തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയെ പിന്നോട്ടു വലിക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇലക്ഷന്‍ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് (ഫെബ്രുവരി 20, 2021) കേരളത്തിന്റെ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സ് പാസാക്കിയതു ദുരുപദിഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോടും ചര്‍ച്ച ചെയ്യാതെതയാറാക്കിയ ഓര്‍ഡിനന്‍സ് കേരളത്തിലെ സ്വാശ്രയ മേഖലയെ തളര്‍ത്തും. കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ ലോബികളെ മാത്രമേ ഈ ഓര്‍ഡിനന്‍സ് സഹായിക്കൂ. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂണിവേഴ്‌സിറ്റിയും സിന്‍ഡിക്കറ്റുമാണു തീരുമാനിക്കുക. പണം കണ്ടെത്തേണ്ട ജോലി മാത്രമാകും സ്വാശ്രയ മാനേജ്‌മെന്റിന്! ഒപ്പം സൗകര്യങ്ങളും ഉണ്ടാക്കണം. ബാക്കി എല്ലാം സിന്‍ഡിക്കറ്റ് നിയന്ത്രിതം.

ന്യൂനപക്ഷ അവകാശങ്ങളും ഇല്ലാതാകും. അങ്ങനെയാണെങ്കില്‍ സ്വാശ്രയ കോളജുകള്‍ അപ്രസക്തമാകും. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങള്‍ പുരോഗതി കൈവരിക്കുന്‌പോള്‍ ഇവിടത്തെ സ്വാശ്രയ മേഖലക്കു മൂക്കുകയറിടുന്ന ഓര്‍ഡിനന്‍സിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കണം. പുതിയ ഓര്‍ഡിനന്‍സിന്റെ ഫലമായി കലാലയ രാഷ്ട്രീയം തിരിച്ചുവരികയും കുട്ടികള്‍ക്ക് ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. തത്ഫലമായി കോളജുകള്‍ പലതും പൂട്ടിപ്പോകാനും അന്യസംസ്ഥാന ലോബികള്‍ക്ക് വളരാനും സാഹചര്യമൊരുങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.