ഏറെ സാധൂകരിക്കുന്ന പരിഭാഷയാണ് NIV ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
“ദൈവത്തിന്റെ ആത്മാവ് ” എന്ന പേരില്‍ പഴയനിയമത്തില്‍ 400 ഇടങ്ങളില്‍ വെളിപ്പെടുന്ന ദൈവികവ്യക്തിത്വം, പുതിയനിയമത്തില്‍ വെളിപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവ് അല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും? ദൈവാത്മാവിനെ ദൈവമായിത്തന്നെ സങ്കീര്‍ത്തനം 139:7ല്‍ പറഞ്ഞിരിക്കുന്നു “നിന്റെ ആത്മാവിനെ ഒളിച്ച് ഞാന്‍ എവിടേക്ക് പോകും”?. ദൈവാത്മാവിനെ മശിഹായുമായി ബന്ധിപ്പിച്ച് സംസാരിക്കുന്ന ഭാഗങ്ങളും പഴയനിയമത്തില്‍ കാണാം (ഏശയ്യ 11:2, 42:1, 61:1) ദൈവത്തിന്റെ ആത്മാവ് തന്നെ സൃഷ്ടിച്ചു എന്ന് ഇയ്യോബ് പറയുമ്പോഴും (ജോബ് 33:4), സങ്കീര്‍ത്തനം 104:30 ഇത് ആവര്‍ത്തിച്ചു പറയുമ്പോഴും ദൈവത്വത്തില്‍ സദാപ്രവര്ത്തനനിരതനായിരിക്കുന്ന പരിശുദ്ധാത്മാവാം ദൈവത്തെയാണ് നാം കാണുന്നു.
വാസ്തവത്തില്‍, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ദൈവികത്രീയേകത്വത്തിലെ ബഹുത്വം പുതിയനിയമ ബൈബിളിന്റെയോ അപ്പൊസ്തൊലന്മാരുടെയോ സഭാപിതാക്കന്മാരുടെയോ ഒരു സൃഷ്ടിയല്ല. പിതാവായി, പുത്രനായി, പരിശുദ്ധാതമാവായി ഏകസത്യദൈവം വിവിധ ഘട്ടങ്ങളില്‍ വെളിപ്പെട്ടുകൊണ്ട് തന്നിലെ ബഹുത്വം സ്പഷ്ടമാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുടെ തിരത്തള്ളലില്‍ പരിശുദ്ധാത്മ പ്രചോദിതരായ എഴുത്തുകാര്‍ക്ക് വസ്തുതാപരമായ വ്യക്തതയോടെ എഴുതേണ്ടി വന്ന വചനങ്ങളാണ് വിശുദ്ധ ഗ്രന്ഥത്തിൽ നിറഞ്ഞു നിൽക്കുന്നത്. പഴയനിയമഗ്രന്ഥങ്ങളില്‍ വളരെ സുവ്യക്തമായിരിക്കുന്നതും മാനുഷിക ചിന്തകള്‍ക്കും മനനങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്നതുമായ ദൈവികതയുടെ അതിശയിപ്പിക്കുന്നതും നിഗൂഡവുമായ ആന്ദോളനമാണ് ഇവിടെയെല്ലാം ദൃശ്യമാകുന്നത്. ദൈവത്വത്തെ ചൂഴ്ന്നുനില്ക്കുന്ന ഈ നിഗൂഡവും സങ്കീര്‍ണ്ണവുമായ ബഹുത്വപ്രഭാവത്തിനു മുന്നില്‍ കമിഴ്ന്നുവീണ് ആരാധിക്കുക എന്നല്ലാതെ പരിമിതനായ മനുഷ്യന് എന്ത് കഴിയും?
മാത്യൂ ചെമ്പുകണ്ടത്തില്‍