മാർച്ച് 25: പ്രോലൈഫ് ദിനം
ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം
മാർച്ച് 25 ന് ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശുശ്രൂഷാ കാലം അർജന്റീനയിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച ഈ ദിനം ഗർഭം ധരിച്ച നിമിഷം മുതൽ ഓരോ മനുഷ്യന്റെയും മൂല്യത്തിന്റെയും അന്തസ്സിന്റെയും ആഘോഷമാണ്, കൂടാതെ പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവരുടെ ഓർമ്മ ദിനവുമാണ്. അവരുടെ ജീവിതം ഗർഭച്ഛിദ്രത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും വിടുതൽ നേടിയതിന്റെ ഓർമ്മ ദിനമാണ്.

നമ്മുടെ പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ഈശോ ഗർഭസ്ഥ ശിശുവായി മാറിയ ദിവസത്തെ ആദരിക്കുന്നതിനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഈ ദിനത്തെപ്രോലൈഫ് ദിനമായി പ്രഖ്യാപിച്ചിരിക്കുന്നു.
“ജനങ്ങളുടെ അന്തസ്സിനും ജീവനും നേരെയുള്ള ആക്രമണങ്ങൾ നിർഭാഗ്യവശാൽ നമ്മുടെ കാലഘട്ടത്തിലും തുടരുന്നു … പുതിയ ഭീഷണികളും പുതിയ അടിമത്തവും ഞങ്ങൾ അഭിമുഖീകരിക്കുന്നു, ഏറ്റവും ദുർബലവും ദുർബലവുമായ മനുഷ്യജീവനെ സംരക്ഷിക്കാൻ നിയമനിർമ്മാണങ്ങൾക്ക് സാധിക്കുന്നില്ല ” കഴിഞ്ഞ മാർച്ച് 25 ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ജീവസമൃദ്ധിയുടെ സന്ദേശം ജീവിതത്തിൽ എല്ലാവരും ഏറ്റുവാങ്ങണമെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എപ്പോഴും പ്രോലൈഫ് പ്രസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്.സഭയുടെയും സമൂഹത്തിനെയും സംരക്ഷണത്തിൽ പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ പ്രാധാന്യം നിസ്തുലമാണെന്നും കർദിനാൾ എടുത്തുപറയുന്നുണ്ട്.
വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടതെന്ന് സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അഭിപ്രായം.സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂർത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നതെന്നും മാർ കല്ലറങ്ങാട്ട് പറയുന്നു.
സീറോ മലബാർ സഭയ്ക്ക് പ്രൊ ലൈഫ് അപ്പോസ്‌തലേറ്റിന് പ്രത്യേക വിഭാഗം തന്നെയുണ്ട്. സഭയുടെ കുടുംബം, അൽമായർ, ജീവൻ എന്നിവയുടെ കമ്മീഷൻ ഈ ശുശ്രുഷകൾക്ക് എല്ലാ പിന്തുണയും നൽകുന്നു.
ശ്രീ സാബു ജോസ് ആണ് ഈ അപ്പോസ്തലേറ്റിന്റെ പ്രഥമ എക്സിക്യൂട്ടീവ് സെക്രട്ടറി.കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹമിപ്പോൾ സമിതിയുടെ ആനിമേറ്ററായും പ്രവർത്തിക്കുന്നു.

വലിയ കുടുംബങ്ങളെ ആദരിക്കുവാനായി കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച ജീവസമൃദ്ധി പദ്ധതി വലിയ കുടുംബങ്ങൾക്ക് സമ്മാനിച്ച പ്രോത്സാഹനവും ധൈര്യവും വളരെ വലുതായിരുന്നു.കാഴ്ച പരിമിതരുടെ സ്നേഹസംഗമം കാഴ്ച പരിമിതർക്കൊപ്പം മൂക ബധിരരും ശാരീരിക വെല്ലുവിളി നേരിടുന്നവരും കൂടി ഒത്തുചേർന്നത് സീറോമലബാർ സഭയിലെ ലെയ്റ്റി, ഫാമിലി ലൈഫ് കമ്മീഷൻറെ ഭാഗമായി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിലാണ്.ആദ്യമായാണ് ഭാരതസഭയിൽ കാഴ്ച പരിമിതരുടെ പ്രഥമ സംഗമം 2019-ൽ നടന്നത്.
ഓരോ മനുഷ്യജീവന്റെയും സംരക്ഷണം ഉറപ്പാക്കാൻ കത്തോലിക്കാ സഭയ്ക്ക് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ട്, അത് വിലമതിക്കാനാവാത്ത മൂല്യവുമാണ്.കേരളത്തിൽ സീറോ മലബാർ സഭയിൽ വളരെ സജീവമായ പ്രോലൈഫ് സംവിധാനമുണ്ട്.സഭക്കകത്തും പുറത്തും രൂപപ്പെടേണ്ടതാണ് പ്രോലൈഫ് സംസ്കാരം. ജീവന് അനുകൂലമായ മനോഭാവങ്ങൾ എവിടെയും രൂപപ്പെടണം. ഓരോ കുഞ്ഞിന്റെയും ജനനം വെളിച്ചമായി പ്രാഘോഷിക്കപ്പെടുമ്പോൾത്തന്നെ വലിയ കുടുംബങ്ങൾ അനുഗ്രഹമാണെന്നും പ്ര ഘോഷിക്കപ്പെടണമെന്നുമാണ് സീറോ മലബാർ സഭാ പ്രോലൈഫ് നിരന്തരം ആവശ്യപ്പെടുന്നത്.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുവാൻ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റിന് സാധിച്ചു.വ്യക്തമായ നയവും കാഴ്ചപ്പാടും പ്രവർത്തന പദ്ധ്യത്തികളും പ്രൊ ലൈഫ് അപ്പോസ്‌തലേറ്റിനുണ്ട്. സീറോ മലബാർ സഭയിലെ മാതൃവേദി, ലൈറ്റിഫോറങ്ങൾ, കുടുംബയൂണിറ്റുകളുടെ സമതി, കുടുംബപ്രേക്ഷിത വിഭാഗം, അൽമായ പ്രസ്ഥാനങ്ങൾ എല്ലാം പ്രൊ ലൈഫ് ശുശ്രുഷകളിൽ സഹകരിക്കുന്നു.”മാതൃത്വം മഹനിയം, പെൺകുട്ടികൾ കുടുംബത്തിനും നാടിനും അനുഗ്രഹം ‘-എന്ന പേരിൽ ക്യാമ്പയിൻ നടന്നിരുന്നു. പെൺഭ്രുണഹത്യക്ക് എതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു.
ലോകമെമ്പാടുമുള്ള പ്രോ-ലൈഫ് ഗ്രൂപ്പുകൾ,ഈ ദിനം പലവിധത്തിൽ ആഘോഷിക്കുന്നു. ചില ഗ്രൂപ്പുകൾ ഗർഭസ്ഥ ശിശുക്കളെ ആത്മീയമായി ദത്തെടുക്കുകയും അവർക്കും അവരുടെ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജപമാല ഘോഷയാത്രകളോ മറ്റു അബോർഷൻ ക്ലിനിക്കുകളിലേക്കോ സർക്കാർ കെട്ടിടങ്ങളിലേക്കോ ഉള്ള പ്രാർത്ഥനാ ജാഥകളും ഈ ദിവസം ആഘോഷിക്കാനുള്ള നല്ല വഴികളായി ഉപയോഗിക്കുന്നു .

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ കുർബാനകൾ, ജീവിതത്തിനായുള്ള പ്രാർത്ഥനകൾ, വിദ്യാഭ്യാസ സെമിനാറുകൾ, ജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള സമ്മേളനങ്ങൾ, പ്രോ-ലൈഫ് റാലികൾ, മാർച്ചുകൾ തുടങ്ങിയവ പോലുള്ള പരിപാടികൾക്ക് പ്രതിനിധികളെ ഏകോപിപ്പിച്ച് ഈ ദിനം ലോകമെമ്പാടും സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
കെസിബിസിക്ക് ശക്തമായ പ്രൊ ലൈഫ് സമിതിയുണ്ട് . ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയാണ് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ചെയര്മാൻ .മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആയിരുന്നു പ്രഥമ ചെയര്മാൻ .ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസും,അധ്യക്ഷത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലും ഇപ്പോൾ വൈസ് ചെയര്മാന്മാരായി പ്രവർത്തിക്കുന്നു .കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ളീറ്റസ് വർഗീസ് പ്രൊ ലൈഫ് സമിതിയുടെ ഡിറക്ടറാണ് .ജോൺസൻ ചൂരേപ്പറമ്പിൽ -പ്രസിഡന്റ്,ജെയിംസ് ആഴ്ചങ്ങാടൻ-ജനറൽ സെക്രട്ടറി ടോമി പ്ലാത്തോട്ടം-,ട്രഷറർ,ആനിമേറ്റർമാരായ സാബു ജോസ് , സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യർ വലിയവീട്. തുടങ്ങിയവർ സംസ്ഥാന സമിതിക്ക് നേതൃത്വം നൽകുന്നു .
വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്.അതുതന്നെയാണ് മാർച്ച് 25 പ്രോലൈഫ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ജീവന്റെ സംരക്ഷണത്തിനായി ഒരു വലിയ പ്രാർത്ഥന അടിയന്തിരമായി ആവശ്യമാണ്, അത് ലോകമെമ്പാടും ഉയരും. പ്രത്യേക സംരംഭങ്ങളിലൂടെയും ദൈനംദിന പ്രാർത്ഥനയിലൂടെയും, എല്ലാ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും, എല്ലാ ഗ്രൂപ്പുകളിൽ നിന്നും അസോസിയേഷനുകളിൽ നിന്നും, എല്ലാ കുടുംബങ്ങളിൽ നിന്നും, ഓരോ വിശ്വാസിയുടെ ഹൃദയത്തിൽ നിന്നും,ലോകത്തിൽ മനുഷ്യജീവനെ സംരക്ഷിക്കുന്നതിനായിട്ടുള്ള ദൈവത്തോടുള്ള പ്രാർത്ഥന ഉയരട്ടെ.

സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം മാർച്ച് 25 ന് കൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ നടക്കും.“ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക ” എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം. ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിനെക്കുറിച്ച് ഫാ. ക്ളീറ്റസ് വർഗീസും,ജീവന്റെ സുവിശേഷം ചാക്രിക ലേഖനത്തെക്കുറിച്ച് ജെയിംസ് ആഴ്ചങ്ങാടനും ക്‌ളാസുകൾ നയിക്കുന്നു .
പ്രോലൈഫ് ദിനാഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും.കെ സി ബി സി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.യോഗത്തിൽ വിവിധ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ആദരിക്കും.

ജീവിതത്തെ ബഹുമാനിക്കുക: ഗർഭച്ഛിദ്രത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ 8 ശക്തമായ പ്രസ്താവനകൾ

സെപ്റ്റംബർ 15, 2021: ‘ഗർഭച്ഛിദ്രം കൊലപാതകമാണ്’
സെപ്തംബർ 25, 2020: ഐക്യരാഷ്ട്രസഭയോടുള്ള പ്രസംഗം” മനുഷ്യജീവന്റെ നിലനിൽപ്പ് പ്രധാനമാണ്
ഒക്‌ടോബർ 10, 2018: ഗർഭച്ഛിദ്രം ‘ഒരു ഹിറ്റ്മാനെ നിയമിക്കുന്നത്’ പോലെയാണ്
ജൂൺ 16, 2018: ഗർഭച്ഛിദ്രം ‘നാസികൾ ചെയ്തത്’ പോലെയാണ്
ഫെബ്രുവരി 18, 2016: ഗർഭച്ഛിദ്രം ‘ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് എതിരാണ്’
ജൂൺ 18, 2015: സൃഷ്ടിക്കുവേണ്ടിയുള്ള പരിചരണം ‘ഗർഭച്ഛിദ്രത്തിന്റെ ന്യായീകരണവുമായി പൊരുത്തപ്പെടുന്നില്ല’
ഓഗസ്റ്റ് 16, 2014: ഗർഭച്ഛിദ്രത്തിന് ഇരയായവർക്കായി ദക്ഷിണ കൊറിയയിലെ സെമിത്തേരിയിൽ മാർപ്പാപ്പ പ്രാർത്ഥിക്കുന്നു
സെപ്തംബർ 20, 2013: അന്യായമായി ഗർഭഛിദ്രം നടത്തിയ എല്ലാ ഗർഭസ്ഥ ശിശുക്കൾക്കും യേശുവിന്റെ മുഖമുണ്ട്

ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കാം ,പ്രാർത്ഥിക്കാം, ജീവിക്കുവാൻ ഉറച്ച തീരുമാനം എടുക്കാം

ടോണി ചിറ്റിലപ്പിള്ളി