യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ഏറ്റുപറയുന്ന ഏതൊരാൾക്കും ദൈവവുമായി തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പങ്കുവയ്ക്കാം. കാരണം കർത്താവു നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. ഇന്ന് ലോകത്തിൽ സാമൂഹിക തലത്തിലും സ്കൂൾ തലത്തിലും മനുഷ്യൻറെ ഹൃദയങ്ങളെ അറിയുവാനും അവൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുമായി പലവിധ സംവിധാനങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് കൗൺസിലിംഗ്. കൗൺസിലിംഗ് പദ്ധതികൾക്കായി സർക്കാരുകൾ വലിയ മുതൽമുടക്കുകൾ നടത്തുന്നു. എന്നിട്ടും മനുഷ്യൻറെ ഹൃദയങ്ങളെ പരസ്പരം മനസ്സിലാക്കാൻ ഈ സംവിധാനത്തിനൊന്നും കഴിയുന്നില്ല. എന്നാൽ നമ്മുടെ ഹൃദയ ചിന്തകളെയും വിഷമങ്ങളും വ്യക്തമായി അറിയുന്ന ഒരാൾ നമ്മുടെ യേശുവാണ്.

ലൂക്കാ പതിനെട്ടാമെത്ത അധ്യായത്തിൽ ചുങ്കക്കാരന്റെയും ഫരിസേയന്റെയും പ്രാർത്ഥനകളെ പറ്റി പറയുന്നുണ്ട്. ദൈവം അവരുടെ പ്രാർത്ഥനകളെകാൾ കൂടുതൽ ശ്രദ്ധിച്ചത്, അവരുടെ ഹൃദയങ്ങളെ ആണ്. ജീവിതത്തിൽ ശരികൾ മാത്രം ചെയ്ത് അതിലൂടെ ദൈവസന്നിധിയിൽ നീതിമാനാകാൻ ശ്രമിക്കുന്ന ഫരിസേയന്റെയും, പാപത്തിൽ മുങ്ങി മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിച്ചതിലുള്ള കുറ്റബോധവുമായി ദൈവസന്നിധിയെ സമീപിച്ച ചുങ്കക്കാരന്റെയും ജീവിതശൈലികൾ തമ്മിൽ ഒട്ടേറെ അന്തരമുണ്ട്. പാപകരമായ ജീവിതം നയിച്ച ചുങ്കക്കാരനെ നീതീകരിക്കുക വഴി അയാൾ കടന്നുവന്ന വഴികളെ നീതീകരിക്കുകയല്ല ഈശോ ചെയ്യുന്നത്. അയാൾ നീതീകരിക്കപ്പെട്ടത്‌ തന്റെ വഴി തെറ്റായിരുന്നു എന്ന തിരിച്ചറിവോടെ ഹൃദയത്തിൽ എളിമപ്പെട്ട് ദൈവസന്നിധിയിൽ എത്തിയപ്പോഴാണ്.

ദൈവം നാമോരോരുത്തരുടെയും ഹൃദയ ചിന്തകളേയും പ്രവൃത്തികളേയും അറിയുന്നു. ഭൂമിയിൽ മക്കളുടെ ആവശ്യങ്ങൾ പിതാവ് അറിയുന്നതുപോലെ തന്നെ നാം ഓരോരുത്തരുടെയും ആവശ്യങ്ങളെയും മുൻകൂട്ടി അറിയുന്നവനാണ് നമ്മുടെ കർത്താവ്. ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പോലും നമ്മളെ മനസ്സിലാക്കുന്നില്ലായിരിക്കും, എന്നാൽ കർത്താവു ഓരോ മനുഷ്യരുടെയും ഹൃദയ ചിന്തകളെയും, ആവശ്യങ്ങളെയും അറിയുന്നു. നമ്മുടെ ഹൃദയങ്ങളെ അറിയുകയും, വേദനകളിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന കർത്താവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്