നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുന്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. സത്യമാകുന്ന പ്രകാശത്തിലാണോ നാമിന്നു ജീവിക്കുന്നത്, അതോ പാപാന്ധകാരത്തിലോ? പ്രത്യാശയിൽനിന്നും നിരാശയിലേക്ക് വഴിതെറ്റിപ്പോകുന്ന ത്രിസന്ധ്യയിലാണോ നമ്മൾ, അതോ ഇരുൾ നിറഞ്ഞ വഴികളിൽനിന്നും ദൈവസ്നേഹത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതാവസ്ഥയിലോ?

ക്രിസ്തുവിലേയ്ക്ക് തിരിച്ചു വരണമെങ്കിൽരണ്ടു കാര്യങ്ങള്‍ ആവശ്യമാണ്. ഒന്നാമതായി വഴി തെറ്റിയിരിക്കുന്നു എന്നു വ്യക്തമായ അവബോധം. രണ്ടാമതായി എങ്ങോട്ടാണ് മടങ്ങേണ്ടത് എന്ന തിരിച്ചറിവ്. ലോകമെത്ര ദുഷിച്ചാലും, മനുഷ്യർ എത്രയൊക്കെ പാപത്തിലേക്ക് കൂപ്പുകുത്തി സ്വയം വിരൂപമാക്കിയാലും ദൈവ കൃപയാൽ നമ്മുടെ ആത്മാവിൽ ഒളിഞ്ഞുകിടക്കുന്ന നന്മയുടെ കിരണം കണ്ടെത്താൻ ദൈവത്തിന്റെ ദൃഷ്ടികൾക്ക് സദാ സാധിക്കുന്നുണ്ട്. ദൈവത്തിന്റെ പ്രകാശം പാപിയിൽനിന്നും പാപത്തെ വേർതിരിക്കുന്നു; അതുവഴി, ദൈവം പാപിയെ സ്നേഹിക്കുകയും പാപത്തെ കീഴടക്കുകയും ചെയ്യുന്നു. സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും അനുവർത്തിക്കേണ്ടുന്ന ഒരു പാതയാണിത്.

പാപകരമായ ലോകത്തിന്റെ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവ വചനത്തിലും യേശുവിന്റെ പ്രബോധനങ്ങളിലും, പരിശുദ്ധാൽമ ശക്തിയിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾമാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ ദൈവത്തെ അന്വേഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. അന്ധകാരം വെളിച്ചമായി തെറ്റിദ്ധരിച്ച ലോകത്തിലേക്ക്‌ സത്യത്തിന്റെ പ്രകാശവുമായി വന്ന മിശിഹായേ, അങ്ങയുടെ തിരുവചനം ഹൃദയത്തിൽ സ്വീകരിച്ച്, ശരീരം മുഴുവൻ പ്രകാശപൂരിതമായി മാറ്റുവാൻ എന്നെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്