💚 ഒരു പ്രസവത്തിന് ലക്ഷങ്ങള്‍ വരെ ചാര്‍ജ് ഈടാക്കുന്ന ആശുപത്രികള്‍ നമ്മുടെ നാട്ടിലിന്ന് ധാരാളമാണല്ലോ. എന്നാല്‍ ഈ പ്രസവത്തിന് ചിലവായതോ നാലായിരം രൂപയില്‍ താഴെ;

💙 ഭാര്യ പ്രസവവേദനയാല്‍ പുളയുമ്പോള്‍ ആ രാത്രി തന്നെ ഭാര്യയ്ക്കും അഞ്ചു പിഞ്ചുമക്കള്‍ക്കു മൊപ്പം ആശുപത്രിയിലേക്ക് പോയ കുടുംബനാഥന്‍ നവജാത ശിശുവുമായി പുലര്‍ച്ചെക്കു മുമ്പ് വീട്ടിലെത്തിയപ്പോള്‍ ഞെട്ടിയത് അതുവരെ ഉറക്കത്തിലായിരുന്ന കുഞ്ഞുങ്ങളാണ്. ഉറങ്ങിപ്പോയ രണ്ടുമണിക്കൂറിനിടയില്‍ എപ്പോഴാണ് കുഞ്ഞുവാവ അവര്‍ക്കൊപ്പം വന്നതെന്ന് ഓര്‍ത്തായിരുന്നു അവരുടെ അമ്പരപ്പ്.

💛 ഓരോ ശിശു ജനിക്കുമ്പോഴും ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന കുടുംബത്തില്‍ ആകുടുംബത്തിലന്ന് മറ്റൊരത്ഭുതം കൂടി നടന്നു. 150 കിലോമീറ്ററിലധികം യാത്ര ചെയ്ത് വീട്ടിലെത്തിയ മലയാളി വൈദികര്‍ അവരുടെ വീട്ടില്‍ വിശുദ്ധ ബലിയര്‍പ്പണം നടത്തിയാണ് മടങ്ങിയത്..

ഓരോ ശിശു ജനിക്കുമ്പോഴും ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന കുടുംബത്തില്‍ ആകുടുംബത്തിലന്ന് മറ്റൊരത്ഭുതം കൂടി നടന്നു. 150 കിലോമീറ്ററിലധികം യാത്ര ചെയ്ത് വീട്ടിലെത്തിയ മലയാളി വൈദികര്‍ അവരുടെ വീട്ടില്‍ വിശുദ്ധ ബലിയര്‍പ്പണം നടത്തിയാണ് മടങ്ങിയത്

..♥️ രാജസ്ഥാനില്‍ നിന്നും മലയാളിയായ ബ്രിജേഷ് എന്‍ ജോസഫ് പറയുന്ന ഈ കഥയൊന്ന് കേട്ടു നോക്കൂ…. മൂന്നു കുട്ടികളിലധികം ജനിക്കുന്നത് തെല്ലും പ്രോത്സാഹിപ്പിക്കാത്ത രാജസ്ഥാനില്‍ ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഈ മലയാളി കുടുംബത്തിന്റെ അനുഭവങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിന് പ്രചോദനാത്മകമാകുമെന്ന് ഉറപ്പ്.

കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതയിലെ ബജഗോളി ഇടവകാംഗമാണ് ഞാന്‍. ഭാര്യ ലീജ.ഇപ്പോള്‍ രാജസ്ഥാനിലെ അല്‍വര്‍ ജില്ലയിലാണ് ഞങ്ങളുടെ താമസം. ഷംസാബാദ് രൂപതയുടെ കീഴിലുള്ള ഇറ്റാവാ റീജിയണ്‍ സെന്റ് ജോണ്‍പോള്‍ മിഷന്‍ ഇടവക. നാലു പെണ്‍മക്കളും രണ്ടു ആണ്‍മക്കളുമായി ആറു മക്കള്‍. രണ്ടു കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ സ്വര്‍ഗത്തിലേക്ക് മടങ്ങിയിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉണ്ണീശോയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങൾ. അതോടൊപ്പം ലീജയും ഉദരത്തിലെ കുഞ്ഞിനെ സ്വീകരിക്കാന്‍ മാനസികമായി ഒരുങ്ങിക്കൊണ്ടിരുന്നു..

2022 ജനുവരി ഒന്നിന് രാവിലെ പ്രസവവേദനയുടെ ലക്ഷണങ്ങള്‍ ലീജക്ക് മനസ്സിലായി.രാത്രിയായതോടെ വേദനകൂടിവന്നു. വീടിന് പുറത്ത് ഏഴ് ഡിഗ്രി തണുപ്പ്. കുഞ്ഞുങ്ങളെയെല്ലാം ഞങ്ങര്‍ വാഹനത്തിലേക്ക് കയറ്റി. അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. 22 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മക്കളെല്ലാം ഉറങ്ങിപ്പോയിരുന്നു.

കഴിഞ്ഞ രണ്ട് തവണയും രാജസ്ഥാനില്‍ വച്ച് പ്രസവത്തിന്റെ അവസാന നിമിഷങ്ങളില്‍ കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ഒന്നു രണ്ടു കുടുംബങ്ങളെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.. എന്നാല്‍ ഇപ്രാവശ്യം അതുണ്ടായില്ല. അതിന്റെയൊരാശങ്കയായിരുന്നു എനിക്ക്. അതിനാല്‍ കുട്ടികളെ ആശുപത്രി മുറ്റത്ത് വാഹനത്തില്‍ ഉറക്കികിടത്തി പരിശുദ്ധ അമ്മയെയും കാവല്‍മാലാഖാമാരെയും കാവലേല്‍പ്പിച്ച് ഞാനും ഭാര്യയും ആശുപത്രിയിലേക്ക് നടന്നുകയറി.

അര്‍ധരാത്രി സമയം. ലീജയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് നെഞ്ചുകീറി ലേബര്‍ റൂമിന്റെ മുമ്പിലുള്ള മാതാവിന്റെ രൂപക്കൂട്ടിനു മുമ്പില്‍ ഞാന്‍ മുട്ടുകുത്തി. ഏശയ്യ 66: 8, 9 വചനം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചു.

അതിനിടയില്‍ കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിയപ്പോള്‍ എനിക്കുണ്ടായ ആനന്ദവും ആശ്വാസവും പങ്കുവയ്ക്കാന്‍ വാക്കുകളില്ല.ലേബര്‍റൂമില്‍ നിന്ന് കുഞ്ഞിനെ കൊണ്ടു വരുമ്പോള്‍ പുറത്തെ രൂപക്കൂടിന് മുമ്പില്‍ മാതാവിന്റെ കരങ്ങളിലേക്ക് ഉണ്ണീശോയോടൊപ്പം കുഞ്ഞിനെ സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ഇത്തവണയും സിസ്റ്റര്‍ ലിസിയ PSA അത് ഭംഗിയായി നിര്‍വഹിച്ചു. സിസ്റ്റര്‍ ലിസിയ ഇവിടുത്തെ മിഡ് വൈഫ് ഇന്‍ ചാര്‍ജാണ്.വാവ ഉണ്ടായി രണ്ടുമണിക്കൂര്‍ തികയും മുമ്പ് ഞങ്ങള്‍ക്ക് വീട്ടിലെത്താന്‍ കഴിഞ്ഞു. .

വീട്ടിലെത്തിയപ്പോള്‍ കറണ്ട് ഇല്ലായിരുന്നു ഫസ്റ്റ് ഫ്‌ളോറില്‍ ആണ് ഞങ്ങളുടെ താമസം.. ആദ്യം ലീജയെയും വാവയെയും അവിടെ എത്തിച്ചു. പിന്നെ കുട്ടികളെ ഓരോരുത്തരായി മുകളിലേക്ക് എടുത്തുകൊണ്ടുവന്നു. മൊബൈലിന്റെ അരണ്ട വെളിച്ചത്തില്‍ തങ്ങളുടെ കുഞ്ഞനുജനെ കുഞ്ഞുങ്ങൾ ആദ്യമായി കണ്ടു. ഉറങ്ങിയുണര്‍ന്നപ്പോള്‍ സ്വന്തം വീട്ടില്‍ തന്നെ കുഞ്ഞാവയെ കണ്ട സന്തോഷത്തിലായിരുന്നു അവര്‍.

അത്ഭുതങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല മഹാത്ഭുതം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ… നേരത്തെ തീരുമാനിച്ചതാണ് രണ്ടാം തീയതി വീട്ടില്‍ നടത്താനിരുന്ന വിശുദ്ധ കുര്‍ബാന.. കുഞ്ഞുജനിച്ച സാഹചര്യത്തില്‍ വിശുദ്ധ ബലി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാം എന്ന് ഞാന്‍ ആലോചിച്ചെങ്കിലും നമുക്ക് മുന്‍കൂട്ടി തന്നെ വിശുദ്ധ ബലിയര്‍പ്പിക്കാം എന്നായിരുന്നു വീട്ടിലെത്തിയ വൈദികരുടെ നിലപാട്.

അങ്ങനെ കുഞ്ഞു ജനിച്ച അന്നുതന്നെ വീട്ടില്‍ ദിവ്യബലിയര്‍പ്പണവും നടന്നു.. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് മാത്രം പറയാന്‍ സാധിക്കുന്ന രീതിയില്‍ ..

ബഹുമാനപ്പെട്ട വൈദികര്‍ ഇവിടെയെത്തുന്നത് 150 ല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്താണ്.. ഫാ. പോള്‍, ഫാ. വിന്‍സെന്റ് പ്രത്യേകിച്ച് രണ്ടാം തിയതി വീട്ടിലെത്തിയ ഫാ. റോണ്‍സി ഇവരുടെ പ്രേഷിത തീക്ഷ്ണതക്ക് ദൈവത്തിന് നന്ദി..

ഇതിനിടയില്‍ അനുബന്ധമായി ചില കാര്യങ്ങള്‍ കൂടി പറയട്ടെ…നാലാമത്തെ കുഞ്ഞ് ഉദരത്തിലായിരിക്കുന്ന സമയത്താണ്അടുത്ത ഡെലിവറി ഏതെങ്കിലും കന്യാസ്ത്രികൾ നടത്തുന്ന ഹോസ്പിറ്റലില്‍ ആയിരിക്കണം എന്ന് ആഗ്രഹിച്ചത്. അതിന് ഒരു പ്രധാന കാരണം നാലാമത്തെ കുഞ്ഞ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അബോഷന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഹോസ്പിറ്റലുകളുടെ നടപടി ഓര്‍ത്താണ്.. എല്ലാത്തവണയും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അവരിൽ നിന്നും കേട്ടിട്ടുമുണ്ട്. അല്ലെങ്കില്‍ പ്രസവം നിര്‍ത്തലിനെക്കുറിച്ചുള്ള ക്ലാസുകളാകും കേള്‍ക്കേണ്ടി വരുന്നത്..

വിവാഹിതരാകുന്ന സമയത്ത് എത്ര കുട്ടികള്‍ വേണം എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല എന്നാല്‍ പ്രസവം നിര്‍ത്തില്ല എന്നൊരു പ്രതിജ്ഞയും അതുപോലെ ഒരിക്കലും അബോര്‍ഷന്‍ ചെയ്യില്ല എന്ന ഒരു തീരുമാനവും ശക്തമായി ഞങ്ങള്‍ എടുത്തിരുന്നു.

ഗൈനക്കോളജിക്കാരിയായ ഒരു സിസ്റ്റര്‍ ഡോക്ടറെ മംഗലാപുരം കിനികോളിയില്‍ ഞങ്ങൾ കണ്ടെത്തി. ആശ്വാസത്തോടെ അവിടെ അണയാം എന്ന് കരുതിയപ്പോഴാണ് ഒന്‍പതാം മാസത്തിന്റെ തുടക്കത്തില്‍ ആകസ്മികമായി രാജസ്ഥാനിലേക്ക് കുടുംബസമേതം പുറപ്പെടേണ്ടി വരുന്നത്. ജോലിസംബന്ധമായ ആവശ്യവും മിഷന്‍ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ദാഹവും ആയിരുന്നു ഇങ്ങോട്ടുള്ള യാത്രക്ക് പിന്നില്‍. യാതൊരു മുന്‍ പരിചയവും ഉള്ള വ്യക്തികളോ സ്ഥലമോ ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ദൈവം നല്‍കിയ പ്രചോദനമനുസരിച്ച് ഞങ്ങള്‍ മുന്നോട്ട് പോയി. അങ്ങനെ കുടുംബസമേതം ഗര്‍ഭിണിയായ ഭാര്യയോടും മൂന്ന് കുഞ്ഞുമക്കളോടുമൊപ്പം ഓണ്‍ റോഡ് 2300 കിലോമീറ്റര്‍ യാത്ര ചെയ്താണ് 2017ൽ രാജസ്ഥാനില്‍ എത്തുന്നത്.

ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് അമ്പതിലധികം വര്‍ഷങ്ങളായി സിസ്റ്റേഴ്‌സ് നടത്തുന്ന ഒരു മെറ്റേണിറ്റി ഹോം ഇവിടെ അടുത്തു തന്നെ ഉണ്ട് എന്ന് അറിയുന്നത്. അവിടെ പക്ഷേ ഗൈനക്കോളജിസ്റ്റോ പീഡിയാട്രീഷനോ ഉണ്ടായിരുന്നില്ല. മിഡ് വൈഫ് ആയ ഏതാനും സിസ്റ്റേഴ്‌സ് മാത്രം. ഇത്രത്തോളം പരിപാലിച്ച ദൈവം ഇനിയും മുന്നോട്ട് നയിക്കും എന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഞങ്ങള്‍.

നേരത്തെ നടന്ന പ്രസവത്തെ അപേക്ഷിച്ച് വളരെ അനായാസകരവും അത്ഭുതകരവും ആയിരുന്നു ഈ മറ്റേണിറ്റി ഹോമില്‍ ലിജ നടത്തിയ പ്രസവങ്ങള്‍. അഞ്ചാമത്തെയും ആറാമത്തെയും ഡെലിവറി ഇതേ സ്ഥലത്തു തന്നെയായിരുന്നു..

ആറാമത്തെ കുഞ്ഞിന്റെ ജനനം വരെയും എല്ലാ മക്കളുടെയും ഗര്‍ഭ കാലഘട്ടത്തില്‍ അനുകൂലമായ എല്ലാ സാഹചര്യങ്ങളിലും മടുപ്പില്ലാതെ പ്രാര്‍ത്ഥിക്കുവാന്‍ ദൈവകൃപയാല്‍ സാധിച്ചിട്ടുണ്ട്..ഇത്തവണ ലിജ പ്രഗ്‌നന്റ് ആയ സമയത്ത് പ്രതികൂലസാഹചര്യങ്ങള്‍ ധാരാളം ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായി പ്രാര്‍ത്ഥിക്കുവാന്‍ പോലും സാധിച്ചിരുന്നില്ല. പല ദിവസങ്ങളും അലച്ചിലും കഷ്ടപ്പാടും കൂടുതലായിരുന്നു.

എല്ലാ പ്രാവശ്യവും എട്ടാമത്തെയോ ഒന്‍പതാമത്തെയോ മാസം ഞങ്ങള്‍ എവിടെയാണോ താമസിച്ചിരുന്നത് അവിടുത്തെ രൂപതാദ്ധ്യക്ഷന്റെ ശ്ലൈഹികാശീര്‍വാദം സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ രണ്ടു തവണ ഫരീദാബാദ് ബിഷപ്പിന്റെയും മുന്നും നാലും ബെല്‍ത്തങ്ങാടി ബിഷപ്പിന്റെയും അഞ്ചും ആറും ജയ്പൂര്‍ ബിഷപ്പിന്റെയും പ്രാര്‍ത്ഥനയും ആശീര്‍വാദവും ലഭിച്ചു. അതുകൊണ്ടാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എല്ലാ പ്രസവവും നോര്‍മല്‍ ഡെലിവറി ആയിരുന്നു.

ഒന്നര ദിവസം ആണ് ഡെലിവറിക്കു ശേഷം പരമാവധി ആശുപത്രിയില്‍ നിന്നിട്ടുള്ളത്.. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഡെലിവറിക്ക് ശേഷം അതേദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ എത്താന്‍ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല.. കുഞ്ഞുങ്ങളെല്ലാം ദൈവകൃപയാല്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ മിടുക്കരായി ഇരിക്കുന്നു..

ഒന്നാർത്തു നോക്കുക….ഒരു പ്രസവത്തിന് എത്ര ദിവസം നമുക്ക് ആശുപത്രിയില്‍ കിടക്കേണ്ടതായി വരും? എത്ര പണം ചെലവഴിക്കപ്പെടും? എത്രമാത്രം മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടിവരും?

പ്രഭുദാസി സിസ്റ്റേഴ്‌സ് ഓഫ് അജ്മീര്‍ നടത്തുന്ന ഹോളി ഫാമിലി മറ്റേര്‍ണിറ്റി ഹോമില്‍ 4000 രൂപയില്‍ താഴെയേ പ്രസവ ചെലവ് ആയിട്ടുള്ളൂ.. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇവിടെ കഴിയേണ്ടതായും വന്നുള്ളൂ..

മെഡിക്കല്‍ സംവിധാനങ്ങളെ തള്ളിപ്പറയുകയല്ല മറിച്ച് മെഡിക്കല്‍ സയന്‍സിന് മുകളിലാണ് ദൈവത്തിന്റെ സ്ഥാനമെന്ന് പറയുന്നതിന് വേണ്ടിയാണ് ഞാന്‍ എന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.’

ഈ അത്ഭുതങ്ങളുടെ രഥഘോഷയാത്ര ഇനിയും അവരുടെ ജീവിതത്തില്‍ തുടരട്ടെ. ദൈവം ഈ കുടുംബത്തെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കട്ടെ.. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇവരെക്കൂടി ഓര്‍ക്കാം.

.–jaimon Kumarakom

നിങ്ങൾ വിട്ടുപോയത്