മുകളേലച്ചന് നന്ദിയോടെ യാത്രാ മംഗളങ്ങൾ . . .

കഴിഞ്ഞ അഞ്ചുവർഷക്കാലം ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷകൾക്ക് സ്തുത്യർഹമായ നേതൃത്വം നൽകിയ ശേഷം എറ്റുമാനൂർ ക്രിസ്തുരാജാ പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ജോസ് മുകളേൽ അച്ചന് അതിരൂപതാ പ്രോ-ലൈഫ് പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി.

മനുഷ്യ ജീവന് എതിരായ തിൻമകൾ, തിരിച്ചറിയാൻ കഴിയാത്ത വിധം മാരീചനെപ്പോലെ പ്രശ്ഛന്ന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ ശുശ്രൂഷകൾ നിർവഹിക്കുക അത്യന്തം ദുഷ്ക്കരമാണ്.

കഴിഞ്ഞ അഞ്ചുവർഷക്കാലവും പ്രശ്ഛന്ന വേഷത്തിലെത്തിയ തിൻമകളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിഷേധവും പ്രതിരോധവും തീർക്കുവാൻ അതിരൂപതാ പ്രോ-ലൈഫ് സെല്ലിന് കഴിഞ്ഞത് അച്ചന്റെ മികവുറ്റ ആത്മീയ നേത്യത്വത്തിൻ കീഴിലാണ്.

MTP ആക്ടിന് എതിരെ നടത്തിയ വിവിധ സമരപരിപാടികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, വിവാഹേതര ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയ കോടതി വിധികൾക്കെതിരെ 75 പോസ്റ്റ് ഓഫീസുകൾ പിക്കറ്റ് ചെയ്തു കൊണ്ട് നടത്തിയ സമര പരിപാടികൾ ഒക്കെയും ജ്വലിക്കുന്ന പോരാട്ടത്തിന്റെ ഓർമ്മകളായി ഓരോ ഇടവകയിലും ഇന്നും എരിയുന്നുണ്ട്.അതിരൂപതയിലെ വലിയ കുടുംബങ്ങൾക്ക് അതിരൂപതയുടെ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചികിത്സാ / വിദ്യാഭ്യാസ സൗജന്യങ്ങൾ ഉറപ്പു നൽകുന്ന ക്ഷേമ പദ്ധതി നടപ്പാക്കിയത് അച്ചന്റെ നേതൃത്വത്തിൽ കീഴിലാണ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു.

ജീവന് നേരെയുളള ഭീഷണികൾക്കെതിരായി ദൈവതിരുമുമ്പിൽ ഉയരുന്ന നിലവിളിയാണ് എല്ലാ നാലാം വെള്ളിയാഴ്ചയും ചങ്ങനാശ്ശേരി പാറേൽ പള്ളിയിൽ ജീവന്റെ സ്നേഹിതർ ഒത്തുചേർന്ന് നടത്തുന്ന മധ്യസ്ഥ പ്രാർത്ഥന. അച്ചൻ തുടക്കം കുറിച്ച ഈ പ്രാർത്ഥനാ ചൈതന്യം ഇന്ന് അതിരൂപതയിലെ ഓരോ ഇടവകകളിലേയ്ക്കും കത്തിപ്പടർന്നു കൊണ്ടിരിക്കുന്നു.

ജീവൻ സേന എന്നറിയപ്പെടുന്ന പ്രോലൈഫ് പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് അതിരൂപതയിലെ എല്ലാ ഇടവകകളിലും ഉണ്ട് .അതിരൂപതയുടെ കുടുംബ പ്രേഷിത ശുശ്രൂഷകൾക്ക് മികച്ച നേത്യത്വം നൽകിക്കൊണ്ടിരുന്ന അച്ചൻ കാലത്തിന്റെ പൂർണതയിൽ, ഈശോ നൽകിയ പുതിയ ദൗത്യവുമായി ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ ഇന്ന് ഇടവകയുടെ സ്വന്തം അജപാലകനായി ചുമതലയേൽക്കുകയാണ്.

ദൈവഹിതപ്രകാരം തന്നെ ദൈവം ഭരമേൽപ്പിച്ച ശുശ്രൂഷകൾ തുടർന്നും നിർവ്വഹിക്കുവാൻ വേണ്ട അഭിഷേകം ഈശോ സമ്യദ്ധമായി അച്ചനിൽ നിരന്തരം വർഷിക്കട്ടെ എന്ന് ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ അനുമോദനങ്ങളും നന്ദിയും അർപ്പിക്കുന്നു .

സാബു ജോസ് ,

സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,

നിങ്ങൾ വിട്ടുപോയത്