കുഞ്ഞിന് ഒന്നും
സംഭവിക്കരുതേ….

എൻ്റെ ഒരു ചങ്ങാതി വിളിക്കുമ്പോൾ ഞാൻ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാൻ തിരിച്ചുവിളിച്ചു.
‘അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…”
ആ വാക്കുകളിൽ അവരുടെ ശബ്ദം ഇടറുന്നത് ഞാൻ തിരിച്ചറിഞ്ഞു.

“നിനക്കെന്തു പറ്റി ശബ്ദം വല്ലാതിരിക്കുന്നല്ലോ?”
ഞാൻ ചോദിച്ചു.

“അച്ചാ, മോളെയും കൊണ്ട് ഇന്ന് ആശുപത്രിയിൽ പോയിരുന്നു. ബ്രെയിനിന് ഒരു എം.ആർ.ഐ സ്കാൻ വേണമെന്നാ ഡോക്ടർ പറയുന്നത്…..”
അവൾ വിതുമ്പി.

“നമുക്ക് പ്രാർത്ഥിക്കാം.
എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടുപിടിക്കപ്പെടാൻ വേണ്ടി വേണം നമ്മുടെ പ്രാർത്ഥന. കുർബാനയിൽ ഓർക്കാം. കൂടെയുള്ള മറ്റ് അച്ചന്മാരോടും പറയാം.”

ഇങ്ങനെയുള്ള വാക്കുകളോടെ ഞാനവളെ ആശ്വസിപ്പിച്ചു.

ഫോൺ വയ്ക്കുന്നതിനു മുമ്പ് അവളിങ്ങനെക്കൂടി പറഞ്ഞു:
“എനിക്കെന്തെങ്കിലും വന്നാൽ കുഴപ്പമില്ല….
എന്നാൽ എൻ്റെ മോൾക്ക്….
എനിക്കത് സഹിക്കാൻ പറ്റില്ലച്ചാ…”

അവൾ ഫോൺ വച്ചതിൻ്റെ പിന്നാലെ അവളുടെ ജീവിത പങ്കാളിയും വിളിച്ചു.
“നിൻ്റെ ഭാര്യ വിളിച്ച് ഇപ്പോൾ വച്ചതേയുള്ളൂ.”
ഞാൻ പറഞ്ഞു.
”അവൾ ആകെ അപ്സറ്റ് ആണച്ചാ. കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോകുന്നത് കണ്ട് ഞാൻ മുറ്റത്തേക്കിറങ്ങിയതാ.
എന്തായാലും അച്ചൻ കൊച്ചിനു വേണ്ടിയും അവൾക്കുവേണ്ടിയും പ്രാർത്ഥിക്കണം….”

അവനും ഇടറിയ ശബ്ദത്തിൽ
കാര്യം പറഞ്ഞ് ഫോൺ വച്ചു.

പന്ത്രണ്ടു വയസുകാരി മകൾക്ക്
ഒരു വയ്യായ്ക വന്നപ്പോൾ എത്ര പെട്ടന്നാണ് മാതാപിതാക്കളുടെ ഹൃദയമുരുകുന്നത്.
“എനിക്കെന്തെങ്കിലും വന്നാൽ കുഴപ്പമില്ല… മക്കൾക്ക് വരരുത് “
എന്ന് ചിന്തിക്കുന്നവരായിരിക്കും
എല്ലാ മാതാപിതാക്കളും തന്നെ.

ഇങ്ങനെയൊരു പിതാവിനെയാണ്
ഇന്ന് സുവിശേഷത്തിൽ നമ്മൾ കണ്ടുമുട്ടുന്നത്‌.
സിനഗോഗധികാരിയായ ജായ്റോസ്.
“അവന്‍ യേശുവിനെക്കണ്ട്‌
കാല്‍ക്കല്‍ വീണ്‌ അപേക്‌ഷിച്ചു:
എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്‌, അവളുടെമേല്‍ കൈകള്‍വച്ച്‌,
രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!”
(മര്‍ക്കോ 5 : 22-23).

അയാളുടെ മിഴിനീർ പതിച്ച് ക്രിസ്തുവിൻ്റെ ഹൃദയമലിയുന്നതും
”ബാലികേ എഴുന്നേൽക്കൂ”
എന്നു പറഞ്ഞ് ആ മകളെ തിരികെ ജീവനിലേക്ക് കൊണ്ടുവരുന്നതും
പിന്നീട് നമ്മൾ വായിക്കുന്നുണ്ട്.

മക്കൾക്ക് രോഗം വരരുതെന്നും
അവരുടെ അസുഖം ഞങ്ങൾക്ക് വന്നാലും കുഴപ്പമില്ലെന്നും ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും.

എന്നാൽ, മക്കളോ?

“അപ്പൻ്റെയും അമ്മയുടെയും രോഗം ഞങ്ങൾക്കു വന്നോട്ടെ,
മാതാപിതാക്കൾക്ക്
ഒന്നും വരുത്തരുതേ….
എന്ന് പ്രാർത്ഥിക്കുന്ന
എത്ര മക്കളുണ്ട്?”

അപ്പൻ്റെയും അമ്മയുടെയും
ഹൃദയം സ്വന്തമാക്കാൻ ദൈവം
എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ!

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്