ജനുവരി മാസം തട്ടിൽ പിതാവിന് അനുഗ്രഹങ്ങളുടെ മാസമാണ്.മെത്രാനായത് ഒരു ജനുവരി 15-നാണ്.പിന്നെ ഷംഷാബാദ് മെത്രാനായത് വീണ്ടും ഒരു ജനുവരി 7-നാണ്.മെത്രാൻ എന്ന നിലയിൽ ബഹു.ആൻഡ്രൂസ് താഴത്തു പിതാവിന്റെ സഭാ ശുശ്രൂഷാപാടവവും കുണ്ടുകുളം പിതാവിന്റെ പാവങ്ങളോടുള്ള കരുതലും ചേർന്നാൽ മാര്‍ റാഫേല്‍ തട്ടിലായി.തന്നെ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ആവേശവും പ്രചോദനവും പകരുന്ന പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നുവെന്നതാണ് മാര്‍ തട്ടിലിനെ വ്യത്യസ്തനാക്കുന്നത്.എപ്പോഴും സ്‌നേഹത്തോടെ പുഞ്ചിരിച്ചുള്ള ഇടപഴകല്‍,മരുഭൂമിയിയിലെ തീക്കാറ്റുപോലുള്ള പ്രസംഗം, ശക്തമായ ഭാഷയും ഉച്ചാരണവും, പ്രസക്തമായ ഒരു പോയിന്റുപോലും വിട്ടുപോകാതെ കോര്‍ത്തിണക്കി അടുക്കും ചിട്ടയുമായുള്ള അവതരണം.
1960-70 കളിൽ പട്ടിണി കാലത്ത് തൃശൂർ ടൗണിലെ നിരവധി പേരെ വീട്ടിൽ താമസിപ്പിച്ച് ഭക്ഷണവും താമസ സൗകര്യവും നൽകിയിരുന്നു തട്ടിൽ പിതാവിന്റെ അമ്മ ത്രേസ്യ.ഇന്നൊക്കെയായിരുന്നെങ്കിൽ നാം തൃശ്ശൂരിലെ മദർ തെരേസ എന്നൊക്കെ അവരെ വിളിക്കുമായിരുന്നു.ആ അമ്മ സംരക്ഷിച്ചവരൊക്കെ ഇന്ന് തൃശൂരിലെ വൻ കോടീശ്വരന്മാരാണ്.മീഡിയകളൊന്നും സജീവമല്ലാതിരുന്ന കാലത്തെ ഈ സ്‌ത്രീരത്നത്തിന്റെ പുണ്യകഥകൾ ഒരുനാൾ തൃശ്ശൂർക്കാർ ആഘോഷിക്കുമെന്നുറപ്പാണ്.ആ അമ്മ തന്റെ മകനെ ഓർമ്മപ്പെടുത്തിയിട്ടുള്ള ഒറ്റ കാര്യമിതാണ്”ആരും പരാതി പറയാത്ത…പാവങ്ങളോട് കരുണ കാട്ടുന്ന നല്ല ഒരു വൈദികനാകണം”.ഈ അമ്മയുടെ വിശുദ്ധിയുടെ ബാക്കിപത്രമാണ് തട്ടിൽ പിതാവ്. അമ്മയുടെ വാക്കുകൾ അക്ഷരം പ്രതി പാലിക്കുന്ന മകൻ.
അതെ ആ പുണ്യപ്പെട്ട അമ്മയുടെ മകന്റെ സഭയിലുള്ള തട്ടുകൾ ഉയരുകയാണ്.സഭ,ഷംഷാബാദിലേക്ക് മെത്രാനെ ആവശ്യപ്പെട്ടപ്പോൾ തൃശൂർ അതിരൂപത കൊടുത്തത് ഏറ്റവും പ്രഗത്ഭനായ,വിശുദ്ധിയുള്ള തട്ടിൽ പിതാവിനെയാണ്.കേരളത്തിലെ സഭയുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ പിതാവ് ഇന്ത്യ മുഴുവൻ സീറോ മലബാർ കുടിയേറ്റങ്ങൾ താണ്ടാനുള്ള ദൗത്യം ഏറ്റെടുത്തു.
തർക്കങ്ങൾ പരിഹരിക്കുന്നതിൽ മിക്ക തൃശ്ശൂർക്കാരും കച്ചവടക്കാരോ കോടീശ്വരന്മാരോ ആകട്ടെ,തട്ടിൽ പിതാവിനെ സമീപിക്കും.നീതിയുടെ പക്ഷം ചേർന്ന് വാദിയെയും പ്രതിയെയും പേര് ചൊല്ലി വിളിച്ച് നെഞ്ചോട് ചേർത്ത് ആശ്ലേഷിക്കുമ്പോൾ തന്നെ പരിഹാരം മുഴുവനായി വരുന്നു.സഭയിൽ അനുരഞ്ജനത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.ഹൃദയത്തിൽ നൈർമല്യം എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഇടയൻ,അത് പുറത്തു കാണിക്കുന്ന തുറന്ന പുഞ്ചിരിയിൽ തന്നെ നമുക്ക് അനുഭവമാകും.
പുലർച്ചെ നാലുമണിക്ക് ഉണർന്നുകൊണ്ടുള്ള പ്രാർത്ഥനയാണ് പിതാവിന്റെ ശക്തി.ഹൃദയങ്ങൾ അറിഞ്ഞുകൊണ്ടുള്ള പ്രാർത്ഥനകൾ സ്വന്തം അമ്മയിൽ നിന്ന് പകർന്നു കിട്ടിയതാണ്.തൃശൂർ അതിരൂപതയിലെ ഏതു ഇടവകയിലും ചെന്നാൽ പിതാവിന് ചോറ് തരാൻ പത്തു വീടെങ്കിലും ഉണ്ടാകും.ഷംഷാബാദിലും ഇപ്പോൾ ഭാരതം മുഴുവനും അങ്ങനെതന്നെ.ഭക്ഷണം ഒരുമിച്ചാകണം, ഉള്ളത് പങ്കുവയ്ക്കണം.ഇതാണ് പിതാവിന്റെ വിരുന്നുശാസ്ത്രം.
തട്ടിൽ പിതാവിന്റെ ജീവിതദർശനം ഇതാണ്:”പാവങ്ങളെ പരിഗണിക്കുക.അവരോടു കരുണ കാണിക്കുക.ഉള്ളത് അവർക്ക് കൊടുക്കുക”.അത് തന്റെ സഹവൈദികരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. “ആരോടും പറ്റില്ല,സാധിക്കില്ല” എന്ന് ഒരിക്കലും പറയില്ല.തൃശൂർ പുത്തൻപള്ളിക്കട്ടയിലെ തട്ടിൽ വീട്ടിലും അമ്മ ത്രേസ്യ അങ്ങനെയായിരുന്നു.ആരെയും വെറും കയ്യോടെ വിടില്ല. കാരുണ്യവും അനുകമ്പയും സ്നേഹവും പുഞ്ചിരിയും നിറഞ്ഞ സുകൃത ജീവിതം.നമ്മുടെ കുടുംബങ്ങളുമായി പിതാവ് ബന്ധപ്പെടുമ്പോൾ,നമ്മെക്കാൾ കുടുംബാംഗങ്ങൾക്ക് ഇഷ്ടം തട്ടിൽ പിതാവിനെയാണല്ലോ എന്ന് നമുക്ക് തോന്നും.അത്രയും അടുപ്പമാണ് ഓരോരുത്തരോടും കാണിക്കുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചിതറിക്കിടക്കുന്ന സീറോ മലബാർ കത്തോലിക്കരെ ഒരുമിച്ചു ചേർക്കുകയെന്ന ഏറ്റവും ദുഷ്ക്കര ദൗത്യമാണ് സഭ അദ്ദേഹത്തെ ഏൽപ്പിച്ചത്.അത് ഏറ്റവും അനായാസമായി പൂർത്തീകരിക്കുകയാണ് തട്ടിൽ പിതാവ്.സ്വന്തം ആരോഗ്യത്തെപ്പോലും മറന്ന് ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലേക്കു അദ്ദേഹം നടത്തുന്ന മിഷനറി യാത്രകൾ സഭയുടെ കെട്ടുറപ്പിനുള്ളതാണ്.
ഏതു വെല്ലുവിളിയുടെ ദൗത്യങ്ങൾ ഏൽപ്പിച്ചാലും ദൈവപരിപാലനയിൽ പൂർത്തിയാക്കുന്ന ഇടയൻ.ഏതു ദുഷ്ക്കരമായ ഇടങ്ങളിലും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പൂക്കൾ വിരിയിക്കാൻ കഴിയുന്ന ഇടയൻ.തട്ടിൽ പിതാവിനെ കരുണയുടെയും അനുരഞ്ജനത്തിന്റെയും പിതാവ് എന്ന് വിളിക്കാനാണ് കൂടുതലിഷ്‍ടം.പ്രതിസന്ധികളുടെ സഭാ കാലഘട്ടങ്ങൾ തട്ടിൽ പിതാവിന് ഈശോയുടെ മരുഭൂമി പരീക്ഷണഘട്ടങ്ങൾ പോലെയാണ്.
മെത്രാഭിഷേകത്തിന്റെ പതിമൂന്നാം വർഷവും ഷംഷാബാദിൽ നാലാം വർഷവും ഈ ജനുവരിയിൽ പൂർത്തിയാക്കി കൂടുതൽ ശക്തനായി തിരിച്ചുവരാൻ കുതിക്കുന്ന പ്രവാചകനെപ്പോലെ പ്രാർത്ഥനയിൽ ശരണം വയ്ക്കുകയാണ് മാർ റാഫേൽ തട്ടിൽ.കൂടുതൽ ഉത്തരവാദിത്വങ്ങളുടെ തട്ടുകൾ മുന്നിലുണ്ട്.അതെല്ലാം ദൈവപിതാവിന്റെ പരിപാലനയുടെ കരുത്തിൽ കയറാൻ ദൈവം അദ്ദേഹത്തിന് ഇടവരുത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി