മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും ജൂലൈ 25 ഞായറാഴ്ച രാവിലെ 9 മണിക്ക് മാർ ആന്റണി കരിയിൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടെ നടത്തപ്പെടുന്നു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപെടുന്ന കർമങ്ങൾ ഷെക്കെയ്ന ന്യൂസ് ചാനലിലും ആലങ്ങാട് സെന്റ് മേരീസ് ദേവാലയം യൂട്യൂബിലും തത്സമയം കാണാവുന്നതാണ്.
ആലങ്ങാട് ദേവാലയ വികാരി ഫാദർ പോൾ ചുള്ളിയാണ് പുനരുദ്ധാരണത്തിന് നേതൃത്വം നൽകുന്നത്.
വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ച് റോമിലെ മരിയ മജോര പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തനി പകർപ്പ് 400 ൽ കൂടുതൽ വർഷങ്ങൾക്ക് മുൻപ് പോർച്ചുഗലിൽ നിന്ന് കൊണ്ടുവന്ന് ആലങ്ങാട് ദേവാലയത്തിൽ സ്ഥാപിച്ചതായി പറയപ്പെടുന്നു.
ചരിത്ര പ്രസിദ്ധമായ ആലങ്ങാട് പുരാതന ദേവാലയത്തിലെ അതി പുരാതന മാതാവിന്റെ പുന:രുദ്ധരിച്ച ഛായാചിത്രത്തിന്റെ വെഞ്ചരിപ്പും പ്രകാശനവും മെത്രാപോലീത്തൻ വികാരി മാർ ആന്റണി കരിയിൽ 25/07/2021 തിയതി രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്ക് ശേഷം നിർവഹിക്കും. ആലങ്ങാട് ഇടവകാംഗമായ ഡേവിഡ് സാജു ആണ് മാതാവിന്റെ ഛായാചിത്രം പുന:രുദ്ധരിച്ചത്.
The Patron of Unity: Mar Yousep Kariyatti
വിശുദ്ധൻമാരുടെ ഗണത്തിലേക്കു ഉയർത്തപ്പെടാൻ പോകുന്ന സഭാ ഐക്യത്തിന്റെ നിവ്യയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തായുടെ ജീവിതത്തിലൂടെ.
“നീതിമാൻമാരുടെ ഓർമ്മ എന്നെന്നും നിലനിൽക്കട്ടെ”
- 1742 മെയ് 5 ന് പൈലി മറിയം ദമ്പതികളുടെ നാലാമത്തെ മകനായി ആലങ്ങാട്ട് ജനനം.
- പിതാവ് പൈലിയുടെ സഹോദരൻ ആലങ്ങാട് ഇടവകയിൽ ശെമ്മാശൻ ആയിരുന്നു.
- 1753 ൽ പതിമൂന്നാം വയസിൽ റോമിലേക്ക് പഠനത്തിനായി അയക്കപെട്ടു.
- 1754-55 ൽ റോമിൽ പഠനം ആരംഭിച്ചു.
- 1766 മാർച്ചിൽ 15 ന് വൈദികപട്ടം സ്വീകരിച്ചു.
- 1766 ഏപ്രിൽ മാസത്തിൽ ഇന്ത്യയിലേക്ക് മടങ്ങി. നസ്രാണി സഭയിൽ ഡബിൾ ഡോക്ടറേറ്റു നേടിയ ആദ്യത്തെ വ്യക്തി
- 1768 ജനുവരി മുതൽ സുറിയാനി പ്രൊഫസറായി ആലങ്ങാട് സെമിനാരിയിൽ നിയമിതനായി.
- 1777 ൽ ആലങ്ങാട് സെമിനാരി വാരാപ്പുഴയിലേക്ക് മാറ്റി. ലത്തീൻ സെമിനാരിയോട് യോജിച്ചതോടെ സുറിയാനി പഠനം നിർത്തലാക്കി.
- 1777 മാർച്ച് 18 ന് പുത്തൻകൂർ തലവൻ മാർത്തോമാ ആറാമന്റെ പക്കലേക്ക് കരിയാറ്റി അയയ്ക്കപെടുന്നു.
- വൈദേശിക ശക്തികളുടെ ഇടപെടലുകൾമൂലം പിളർന്ന നസ്രാണി സമൂഹം ഒന്നാകാൻ എന്നും ആഗ്രഹിച്ചിരുന്നു. അക്കാലത്തു പുത്തെന്കൂര് വിഭാഗത്തിന്റെ മെത്രാനായിരുന്ന മാർത്തോമാ ആറാമൻ പുനരൈക്യത്തിന് പലവട്ടം ശ്രമിച്ചെങ്കിലും, ഒരുമെത്രാൻ പുനരൈക്യപ്പെട്ടാൽ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട,വരാപ്പുഴ മിഷനറി അധികാരികൾ പുനരൈക്യത്തെ എതിർത്ത്. സുറിയാനി പൈതൃകം വീണ്ടെടുക്കുക, പുത്തന്കൂര് പുനരൈക്യം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ റോമിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കാൻ നസ്രാണി സമൂഹം തീരുമാനിച്ചു.
- 1778 നവംബർ 14 ന് വൈദികരായ യൗസേപ്പ് കരിയാറ്റിയും, തോമ പാറേമാക്കലും രണ്ട് വൈദിക വിദ്യാർത്ഥികളും മൈലാപൂരിൽ തോമാശ്ലീഹായുടെ കബറിടത്തിൽ കുര്ബാനച്ചൊല്ലി പ്രാർത്ഥിച്ചു യാത്ര തിരിച്ചു , റോമിലേക്ക് കപ്പൽ യാത്ര ആരംഭിച്ചു.
- ശ്രീലങ്ക വഴി, ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിൽ എത്തി.അവിടെനിന്നും പോർട്ടുഗലിലേക്കു യാത്രതിരിച്ചെങ്കിലും കാറ്റ് പ്രതികൂലമായതിനാൽ ലാറ്റിൻ അമേരിക്കൻ തീരത്തെത്തി. അവിടുന്ന് പോർട്ടുഗലിലേക്കു തിരിച്ചു. ദുരിതപൂർണമായ യാത്രക്കൊടുവിൽ 17779 -ൽ ലിസ്ബണിൽ എത്തി.
- മാർത്തോമ്മാ ആറാമന്റെ പുനരൈക്യത്തിനും അർക്കദിയാക്കോൻ സ്ഥാനത്തിന്റെ പുനഃസ്ഥാപനത്തിനുമായി പോർട്ടുഗീസ് രാജ്ഞിക്കു നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവിടെനിന്നും അവർ റോമിലേക്ക് യാത്ര തിരിച്ചു.
- 1780 ജനുവരി 30 ന് റോമിൽ എത്തി.
- വരാപ്പുഴ മിഷനറിമാർ അവരെ സഹായിക്കാനെന്ന വ്യാജേന അവർക്കെതിരെ അപവാദങ്ങൾ നിരത്തി റോമിലെ പ്രൊപ്പഗാന്താ സംഘത്തിന് എഴുതിയ കത്ത് അവരുടെ കയ്യിൽ കൊടുത്തയച്ചിരുന്നു. കത്ത് തങ്ങൾക്കെതിരാണെന്നു വ്യക്തമായ ധാരണ ഉണ്ടായിട്ടും , അടിയുറച്ച ദൈവ വിശ്വാസവും അനുസരണവും അന്നും ഇന്നും ജീവിത ശൈലിയാക്കിയ നസ്രാണി വൈദികർ കത്തു പൊട്ടിച്ചു നോക്കാതെ റോമിൽ ഏൽപ്പിച്ചു. തൽഫലമായി മോശമായ പെരുമാറ്റമാണ് റോമിൽനിന്നും അവർക്കു ലഭിച്ചത്.
- ഈശോ മിശിഹായുടെ മനോഗുണത്താൽ അവസാനം ഒരുവിധത്തിൽ മാർപ്പാപ്പയെ നേരിൽകണ്ടു അവർ നസ്രാണി സമൂഹത്തിന്റെ നിവേദനങ്ങൾ സമർപ്പിച്ചു. വളരെക്കാലം കാത്തിരുന്നിട്ടും മറുപടിയൊന്നും ലഭിക്കാതിരുന്നതിനാൽ അവർ നിരാശരായെങ്കിലും നസ്രാണികളുടെ പിതാവായ ധന്യൻ തോമാശ്ലീഹായുടെ വിശ്വാസ തീഷ്ണതയോടെ വീണ്ടും പോർട്ടുഗലിലേക്കു പോയി.
- കരിയാറ്റിലിന്റെയും പാറേമ്മാക്കലിന്റെയും ദൈന്യതയും കരിയാറ്റിലിന്റെ വിശുദ്ധിയും സമർപ്പണമനോഭാവവും ക്ഷമാശീലവും നേരിട്ട് ബോധ്യപ്പെട്ട പോർട്ടുഗീസ് രാജ്ഞി കറുത്ത വംശജനെ മെത്രാനാക്കുന്നതിനെതിരെയുള്ള മിഷനറിമാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു മാർപ്പാപ്പയിൽ നിന്ന് ലഭിച്ചിരുന്ന പാദ്രുവാദോ അവകാശം ഉപയോഗിച്ച് കരിയാറ്റിൽ യൗസേപ്പ് മല്പാനെ കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തയായി നിയമിക്കുകയും പുനരൈക്യത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു.
- 1782ജൂലൈ 16 ന് പോർച്ചുഗീസ് രാജ്ഞി കരിയാറ്റിയെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിച്ചു.
- 1783 കുംഭമാസം (ഫെബ്രുവരി 17 ന് ) ലിസ്ബണിൽ മാർ ബെനദിക്തോസ് പുണ്യവാന്റെ സഭക്കാരുടെ സംബന്തുവെന്ന ആശ്രമപള്ളിയിൽ വച്ച് മാർ ഫ്രംസിസ്കോസ് ദേ അബസൂദ എന്ന ഗോവയുടെ മുൻ മെത്രാപ്പോലീത്തായിൽ നിന്ന് , മയ്യാ എന്ന ദേശത്തിന്റെ മെത്രാൻ മാർ വർത്തുൽമായുടെയും , മക്കാവെന്ന ദേശത്തിന്റെ മെത്രാൻ മാർ അലക്സന്ത്രയോസിന്റെയും സഹകാർമികത്വത്തിൽ, മുൻപ് അങ്കമാലിയെന്നും ഇപ്പോൾ കൊടുങ്ങല്ലൂരെന്നും പറയപ്പെടുന്ന മലങ്കര മഹായിടവകയുടെ മെത്രാപ്പോലീത്തായായി മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലിത്തയായി വാഴ്ച കൈകൊള്ളുകയും ചെയ്തു.
- 1783 മാർച്ച് 17നു നസ്രാണി സഭയുടെ, ആദ്യത്തെ തദ്ദേശിനായ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റി മെത്രാപ്പൊലീത്തായ്ക്കു പാലിയവും ( റോമാ സഭയുടെ ആചാരമനുസരിച്ചു മെത്രാപ്പോലീത്ത സ്ഥാനത്തിന്റെ പൂർത്തീകരണമായ തിരുവസ്ത്രം) മാർപാപ്പയുടെ നിയമന ഉത്തരവും ലഭിച്ചു.
- കേരളത്തിലെ അന്നുണ്ടായിരുന്ന മിഷിണറിമാർ കരിയാറ്റി മെത്രാപ്പോലീത്തയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് തടയുവാൻ പരിശ്രമം നടത്തി. സ്വന്തം നാട്ടുകാരനായ മെത്രാപ്പോലീത്ത വന്നുകഴിഞ്ഞാൽ വിദേശ മിഷനറിമാർക്കു ഇവിടെയുള്ള അധികാരം നഷ്ടപ്പെടും എന്ന ആശയങ്ക ആയിരുന്നു അതിനു കാരണം. ആയതിനാൽ റോമിൽ നിന്നും മടങ്ങിയെത്തിയ മെത്രാപ്പോലീത്തയെ എറണാകുളത്തു കപ്പിലിറക്കി സ്വീകരണം നടത്താതെ, കാലാവസ്ഥാ വ്യതിയാനം പറഞ്ഞു ഗോവയിൽ കപ്പലടുപ്പിച്ചു പൗഢഗംഭിര സ്വീകരണം നടത്തുക ആയിരുന്നു.
- 1786 സെപ്റ്റംബർ 9 ആം തിയതി രാത്രി 9:30 ന് മാർ യൗസേപ്പ് കരിയാറ്റി നിനച്ചിരിക്കാതെ, ഗുരുതരമായ പനിയും ശ്വാസസംബന്ധമായി ഉണ്ടായ അസ്വസ്ഥതയും കാരണം ദിവംഗതനായി.ഗോവൻ ആർച്ബിഷപ്പിന്റെ വസതിയിൽ വച്ചായിരുന്നു മരണം.
- മെത്രാപ്പോലീത്തയുടെ ചരമത്തിനു ശേഷം ഗോവയിലെ സകല ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിലാപ സൂചകമായ മണിനാദം രാപകലെന്യേ ഇടതടവില്ലാതെ ഉച്ചത്തിൽ മുഴക്കി കൊണ്ടിരുന്നു. മൃതശരിര സന്നിധിയിൽ സൈനികരും വൈദികരും സന്യാസി സന്യാസിനിവൃന്ദവും അത്മായരും തടിച്ചുകൂടി അണമുറിയാതെ പ്രാർത്ഥനാദികൾ നടത്തി. പിറ്റേന്ന് സംസ്കാര ചടങ്ങിൽ നഗരികാണിക്കലും, ചരമപ്രസംഗവും, പൊന്തിഫിക്കൽ റാസയും ഗോവ മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ ഗോവയിലെ സെൻറ് കാതറിൻ സിംഹാസനപള്ളിയിൽ നടന്നു. സിംഹാസനപള്ളിയിലെ പ്രധാന ബലിപീഡ ഭാഗത്തു ചാന്റേഴ്സ് ചെയറിനു തൊട്ടടുത്തുള്ള കബറിടത്തിൽ പാർത്രിയാർക്കിസ്മാർ, മെത്രാപ്പോലീത്തമാർ എന്നിവർക്കനുവദനീയ ആചാരോപചാര ബഹുമതിയോടെ പ്രാമാണിക സ്ഥാനത്തു സംസ്കാരം നടന്നതായി സിംഹാസനപള്ളിയിലെ പുരാതന മരണ റെജിസ്റ്ററിൽ 23-ാം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
- 1932 : കോട്ടയം അതിരൂപത മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഗോവയിലെ സെൻറ് കാതറിൻ സിംഹാസനപള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്ന് ധൂപക്കുറ്റി മറിഞ്ഞ് താഴെ വീണു. മദ്ബഹായിലെ കയറ്റുപായ കത്തിപ്പോയി. അത്ഭുതമെന്നപോലെ അവിടെ മാർ കരിയാറ്റിയുടെ കബറിടം കാണപ്പെടുകയും ചെയ്തു. തലമുറകൾ വിസ്മരിക്കപ്പെട്ടു അജ്ഞാതമായിരുന്ന ആ കബറിടം അങ്ങനെ വീണ്ടും കാണപ്പെട്ടു.
- 1954 ഡിസംബർ 4ാം തിയ്യതി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ മാത്യു കാവുകാട്ടിന്റെയും, പാലാ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിന്റെയും കാർമ്മികത്വത്തിൽ കുർബാനയും ഒപ്പീസും ഗോവയിലെ സെൻറ് കാതറിൻ സിംഹാസനപള്ളിയിൽ നടത്തി .
- 1955 ജനുവരി 5ാം തിയ്യതി അഖില കേരള കത്തോലിക് കോൺഗ്രസ് കമ്മറ്റി ഷെവ. ജോസഫ് പെട്ടയുടെ അധ്യക്ഷതയിൽ മാർ ജോസഫ് കരിയാറ്റി കമ്മിറ്റിക്കു രൂപം നൽകി. മോൺ കച്ചിറമറ്റത്തെ കമ്മിറ്റിയുടെ കൺവീനറായി തിരഞ്ഞെടുത്തു.
- 1960 ജൂലൈ 20 നു ഗോവയിലേക്കു പോകുവാൻ 6 അംഗ ഡെലഗേഷനു മാത്രം ഇന്ത്യ ഗവൺമെൻറു അനുമതിയും പോർട്ടുഗീസ് അധികാരികാരികളുടെ വിസയും ലഭിച്ചു
- 1960 ഡിസംബർ 4ാം തിയ്യതി ഡലഗേഷനംഗങ്ങളായ Rev. Fr. Thomas Arayathil, Rev. Fr. C T Kottaram, Mr. V C George ( Catholic Congress President), Mr. E M Joseph, Mr. P T Lukose, Mr. T K Varkey എന്നീ 6 പേർ ചേന്നു ഗോവക്കു പുറപ്പെട്ടു.
- 1960 ഡിസംബർ 8 നു ഡെലഗേഷൻ അംഗങ്ങൾ ഗോവയിലെത്തി ചേർന്നു. 9 നു ഗോവയിലെ മോസ്റ്റ് റവ. ജോസ് വിയെറ ആൽവർണസ് മെത്രാപ്പോലിത്തയും സമുന്നതരായ ആറു വൈദികരും ഉൾപ്പെടുന്ന കമ്മിറ്റിയുടെ സാന്നിധ്യത്തിൽ മാർ യൗസേപ്പ് കരിയാറ്റിയുടെ കല്ലറ പൊളിച്ചു.
- 1960 ഡിസംബർ 10 നു കല്ലറ തുറന്നു ഭൗതികാവശിഷ്ടങ്ങൾ പേടകത്തിലാക്കി. പേടകം ഗോവാ സമുന്നതാധികാരികൾ ഗോവ കമ്മിറ്റിയുടേയും കേരള ഡെലഷേനംഗങ്ങളുടെയും ഗോവ മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തിൽ സിൽ ചെയ്തു.
- 1960 ഡിസംബർ 11 നു പേടകത്തിന്റെ സംക്ഷിപ്ത വിവരങ്ങൾ ഗോവയിലെ മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ശേഷം ഗോവ കമ്മറ്റിയും കേരള ഡലഗേഷനംഗങ്ങളും ഗോവ മെത്രാപ്പോലീത്തയും ചേർന്നു പ്രമാണരേഖ തയ്യാറാക്കി.
- 1960 ഡിസംബർ 12 : കേരളത്തിലെ പുനരൈക്യത്തിന്റെ പ്രവാചകനായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ഭൗതിക ശേഷിപ്പുകൾ അടങ്ങിയ പേടകവുമായി കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ഗോവയിൽ നിന്ന് മടങ്ങി.
- 1960 ഡിസംബർ 16 : ബാംഗ്ലൂർ, ത്രിശൂർ, ആലുവ എന്നിവിടങ്ങളിലെ രാജോചിതമായ അത്യാഢംബര സമന്വിത സ്വീകരണത്തിന് ശേഷം, 175 വർഷത്തെ സഭാമക്കളുടെ ചിരകാലാഭിലാഷം, കരിയാറ്റി തിരുമേനിയുടെ ചൈതന്യ ശക്തി കലർന്ന ഭൗതിക ശരീരം എറണാകുളം കത്തിഡ്രൽ പള്ളിയിലേക്കു സംവഹിക്കപ്പെട്ടു.
- എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത റോമിലായിരുന്നതിനാൽ പേടകം അത്യാഡംബരപൂർവ്വം എറണാകുളം മെത്രാപ്പോലിത്തയുടെ കപ്പേളയിൽ സ്ഥാപിച്ചു.
- 1961 ഏപ്രിൽ 11 നു പ്രഭാതത്തിൽ മുദ്രിതമായ പേടകം എറണാകുളം കത്തീഡ്രൽ ദേവാലയത്തിൽ പൊതുവായ ആദരപ്രകടനത്തിനായി സ്ഥാപിച്ചു. രാവിലെ 7.15 നു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിലും, എറണാകുളം മെത്രാപ്പോലീത്ത, കൊല്ലം, കോതമംഗലം, തലശ്ശേരി മെത്രാൻമാരുടെയും 200 ഓളം വൈദികരുടെയും ആയിരക്കണക്കിനു വിശ്വാസികളുടേയും സാന്നിധ്യത്തിൽ ഒപ്പീസ് കർമ്മം നിർവ്വഹിച്ചു
- 1961 ഏപ്രിൽ 11 : സഭാ തലവനെ സ്വീകരിക്കുന്ന അതേ ആദരവോടെ വിശുദ്ധ പിതാവിൻ്റെ തിരുശേഷിപ്പ് ആലങ്ങാട് പള്ളിയിലേക്ക് ആനയിക്കുന്നു. എണ്ണമറ്റ പൊൻ – വെളളി കുരിശുകളുടെയും ജനസഹസ്രങ്ങളുടെയും സാന്നിധ്യത്തിൽ പിതാവിന് ജീവനോടെയിരിക്കുമ്പോൾ എന്നപോലെയുളള സ്വീകരണം. ഇതിനായി 33 അടി നീളവും 16 അടി ഉയരമുള്ള “സ്റ്റെല്ലാ മേരിസ്” എന്ന പേരിൽ ഒരു പായ്ക്കപ്പൽ ലോറിയിൽ നിർമ്മിച്ച് തയാറാക്കി. പേടകം അതിൽ പ്രതിഷ്ഠിക്കപ്പെട്ടു. എറണാകുളം ചങ്ങനാശ്ശേരി മെത്രാപ്പോലീത്തമാരും കൊല്ലം തിരുവല്ല മെത്രാൻമാരും കപ്പലിൽ പേടകത്തിനു സമിപം ഉപവിഷ്ടരായി. ആകർഷകമായ ബാൻഡുമേളങ്ങളോടും നിരവധി കാറുകളുടെ അകംബടിയോടെയും ജനനിബിഢമായ ബ്രോഡ് വേ, ബാനർജി റോഡു കടന്നു ഇടപ്പള്ളി ആലുവ റോഡു വഴി ജൈത്രയാത്ര മുന്നോട്ടു നീങ്ങി. ജനനിബിഢമായ അലങ്ങാടു പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മനോജ്ഞമായ മണ്ഢപത്തിലേക്കു വികാരിയായിരുന്ന റവ.ഫാദർ പീറ്റർ പരവര നിരവധി പൊൻ വെള്ളി കുരിശുകളുടേയും എള്ളിയാൽ ഒടുങ്ങാത്തത്ര പട്ടു കുടകളുടേയും അടമ്പടിയോടെ പേടകം ഏറ്റുവാങ്ങി പ്രതിഷ്ഠിച്ചു.
- തദനന്തരം എറണാകുളം മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ റാസ നടന്നു. തുടർന്നു 3 മണിക്കു പുന: സംസ്കരണ ചടങ്ങുകൾ ആരംഭിച്ചു. കൊല്ലം മെത്രാൻ ലത്തീൻ റീത്തിലും, തിരുവല്ല മെത്രാൻ മലങ്കര റീത്തിലും ഒപ്പീസുകൾക്കു കാർമികത്വം വഹിച്ചു. തുടർന്നു എറണാകുളം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ, റോമിലെ പേപ്പൽ സ്ഥാന വിദൂഷിതൻ, ചങ്ങനാശ്ശേരി മെത്രാപ്പോലിത്ത, കൊല്ലം, പാലാ, തിരുവല്ല, തലശ്ശേരി, കോതമംഗലം മെത്രാൻമാരുടെ സഹകാർമ്മിത്വത്തിൽ എല്ലാ സന്യാസഭാ പ്രെയോർ ജനറൽ, 300 ഓളം വൈദികർ, പതിനായിങ്ങളായ ജനങ്ങളുടെ സാന്നിധ്യത്തിൽ പേടകം ദേവാലയത്തിൽ സംസ്കരിച്ചു. സ്മര്യപുരുഷന്റെ ജീവിതത്തിലെ അനുസ്മരണിയ സംഭവങ്ങളെ കുറിക്കുന്ന ഒരു മാർബിൾ ശിലയും കല്ലറക്കു മുകളിൽ സ്ഥാപിച്ചു.
ലിയോൺ ജോസ് വിതയത്തിൽ