കോട്ടയം: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ന്യൂനപക്ഷ വകുപ്പ് ആവശ്യമായ നടപടികള്‍ക്കു തുടക്കം കുറിച്ചതായി ജസ്റ്റിന്‍ പള്ളിവാതുക്കല്‍. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഹൈക്കോടതിയിലെ ഈ കേസിന്റെ വാദിയും പാലക്കാട് രൂപതാംഗവുമായ ജസ്റ്റിന്‍. കേസില്‍ പ്രധാനമായും കോടതി പരിഗണിച്ചതു മൂന്നു കാര്യങ്ങളാണ്. ഭരണഘടനാപരമായ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ, 20 ശതമാനത്തിലെ ഒരു വിഹിതം ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും മാത്രം നല്‍കുന്നത് നിയമപ്രകാരം നിലനില്‍ക്കുമോ, 80:20 അനുപാതം നിലനില്‍ക്കില്ലെങ്കില്‍ വിതരണാനുപാതം എങ്ങനെയായിരിക്കണം എന്നിവയാണ് കോടതി പരിഗണിച്ച മൂന്നു കാര്യങ്ങള്‍. പരിശോധനയില്‍ ഭരണഘടനാ ലംഘനമുണ്ടെന്ന് കണ്ടെത്തി സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി റദ്ദു ചെയ്യുകയായിരുന്നു.

മതന്യൂനപക്ഷ വിഭാഗത്തെ ഒന്നായി കാണണമെന്നും അതില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവും പാടില്ലെന്നും ന്യൂനപക്ഷ നിയമത്തിന്റെയും ഭരണഘടനയുടെയും വെളിച്ചത്തില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും കോടതി കണ്ടെത്തി. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ നിലവിലുണ്ടായിരുന്ന 80:20 എന്ന വിവേചനപരമായ വ്യവസ്ഥകള്‍ മാത്രമാണ് കോടതി ഉത്തരവിലൂടെ റദാക്കപ്പെട്ടിട്ടുള്ളത്. നിലവിലുള്ള സ് കോളര്‍ഷിപ്പുകള്‍ റദ്ദാക്കപ്പെട്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനീതിപരമായ അനുപാതം മാത്രമാണ് ഇല്ലാതായത്. കേസ് സംബന്ധിച്ച നിയമ പോരാട്ടത്തിലൂടെ ഏതെങ്കിലും മതവിഭാഗത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാനോ ഇല്ലാതാക്കാനോ അല്ല ശ്രമിച്ചിട്ടുള്ളതെന്നും നാളുകളായി നിലനിന്നിരുന്ന ഒരു അനീതിയെ ചോദ്യം ചെയ്യുകയാണു ചെയ്‌തെന്നും ജസ്റ്റിന്‍ പറഞ്ഞു. 

നിങ്ങൾ വിട്ടുപോയത്