മേജർ ആർച്ചബിഷപ് കാർദിനാ ജോർജ് ആലഞ്ചേരി സിറോമലബാർ സഭയുടെ പരമോന്നത സ്ഥാനത്തു നിന്ന് ഇന്ന് വിരമിക്കുന്നതായി വാർത്ത വന്നല്ലോ. 2011 മുതൽ അദ്ദേഹം സിറോ മലബാർ സഭക്ക് നൽകിയ നേതൃത്വം കൃതജ്ഞതയോടെ ഓർക്കുന്നു.
എറണാകുളം രൂപതയിൽ നടമാടിയ വിവാദങ്ങൾ അദ്ദേഹം ചെയ്ത വളരെയേറെ നന്മകൾ കുറെയെല്ലാം മറച്ചു കളഞ്ഞു. അന്യായമായി വേട്ടയാടപ്പെട്ട വൈദിക ശ്രെഷ്ടനായാണ് അദ്ദേഹം വിരമിക്കുന്നത്.
1972- ൽ മാർ ആന്റണി പടിയറ പിതാവാണ് അദ്ദേഹത്തിന് വൈദിക പട്ടം നൽകുന്നത്. പാരിസിലെ ലോക പ്രസിദ്ധമായ സോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത ശേഷമാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. എന്നേക്കാൾ 6 വയസിനു ഇളപ്പമാണ് മാർ ജോർജ് ആലഞ്ചേരി. അദ്ദേഹം പാരിസിൽ പഠിക്കുന്ന കാലത്തു ഞാൻ ജർമനിയിൽ പഠിക്കുകയായിരുന്നു. അന്നുമുതലുള്ള സുഹൃത്ബന്ധം ഇന്നും തുടരുന്നു.
കേരളത്തിൽ തിരുച്ചുവന്നശേഷം അദ്ദേഹം വടവാതൂർ ഉള്ള മേജർ സെമിനാരിയിൽ പ്രൊഫസർ ആയും ചങ്ങനാശേരി രൂപതയുടെ വികാരി ജനറൽ ആയും സേവനം ചെയ്തു വരവേയാണ് 1996-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തക്കല രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോർജ് ആലഞ്ചേരിയെ നിയമിക്കുന്നത്. ചങ്ങനാശേരിക്കരനായ പിതാവ് ഇടയ്ക്കിടയ്ക്ക് തക്കലയിൽനിന്നു ചങ്ങനാശേരിക്ക് വരുമായിരുന്നു. സാമാന്യ ട്രെയിനിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു ചങ്ങനാശേരി അരമനയിലേക്കു പോകുന്നത് പലരും കണ്ടിട്ടുണ്ടാകും. എളിയ ജീവിതത്തിന്റെ മാതൃകയായിരുന്നു അദ്ദേഹഹം.
തമിഴ് നാടിന്റെ മൂലയിൽ ഉള്ള തക്കല രൂപതയുടെ മെത്രാനായി കഴിയവേ 2011 മെയ് 26- നു മാർ ആലഞ്ചേരി കേരള സിറോമലബാർ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പലരും അത്ഭുതത്തോടെയാണ് ആ തെരഞ്ഞെടുപ്പിനെ കണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം പുന്നപ്ര പള്ളിയിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ”പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീർന്നു” എന്ന ബൈബിൾ വാക്യം അന്വര്ഥമായി എന്നാണ്. പ്രഗൽപഭരായ പല മെത്രാന്മാരെ മറികടന്നാണ് മാർ ആലഞ്ചേരി മേജർ അർച്ചബിഷപ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
2012 ഫെബ്രുവരിയിൽ അദ്ദേഹത്തെ ബെനഡിക്ട് മാർപ്പാപ്പ കാർദിനാളായി തെരഞ്ഞെടുത്തു.
മാർ ജോർജ് ആലഞ്ചേരിയുടെ മേജർ അർച്ചബിഷപ് ആയിട്ടുള്ള അവസാന നാളുകൾ സംഘർഷ ഭരിതം ആയിരുന്നു. എറണാകുളംകാരനല്ലാത്ത ബിഷപിനോടുള്ള അതൃപ്തി തുടക്കം മുതൽ ഉണ്ടായിരുന്നു. എറണാകുളം അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാർ ഇടയന്ത്രത് മാർ ജോസഫ് പുത്തൻവീട്ടിൽ എന്നിവരുമായി ഉണ്ടായ അസ്വാരസ്യങ്ങൾ 2015- ൽ ഭൂമിവിവാദത്തിലേക്കും അതിനു ശേഷം കുർബാനയുടെ അർപ്പണരീതിയെ സംബന്ധിച്ച തർക്കങ്ങളിലേക്കും നയിച്ചു. ഈ വിവാദങ്ങൾ രണ്ടും വാസ്തവത്തിൽ അടിസ്ഥാനമി ല്ലാത്ത തർക്കങ്ങളയിരുന്നു. ഒത്തുത്തീർപ്പുകൾ ഉണ്ടാകാതിരുന്നത് മേജർ ആർച്ബിഷപ്പിനോടുള്ള വ്യക്തിഗതമായ അകൽച്ച കൊണ്ടായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.
നീതിമാനായ ഒരാളെ എങ്ങനെയെല്ലാം തേജോവധം ചെയ്യാം എന്നതിനുള്ള ആധുനിക ഉദാഹരണമാണ് മാർ ആലഞ്ചേരി.
പലരെയും വിഷമിപ്പിക്കണ്ട എന്ന ചിന്ത കാരണം, പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു പൊതു സമൂഹത്തിൽ പറയാതിരുന്നതു അനാവശ്യമായ തെറ്റിദ്ധാരണകൾക്കു കാരണമായി; ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതിരുന്നതും വിമത പ്രവർത്തനത്തിനും സംഘർഷത്തിനും ആക്കം കൂട്ടി.
പുതിയ മേജർ ആർച്ബിഷപ്പിനെ ജനുവരിയിൽ (അടുത്ത മാസം) സിറോമലബാർ സിനഡ് തെരഞ്ഞെടുക്കുന്നതുവരെ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മെത്രാന് സഭയുടെ അഡ്മിനിസ്ട്രേറ്റർ പദവി നൽകിയിട്ടുണ്ട്. ആലഞ്ചേരി പിതാവ് സ്ഥാനം ഒഴിയുന്നതിനാൽ എറണാകുളം രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മാർ ആൻഡ്രൂസ് താഴത്തു പിതാവും തൽസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. പകരമായി ആ സ്ഥാനം ബോസ്കോ പുത്തൂർ ബിഷപിനു നൽകിയിട്ടുണ്ട്.
മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്നതോടെ എറണാകുളം അങ്കമാലി രൂപതയിലുള്ള അസ്വസ്ഥതകൾക്ക് തീരുമാനം ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Fr.Cyriac Thundiyil CMI