കാക്കനാട്: പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്.
ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാർ ആലഞ്ചേരിയും പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തും നിയുക്ത പിതാവിനെ പൊന്നാട അണിയിച്ചും ബൊക്കെ നല്കിയും അനുമോദിച്ചു. സീറോമലബാർസഭാ സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തദവസരത്തിൽ സന്നിഹിതരായിരുന്നു.
പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെടുന്നത്. 1964 മെയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കൾ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981ൽ പാലക്കാട് രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. 1990 ഡിസംബർ 29ന് അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാകോടതിയുടെ അധ്യക്ഷനായും രൂപതാ ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. ബാഗ്ളൂർ സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാനിയമത്തിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ നിയുക്ത മെത്രാൻ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2020 ജനുവരി 15ന് പാലക്കാട് സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂൺ 18ന് അഭിഷിക്തനായി. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഇപ്പോൾ നിയമിതനായിരിക്കുന്നത്.
നിയുക്ത പിതാവിന്റെ സ്ഥാനാരോഹണം സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കുന്നതാണ്.