നീതിമാന്റെ ക്ളേശങ്ങൾ അസംഖ്യമാണ്, എന്നാൽ അതിൽ നിന്ന് എല്ലാം കർത്താവ് അവനെ രക്ഷിക്കുന്നു എന്ന് തിരുവചനം പറയുന്നു. തിരുവചനം ‘നീതിമാൻ’ എന്നു വിശേഷിപ്പിക്കുന്നവരിൽ പ്രമുഖനാണ് ഈശോയുടെ വളർത്തുപിതാവായ ജോസഫ്. ജോസഫ്‌ നീതിമാനാരുന്നു എന്ന് മത്തായി.1:19 ൽ പറയുന്നു. പല വിധ കഷ്ടതകളിലൂടെ ജോസഫ് കടന്നു പോയി എന്നാൽ അവിടെയെല്ലാം കർത്താവ് അൽഭുതകരമായി ജോസഫിനെ താങ്ങി. ജീവിതത്തിൽ പലവിധ കഷ്ടതകളിലൂടെ നീതിമാനായ ജോസഫ് കടന്നു പോയപ്പോൾ മനുഷ്യർ ജോസഫിനെ അവഹേളിച്ചുണ്ടാകാം എന്നാൽ ദൈവത്തിനു മുൻപാകെ അവൻ ശ്രേഷ്ഠനായിരുന്നു.

വിവാഹത്തിനു മുമ്പേ കന്യകയായ വധു ഗർഭിണിയാവുക, സ്വപ്നത്തിൽ കണ്ട ഒരു ദർശനം മാത്രം കൈമുതലാക്കി തന്റേതല്ലാത്ത ഗർഭം വഹിക്കുന്ന ഒരു പെണ്ണിനെ ഭാര്യയാക്കേണ്ടി വരിക. അങ്ങിനെയുള്ള ഭാര്യയെയും കൂട്ടി കഠിനമായ യാത്ര നടത്തുക. ഒരു സത്രം പോലും ലഭിക്കാൻ പോലും സാധിക്കാത്തവിധം തിരക്കുള്ള സമയത്ത് ഒരു പ്രസവത്തിനായി ഒരു കാലിതൊഴുത്ത് ഒരുക്കേണ്ടി വരിക, തന്റേതല്ലാത്ത കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തനിക്ക് സുപരിചിതമല്ലാത്ത നാട്ടിലേക്ക് അവരെയും കൂട്ടി ഒളിച്ചോടേണ്ടിവരിക. അവർക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കേണ്ടി വരിക. ഒരു ദേശത്ത് ആശാരിക്കു പണി അറിയാമെന്ന് നമുക്കറിയാമെങ്കിലേ നാം പണി കൊടുക്കൂ. പല നാട്ടിൽ താമസിക്കേണ്ടി വന്ന ജോസഫിന് പണി കിട്ടാൻ പോലും എത്ര ബുദ്ധിമുട്ടുണ്ടായി കാണും.

ഒരു രക്ഷകനായ ദൈവത്തെ പോറ്റിവളർത്താൻ നിയോഗിക്കപ്പെട്ടവന് ദൈവം ഒരു മുൻഗണനയും നൽകിയില്ലെന്നതാണ് സത്യം. എന്തിനേറെ സ്വഭാവികമായ സുരക്ഷിതത്വം പോലും ജോസഫിന് ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ടു ജീവിച്ചതുകൊണ്ടു മാത്രമാണ് നീതിമാനായ ജോസഫ് പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ നിന്നത്. നാം ഓരോരുത്തർക്കും സുഖത്തിലും ദുഃഖത്തിലും കർത്താവിൽ പ്രത്യാശ അർപ്പിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്