കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ ഫാ. ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച് സീറോ മലബാർ സഭ സ്ഥിരം സിനഡംഗവും മുതിർന്ന ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്.
ആരോഗ്യ വിവരങ്ങളും കയ്യേറ്റശ്രമം നടന്നതിന്റെ വിശദ വിവരങ്ങളും ആരാഞ്ഞു. കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് വൈദികൻ ചികിത്സകഴിയുന്നത്.
ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കം നില്‍ക്കുന്ന പള്ളിയിലാണ് സംഘര്‍ഷം ഉണ്ടായത്. കുര്‍ബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രതിഷേധവുമായെത്തുകയായിരുന്നു.
പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകര്‍ത്തു. വിമത വികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമസംഭവം ഉണ്ടായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ചു പള്ളി പൂട്ടി.
സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. പള്ളിക്കുള്ളില്‍ വച്ച് കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച് ഫാ. ജോണ്‍ തൊട്ടുപുറം തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.