എത്ര കൃപനിറഞ്ഞതും ശാന്തവുമായിരുന്നു മൃതസംസ്ക്കാരകർമ്മങ്ങൾ. പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിലും തിരക്കനുഭവപ്പെടാത്ത ക്രമീകരണങ്ങൾകൊണ്ട് അഭിവന്ദ്യ പിതാവിനെ നിങ്ങൾ ബഹുമാനിച്ചു.
അനുശോചനസന്ദേശങ്ങൾ നല്കിയ എല്ലാ അഭിവന്ദ്യ പിതാക്കന്മാരുടെയും വാക്കുകൾ പവ്വത്തിൽ പിതാവിന്റെ വ്യക്തിത്വത്തിന്റെ വജ്രശോഭ വെളിപ്പെടുത്തുന്നവയായിരുന്നു.
പ്രത്യേകിച്ചും സഭാചരിത്രത്തിൽ അഭിവന്ദ്യ പവ്വത്തിൽ പിതാവിനെ പ്രതിഷ്ഠിക്കേണ്ടിടത്തു വ്യക്തമായി പ്രതിഷ്ഠിച്ച അഭിവന്ദ്യ പിതാക്കൻമാരുടെ വാക്കുകളോർത്ത് അഭിമാനിക്കുന്നു.
സർക്കാരും രാഷ്ട്രീയനേതൃത്വങ്ങളും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം എത്ര ഔദാര്യത്തോടെയാണ് അഭി. പിതാവിനെ യാത്രയാക്കാൻ ചേർന്നു നിന്നത്.
ആശയവ്യത്യാസങ്ങൾക്കപ്പുറത്ത് ഒരു യുഗപുരുഷന്റെ മഹത്വം മനസിലാക്കി ആദരവു നല്കിയ നിങ്ങൾ വൈരനിര്യാതനബുദ്ധി നിറഞ്ഞ ഈ വർത്തമാനകാലത്തിന്റെ പ്രതീക്ഷകളാണ്.