കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന് പ്രസ്താവന പിന്‍വലിക്കണമെന്ന് ചിലരും അദ്ദേഹം മാപ്പു പറയണമെന്ന് മറ്റു ചിലരും ആവശ്യപ്പെടുന്നു. ഈ വിഷയത്തേക്കുറിച്ച് എന്തെങ്കിലും പരാമർശം രാഷ്ട്രീയക്കാരില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ ഉണ്ടാകുമ്പോഴെല്ലാം പിതാവിന്റെ കുറവിലങ്ങാട് പ്രസംഗം വീണ്ടും വീണ്ടും കേട്ടുനോക്കുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പറയട്ടെ, കേരളത്തിലെ കുറെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും നിരുത്തരവാദപരമായ പ്രതികരണങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള സമൂഹത്തിൽ സമ്മർദം ചെലുത്തി നിശ്ശബമാക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ മാത്രം മാര്‍ കല്ലറങ്ങാട്ട് എന്താണ് പറഞ്ഞത്, ആരോടാണ് പറഞ്ഞത്, ഏതവസരത്തിലാണ് പറഞ്ഞത് എന്നൊരു വിശകലനത്തിനും തയ്യാറാകാതെ ഒരേ ഹിഡന്‍ അജണ്ടയോടെയാണ് രാഷ്ട്രീയക്കാരും കുറെ മാധ്യമങ്ങളും ഇപ്പോള്‍ നീങ്ങുന്നത്. അന്ധന് അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും. ഇതുപോലെ ചെകിടന് ചെകിടനോടു സിനിമാക്കഥ പറഞ്ഞുകൊടുത്താല്‍ എങ്ങനെയിരിക്കുമോ അപ്രകാരമാണ് ഇപ്പോള്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ബിഷപ്പിന്റെ പ്രസ്താവനയെ സമൂഹത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ബിഷപ്പ് പറഞ്ഞത് ഒരു കാര്യമെങ്കിൽ ഇന്ന് സമൂഹത്തിൽ ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്. എന്താണ് മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ എന്നു നോക്കുക.
അറബി ഭാഷയില്‍ ‘ജിഹാദ്’ എന്ന വാക്കിന്റെ അര്‍ത്ഥം ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്രപരിശ്രമം എന്നാണ്. (ജിഹാദ് നടത്തുന്നവന് ജിഹാദിയാണ്)
.തീവ്രചിന്താഗതികളും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകളും തീവ്രജിഹാദി സംഘങ്ങളും ലോകമെമ്പാടും ഉണ്ട്, ഇവര്‍ കേരളത്തിലുമുണ്ട്.
ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലീംകള്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലീംകളുടെ നാശവുമാണ്.
നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റ് മതസ്ഥരെ കീഴ്പ്പെടുത്തുക സാധ്യമല്ല എന്നറിഞ്ഞ ജിഹാദികള്‍ ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റ് മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമാണ് ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും.
മുന്‍ ഡിജിപി പറഞ്ഞത് കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്ററും ഇവിടെ തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുമുണ്ട് എന്നാണ്.
പെണ്‍കുട്ടികളെ പ്രണയിച്ചു മതംമാറ്റുകയോ തട്ടിക്കൊണ്ടുപോവുകയോ തീവ്രവാദികളായി വിദേശത്തേക്ക് അയയ്ക്കുകയോ ചെയ്യുന്നുണ്ട്.
ഹിന്ദു -ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവമായി ചിന്തിക്കണം. പെണ്‍കുട്ടികളെ വശത്താക്കാന്‍ ജിഹാദികള്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കുന്നുണ്ട്.
ചെറുപ്രായത്തില്‍ മതംമാറിപ്പോകുന്ന പെണ്മക്കളെയോര്ത്ത് വിങ്ങിപ്പൊട്ടുന്ന അനേകം മാതാപിതാക്കള്‍ കേരളത്തിലുണ്ട്. മതംമാറ്റപ്പെടുന്ന പെണ്‍കുട്ടികളെ പിന്നീട് കാണാതാവുകയോ ആത്മഹത്യ ചെയ്യുകയോ അവർ പര്ദ്ദയ്ക്കുള്ളില് മറയുകയോ ചെയ്യുന്നു. സ്കൂളുകള്‍, കോളജുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ട്രെയ്നിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ തീവ്രവാദികളായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട്.
കേരളത്തില്‍ ലൗജീഹാദ് ഇല്ലെന്നു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്, അവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്.
ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ പ്രണയവിവാഹങ്ങളല്ല, നശിപ്പിക്കലുകളാണ്. അതൊരു യുദ്ധതന്ത്രമാണ്.
വ്യത്യസ്ത മതങ്ങളിലെ സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരായാല്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നു. എന്നാല്‍ അവര്‍ എപ്രകാരമാണ് വിവാഹത്തിലേക്ക് വന്നത് എന്നും തുടര്‍ന്ന് എന്തു സംഭവിക്കുന്നു എന്നതും ഒരു ഗ്രാന്റ് ചോദ്യമാണ്. ഈ ലൗജിഹാദിനെയാണ് എതിര്‍ക്കുന്നത്.
അമുസ്ലീംകളായ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്ന രീതിയെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് വിളിക്കുന്നത്. ഇത് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മയക്കുമരുന്ന് പാര്‍ട്ടികളും ഇവിടെനിന്ന് പിടിക്കപ്പെടുന്നവരുടെ വസ്തുതകളും ഇതിന് തെളിവാണ്. മയക്കുമരുന്നിന് അടിമകളായി ജോലിയും വിദ്യാഭ്യാസവും തകര്‍ന്നവരുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്.
കലാ സാംസ്കാരിക രംഗങ്ങളില്‍ അന്യമത ആചാരങ്ങളെ പരിഹസിക്കുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, ഹലാല്‍ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങള്‍, മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ പതിന്മടങ്ങ് വില നല്‍കിയുള്ള വന്‍കിട ഭൂമിയിടപാടുകള്‍, സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍… ഉദാഹരണങ്ങളാണ്.
ഇത്തരം വാര്‍ത്തകള്‍ തമസ്കരിക്കുന്ന മാധ്യമ നിലപാടുകള്‍ പൊതുസമൂഹത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
മാര്‍ കല്ലറങ്ങാട്ടിന്റെ ഈ പ്രസംഗത്തില്‍ പിന്‍വലിക്കാനും അദ്ദേഹം മാപ്പു പറയാനുമുള്ളത് എന്ത് പ്രകോപനപരമായ പ്രസ്താവനയാണെന്ന ആത്മപരിശോധന നടത്താന്‍ കേരളത്തിലെ മത, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ ലോകം തയ്യാറാകണം. ഇപ്പറഞ്ഞതില്‍ എന്താണ് വസ്തുതാ വിരുദ്ധം? ഇതില്‍ ഏത് പ്രസ്താവനയാണ് ബിഷപ് പിന്‍വലിക്കേണ്ടത്? ഈ പ്രസ്താവനയില്‍ എവിടെയാണ് മതവിദ്വേഷം നിറഞ്ഞിരിക്കുന്നത്?
മാധ്യമങ്ങളും രാഷ്ട്രീയക്കാരും വ്യാഖ്യാനിച്ചും വളച്ചൊടിച്ചുമല്ലേ ബിഷപ്പിന്റെ പ്രസംഗത്തില്‍ മതവെറിയും പിന്‍വലിക്കത്തക്ക പ്രസ്താവനകളും ഉണ്ട് എന്ന് ചിന്താഗതി സമൂഹത്തില്‍ പടര്‍ന്നത്?
ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകളും തീവ്രജിഹാദി സംഘങ്ങളും കേരളത്തില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നു
എന്നു പറഞ്ഞപ്പോള്‍ അത് മുഴുവന്‍ മുസ്ലിംകള്ക്കും എതിരായുള്ള പ്രസ്താവനയാണെന്ന് വ്യാഖ്യാനിച്ച് മുസ്ളീം സമുദായത്തെ പ്രകോപിപ്പിച്ച് ഇളക്കിവിടുന്ന വി.ഡി. സതീശനെപ്പോലുള്ള ക്രൈസ്തവവിദ്വേഷം വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയക്കാരല്ലേ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത്?
ഇയാള്‍ എത്രയോ തവണയായി പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും നടത്തി കേരളസമൂഹത്തില്‍ മുസ്ളിം – ക്രിസ്ത്യൻ വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്നു! ഇയാള്‍ക്കെതിരേ എന്തുകൊണ്ട് മതേതരര്‍ എന്ന് മേനിനടിക്കുന്ന കോണ്‍ഗ്രസ് നിശ്ശബ്ദത പാലിക്കുന്നു?
ഒരു വ്യക്തി പറഞ്ഞ കാര്യങ്ങളിലെ വസ്തുതകള്‍ പരിശോധിക്കാതെ അവയെ വളച്ചൊടിച്ച് അതിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഗുരുതരമായ കൃത്യവിലോപമാണ് ചെയ്യുന്നത്. കേരളത്തിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും ഇന്ന് ആര്‍ക്കും വിഷയമല്ല, “തീവ്രവാദികളും ജിഹാദികളുമാണ് ഇതിനു പിന്നിൽ” എന്നു പറഞ്ഞതാണ് ഇപ്പോൾ വിവാദമാകുന്നത്. എത്രയോ വിദഗ്ധമായിട്ടാണ് ചിലരെല്ലാം ചേർന്ന് പ്രധാന പ്രശ്നത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നത്!
മാര്‍ കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്ത വിലയിരുത്തേണ്ടത് പ്രസംഗം മുഴുവൻ കേട്ട കുറവിലങ്ങാട് മര്‍ത്താമറിയം ഇവടകാംഗങ്ങളാണ്. എട്ടു നോമ്പാചരണത്തിന്റെ സമാപന ദിവസം വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നതിനും തിരുന്നാള്‍ സന്ദേശം നല്‍കുന്നതിനും ഇടവകക്കാർ പിതാവിനെ ക്ഷണിച്ചു. അവിടെ അദ്ദേഹം പ്രസംഗിച്ചു, ഇത് കേരള പൊതുസമൂഹത്തോടുള്ള പ്രസംഗമോ പൊതുസ്ഥലത്തു നടന്നതോ അല്ല. അദ്ദേഹം തൻ്റെ ജനങ്ങളോടു മാത്രമാണ്.
വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായി സംസാരിച്ചത്. പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു. പിതാവ് തങ്ങളോടു നടത്തിയ ഈ പ്രസംഗത്തില്‍ അപാകതയുണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടത് കുറവിലങ്ങാട് മര്‍ത്താമറിയം ഇവടകാംഗങ്ങള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അനുചിതമായത് എന്തെങ്കിലുമുണ്ടെന്ന് ഇടവകാംഗങ്ങള്‍ക്ക് ഇതേ വരെ തോന്നിയിട്ടില്ല. അവര്‍ പിതാവിൻ്റെ പ്രസംഗത്തിൽ അപാകത കാണാത്തിടത്തോളം കാലം ഇവിടെ ആരെല്ലാം ഉറഞ്ഞുതുള്ളിയിട്ടും യാതൊരു കാര്യവുമില്ല.
മാത്യൂ ചെമ്പുകണ്ടത്തിൽ