പത്തൊമ്പതാം നൂറ്റാണ്ടോടെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്ന പതിവ് കേരള സഭയില്‍ ആരംഭിച്ചെങ്കിലും ആദ്യകാലത്ത് അതിനുവേണ്ടി കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നു. പള്ളിക്കു ചുറ്റുമായിട്ടാണു ശവസംസ്‌ക്കാരം നടത്തിയിരുന്നതെന്നു താളിയോലകളില്‍നിന്നും ഇതര പുരാതന രേഖകളില്‍നിന്നും ചില ആചാരങ്ങളില്‍നിന്നും വ്യക്തമാണ്. നവംബര്‍ 2-നു സകല മരിച്ചവരുടെയും ഓര്‍മ്മയാചരിക്കുന്ന ദിവസം സെമിത്തേരി വെഞ്ചരിക്കുന്ന സമയം പള്ളിക്കു ചുറ്റും നടന്നു ഹന്നാന്‍ വെള്ളം തളിക്കുകയും ധൂപിക്കുകയും ചെയ്യുന്ന പതിവ് ചില പുരാതന ദേവാലയങ്ങളില്‍ അടുത്ത കാലം വരെയും നിലവിലുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ അതിപ്പോഴും തുടരുന്നു. അപ്രകാരം ചെയ്യുന്നതിന്റെ കാരണമായി പറയുന്നത് പള്ളിക്കു ചുറ്റിലും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു എന്നതിനാലാണെന്നാണ്. പള്ളിക്കു ചുറ്റുമായി മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതു പില്‍ക്കാലത്തു പല ബുദ്ധിമുട്ടുകള്‍ക്കും കാരണമായി. മാത്രമല്ല, അത് അനാരോഗ്യകരമായ ഒരു സംഗതിയുമായിരുന്നു. വസൂരി, കോളറ, വിഷൂചിക തുടങ്ങിയ സാംക്രമിക രോഗംമൂലം ആളുകള്‍ കൂട്ടത്തോടെ മരിക്കുന്ന ഒരു സ്ഥിതിവിശേഷവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഉണ്ടായിരുന്നു. ഇപ്രകാരം മരണമടഞ്ഞവരെയും പള്ളിയില്‍ കൊണ്ടുവന്നു സംസ്‌ക്കരിക്കുകയാണു ചെയ്തിരുന്നത്. ഈ അവസ്ഥ തീര്‍ത്തും അസ്വസ്ഥജനകവും അനാരോഗ്യകരവുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മൃതദേഹ സംസ്‌ക്കാരം പള്ളിയുടെ സമീപം, പള്ളിപ്പുരയിടത്തില്‍, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തവിധം നടത്തുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവസരമൊരുക്കി.
തല്‍ഫലമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണു സെമിത്തേരിക്കുവേണ്ടി ഒരു പ്രത്യേക സ്ഥലം നിശ്ചയിക്കപ്പെട്ടത്. സെമിത്തേരിക്കു ചുറ്റുമതിലും വാതിലും ഉണ്ടായിരിക്കണമെന്നും അതിനു നടുവില്‍ ഒരു വലിയ കുരിശു സ്ഥാപിക്കണമെന്നും സെമിത്തേരിയുടെ അകത്തു യാതൊന്നും വിതയ്ക്കുകയോ നടുകയോ മൃഗങ്ങളെ തീറ്റിക്കുകയോ ചെയ്യരുതെന്നും ലെയോനാര്‍ദ്ദ് മെലാനോ മെത്രാപ്പോലീത്ത 1879-ല്‍ പ്രസിദ്ധീകരിച്ച കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (p. 60). ഇക്കാലഘട്ടം വരെയും പള്ളി സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ അനുവാദം ആവശ്യമായിരുന്നെങ്കിലും സെമിത്തേരിക്കുവേണ്ടി പ്രത്യേക അനുവാദം ആവശ്യമില്ലായിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പള്ളി സ്ഥാപിക്കുന്നതിനു അനുവാദം വാങ്ങുന്നപോലെ സെമിത്തേരി സ്ഥാപിക്കുന്നതിനുകൂടി സര്‍ക്കാര്‍ അനുവാദം വേണമെന്ന നിബന്ധനയുണ്ടായി. 1887 മെയ് 1-നു കൊച്ചി സര്‍ക്കാര്‍ കൊച്ചി സംസ്ഥാനത്തില്‍ സെമിത്തേരി പണിയുന്നതിനു സര്‍ക്കാര്‍ അനുവാദം വാങ്ങണമെന്ന നിയമം പ്രസിദ്ധീകരിച്ചു. അധികം വൈകാതെ തിരുവിതാംകൂര്‍ സംസ്ഥാനത്തിലും (എറണാകുളം മിസ്സം, 1934 ഏപ്രില്‍, p. 52 ff). പള്ളി സ്ഥാപിക്കുന്നതിനോടല്ല, സെമിത്തേരി സ്ഥാപിക്കുന്നതിനോട് അക്രൈസ്തവര്‍ക്കുണ്ടായിരുന്ന വൈകാരിക വിയോജിപ്പായിരുന്നു സെമിത്തേരി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുവാദം വാങ്ങണം എന്ന നിബന്ധനയ്ക്കു കാരണമായത്.
ചില പുരാതന ദേവാലയങ്ങളില്‍ പുതിയ ദേവാലയം പണിതപ്പോള്‍ പഴയ ദേവാലയവും അതിന്റെ പരിസരവും ഒരുമിച്ചു ചേര്‍ത്തു സെമിത്തേരിയായി രൂപപ്പെടുത്തിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെയും സെമിത്തേരികളില്‍ കല്ലറകള്‍ പണിയുന്ന രീതി ഉണ്ടായിരുന്നില്ല. ലഭ്യമായ ദേവാലയ രേഖകളനുസരിച്ചു സെമിത്തേരികളില്‍ കല്ലറ നിര്‍മ്മാണത്തിനു തുടക്കം കുറിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. കത്തോലിക്കാ നസ്രാണി പള്ളികളിലെ കാര്യമാണിത്. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടുവരെ നസ്രാണി കത്തോലിക്കാ പള്ളികളില്‍ കുടുംബക്കല്ലറ അഥവാ ശാശ്വതക്കല്ലറ ഉണ്ടായിരുന്നതായും രേഖകളില്‍ കാണുന്നില്ല. അതില്‍നിന്നും പൊതുവില്‍ അപ്രകാരമൊരു രീതി ഉണ്ടായിരുന്നില്ലെന്നു അനുമാനിക്കണം. എങ്കിലും ചിലയിടത്തെല്ലാം അപവാദങ്ങള്‍ (exceptions) ഉണ്ടായിരിക്കാം. എങ്കിലും പൊതുവില്‍ പറഞ്ഞാല്‍ കുടുംബക്കല്ലറ/ശാശ്വതക്കല്ലറ എന്ന സങ്കല്പം ഇരുപതാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ചതു മാത്രമാണ്. മാത്രമല്ല, അതു സര്‍വ്വസാധാരണമായത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും. ആദ്യകാലത്തു കുടുംബക്കല്ലറ എന്ന രീതി കത്തോലിക്കാ സെമിത്തേരികളില്‍ സര്‍വ്വസാധാരണമാകാതിരുന്നതിന്റെ മുഖ്യകാരണം, അതിനുവേണ്ടി പള്ളിക്കാര്യത്തിലേക്കു ഈടാക്കിയിരുന്ന വളരെ ഉയര്‍ന്ന നിരക്കിലുള്ള കുഴിക്കാണമായിരുന്നു. എന്തെന്നാല്‍ ‘കുഴിക്കാണം’ പള്ളികള്‍ക്കു നല്ലൊരു വരുമാനമാര്‍ഗ്ഗം കൂടിയാണ്. ഇടവകാംഗങ്ങളുടെ സാമ്പത്തിക നിലവാരം വളരെ ഉയര്‍ന്നതോടെ ശാശ്വതക്കല്ലറ/കുടുംബക്കല്ലറ സര്‍വ്വസാധാരണമായി തീരുകയും ചെയ്തു. സെമിത്തേരികളില്‍ പൊതുക്കല്ലറ എന്ന രീതി ആരംഭിച്ചതും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്താരാര്‍ദ്ധത്തില്‍ മാത്രമാണ്.
സെമിത്തേരികളുടെ ആവിര്‍ഭാവത്തിനു വളരെ മുമ്പുതന്നെ പള്ളിയകത്തു മൃതദേഹ സംസ്‌ക്കാരം നടത്തിയിരുന്നു എന്നതും സ്മര്‍ത്തവ്യമാണ്. മെത്രാന്മാര്‍, മല്പാന്മാര്‍, ഇടവകപട്ടക്കാര്‍ എന്നിവരെയും ചില അല്മായ പ്രമുഖരെയും (ദേവാലയ സ്ഥാപനത്തിനു സ്ഥലം കൊടുക്കുകയോ ദേവാലയംതന്നെ നിര്‍മ്മിച്ചുകൊടുക്കുകയോ ചെയ്തിട്ടുള്ള വ്യക്തികള്‍) ദേവാലയത്തിനകത്തു സംസ്‌ക്കരിച്ചിരുന്നു. 16-ാം നൂറ്റാണ്ടുമുതലുള്ള സ്മാരകശിലകള്‍ (tomb stone) പുരാതന ദേവാലയങ്ങളില്‍ കാണാനാകും. ലഭ്യമായ ശിലകളില്‍ ഏറ്റവും പഴയതു 1502-ലെ ശിലാലിഖിതമാണ് (ഉദയംപേരൂര്‍ പളളി). എറണാകുളം -അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം, ഉദയംപേരൂര്‍, കാഞ്ഞൂര്‍, ചേന്ദമംഗലം, അങ്കമാലി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ പള്ളിയകത്തു സംസ്‌ക്കരിക്കപ്പെട്ടവരുടെ പുരാതന ശിലാലിഖിതങ്ങള്‍ (സ്മാരക ശിലകള്‍) ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. വട്ടെഴുത്ത്, കൊലെഴുത്ത്, മലയാഴ്മ, പഴയ മലയാളം ലിപികളില്‍ എഴുതപ്പെട്ടവയാണ് ഈ സ്മാരകശിലകളത്രയും. അതേസമയം ദേവാലയത്തില്‍ സംസ്‌ക്കരിക്കുമ്പോള്‍ കല്ലറകള്‍ നിര്‍മ്മിച്ചതായി കാണുന്നില്ലതാനും.
യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ദേവാലയത്തിനകത്തു മൃതദേഹം സംസ്‌ക്കരിക്കുന്ന പതിവു നസ്രാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നതിനു ഒരുത്തമ ദൃഷ്ടാന്തം കൂടിയാണിത്. എന്നാല്‍ കുഴിമാടത്തിനു മുകളില്‍ സ്മാരകശില സ്ഥാപിക്കുന്ന രീതി യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് ഉണ്ടായിരുന്നുവോ എന്നതു തര്‍ക്കവിഷയമാണ്. ഏ.ഡി. 1502-ലെ സ്മാരകശില ഉദയംപേരൂര്‍ പള്ളിയിലുണ്ടെങ്കിലും അതു ”വില്ലാര്‍വട്ടം തോമാ രാജാവിന്റേതാണ്” എന്നതും ശ്രദ്ധേയമാണ്. ബാക്കി സ്മാരകശിലകളെല്ലാം തന്നെ യൂറോപ്യന്മാരുടെ ആഗമനത്തിനു ശേഷമുള്ളവയാകയാല്‍ യൂറോപ്യന്‍ സ്വാധീനം സ്മാരകശിലകള്‍ സ്ഥാപിക്കുന്നതിനു പ്രേരകമായി എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല.
മെത്രാന്മാരുടെ മൃതദേഹങ്ങള്‍ മാത്രമാണു മദ്ബഹയില്‍ അടക്കിയിരുന്നുള്ളൂ. വൈദികരുടെയും അല്മായരുടെയും മൃതദേഹങ്ങള്‍ പള്ളിയകത്തു ഹൈക്കലയിലാണു സംസ്‌ക്കരിച്ചിരുന്നത്. ഇപ്രകാരം അടക്കുമ്പോള്‍ ഇടവകക്കാരായ വൈദികര്‍ക്കും പള്ളി കടപ്പെട്ടിരിക്കുന്ന അല്മായര്‍ക്കും കുഴിക്കാണം സാധാരണയായി വാങ്ങിയിരുന്നില്ല. മറ്റുള്ളവരുടെ മൃതദേഹം അടക്കുന്നതിനു പൊതുയോഗം നിശ്ചയിക്കുന്ന കുഴിക്കാണം കച്ചേരിയുടെ അംഗീകാരത്തോടെ ഈടാക്കിയിരുന്നു. പള്ളിയകത്തെ മൃതദേഹ സംസ്‌ക്കാരം പൊതുവില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
പള്ളിയകത്തു മൃതദേഹ സംസ്‌ക്കാരം നടത്തുമ്പോള്‍ എപ്രകാരമായിരിക്കണം എന്നു ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്തായുടെ കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ (1879) രേഖപ്പെടുത്തിയിട്ടുണ്ട്. മേല്പറഞ്ഞ കല്പനയുടെ പശ്ചാത്തലത്തില്‍ പില്ക്കാലത്ത് ആരുടെയും മൃതദേഹങ്ങള്‍ മദ്ബഹയിലോ ത്രോണോസിന്റെ അടുത്തോ അടക്കിയിരുന്നില്ല. എങ്കിലും ചില കത്തീദ്രല്‍ പള്ളികളില്‍ മദ്ബഹയിലും അതിനു സമീപത്തും മെത്രാന്മാരുടെ മൃതദേഹങ്ങള്‍ അടക്കിയിരുന്നു. (ഉദാ: എറണാകുളം ബസിലിക്കാ പള്ളി) നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ദേവാലയത്തിനകത്തെ ശവസംസ്‌ക്കാരം എന്ന ആചാരം, 1970-കളില്‍ നിറുത്തല്‍ ചെയ്തു. സെമിത്തേരികളില്‍ കല്ലറകള്‍ പണിതു വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ അവിടെ അടക്കുക എന്ന രീതി നടപ്പിലായി. സെമിത്തേരികളില്‍ കപ്പേളകള്‍ പണിതു വൈദികരുടെ മൃതദേഹങ്ങള്‍ പ്രസ്തുത കപ്പേളകളില്‍ അടക്കുക എന്നതാണ് ഇന്നത്തെ സമ്പ്രദായം. മെത്രാന്മാരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ദേവാലയത്തിനകത്തു സംസ്‌ക്കരിക്കുന്നത്.മനുഷ്യവാസമുള്ള കെട്ടിടങ്ങള്‍ (വീട്), കിണര്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മിനിമം 50 മീറ്റര്‍ ദൂരപരിധി സെമിത്തേരികള്‍ക്കു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ സ്ഥലപരിമിതി, ദൂര പരിധി, കിണര്‍ – ജലം – മണ്ണ് മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന നിലയില്‍ ദൂരപരിധി 25 മീറ്ററാക്കി ചുരുക്കി സംവിധാനം ചെയ്യപ്പെട്ട സെമിത്തേരിയാണ് ‘വോള്‍ട്ട് സിസ്റ്റം’ എന്നറിയപ്പെടുന്ന കോണ്‍ക്രീറ്റ് സെമിത്തേരികള്‍. 1970-കളിലാണ് ഇപ്രകാരമുള്ള വോള്‍ട്ട് സിസ്റ്റം സെമിത്തേരികള്‍ ആദ്യമായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത്. കുഴിയെടുക്കാനും സംസ്‌ക്കരിക്കാനുമുള്ള പ്രശ്‌നങ്ങള്‍ക്കും വോള്‍ട്ട് സിസ്റ്റം പരിഹാരമായി തീരുകയും ചെയ്തു.
അനുചിന്തനം: ഉത്ഥാനത്തിന്റെയും നിത്യജീവിതത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ സെമിത്തേരി വൃത്തിയായും മനോഹരമായും സൂക്ഷിക്കേണ്ടതു പള്ളിയധികൃതരുടെ മാത്രമല്ല, ഓരോ ക്രൈ സ്തവന്റെയും കടമ കൂടിയാണ്. വൃത്തിഹീനമായി കിടക്കുന്ന സെമിത്തേരി ഭയം മാത്രമല്ല, നിരാശകൂടി ജനിപ്പിക്കുമെങ്കില്‍ വൃത്തിയായി സൂക്ഷിക്കപ്പെടുന്ന സെമിത്തേരി പ്രതീക്ഷയും പ്രത്യാശയും ജനിപ്പിക്കും
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
കടപ്പാട്