കൊച്ചി: മൂല്യമാര്‍ന്ന ജീവിതംവഴി അനേകര്‍ക്കു വഴികാട്ടിയായ അതുല്യവ്യക്തിത്വമായിരുന്നു സാധു ഇട്ടിയവിരയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സന്മനോഭാവിയും സുകൃതസമ്പന്നനും സത്കര്‍മിയുമായിരുന്നു അദ്ദേഹം.
സാമൂഹ്യപരിഷ്‌കര്‍ത്താവായി നാടുതോറും സഞ്ചരിച്ചു പ്രഭാഷണങ്ങളും ചര്‍ച്ചകളുംവഴി സമൂഹത്തിലേവരെയും പ്രചോദിപ്പിച്ചും മനഃപരിവര്‍ത്തനം വരുത്തിയും കടന്നുപോയ വ്യക്തിത്വമായിരുന്നു.
സഭയിലും സമൂഹത്തിലും ചര്‍ച്ചാവിഷയമാകുന്ന കാര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടും ദാര്‍ശനികചിന്തയോടുംകൂടി ഇട്ടിയവിര പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത് ഏവര്‍ക്കും സ്വീകാര്യമായിരുന്നു. ആരെയും വേദനിപ്പിക്കാതെ, എന്നാല്‍ എല്ലാവര്‍ക്കും മര്‍മത്തില്‍ കൊള്ളുന്ന ചിന്താശകലങ്ങളും നര്‍മോക്തികളുമാണു അദ്ദേഹത്തിൽനിന്നു എപ്പോഴും ലഭിച്ചുകൊണ്ടിരുന്നത്.
താന്‍ മണ്ണില്‍നിന്നു വന്നവനാണെന്നും തന്‍റെ ശരീരം മണ്ണോടു ചേര്‍ന്നതിനുശേഷം മഹത്വ വത്കരിക്കപ്പെടാന്‍ ഉള്ളതാണെന്നുമുള്ള ക്രിസ്തീയവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇട്ടിയവിരസാര്‍ ജീവിതകാലം മുഴുവനും വ്യാപരിച്ചിരുന്നത്.
അധ്യാപകരോടും അധികാരികളോടും മെത്രാന്മാരോടും വൈദികരോടും സമര്‍പ്പിതരോടും യുവതീയുവാക്കളോടും കുട്ടികളോടും അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനവും സ്‌നേഹവും വളരെ വലുതായിരുന്നു.
അദ്ദേഹത്തിന്‍റെ സംസാരം കേള്‍വിക്കാര്‍ക്ക് ആത്മീയ ഉണര്‍വ് നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ ആത്മീയദര്‍ശനങ്ങള്‍ വരുംകാലങ്ങളിലും മനുഷ്യമനസുകളെ സ്വാധീനിച്ചുകൊണ്ടിരിക്കുമെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു