ഷംഷാബാദ് രൂപതയുടെ കീഴിൽ ചങ്ങനാശ്ശേരി അതിരൂപത ഏറ്റു നടത്തുന്ന ജയ്പൂർ മിഷനിലാണ് പുതിയ ദൈവാലയവും അജപാലനമന്ദിരവും ജനുവരി 4 നു അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് ആശീവദിച്ചത്.

ഷംഷാബാദ് രൂപതയുടെ വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട ജെയിംസ് പാലയ്‌ക്കൽ, ഇറ്റാവ മിഷൻ സുപ്പീരിയർ പെരിയ ബഹുമാനപ്പെട്ട തോമസ് എഴിക്കാട്ട് എന്നിവർ സഹകർമ്മിക്കാരായി.

രാജസ്ഥാന്റെ തലസ്ഥാനമായ ജയിപ്പൂരിൽ ജോട്ട് വാര എന്ന സ്ഥലത്താണ് സീറോ മലബാർ സഭാ മക്കളുടെ ചിരകാല അഭിലാഷമായ ദൈവാലയം ഉയരുക. തോമാശ്ലീഹയുടെ നാമത്തിലുള്ള ഈ ദൈവാലയത്തിന്റെ ശിലാ സ്ഥാപനം 2020 ജനുവരി 29നു ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ തോമസ് തറയിൽ പിതാവ് നിർവഹിച്ചു. തുടർന്നുള്ള ഒരുവർഷം വികാരി ബഹുമാനപ്പെട്ട വിൽ‌സൺ പുന്നക്കാലായിൽ അച്ചനും ഇടവകജനങ്ങൾക്കും കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. “ദൈവമേ ഈ പ്രദേശത്തെ ദൈവാനുഭവത്താൽ സമ്പന്നമാക്കുന്നതിനും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനും തങ്ങളുടെ മാതൃ സഭയുടെ ആരാധനാക്രമവും പാരമ്പര്യങ്ങളും നിലനിർത്തുന്നതിനുമായി ഉചിതമായ ഒരു സ്ഥലം കണ്ടെത്തി അങ്ങേയ്ക്ക് ഒരു ആരാധനാലയം നിർമ്മിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” നാളുകളേറെയായി ഹിന്ദിഹൃദയ ഭൂമിയിൽനിന്നുള്ള നസ്രാണികളുടെ ഈ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരമരുളിയിരിക്കുകയാണ്.

2021 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ജോട്ട്വാരയിലെ സിറോ മലബാർ കുടുംബങ്ങൾ ഈ പ്രാർത്ഥനകൾ ഓരോന്നായി സഫലമാകുന്നതിന് ദൈവത്തിന് കൃതഞ്ജതയർപ്പിക്കുകയാണ്. ദൈവത്തിന്റെ അനന്ദമായ സ്നേഹവും, വലിയ കരുണയും ജോട്ട്വാരയിലെ വിശ്വാസ സമൂഹത്തിന്റെ തീക്ഷണതയും, കഠിനാധ്വാനവും സമാഗമിക്കുന്ന ഈ ആനന്ദവേളയിൽ ഇടവക വികാരി ഫാ. വിൽസൻ പുന്നക്കാലയിൽ കടന്നുപോയ വഴികളെ നന്ദിയോടെ ഇടവക ജനം ഓർത്തെടുക്കുകയാണ്.

അബ്രാഹമെന്ന ഒരു മനുഷ്യനെ ദൈവം ഒരു ജനതയുടെ പിതാവാക്കിയതുപോലെ പിറകോട്ട് നോക്കുമ്പോൾ ദൈവത്തിന്റെ വലിയ കാരുണ്യമാണ് ജോട്ട് വാരയിലെ വിശ്വാസ സമൂഹം സാക്ഷ്യം വഹിക്കുന്നത്. സ്വന്തമായി ഒരു ദൈവാലയം തങ്ങളെക്കൊണ്ട് സാധ്യമാകുമെന്ന് അവർ കരുതിയിരുന്നില്ല. എന്തിന് തങ്ങൾക്ക് വിശ്വാസം ലഭിച്ച പാരമ്പര്യത്തിൽ ഒരു വി. ബലിയിൽ പങ്ക് ചേരാൻ കഴിയുമെന്ന സാധ്യത അങ്ങ് വിദൂരത്തായിരുന്നു. ഇവിടെയാണ് അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവത്തിന്റെ വലിയ കാരുണ്യത്തിന്റെ നാളുകൾ അവർ ഓർത്തെടുക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ചങ്ങനാശ്ശേരി അതിരൂപ താ വൈദികനായ സെബാസ്റ്റ്യൻ ശൗര്യമാക്കൽ അച്ചനാണ് അഭി. പെരുംന്തോട്ടം മെത്രാപ്പോലിത്തായുടെ നിർദ്ദേശ പ്രകാരം ജയ്പ്പൂരിലെ സിറോ മലബാർ വിശ്വാസികളെ ഒരുമിച്ച് കൂട്ടുന്നത്. അന്ന് വീടുകളിലാണ് വി. കുർബ്ബാന പരികർമം ചെയ്തിരുന്നത്. പിന്നീട് ജയ്പ്പൂരിൽ നിയമിതനായ ബഹു. മെൽവിൻ പള്ളി കിഴക്കേതിലച്ചനും ഈ ശുശ്രൂഷക്ക് നേതൃത്വം നല്കി. തുടർന്ന് വന്ന പെരി. ബഹു. പോൾ പീടിയക്കേൽ അച്ചൻ ജയ്പൂരിൽ നിന്ന് ഇരുപത് കിലോമീറ്റർ ദൂരത്തായ് സഥിതി ചെയ്യുന്ന ജോട്ട്വാരയിലെ വിശ്വാസ സമൂഹത്തിന്റെ ആവശ്യം മനസിലാക്കി അവർക്ക് സ്വതന്ത്രമായ ആരാധനാ സംവിധാനം വേണം എന്ന കാര്യം സഭാനേത്യത്വത്തെ അറിയിക്കുന്നത്. അങ്ങനെ 2018 മാർച്ച് 19 ാം തീയതി പെരി. ബഹു. പോൾ പീടിയേക്കൽ അച്ചൻ ഇമ്മാനുവേൽ സ്കുളിൽ വി. ബലി അർപ്പിച്ച് കൊണ്ട് ജയ്പൂർ സിറ്റി പാരിഷിൽ നിന്ന് ജോട്ട്വാരയെ വേർതിരിച്ച് വിശുദ്ധ തോമ്മാ ശ്ലീഹായുടെ നാമത്തിൽ പുതിയ ഒരു ഇടവകക്ക് ഔദ്യോഗികമായി ആരംഭം കുറിച്ചു.

ബഹു. പാസ്റ്റർ ജോൺ മാത്യു നേതൃത്വം നല്കുന്ന ഇമ്മാനുവേൽ മിഷൻ, ഞയറാഴ്ചകളിൽ വി.കുർബ്ബാനയർപ്പിക്കുവാൻ അവരുടെ സ്കൂൾ വിട്ട് നല്കിയത് സെന്റ് തോമസ് ഇടവകയുടെ വളർച്ചയിലെ വലിയ ദൈവകാരുണ്യത്തിന്റെ സാക്ഷ്യമാണ്. അതേവർഷം തന്നെ ബഹു. വിൽസൻ പുന്നക്കാലയിൽ അച്ചൻ ഇടവകയുടെ വികാരിയായി നിയമിതനായി.അച്ചൻ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് താമസിക്കുവാൻ സൗകര്യം ഉണ്ടായിരുന്നില്ല. ഇരുപത് കിലോമീറ്റർ യാത്ര ചെയ്താണ് അദ്ദേഹം വി.കുർബാനക്കായ് ജോട്ട് വാരയിൽ എത്തിയിരുന്നത്.

അങ്ങനെ 2018 ജൂലൈ മൂന്നാം തിയതി ഒരു വാടക കെട്ടിടത്തിൽ വൈദിക മന്ദിരവും ഇട ദിവസങ്ങളിൽ അതിന്റെ ഹാളിൽ വി.ബലിയർപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമൊരുക്കി. 2019 ൽ ഇടവകയിലേക്ക് കടന്ന് വന്ന ASMI സിസ്റ്റേഴ്സ് ഇടവകയുടെ കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് നല്കുന്നത്. സ്വന്തമായി ഒരു ഭവനമില്ലെങ്കിലും ദൈവപരിപാലനത്തിൽ ആശ്രയം വച്ച് ഇടവകയിൽ അവർ നിസ്വാർത്ഥമായി ശുശ്രൂഷ ചെയ്ത് വരുന്നു. . ദൈവമായ മിശിഹായ്ക്ക് ആരാധന നല്കുവാൻ സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാവണം എന്ന ഇടവകയുടെ ഏറെ നാളത്തെ ആഗ്രഹവും പ്രാർത്ഥനയും സഫലമാകുന്നത് ഇറ്റവ മിഷനിലെ വൈദികരുടെയും ചങ്ങനാശ്ശേരി അതിരൂപതയുടേയും രൂപതയിലെ വിവിധ ഇടവകകളുടെയും അകമഴിഞ്ഞ സഹായം കൊണ്ടാണ്. അങ്ങനെ ഇറ്റാവ മിഷന്റെ സഹായത്താൽ 2019 ഡിസംബർ 12 ന് ഇടവകക്ക് വേണ്ടി ഒരു കെട്ടിടം സ്വന്തമായി വാങ്ങാൻ കഴിഞ്ഞു. 2020 ജനുവരി 29 ന് ചങ്ങനാശ്ശേരി അതിരുപതയുടെ സഹായ മെത്രാൻ ഈ പുതിയ സ്ഥലത്ത് ഒരു ദൈവാലയവും വൈദിക മന്ദിരവും നിർമിക്കുന്നതിന് വേണ്ടി കല്ലിട്ടത്

2021 ജനുവരിയിൽ ഒരു ആരാധനാലയമായി ദൈവം രൂപാന്തരപ്പെടുത്തി. വികാരിയച്ചനൊപ്പം ഇടവകാംഗങ്ങൾ തീക്ഷണതയോടെ രാപകലില്ലാതെ ആദ്ധ്വാനിക്കുകയും തങ്ങളുടെ സാമ്പത്തിൽ നിന്ന് എന്റെ ദൈവത്തിനുള്ള പങ്ക് നിസ്വാർത്ഥമായി നല്ക്കുകകൂടെ ചെയ്തപ്പോൾ മാർതോമ്മാ നസ്രാണിക്ക് അവന്റെ ആരാധന ക്രമവും പാരമ്പര്യവും മനുസരിച്ച് ദൈവത്തെ ആരാധിക്കാൻ ഒരു ആലയമായി.

പകൽ ജോലിക്ക് പോവുകയും രാത്രിമുഴുവൻ ദൈവാലയത്തിന് വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നത് ജോട്ട് വാരയിലെ കുടുംബനാഥൻമ്മാരുടെ ശീലമായെങ്കിൽ പകൽ രാത്രി വ്യത്യാസമില്ലാതെ ജപമാല കൈകളിലേന്തി ഉപവാസവും പ്രായശ്ചിത്തവുമായ് തമ്പുരാന് എത്രയും വേഗം ആരാധനാലയം സാദ്ധ്യമാകുന്നതിന് വേണ്ടി അമ്മമാർ തീക്ഷണമായി പ്രാർത്ഥിക്കുന്നത് അവരുടെ ഹൃദയത്തിന്റെ താളമായി മാറി.

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.