വിശ്വാസികൾ എന്നും സഭയെ അനുസരിച്ച് പോകുന്നവരാണ്.അവർ ഇന്നുവരെയും അൾത്താരക്ക് അഭിമുഖം ബലി അർപ്പിക്കുന്നവരാണ്.ഇനിയും അങ്ങനെത്തന്നെയാണ്.ഇനി അവർ എവിടേക്കും തിരിയേണ്ട ആവശ്യമില്ല.അവർക്ക് വേണ്ടത് സഭ പറയുന്ന കാര്യങ്ങൾ തന്നെയാണ്. രാവിലെ മുതൽ രാത്രി വരെ അധ്വാനിച്ച് മുന്നോട്ടു പോകുന്ന അവരെ വെറുതെ വിടുക.

നാം എപ്പോഴും വൈദികരെ ബഹുമാനിക്കുക.ആദരിക്കുക… ബഹു.വൈദികർ സഭയെ അനുസരിക്കട്ടെ.അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ഭിന്നിപ്പുകൾ ഇപ്പോൾ മാത്രം ഉണ്ടായതല്ല.ആദിമ സഭയിൽ ഭിന്നിപ്പുകൾ ഉണ്ടായിരുന്നു.എന്നാൽ അന്ന് സഭയുടെ നന്മയെക്കരുതി എല്ലാവരും ഒന്നായിത്തീർന്നു. ഇന്നും അങ്ങനെ ആയിത്തീരട്ടെ എന്ന് പ്രതീക്ഷിക്കാം.

എന്താണ് നമ്മുടെ സഭകളിൽ നടക്കുന്നത് ? വേലി തന്നെ വിളവ് തിന്നുന്നു.അനുസരണം പഠിപ്പിക്കേണ്ടവർ അനുസരണം ലംഘിക്കുന്നു.കുർബാന തടയുന്നു.സഭ നിഷ്‌കർഷിക്കുന്ന കുർബാന നിരസിക്കുന്നു.പരസ്പരം വെല്ലുവിളിക്കുന്നു.വിശ്വാസികളെ വഴി തെറ്റിക്കുന്നു.കോടതിയിൽ പോകുന്നു.റാലി നടത്തുന്നു.ബിഷപ്പുമാരെ തടയുന്നു.പ്രതിഷേധിക്കുന്നു.ഇതെല്ലാം കഴിഞ്ഞ് അനുരഞ്ജിതരായി ത്തീർന്നിടാം എന്ന് പാടുന്നു.ബലി അർപ്പിക്കുന്നു.ശത്രുക്കളെ സ്നേഹിക്കാൻ പറയുന്നു.അനുസരിക്കാൻ പഠിപ്പിക്കുന്നു. ദൈവജനം ഇക്കൂട്ടരിൽ നിന്ന് എന്താണ് പഠിക്കുന്നത്?…..ഇതിൽ നിന്നൊക്കെ നാം എന്താണ് മനസ്സിലാക്കേണ്ടത്?…..

ക്രിസ്മസ് സമാഗതമാകുന്നു.അനുസരണത്തിന്റെ നാഥൻ വീണ്ടും പിറക്കുന്നു.നമുക്ക് ഒരു പുതിയ സംസ്കാരത്തിലേക്ക് വരാം.ഭിന്നതകൾ മാറ്റിവയ്ക്കാം.നാം കൂടി വന്നാൽ 60 -80 വയസ്സു വരെ കൂടി പോയാൽ ജീവിക്കും.ഈ ചെറിയ കാലയളവിൽ ഉള്ള സമാധാനം കളയാതെ കാത്തുസൂക്ഷിക്കാം.സഭ പറയുന്ന കാര്യങ്ങൾക്ക്‌ കീഴ്‌വഴങ്ങി ജീവിക്കാം.പൊതുജനത്തിന് …വിശ്വാസികൾക്ക് …ചെറുപ്പക്കാർക്ക് ….വരും തലമുറക്ക് നല്ല മാതൃക നൽകി ജീവിക്കാം.

വിയോജിപ്പ് ഉള്ളവർ നമ്മുടെ സഹോദരീ സഹോദരന്മാർ ആണ്.അല്ലാതെ വേറെ ആളുകളല്ല.അവരെ നമ്മുടെ ഹൃദയത്തിൽ നമുക്ക് സൂക്ഷിക്കാം.നമുക്ക് പരസ്പരം സ്നേഹിക്കാം.അനുരഞ്ജനത്തിന്റെ പാതയിൽ പോകാം.സന്ധിസംഭാഷണങ്ങളിൽ ഏർപ്പെടാം.തെരുവിൽ ഇറങ്ങാതെ സഭാവേദികളിൽ ഒന്നിക്കാം.പരസ്പരം പ്രാർത്ഥിക്കാം.ഒരു കാര്യം എനിക്ക് തീർച്ചയാണ്.പ്രാർത്ഥനയിലൂടെ മാത്രമേ നമുക്ക് യോജിപ്പിലെത്താൻ സാധിക്കൂ.ലോകത്തിൽ സഹകരണത്തിന്റെ മാതൃകക്കു മാത്രമേ വിജയമുള്ളൂ.

നമ്മുടെ സ്വർഗീയ അമ്മയുടെ അനുസരണം

സ്വന്തം പദ്ധതികൾ മാറ്റിവച്ച് ദൈവഹിതത്തിന് മുൻപിൽ കീഴ്‌വഴങ്ങിയ ഒരു അമ്മയെ ദൈവം നമുക്കായി നല്കിയിരിക്കുന്നു. പരിശുദ്ധ കന്യകാ മറിയം.ദൈവത്തിന്റെ പദ്ധതി ദൈവകുമാരന്റെ അമ്മയായിത്തീരുക എന്നതാണെന്നറിഞ്ഞപ്പോൾ തന്റെ പദ്ധതികൾ പാടേ ഉപേക്ഷിച്ച് അവൾ ദൈവേഷ്ടത്തിനു മുൻപിൽ കീഴ്‌വഴങ്ങി.

”ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” (ലൂക്കാ 1:38). മറിയത്തിന്റെ ആ കീഴ്‌വഴക്കം ഹവ്വായുടെ പാപത്തിന് പരിഹാരമായി. ദൈവകല്പനയ്ക്ക് കീഴ്‌വഴങ്ങാതെ തന്നിഷ്ടം പ്രവർത്തിച്ച മാനവകുലം മുഴുവനുമായി ഹവ്വാ സമ്പാദിച്ച ശിക്ഷാവിധി മറിയം തന്റെ കീഴ്‌വഴക്കത്തിലൂടെ തിരുത്തി.

ക്രിസ്തുവിന്റെ അനുസരണം

ദൈവഹിതത്തിനുമുൻപിൽ കുരിശുമരണം വരെയും കീഴ്‌വഴങ്ങിയ ദൈവപുത്രനെയും പിതാവായ ദൈവം നമുക്കായി തന്നിരിക്കുന്നു.”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതെ കുരിശുമരണം വരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി. 2:6-9).

മനുഷ്യകുലം മുഴുവനും ഏറ്റുവാങ്ങേണ്ടിവന്ന ശിക്ഷാവിധിയെ നീക്കിക്കളയാൻ ദൈവപുത്രനായ യേശു ഏറ്റവും പ്രതികൂലവും ഏറ്റവും വേദനാജനകവുമായ സാഹചര്യത്തിൽ ദൈവഹിതത്തിന് കീഴ്‌വഴങ്ങി മരണംവരെ – അതെ കുരിശുമരണംവരെ കീഴ്‌വഴക്കമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.യേശു ഇപ്രകാരം പറഞ്ഞു ”സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (മത്താ. 12:50).

”ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാനല്ല. എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ് (യോഹ. 6:38).”സ്വമേധയാ ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുകയില്ല. ഞാൻ ശ്രവിക്കുന്നതുപോലെ, ഞാൻ വിധിക്കുന്നു. എന്റെ വിധി നീതിപൂർവകവുമാണ്. കാരണം എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാൻ അന്വേഷിക്കുന്നത്” (യോഹ. 5:30).

പൂർണമായും ദൈവഹിതത്തിന് കീഴ്‌പ്പെട്ട് ജീവിച്ച് മരിച്ചുയർത്ത യേശു നമ്മിൽനിന്ന് ആവശ്യപ്പെടുന്നതും തികച്ചും ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്. അവിടുന്ന് പറയുന്നു ”ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്‌നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എന്റെ കല്പനകൾ പാലിച്ചാൽ എന്റെ സ്‌നേഹത്തിൽ നിലനില്ക്കും” (യോഹ. 15:10).

ദൈവമായിരുന്നിട്ടും യേശു ഒരു മനുഷ്യനെന്ന നിലയിൽ രാജ്യത്തിലെ അധികാരികൾക്കും ദേവാലയ അധികൃതർക്കും കീഴ്‌പ്പെട്ടവനായി ജീവിച്ചു.(മത്താ. 17:24-27).

നമ്മുടെ അനുസരണം

ഓരോരുത്തരും മേലധികാരിക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവികസംവിധാനത്തെയാണ് ധിക്കരിക്കുന്നത്.ധിക്കരിക്കുന്നവൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.അനുസരണം ചിലപ്പോൾ ജീവിതബലിയാകുന്നു.നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അനുസരിക്കേണ്ടി വരും.സഭയുടെ നന്മയെക്കരുതി ഒന്നാകാം.ആരാണ് ശരി? ആരാണ് തെറ്റ് ? എന്ന് ദൈവം നിശ്ചയിക്കട്ടെ.

ഈ കുറിപ്പ് ആരെയും വേദനിപ്പിക്കാനല്ല.എല്ലാവരെയും ഒരുമിപ്പിക്കാനാണ്.ആ ഒരു ചൈതന്യത്തിൽ എടുക്കുമല്ലോ?… എല്ലാവരും എന്റെ സ്വന്തം സഹോദരീ സഹോദരന്മാരാണ്.എന്റെ മാതൃക ക്രിസ്തുവും പരി.അമ്മയും സഭയും ആണ്.സീറോ മലബാർ സഭയിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാർക്കും ക്രിസ്മസ് ആശംസകൾ.

ടോണി ചിറ്റിലപ്പിള്ളി
സെക്രട്ടറി ,അൽമായ ഫോറം സീറോ മലബാർ സഭ