കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍

….കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ “കുരിശിന്‍റെ വഴി”. ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു പ്രാവശ്യം സംഭവിക്കുന്ന ദൈവപുത്രന്‍റെ വീഴ്ചകളെ വളരെ സവിശേഷമായ വിധമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

കുരിശിൻ്റെ വഴിയിൽ മൂന്ന്, ഏഴ്, ഒമ്പത് സ്ഥലങ്ങളില്‍ സംഭവിക്കുന്നതായി പറയപ്പെടുന്ന ക്രിസ്തുവിന്‍റെ ”കുരിശോടുകൂടിയുള്ള വീഴ്ചകള്‍” സുവിശേഷത്തില്‍ എവിടെയും വിവരിക്കുന്നതായി കാണില്ല. ഈ സ്ഥലങ്ങള്‍ക്ക് സുവിശേഷ സംബന്ധിയായി യാതൊരു പ്രാധാന്യവും അതിനാൽ ഇല്ല എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഈ സ്ഥലങ്ങളിലെ വീഴ്ചകളെ ധ്യാനിക്കുന്നത് പ്രായോഗിക ക്രിസ്തീയ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

ഭാരമുള്ള മരക്കുരിശും തോളിലേന്തി, പീഡനങ്ങളേറ്റ് നടന്നു നീങ്ങുന്ന ദിവ്യരക്ഷകനെ അടുത്തറിയാന്‍ ഈ വീഴ്ചയുടെ സ്ഥലങ്ങളാണ് നമ്മെ സഹായിക്കുന്നത്. യാത്രചെയ്തു ക്ഷീണിച്ചു വരുമ്പോള്‍ യാക്കോബിന്‍െറ കിണര്‍കരയില്‍ തളര്‍ന്നിരുന്നതിലൂടെ തന്‍റെ മനുഷ്യത്വത്തെ ക്രിസ്തു ഏറെ പ്രകടമാക്കുന്നതായി നാം കാണുന്നു. അപ്രകാരം, സുവിശേഷത്തിനു വെളിയില്‍ ക്രിസ്തുവിന്‍റെ മനുഷ്യത്വം ഏറെ പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണ് കുരിശോടുകൂടിയുള്ള അവിടുത്തെ വീഴ്ചകള്‍. ഈശോമശിഹായുടെ മനുഷ്യത്വം ഏറെ പ്രകടമാകുന്നത് ഈ വീഴ്ചയുടെ സ്ഥലങ്ങളിലായതിനാല്‍ തീര്‍ച്ചയയും നാം ധ്യാനവിഷയമാക്കേണ്ടതാണ് ഈ സ്ഥലങ്ങള്‍.

ഈശോമശിഹാ, മനുഷ്യാവതാരം ചെയ്ത ദൈവമാണെന്ന് വിശുദ്ധഗ്രന്ഥം വെളിപ്പെടുത്തുന്നു; പരിശുദ്ധസഭ ആ മാർമ്മിക യാഥാർത്ഥ്യം സംശയം കൂടാതെ പഠിപ്പിക്കുന്നു. നിഖ്യാ വിശ്വാസപ്രമാണത്തിലൂടെ ഈ സത്യമാണ് സഭ ഏറ്റു ചൊല്ലുന്നത് “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കു വേണ്ടിയും അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി, പരിശുദ്ധാത്മാവിനാല്‍ കന്യകാ മറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ച് മനുഷ്യനായിത്തീര്‍ന്നു.” അവിടുന്ന് പകുതി മനുഷ്യനോ പകുതി ദൈവമോ അല്ല, ദൈവത്വവും മനുഷ്യത്വവും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃതിയും അല്ല; യഥാര്‍ത്ഥ ദൈവമായിരിക്കെ അവിടുന്ന് യഥാര്‍ത്ഥ മനുഷ്യനായി. ഈശോമശിഹായുടെ മനുഷ്യത്വത്തെ അടുത്തറിയുമ്പോഴാണ് കുരിശിന്‍റെ വഴികളിലെ വീഴ്ചകള്‍ അര്‍ത്ഥസമ്പുഷ്ടമായ ധ്യാനങ്ങളായിത്തീരുന്നത്.

തന്‍റെ ദൈവത്വം മുറുകെപ്പിടിക്കാതെയാണ് മനുഷ്യാവതാരകാലത്ത് ഈശോമശിഹാ ജീവിച്ചത് എന്ന സത്യം സുവിശേഷവും ലേഖനങ്ങളും വ്യക്തമാക്കുന്നു. അവിടുത്തെ ദൈവത്വവും മനുഷ്യത്വവും ഒരുപോലെ വെളിപ്പെട്ട നിരവധി സന്ദർഭങ്ങളുടെ വിവരണങ്ങള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. മോശെയുടെ നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ചതും പാപം ക്ഷമിച്ചതും മരിച്ച മനുഷ്യനെ ഉയര്‍പ്പിച്ചതും പ്രകൃതിശക്തികളിന്മേലുള്ള തന്‍റെ അധികാരം വെളിപ്പെടുത്തിയതും വെള്ളത്തിനു മീതേ നടന്നതും അശുദ്ധാത്മാക്കളിന്മേലുള്ള തൻ്റെ അധികാരവുമെല്ലാം അവിടുന്ന് ദൈവത്വം വെളിപ്പെടുത്തിയ സന്ദര്‍ഭങ്ങളായിരുന്നു.

എന്നാല്‍ ഇവയെക്കാളുമെല്ലാം വലിയ അത്ഭുതം ഹെബ്രായ ലേഖനത്തിലാണു വായിക്കുന്നത്. ദൈവത്തിന്‍റെ തേജസ്സും സത്തയുടെ മുദ്രയുമായിരുന്നവന്‍ തന്‍റെ ശക്തിയുള്ള വചനത്താല്‍ എല്ലാറ്റിനെയും താങ്ങിനിര്‍ത്തുന്നു എന്ന മഹാത്ഭുതം! (1:3). ഈ അത്ഭുതം പക്ഷേ പലരും ചര്‍ച്ച ചെയ്യാറില്ല. ഇവിടെ ആശ്ചര്യകരമായ കാര്യമുണ്ട്, ഈ പ്രപഞ്ചത്തിലെ സകലത്തെയും സൃഷ്ടിച്ചവനും തന്‍റെ ശക്തിയുടെ വചനത്താല്‍ സകലത്തെയും താങ്ങിനിര്‍ത്തുന്നവനും ആയവന്‍ ഒരു മരക്കുരിശുമായി സഞ്ചരിക്കുമ്പോള്‍ കല്ലില്‍ തട്ടിവീഴുന്നു! മഹാദൈവമായിരിക്കുന്നവന്‍ കാലിടറി വീഴുകയും കാലുകളില്‍നിന്ന് ചോരയൊഴുകുകയും ചെയ്യുന്നു എന്നു പറയുമ്പോൾ, വാസ്തവമായിഈ വീഴ്ചകള്‍ നമ്മുടെ ആശ്ചര്യം വര്‍ദ്ധിപ്പിക്കുന്നില്ലേ ? ദൈവം വീഴുകയോ ?

“നിന്‍റെ കാല്‍ കല്ലില്‍ തട്ടാതെ ദൈവദൂതന്മാര്‍ നിന്നെ കൈകളില്‍ താങ്ങുമെന്ന” 91-ാം സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് മരുഭൂമിയില്‍ പരീക്ഷകന്‍ ക്രിസ്തുവിനോടു തര്‍ക്കിക്കുന്നത് കാണാം. വചനങ്ങളും പ്രവചനങ്ങളും എല്ലാമുണ്ടായിട്ടും ക്രിസ്തു കല്ലില്‍ തട്ടി വീഴുന്നു! ഗലീലാ പ്രദേശങ്ങള്‍ മുഴുവന്‍ മഹാത്ഭുതങ്ങള്‍ ചെയ്തു നടന്നവന്‍ ഇത്ര നിസ്സാരമായ കല്ലില്‍ തട്ടി വീഴുന്നതെങ്ങനെ? കുരിശു വഹിച്ച് നടക്കാന്‍ കഴിയാതെ തളരുമ്പോള്‍ ശീമോന്‍ സഹായിക്കാന്‍ വരുന്നതു കാണാം. സകലത്തെയും താങ്ങിനിര്‍ത്തുന്നവനു വെറുമൊരു മനുഷ്യന്‍റെ സഹായം ആവശ്യമുണ്ടോ? വാസ്തവത്തില്‍ ഓരോ സ്ഥലത്തും ഇത്തരം ചോദ്യങ്ങൾ ഉയരുന്നുണ്ട്. കുരിശിന്‍റെ വഴികളില്‍ ചോദ്യങ്ങളുടെ ഘോഷയാത്ര നമ്മെ അനുഗമിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം തിരിച്ചറിയുന്നത്.

ദൈവം മനുഷ്യനായി ഭൂമിയില്‍ ജനിച്ചു, ജീവിച്ചു, മരിച്ചു, ഉത്ഥാനം ചെയ്തു എന്നൊക്കെ വിശ്വസിക്കുന്ന അനേകകോടി ക്രിസ്തുവിശ്വാസികള്‍ ഉണ്ട്. എന്നാൽ ഈശോ മശിഹായുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും വ്യക്തതയോടെ മനസ്സിലാക്കുകയും അതിന്‍റെ പ്രായോഗികതയെ വേണ്ടവിധം അറിയാന്‍ ശ്രമിച്ചവരും അധികം കാണില്ല. യേശുക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും നമുക്ക് നൽകുന്ന പ്രായോഗികത എന്നത്, അവിടുന്ന് ദൈവമായതിനാൽ നാം അവിടുത്തെ ആരാധിക്കുന്നു; അവിടുന്ന് പൂർണ മനുഷ്യനാകയാൽ നാം അവിടുത്തെ പിൻപറ്റുന്നു എന്നതാണ്. ക്രിസ്തുവിജ്ഞാനീയത്തിലെ ഈ ഉറപ്പുള്ള അടിത്തറമേലാണ് ക്രിസ്തു തൻ്റെ സഭയെ പണിതിരിക്കുന്നത്.

മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവന്ന ദൈവപുത്രന്‍ നസറത്ത് ഗ്രാമത്തില്‍ ഒരു സാധാരണമനുഷ്യനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ ഈ യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചുകൊണ്ട് അവിടുത്തെ ദൈവത്വം മാത്രം ഉയര്‍ത്തിക്കാണിക്കുവാനാണ് പലപ്പോഴും ക്രൈസ്തവസമൂഹം താല്‍പര്യം കാണിക്കുന്നത്. ഇന്നും ഇതിൽ മാറ്റമില്ല. ക്രിസ്തുവിനെ ദൈവത്വത്തില്‍ മാത്രം കൂടുതല്‍ അറിയാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു എന്ന പ്രവണത ആദിമസഭമുതലേ കാണാന്‍ സാധിക്കുമെന്നാണ് ദൈവശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ അപ്പൊസ്തൊലന്മാരും സുവിശേഷകന്മാരും ലേഖനകർത്താക്കളുമെല്ലാം അവിടുത്തെ മനുഷ്യത്വത്തെ സവിസ്തരം പ്രതിപാദിക്കുന്നുമുണ്ട് എന്ന വസ്തുത നാം തിരിച്ചറിയണം. യേശു ക്രിസ്തുവിലെ മനുഷ്യത്വത്തെ അറിയാൻ കഴിഞ്ഞില്ലെങ്കിൽ പലയിടങ്ങളിലും നാം ഇടറി വീഴും

ക്രിസ്തുവിലെ മനുഷ്യത്വത്തെ വിസ്മരിച്ചുകൊണ്ടുള്ള ക്രിസ്തീയ ജീവിതം നമ്മെ ഗുരുതരമായ പാഷണ്ഡതകളിലേക്കാണ് നയിക്കുക. ദുരുപദേശകന്മാര്‍ പലരും ഒന്നുകില്‍ ക്രിസ്തുവിനെ ദൈവമായി മാത്രം ദര്‍ശിച്ചവരോ അല്ലെങ്കില്‍ മനുഷ്യനായി മാത്രം ദര്‍ശിച്ചവരോ ആയിരുന്നു. എന്നാല്‍ “യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായി”ട്ടാണ് വിശുദ്ധഗ്രന്ഥം ഈശോ മശിഹായെ വെളിപ്പെടുത്തുന്നതും പരിശുദ്ധസഭ പഠിപ്പിക്കുന്നതും. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചാല്‍ ആര്‍ക്കും ഇടര്‍ച്ച സംഭവിക്കും. “മനുഷ്യാവതാരം എന്നത്, വചനമാകുന്ന ഏകവ്യക്തിയില്‍, ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും തമ്മില്‍ നടന്ന അത്ഭുതകരമായ സംയോജനത്തിന്‍റെ രഹസ്യമാണ്” (സി.സി.സി 483).

തന്‍റെ മനുഷ്യാവതാരം മുതല്‍ കുരിശുമരണം വരെ ദൈവത്വം മുറുകെപ്പിടിക്കാതെയാണ് ഈശോമശിഹാ ജീവിച്ചത് (ഫിലി 2:6) . ഇത് ക്രിസ്റ്റോളജിയുടെ അടിസ്ഥാന ബോധ്യമാണ്. സുവിശേഷം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് സാധാരണ മനുഷ്യനായുള്ള അവിടുത്തെ ജീവിതമാണ്. അപ്രകാരം മനുഷ്യവംശത്തോട് എല്ലാ അര്‍ത്ഥത്തിലും സദൃശ്യനായി ജീവിച്ച്, മനുഷ്യന്‍റെ പാപങ്ങള്‍ക്കുവേണ്ടി പീഡകളേറ്റ് മരിക്കുവാനാണ് അവിടുന്ന് മനുഷ്യാവതാരം ചെയ്തത്. (ഹെബ്രായര്‍ 2:17). കന്യകാ ജനനത്തിലൂടെ ക്രിസ്തു വാസ്തവമായി നമ്മുടെ മനുഷ്യത്വത്തിന് ഭാഗഭാക്കായിത്തീരുകയായിരുന്നു (ഹെബ്രായര്‍ 2:14).

മരണത്തില്‍നിന്ന് ഉയര്‍പ്പിക്കപ്പെട്ട ശേഷം ദൈവപുത്രനായി ശക്തിയോടെ വെളിപ്പെട്ടവന്‍ (റോമ 1:4), വളരെ നാളുകള്‍ക്കു ശേഷം സാവൂളിന് (പൗലോസ്) പ്രത്യക്ഷനാകുമ്പോള്‍ തന്നേ പരിചയപ്പെടുത്തുന്നത് “നസറായനായ ക്രിസ്തു” എന്നാണ് (അപ്പ പ്രവ 22:8). മനുഷ്യത്വത്തിലുള്ള തന്‍റെ മേല്‍വിലാസം നിലനിര്‍ത്തി തന്‍റെ മനുഷ്യാവതാരകാലത്തെ സ്മരിച്ചുകൊണ്ട് മനുഷ്യനോട് ഇടപെടുവാന്‍ പുനഃരുത്ഥാനത്തിനു ശേഷവും ദൈവപുത്രന്‍ താല്‍പര്യപ്പെടുന്നു. ഇത് അവിടുത്തെ മനുഷ്യത്വത്തെ നാം കൂടുതല്‍ മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യകതയാണ് വെളിപ്പെടുത്തുന്നത്.

പന്തക്കുസ്താ പ്രസംഗത്തില്‍ പത്രോസ് എടുത്തു പറയുന്നത് “നസറായനായ യേശു” വിനെക്കുറിച്ചാണ് (അപ്പ പ്രവ 2:22), “നസറായനായ യേശുവിന്‍റെ നാമത്തി”ലായിരുന്നു അപ്പസ്തൊലർ ആദ്യമായി അത്ഭുതം ചെയ്തത് (3:6). യഹൂദന്‍ കുരിശില്‍ തറച്ചതും ദൈവം ഉയര്‍പ്പിച്ചതും “നസറായനായ യേശുക്രിസ്തു”വിനെയായിരുന്നു എന്ന് പത്രോസ് ആവര്‍ത്തിക്കുന്നു (4:10), സ്തെഫാനോസിനെതിരേ കള്ളസാക്ഷികള്‍ മൊഴി നല്‍കുമ്പോഴും “നസറായ യേശുവിനെ”യാണ് അവര്‍ ഉദ്ധരിക്കുന്നത്. പൗലോസ് അഗ്രിപ്പാ രാജാവിനോട് ന്യായവാദം നടത്തുമ്പോഴും തനിക്ക് പ്രത്യക്ഷനായ “നസറായനായ യേശു”വിനെക്കുറിച്ചാണ് പറയുന്നത് (26:9).

മനുഷ്യനായ ക്രിസ്തുവിന്‍റെ ദാരിദ്ര്യവും (2 കൊറി 8:9) തലചായ്ക്കാനിടമില്ലാത്ത ജീവിതവും (ലൂക്ക് 9:58) അവിടുത്തെ സൗമ്യതയും ശാന്തതയും (2 കൊരി 10:1) എല്ലാം പൗലോസിന്‍റെ എഴുത്തുകളില്‍ ഈശോമശിഹായുടെ മനുഷ്യത്വത്തിന്‍റെ വിശദീകരണങ്ങളായിരുന്നു. മനുഷ്യനായ ക്രിസ്തുവിനെ പരിചയപ്പെടുത്തിയാണ് പൗലോസ് തന്‍റെ സഹപ്രവര്‍ത്തകനായ തിമോത്തിയോസിന് ആദ്യലേഖനം എഴുതുന്നത് (1 തിമോത്തി 2:5).

മനുഷ്യവംശത്തില്‍ പിറന്നുകൊണ്ട് താന്‍ വന്നിരിക്കുന്നത് സ്വന്തം ജീവനെ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കുവാനാണ് എന്ന് സാക്ഷാല്‍ ദൈവപുത്രന്‍ പ്രഖ്യാപിക്കുന്നതായി മര്‍ക്കോസ് 10:45-ല്‍ രേഖപ്പെടുത്തുന്നു. ഇവിടെയെല്ലാം വ്യക്തമാകുന്നത് ഈശോ മശിഹായുടെ മനുഷ്യത്വത്തെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലാതെ അവിടുത്തെ ക്രൂശീകരണത്തെക്കുറിച്ചോ അതിലൂടെ മനുഷ്യവംശത്തിന് നേടിക്കൊടുത്ത രക്ഷയെക്കുറിച്ചോ മനസ്സിലാക്കാന്‍ കഴിയില്ല എന്ന വസ്തുതയാണ്. ക്രിസ്തു തന്‍റെ മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതിയിലാണ് കുരിശു വഹിച്ച് ഗാഗുല്‍ത്തായിലേക്ക് നടന്നു നീങ്ങുന്നത്. അപ്പോള്‍ കുരിശിന്‍റെ ഭാരം താങ്ങാന്‍ കഴിയാതെ, കാല്‍ കല്ലില്‍ തട്ടി വീഴുന്നു: ആബേലച്ചൻ എഴുതി-

“കുരിശിന്‍ കനത്ത ഭാരം

താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍

പാദങ്ങള്‍ പതറി, വീണൂ

കല്ലുകള്‍ നിറയും പെരുവഴിയില്‍ “

വളരെ ക്ഷീണിതനായ ഒരു സാധാരണ വ്യക്തി ഭാരമുള്ള കുരിശും തോളിലേറ്റി സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക വീഴ്ചകളാണ് കുരിശിൻ്റെ വഴി 3,7, 9 എന്നീ സ്ഥലങ്ങളിൽ കാണുന്നത്. “മനുഷ്യപുത്രന്‍” എന്ന് വിളിക്കപ്പെടുവാന്‍ ജീവിതാന്ത്യംവരെ താല്‍പര്യപ്പെട്ടവന്‍ തന്‍റെ ശരീരത്തില്‍ മനുഷ്യത്വത്തിലായിരുന്നു കുരിശുവഹിച്ചു കാല്‍വരിയിലേക്ക് നടന്നത്.

Jesus with his arms open and posing outdoors

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലെങ്കില്‍ വിശ്വാസത്തില്‍ നിന്നായിരിക്കും നാം വീണുപോകുന്നത്. അപ്പോള്‍ മുതല്‍ കുരിശിന്‍റെ വഴികള്‍ക്ക് എതിര്‍ദിശയില്‍ സഞ്ചരിക്കേണ്ടതായി വരും. ദൈവവചനത്തിലുള്ള ക്രിസ്തുവിനെ അടുത്തറിയാന്‍ ശ്രമിക്കാതെ ലോകചരിത്രത്തില്‍ അനേകായിരങ്ങള്‍ കുരിശിന്‍റെ വഴിക്കു വിരുദ്ധദിശയില്‍ സഞ്ചരിച്ചിട്ടുണ്ട്; ഇന്നും അനേകര്‍ സഞ്ചരിക്കുന്നു.

അവിടുത്തെ വീഴ്ചകളില്‍ വാസ്തവമായി നമുക്ക് സഹതപിക്കണമെങ്കില്‍ അവനും മനുഷ്യത്വത്തിൽ നമുക്കു തുല്യനായിരുന്നു എന്ന് തിരിച്ചറിയണം. മനുഷ്യത്വത്തിൽ, എല്ലാ കാര്യങ്ങളിലും നമുക്ക് തുല്യനായിരുന്നു ഈശോ (ഹെബ്രാ 4:15). അവിടുന്ന് തനിക്ക് ദൈവികതയിൽ പ്രാപ്യമായിരുന്ന എല്ലാ സാധ്യതകളും പദവികളും അവസരങ്ങളും മാറ്റിവച്ച് മാനുഷികതയില്‍ ജീവിച്ചതിനാല്‍ വിശന്നു, ദാഹിച്ചു, തളര്‍ന്നു, കരഞ്ഞു, ഉറങ്ങി എന്നിങ്ങനെ നിരവധി സന്ദര്‍ഭങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ വായിക്കുന്നു. അതിനോടു വളരെ ചേര്‍ന്നുനില്‍ക്കുന്നതാണ് കുരിശിന്‍റെ വഴികളില്‍ കുരിശോടെയുള്ള വീഴ്ചകളുടെ പ്രതിപാദ്യങ്ങളും.

മാത്യൂ ചെമ്പുകണ്ടത്തിൽ

.

നിങ്ങൾ വിട്ടുപോയത്