സഭയ്ക്കും സമുദായത്തിനും കരുത്താണ് പാലാ
കേരളത്തിന്‍റെയും സീറോമലബാർ സഭയുടെയും ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് പാലായ്ക്കുള്ളത്. കേരളത്തിന്‍റെ രാഷ്‌ട്രീയ, കാർഷിക, വിദ‍്യാഭ‍്യാസ മേഖലകളിൽ പാലായുടെ സംഭാവനകൾ പതിറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പേരിനും പെരുമയ്ക്കും ഇന്നും ഇളക്കം തട്ടിയിട്ടില്ല. സീറോമലബാർ ക്രൈസ്തവർ ഒത്തൊരുമയോടെ വളർത്തിയെടുത്ത സംസ്കാരവും പാലായ്ക്കു സ്വന്തമാണ്.
1950 ജൂലൈ 25ന് സ്ഥാപിതമായ പാലാ രൂപത ഈ പ്രദേശത്തിന്‍റെയാകെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയിരിക്കുന്നത്. തന്‍റെ മുൻഗാമികൾ തെളിച്ച വഴിയിലൂടെ വേദനിക്കുന്നവരിലേക്ക് ഇറങ്ങിച്ചെന്ന്, വിശക്കുന്നവർക്ക് അപ്പവും കിടപ്പാടമില്ലാത്തവർക്ക് ഭവനവും ഭാവിതലമുറയ്ക്ക് പ്രതീക്ഷയും നൽകുന്നതിൽ പാലാ രൂപതയെ നയിക്കുന്ന മാർ ജോസഫ് കല്ലറങ്ങാട്ട് കർമനിരതനാണ്. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം സീറോമലബാർ സഭയ്ക്കും നാടിനാകെയും മാതൃകയാക്കി മാറ്റാൻ മാർ ജോസഫ് കല്ലറങ്ങാട്ടും അദ്ദേഹത്തിന്‍റെ ടീമും വിദഗ്ധമായ ആസൂത്രണംതന്നെ നടത്തിയിരിക്കുന്നു.
ദീപിക ചീഫ് ന‍്യൂസ് എഡിറ്റർ സി.കെ. കുര‍്യാച്ചനു നൽകിയ അഭിമുഖത്തിൽ തന്‍റെ കാഴ്ചപ്പാടുകളും കർമപദ്ധതികളും വിവരിക്കുകയാണ് മാർ ജോസഫ് കല്ലറങ്ങാട്ട്.
? കേരളത്തിന്‍റെ പൊതുമണ്ഡലത്തിലും സീറോമലബാർ സഭയിലും പാലായ്ക്കുള്ള പ്രാധാന്യം
പാലായുടെ പ്രത്യേകതയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടെ വളരെയേറെ വളക്കൂറുള്ള മണ്ണാണ് എന്നതുതന്നെയാണ്. ആത്മീയ, ഭൗതിക മേഖലകളിലെല്ലാം ഉർവര ഭൂമിയാണിവിടം. വിശ്വാസത്തിൽ ആഴപ്പെടലുള്ള വലിയ ഒരു ജനതതി താമസിച്ച സ്ഥലം എന്ന മട്ടിലാണ് പാലായുടെ പ്രാധാന്യം ചെറുപ്പത്തിലും ഇപ്പോഴും ഞാൻ മനസിലാക്കുന്നത്. പ്രദേശം ചെറുതാണെങ്കിലും മൂന്നേകാൽ ലക്ഷത്തോളം വിശ്വാസികൾ നമുക്കുണ്ട്. 71,000ത്തിലധികം കുടുംബങ്ങളുണ്ട്. ഇവാഞ്ചലൈസേഷന്‍റെയും റീ ഇവാഞ്ചലൈസേഷന്‍റെയും വലിയ ഒരു സെന്‍ററായി നിൽക്കണമെന്നാണ് ആഗ്രഹം.
കാർഷിക മേഖലയിലൂടെയാണ് പാലാ ശക്തിപ്പെട്ടത്. അതോടൊപ്പം ബാങ്കിംഗും വാണിജ‍്യവും വ‍്യവസായവുമെല്ലാം പതിറ്റാണ്ടുകൾക്കു മുന്പേ ഇവിടെ കരുത്താർജിച്ചു. ഒരുപാട് സംരംഭകർ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ‍്യത്തെ ബസ് സർവീസും ബാങ്കുമൊക്കെ പാലാക്കാരുടെ സംഭാവനയാണ്.
രാഷ്‌ട്രീയ, വിദ‍്യാഭ‍്യാസ മേഖലകളിൽ നിരവധി പ്രതിഭകളെ പാലാ സംഭാവന ചെയ്തിട്ടുണ്ട്. വൈസ് ചാൻസലർമാർ, ഐഎസുകാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഉണ്ടായിട്ടുണ്ട്. വൈസ് ചാൻസലർമാരായിരുന്ന ഷെവ. കെ.സി. ചാക്കോ, ഡോ. എ.ടി. ദേവസ‍്യ, ഡോ. സിറിയക് തോമസ്, ഡോ. ബാബു ജോസഫ് തുടങ്ങിയവരൊക്കെ ഈ പ്രദേശത്തുകാരാണ്. ടോം ജോസ്, ടി.കെ. തോമസ്, ജേക്കബ് തോമസ്, വി.ജെ. കുര‍്യൻ തുടങ്ങി സിവിൽ സർവീസ് മേഖലയിലും പല പ്രമുഖരും ഉണ്ടായിട്ടുണ്ട്. ചെറുപുഷ്പ മിഷൻ ലീഗിന്‍റെ കുഞ്ഞേട്ടനും സാധു ഇട്ടിയവിരയും രൂപതയുടെ സംഭാവനയാണ്. രൂപതക്കാരായ 34 ബിഷപ്പുമാരുണ്ട്.
പാലാ രൂപതയ്ക്ക് വലിയ ഒരു ഹെറിറ്റേജ് തന്നെയുണ്ട്. സുറിയാനി ഭാഷയെ ജനകീയമാക്കിയ നിരവധി പണ്ഡിതവൈദികരുണ്ട്. ആത്മീയതേജസും വൈജ്ഞാനിക വൈഭവവും കൈമുതലായ നിരവധി വൈദികർ പാലായ്ക്കു സ്വന്തമാണ്. കുടക്കച്ചിറ അന്തോണി കത്തനാർ, നിധീരിക്കൽ മാണിക്കത്തനാർ, കട്ടക്കയത്തിൽ ഏബ്രഹാം മല്പാൻ, വലിയചാണ്ടിയച്ചൻ, കൊച്ചുചാണ്ടിയച്ചൻ, അരയത്തിനാൽ തോമാച്ചൻ, തെള്ളി ഇമ്മാനുവലച്ചൻ തുടങ്ങിയവർ കേരളസഭയിൽ എക്കാലവും സ്മരിക്കപ്പെടുന്നവരാണ്.
സിറിയക് നിധീരി, ജോണ്‍ നിധീരി, ആർ.വി. തോമസ്, ടി.എ. തൊമ്മൻ, മാത്യു മണിയങ്ങാടൻ, ജോർജ് തോമസ് കൊട്ടുകാപ്പള്ളി, എൻ.എം. ജോസഫ്, പ്രഫ.കെ.എം. ചാണ്ടി, കെ.എം. മാണി തുടങ്ങി ഒട്ടേറെ പ്രമുഖർ രാഷട്രീയ മേഖലയിലും ഉണ്ടായിട്ടുണ്ട്. സാംസ്കാരികരംഗത്ത് ഷെവ. പി.ജെ. തോമസ്, മാത‍്യു എം. കുഴിവേലി, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, പ്രവിത്താനം പി.എം. ദേവസ‍്യ, സിസ്റ്റർ മേരി ബനീഞ്ഞ എന്നിവരുടെ സംഭവനകൾ അനന‍്യമാണ്. ഓർമയിൽ വന്ന കുറച്ചു പേരുകൾ പറഞ്ഞെന്നേയുള്ളൂ. ഇത്തരത്തിൽ പ്രശസ്തരായ പാലാക്കർ നിരവധിയുണ്ട്.
? സമുദായത്തിന് ചരിത്രബോധം വല്ലാതെ നഷ്ടപ്പെട്ടുപോകുന്നുണ്ടോ
ഉവ്വ്, സംഭവിക്കുന്നുണ്ട്. പാറേമ്മാക്കലച്ചന്‍റെ വർത്തമാനപുസ്തകം നമ്മൾ വളരെയധികം വായിക്കേണ്ടതാണ്. കനിമൂസ ബർണാഡ് തോമ്മാച്ചന്‍റെയും കൂടപ്പുഴയച്ചന്‍റെയുമൊക്കെ ചരിത്രപുസ്തകങ്ങളും. ചരിത്രമറിയാതെ പോകുന്പോൾ നമുക്ക് അടിത്തറയില്ലാതെ പോവുകയാണ്. പുതിയ തലമുറ അതൊക്കെ അറിഞ്ഞിരിക്കണം.
? സമുദായ ശക്തീകരണത്തിൽ ക്രൈസ്തവർ പ്രത്യേകിച്ച് സീറോമലബാർ സഭാ സമൂഹം പിന്നോട്ടു പോകുന്നുണ്ടോ
സമുദായം കൂടുതൽ ശക്തിപ്പെടണമെങ്കിൽ നമുക്ക് കൂടുതൽ അംഗങ്ങൾ വേണം. പാലായിൽനിന്ന് ഇത്രയും വൈദികരുണ്ടാകാൻ കാരണം നല്ല പ്രാർഥനയുള്ള കുടുംബങ്ങളുടെ പശ്ചാത്തലമാണ്. കുടുംബത്തിൽ ഏഴും എട്ടും കുട്ടികളൊക്കെ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സന്യാസജീവിതത്തിലേക്ക് കൂടുതൽ പേർ എത്തിയിരുന്നു. സന്യസ്തജീവിതം തെരഞ്ഞെടുത്ത സഹോദരങ്ങളുടെയും കൂട്ടുകാരുടെയുമൊക്കെ മാതൃക പിന്തുടർന്നാണ് കൂടുതൽ പേർ ഈ വഴി തെരഞ്ഞെടുത്തിരുന്നത്. സമുദായം ബലഹീനമാകുന്നതിന്‍റെ പ്രധാന കാരണം കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്നു എന്നതാണ്.
? വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ രൂപതയുടെ പദ്ധതികളെന്തൊക്കെയാണ്
സാന്പത്തികമുൾപ്പെടെ പല കാര്യങ്ങളിലും പിന്തുണ കൊടുക്കുന്നു. നാലു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങളിലെ മാതാപിതാക്കൾക്ക് ജോലിക്ക് യോഗ്യതയുണ്ടെങ്കിൽ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളിൽ നിയമനം നൽകുന്നുണ്ട്. 22 പേർക്കെങ്കിലും ഇത്തരത്തിൽ പോസ്റ്റിംഗ് നൽകിയിട്ടുണ്ട്. പ്രോ ലൈഫ് പ്രവർത്തനങ്ങൾ ശക്തമാണ്. നമ്മുടെ ആശുപത്രികളിൽ ഗർഭഛിദ്രം കർശനമായി വിലക്കിയിരിക്കുന്നു.
? ഇത്തരം പ്രോത്സാഹനങ്ങൾക്കുള്ള ഫലം
ഉണ്ടെന്നാണ് എന്‍റെ അനുഭവം. വളരെയധികം ഉണ്ടായിട്ടില്ലെങ്കിലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
? കാർഷികമേഖലയിലെ തകർച്ച സമുദായത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്
കാർഷികമേഖലയിലെ തകർച്ച മൂലം നമ്മുടെ സമുദായത്തിലെ ഒട്ടേറെ അംഗങ്ങൾ സാന്പത്തികപ്രയാസം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങൾ. ഒട്ടനവധി കുടുംബങ്ങൾ രണ്ടോ മൂന്നോ ഏക്കർ സ്ഥലത്തിന്‍റെ ഉടമകളാണ്. റബർ വെട്ടിയും പശുവിനെ വളർത്തിയുമൊക്കെയാണ് ഇത്തരക്കാർ പിടിച്ചുനിൽക്കുന്നത്. കടക്കെണിയും വന‍്യമൃഗശല‍്യവും ഉത്പന്നങ്ങളുടെ വിലക്കുറവും വർധിച്ചുവരുന്ന കൂലിച്ചെലവുമൊക്കെ പ്രശ്നങ്ങളാണ്. ഏതാണ്ട് അറുപതിൽ കൂടുതൽ മലയോര ഇടവകകൾ രൂപതയ്ക്കുണ്ട്. പ്രയാസമനുഭവിക്കുന്ന ഇടത്തരക്കാരെ സാന്പത്തികമായി സഹായിക്കുന്നതിനുള്ള ശ്രമവുമുണ്ട്.
? കാർഷികമേഖലയിൽനിന്ന് സംരംഭകത്വത്തിലേക്കു മാറുന്നതിൽ ക്രൈസ്തവ സമുദായം വിമുഖത കാട്ടുന്നുവെന്ന അഭിപ്രായത്തോട്…
ശരിയാണ്. പണ്ടൊക്കെ രണ്ടോ മൂന്നോ ഏക്കർ സ്ഥലത്തെ റബറും തേങ്ങയും കുരുമുളകും ഉൾപ്പെടെയുള്ള ആദായം ജീവിക്കാൻ പര്യാപ്തമായിരുന്നു. കുട്ടികളെ പഠിപ്പിക്കാനും മറ്റും അതു മതിയായിരുന്നു. ഇന്ന് കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവു മൂലം അത് മൂല‍്യവർധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ മാത്രമേ പിടിച്ചുനിൽക്കാനാവൂ. കർഷക കൂട്ടായ്മകളും ദളങ്ങളും ബാങ്കും ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനികളുമെല്ലാം ആരംഭിച്ച് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ രൂപത പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വയലിൽ പിതാവിന്‍റെ കാലം മുതൽ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. പള്ളിക്കാപറന്പിൽ പിതാവും പ്രോത്സാഹിപ്പിച്ചു. ഇത്തരം സംരംഭങ്ങളിൽ ഒട്ടേറെപ്പേർക്ക് ജോലി കൊടുക്കാനും സാധിച്ചു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അഞ്ചേക്കർ സ്ഥലം ഇത്തരം സംരംഭങ്ങൾക്കു കൊടുക്കാൻ സാധിച്ചു.
ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളിലെ എൻജിനിയറിംഗ് കോളജുകളിലെയും എയ്ഡഡ് കോളജുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എന്‍റർപ്രണർഷിപ് പ്രോത്സാഹിപ്പിക്കുന്നത് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ഇതുവഴി സ്വയം തൊഴിലിനുള്ള സാധ്യത കണ്ടെത്താനും ജോലിസാധ്യതയോടുകൂടി പഠിക്കാനും കുട്ടികളെ പ്രാപ്തരാക്കൻ പരിശ്രമിക്കുന്നു.
? സഭയും സമുദായവും നേരിടുന്ന മറ്റു പ്രധാന വെല്ലുവിളികൾ
സഭയും സമുദായവും രണ്ടു വ്യത്യസ്തമായ യാഥാർഥ്യങ്ങളാണല്ലോ. സമുദായം ഇപ്പോൾ ബലഹീനമായിക്കൊണ്ടിരിക്കുന്നത് വിശ്വാസത്തിലെ കുറവിനേക്കാൾ ഉപരിയായി മദ്യം, മയക്കുമരുന്ന് തുടങ്ങിയയോടുള്ള ആസക്തികൊണ്ടുകൂടിയാണ്. സാന്പത്തികാസൂത്രണത്തിലെ പോരായ്മയും ധൂർത്തും ധാരാളിത്തവുംകൊണ്ടു കടക്കെണിയിൽപ്പെടുന്നതും മറ്റൊരു ദുരവസ്ഥയാണ്. ഇവിടത്തെ യുവജനങ്ങൾ ഏറെക്കുറെ സംഘടിതരാണ്. യുവജനങ്ങൾക്കുവേണ്ടി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ദളിത് ക്രൈസ്തവർ ഏറെയുള്ള രൂപതയാണിത്. അവർക്കുവേണ്ടി പലവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഉദാഹരണമാണ് പാലാ ഹോം പ്രോജക്ട്.
? പാലാ ഹോം പ്രോജക്ട് രൂപപ്പെട്ടത് …
എന്‍റെ വീട് ഒരു കുന്നിന്‍മുകളിലാണ്. അതുകൊണ്ടുതന്നെ സൗകര്യമുള്ള ഒരു വീടിന്‍റെ കുറവ് എനിക്കു നന്നായി മനസിലാകും. ഹോം മിഷനുവേണ്ടി കണക്കെടുത്തപ്പോൾ പാലാ രൂപതയിൽ രണ്ടായിരത്തിലേറെ കുടുംബങ്ങൾ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരായിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇക്കാര്യം വളരെ ഗൗരവത്തിലെടുത്തു. മൂന്നുവർഷംകൊണ്ട് 1200 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി വീടുകൾ നിർമിക്കാനായി. ജൂബിലിവർഷത്തിൽ അത് രണ്ടായിരത്തിലെത്തിക്കുകയാണ് ലക്ഷ‍്യം. വൈദികരുടെയും അല്മായരുടെയും ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ഉണ്ടാകുന്നത്. രണ്ടും മൂന്നും ഏക്കർ ഭൂമിവരെ സംഭാവന ചെയ്തവരുണ്ട്. സമുദായത്തെ ബലപ്പെടുത്തുന്ന പ്രധാന കാര്യം അവർക്ക് ആത്മീയത പകർന്നുകൊടുക്കുന്നതിനൊപ്പം ഭൗതികമായും ശക്തിപ്പെടുത്തുക എന്നതാണ്. പാലാ ഹോം പ്രോജക്ട് അത്തരത്തിൽ ഏറെ പ്രാധാന‍്യമർഹിക്കുന്നതാണ്.
? മദ്യവും മയക്കുമരുന്നും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ
മദ്യവും മയക്കുമരുന്നും ഇന്നത്തെപ്പോലെ പ്രതിസന്ധികൾ സൃഷ്ടിക്കാത്ത കാലത്തും രൂപത ഇക്കാര്യത്തിൽ ബദ്ധശ്രദ്ധ ചെലുത്തിയിരുന്നു. അതിന്‍റെ ഭാഗമാണ് രൂപതയിലെ അഡാർട്ട് എന്ന സ്ഥാപനം. അതൊരു ഡി അഡിക്‌ഷൻ സെന്‍ററാണ്. അത് ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു കാര്യം അവിടെ ചികിത്സയ്ക്കെത്തുന്നവരിൽ ഭൂരിഭാഗവും രൂപതയ്ക്കു പുറത്തുള്ളവരാണ്. അത് സ്വന്തം നാട്ടിൽ ചികിത്സയ്ക്കു വിധേയമാകാൻ ഇത്തരക്കാർക്കു മടിയുള്ളതുകൊണ്ടാകാം. മദ്യം, മയക്കുമരുന്ന് ഇവയ്ക്കൊക്കെ അടിമകളായവരെ ചികിത്സിക്കാൻ ചേർപ്പുങ്കൽ മെഡി സിറ്റിയിൽ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട എല്ലാ വിദ്യാർഥികൾക്കും ലഹരിക്കെതിരേ ബോധവത്കരണ ക്ലാസുകൾ കൊടുക്കാറുണ്ട്. മയക്കുമരുന്നിന്‍റെ ഉപയോഗംമൂലം വളരെയേറെ ദുർബലപ്പെട്ടുപോയ ഒട്ടേറെ യുവാക്കളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ സാധിച്ചിട്ടുണ്ട്.
? സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച്
പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ കീഴിലുള്ള ഇന്‍റർ ഡയോസിഷൻ സഹകരണത്തിലാണ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. മാർ ജോസഫ് പവ്വത്തിലിന്‍റെ ആശയമായിരുന്നത്. രൂപതയുടെ കണ്ണായ രണ്ടേക്കർ സ്ഥലം ഇതിനുവേണ്ടി കൊടുത്ത് അവിടെ കെട്ടിടം പണിതു. വളരെ വിപുലമായ രീതിയിൽ നടത്തുന്ന ഈ സ്ഥാപനത്തിന് അതിന്‍റെ മൂലധനം വച്ചുനോക്കുന്പോൾ അത്രയ്ക്കു വലിയ വളർച്ചയുണ്ടായിട്ടില്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ മാതാപിതാക്കൾ ഇതിനത്ര ഗൗരവം കൊടുക്കുന്നില്ല എന്നുള്ളതാണ് സത്യം. ഡിഗ്രിക്കു പഠിക്കുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ കോഴ്സിനൊപ്പം ആഡ് ഓണ്‍ കോഴ്സിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഈ അവസരങ്ങളൊന്നും വേണ്ടത്ര പ്രയോജനപ്പെടുത്താറില്ല എന്നുള്ളതാണ് സങ്കടകരം. മറ്റു സമുദായക്കാർ ഇത്തരം അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതു കാണാം. നമ്മുടെ കോളജുകളിലെ ഉന്നതവിദ്യാഭ്യാസ സൗകര‍്യംപോലും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. നമ്മുടെ കുട്ടികൾ കൂടുതലും വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലാണ്. ഇതു നമ്മൾ തിരിച്ചറിയണം.
? കേരളത്തിൽ സാമുദായിക വിള്ളലുകൾ സംഭവിക്കുന്നതായി അങ്ങു കരുതുന്നുണ്ടോ
ഉണ്ടായിരിക്കാം. വ്യത്യസ്ത സമുദായങ്ങളുമായി ഒന്നിച്ചു മുന്നോട്ടുപോകുന്നതിൽ ഒരു ബുദ്ധിമുട്ടും നമ്മൾ കാണിക്കേണ്ടതില്ല. തീവ്രവാദ നിലപാടുകൾ എവിടെയാണെങ്കിലും നല്ലതല്ല. ഒരുപക്ഷേ, എന്തെങ്കിലും ജീവിതസാഹചര്യങ്ങൾകൊണ്ടോ അനുഭവങ്ങൾകൊണ്ടോ ഒക്കെയായിരിക്കാം ചിലർ ഇങ്ങനെ പ്രവർത്തിക്കുന്നത്. പക്ഷേ, നമ്മൾ ഒരിക്കലും തീവ്രവാദ സ്വഭാവം പുലർത്തേണ്ടവരല്ല. ഹിഡൻ അജൻഡയുമായി പ്രവർത്തിക്കുന്നവരുണ്ടാകാം. അതു നമ്മൾ തിരിച്ചറിയണം.
പാലാ രൂപതയുടെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം സീറോമലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരി തെളിച്ച് നിര്‍വഹിക്കുന്നു