മോൺ.റവ.ഡോ. ജേക്കബ് വെള്ളിയാൻ നമ്മിൽ നിന്നും വേർപിരിയുമ്പോൾ അദ്ദേഹം സഭയ്ക്കും സമുദായത്തിനും ചെയ്ത വലിയ കാര്യങ്ങൾ ഓർത്ത് മഹത്വപ്പെടുത്താതിരിക്കാനാവില്ല.
അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ് ആദ്യമായി സ്മരിക്കേണ്ടുന്ന വലിയകാര്യം. സുറിയാനി ഭാഷയിൽ പ്രാവിണ്യം നേടിയ വൈദികനും ആരാധനാക്രമ പണ്ഡിതനുമായിരുന്നു അദ്ദേഹം.

സീറോമലബാർ കുർബാന തക്‌സ സുറിയാനിയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വെള്ളിയാനച്ചനായിരുന്നു .
വടവാതൂർ സെമിനാരിയിലെ അക്കാലത്തെ ഏറ്റവും വലിയ ആരാധനാക്രമ പണ്ഡിതനും അദ്ദേഹമായിരുന്നു. 1963-ൽ സീറോമലബാർ ആരാധനാക്രമം മലയാളീകരിച്ചതോടുകൂടി മറ്റു രൂപതകൾ സുറിയാനി കുർബാന തിരസ്‌ക്കരിച്ചപ്പോഴും വെള്ളിയാനച്ചൻ പ്രത്യേക അവസരങ്ങളിലും കോട്ടയം അതിരൂപതയിലെ പല പള്ളികളിലെ തിരുനാളുകളോടനുബന്ധിച്ചും സുറിയാനി കുർബാന ചൊല്ലിയിരുന്നു.
ആരാധനാക്രമം മലയാളീകരിച്ചപ്പോൾ സുറിയാനിക്രമം സഭ നിരോധിക്കാതിരുന്നത് അച്ചന് സഹായകരമാകുകമായിരുന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഇപ്പോൾ മറ്റു രൂപതകളും സുറിയാനി കുർബാന ചൊല്ലുന്നതിനും പുതിയ വൈദികരെ അതുപഠിപ്പിക്കുന്നതിനും തയ്യാറായിരിക്കുന്നത്.
ഒരുപക്ഷെ വെള്ളിയാനച്ചൻ സുറിയാനി കുർബാന തുടർന്നും ചെല്ലാതിരുന്നെങ്കിൽ സീറോമലബാർ സഭതന്നെ അതു വിസ്മരിച്ചു പോകുമായിരുന്നു. ഇപ്പോൾ പഴയ സുറിയാനി കുർബാനക്രമം തിരികെകൊണ്ടുവരാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടിക്കുകയാണല്ലോ.
ആരാധനക്രമ വിജ്ഞാനകോശം എന്നപേരിൽ ആയിരത്തിലധികം പേജുകളിലായി ബഹു. വെള്ളിയാനച്ചന്റെതായി 2003-ൽ ഒരു ഗ്രന്ഥം പുറത്തുവന്നിട്ടുണ്ട്. ഈ ഗ്രന്ഥം മലയാളഭാഷയിലെ പ്രഥമ ആരാധനക്രമവിജ്ഞാനകോശമാണ്.
പൗരസ്ത്യവും പാശ്ചാത്യവുമായ എല്ലാ ആരാധനക്രമവും സ്പർശിക്കുന്നതോടൊപ്പം സീറോ മലബാർ, സറോ മലങ്കര, ലത്തീൻ ആരാധനക്രമങ്ങൾക്ക് ഊന്നൽ കൊടുത്തിരിക്കുന്നു.
ഈ സഭകളിലെ വിദഗ്ധരുടെ ഈടുറ്റ ലെഖനങ്ങളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ആരാധനക്രമങ്ങളുടെ ആദ്യകാലചരിത്രങ്ങളും പിന്നീടുണ്ടായ വികാസപരിണാമങ്ങളും ഇതിൽ വ്യക്തമാക്കിയിരിക്കുന്നു. വിവിധ സഭകളിലെ കുർബാനക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു.
സീറോമലബാർ ആരാധനക്രമത്തിന്റെ ഉറവിടം തേടി നടക്കുന്നവർ വെള്ളിയാനച്ചൻ പ്രസിദ്ധീകരിച്ച ആരാധനക്രമവിജ്ഞാനകോശം കാണാതെ വഴിമാറിവഴിതെറ്റി നടക്കുന്നതുകാണുമ്പോൾ അത്ഭുതം തോന്നു.ക്‌നാനായ സമുദായത്തിന്റെ തനിമയും സംസ്‌ക്കാരികമായ നിലപാടും അവരുടെ പാരമ്പര്യകലകളും പുരാതന പാട്ടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.
ക്‌നാനായ പാട്ടുകളുടെ ഈണത്തിലും കലകളുടെ അവതരണത്തിലും കാലങ്ങൾ കൊണ്ടുണ്ടായ തേയ്മാനങ്ങളും അവതരണത്തിലെ വൈകല്യങ്ങളും ബഹു. വെള്ളിയാനച്ചന്റെ പ്രയത്‌നത്താൽ ശരിപ്പെട്ടു എന്നു പറയാതെവയ്യ. ക്‌നാനായ രംഗകലകളെ പ്രോത്സാഹിപ്പിക്കുവാൻ കോട്ടയം അതിരൂപതയുടെ പഴയ പാസ്റ്ററൽ സെന്ററിൽതന്നെ ഹാദൂസ എന്ന സ്ഥാപനത്തിനു തുടക്കമിട്ടതു വെള്ളിയാനച്ചനാണ്.
രംഗകലാവിദഗ്ദ്ധനായ ശ്രീമാൻ ചുമ്മാൻ ചുണ്ടലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ശ്രീമാൻ ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് വെള്ളിയാനച്ചന്റെയും മറ്റും ശ്രമഫലമായി യുവജനോത്സവ മത്സരങ്ങളിൽ സുറിയാനി കലാരൂപമായ മാർഗ്ഗംകളി ഉൾപ്പെടുത്താൻ സാധിച്ചു എന്നത് പ്രസ്തുത കലയ്ക്കും ക്‌നാനായ സമുദായത്തിനും സുറിയാനിസഭയ്ക്കും ലഭിച്ച വലിയ അംഗീകാരമായിരുന്നു.
അന്നുവരെ പുരുഷന്മാരുടെമാത്രം കലയായിരുന്ന മാർഗ്ഗംകളിയുടെ അവതരണം പെൺകുട്ടികൾക്കുംകൂടി അവതരിപ്പിക്കുവാൻ പാകത്തിന് വെള്ളിയാനച്ചൻ ചിട്ടപ്പെടുത്തുകയും ചെയ്തു.
ക്‌നാനായ സമുദായ ചരിത്രം ലളിതമായി, പാഠപുസ്തകമായി വേദപാഠ ക്ലാസുകളിലെത്തിച്ചത് വെള്ളിയാനച്ചനാണ്. പുസ്തകരൂപമാകുവാൻ അതിൽ പ്രാവിണ്യമുണ്ടായിരുന്ന ശ്രീമാൻ കുര്യൻ വെമ്പേനിസാറിന്റെ സേവനവും അദ്ദേഹം പ്രയോജനപ്പെടുത്തിയപ്പോൾ ”തിനമയിൽ പുലരുന്ന ഒരു ജനത” എന്നപുസ്തകം പുറത്തുവന്നു.
കൂടാതെ ക്‌നാനായ സമുദായത്തിന്റെ രംഗകലകളെ പഠനവിഷയമാക്കി പ്രത്യേകം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
സുറിയാനി സഭയുടെ ഉറവിടം അന്വേഷിച്ചു ചെല്ലുന്നവർ ആദ്യം ചെന്നു നില്ക്കുന്ന പുരാതനപാട്ടു പുസ്തകത്തിന്റെയും പാട്ടുകളുടെയും പ്രചാരണത്തിന് റവ.ഡോ. ജേക്കബ് വെള്ളിയാനച്ചൻ ചെയ്തിരിക്കുന്ന സേവനം നിരവധിയാണ്.
പുരാതനപാട്ടുകളുടെ അഞ്ചു മുതൽ പത്തുവരെയുള്ള പതിപ്പുകൾ പ്രസിദ്ധപ്പെടുത്തിയത് ഇദ്ദേഹമാണ്.
ക്‌നായി തോമായെക്കുറിച്ചുള്ള പാണൻ പാട്ടുകൾ ശേഖരിച്ച് പുരാതനപാട്ടു പുസ്തകത്തിൽ ഉൾപ്പെടുത്തിയതും വെള്ളിയാനച്ചനാണ്.
ക്‌നാനായ സുറിയാനി സമുദായം അവരുടെ ചരിത്രത്തോടും തനിമയോടും കൂടി നിലനിർത്തുന്നതും ഇന്നും പിന്തുടരുന്നതുമായ പുരാതന പാട്ടുകൾ, കല്യാണപാട്ടുകൾ, വീരടിയാൻ പാട്ടുകൾ (പാണൻപാട്ടുകൾ) മാർഗ്ഗംകളി പാട്ടുകൾ, പുറത്തുനമസ്‌ക്കാരം, സുറിയാനിപാട്ടുകൾ, സുറിയാനി കുർബാന ഇതിന്റെയെല്ലാം കാസറ്റുകളും സിഡികളും തയ്യാറാക്കി വരുംതലമുറകൾക്കുവേണ്ടി നിക്ഷേപിച്ചിരിക്കുന്നു എന്നതിൽ നിന്നും വെളിയാനച്ചന്റെ സമുദായ സ്‌നേഹവും അതിലുള്ള അറിവും ആദരിക്കപ്പെടേണ്ടതാണ്.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ.
22-12-2022

