കണ്ണൂർ: രാജ്യത്ത് ആദ്യമായി ആഷ് സെമിത്തേരി സ്ഥാപിച്ച് ഒരു ദേവാലയം. തലശേരി അതിരൂപതയുടെ കീഴിലുള്ള തളിപ്പറന്പ് ഫൊറോനയിൽപ്പെട്ട കണ്ണൂർ മേലെചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലാണ് ആഷ് സെമിത്തേരി സ്ഥാപിച്ചത്. പള്ളിയുടെ ചുമരിനോടു ചേർന്ന് മൂന്നു നിരയിൽ 39 അറകളിലാണ് ഇത് തയാറാക്കിയത്. വിദേശത്ത് ഇത്തരം സെമിത്തേരികൾ നിലവിലുണ്ട്. സെമിത്തേരികളിലെ സ്ഥലപരിമിതി പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിനുള്ള ബദലാണ് ആഷ് സെമിത്തേരി.
പൊതുശ്മശാനങ്ങളിൽ സംസ്കരിക്കുന്നവരുടെ മരണാനന്തര ചടങ്ങ് പള്ളിയിൽ നടത്തും. തുടർന്ന് ശേഷിപ്പ് ഓരോ അറയിലും സ്ഥാപിക്കും. ബന്ധുക്കൾക്ക് മെഴുകുതിരി തെളിച്ച് പ്രാർഥിക്കാനും ഇവിടെ സൗകര്യമുണ്ടാകുമെന്ന് ഇടവക വികാരി ഫാ. തോമസ് കുളങ്ങായി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി നാലിന് അന്തരിച്ച മേലെചൊവ്വയിലെ കട്ടക്കയം ലൈസാമ്മ സെബാസ്റ്റ്യന്റെ ശേഷിപ്പാണ് ആഷ് സെമിത്തേരിയിൽ ആദ്യമായി അടക്കം ചെയ്തത്. മൃതദേഹം പയ്യാന്പലത്താണ് സംസ്കരിച്ചത്. ഇവരുടെ ശേഷിപ്പ് ആഷ് സെമിത്തേരിയിൽ നിലവിൽ സൂക്ഷിച്ചിട്ടുണ്ട്.