സീറോമലബാർ സഭയുടെ സിനഡാനന്തരപ്രഖ്യാപനങ്ങളും സർക്കുലറുകളുമൊക്കെ വിശ്വാസികളെല്ലാവരും ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു സഭയിൽ. ഭാരതത്തിലെ സഭയുടെ വളർച്ചയെ സൂചിപ്പിക്കുന്ന അറിയിപ്പുകൾ ഉൾപ്പെടുന്ന ഇപ്രാവശ്യത്തെയും സിനഡാനന്തരപ്രഖ്യാപനങ്ങളും സർക്കുലറുമൊക്കെ യഥാർത്ഥത്തിൽ വിശ്വാസികളുടെ ഹൃദയത്തിൽ എത്രമാത്രം സന്തോഷം നിറയ്ക്കേണ്ടതായിരുന്നു. എന്നാൽ അക്കാര്യങ്ങളിൽ ഒട്ടും സന്തോഷിക്കാനോ അഭിമാനിക്കാനോ സാധിക്കാത്തവിധത്തിൽ ഉള്ളിൽ നിരാശയും നീരസവും നിറയ്ക്കുന്നതായിപ്പോയി എറണാകുളത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സർക്കുലറിൽ കുറിച്ചുവച്ചിരിക്കുന്ന ചില കാര്യങ്ങൾ.
ഏകീകൃത കുർബാനയർപ്പണരീതി സീറോമലബാർ സഭയിൽ ഉടനീളം മാറ്റമില്ലാതെ തുടരേണ്ടതാണെന്ന പതിവുപല്ലവി ആവർത്തിക്കുകയും അതിലേയ്ക്കെത്തുന്ന എറണാകുളത്തെ വൈദികരെ അഭിനന്ദിക്കുകയും ചെയ്തതു നല്ലകാര്യം. എന്നാൽ എത്ര പള്ളികളിൽ ഏകീകൃതകുർബാന വിശ്വാസികൾക്കു പങ്കെടുക്കാൻ സാധിക്കുന്ന സമയത്ത് നടക്കുന്നുണ്ടെന്ന് ആരെങ്കിലും അന്വേഷിച്ചോ ആവോ… മാത്രമല്ല അങ്ങനെയർപ്പിക്കുന്ന പരിശുദ്ധ കുർബാന പരമാവധി കോലംകെട്ടലോടുകൂടി നടത്തി ആ പരിശുദ്ധ കൂദാശയെ അവഹേളിക്കുന്ന വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വന്നത് സിനഡുപിതാക്കന്മാർ കണാതിരിക്കാൻ തരമില്ല. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവഹേളനങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി എറണാകുളത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ സഭയിലെ മെത്രാന്മാരെയും മാർപ്പാപ്പായുടെ പ്രതിനിധിയെപ്പോലും ആക്രമിക്കുകയും അവഹേളിക്കുകയുംചെയ്യുന്ന നിരവധി സംഭവങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു.
സിനഡു നിയോഗിച്ച ഉത്തരവാദിത്വപ്പെട്ടവർ, സമവായത്തിനെന്ന പേരിൽ ഈ അവഹേളനങ്ങളെയെല്ലാം തമസ്ക്കരിക്കുകയും അതിനു നേതൃത്വം നല്കിയവരും കൂട്ടുനിന്നവരുമായവർ എഴുതി നല്കിയ എല്ലാ നിർദേശങ്ങളും അപ്പാടെ ഏകപക്ഷീയമായ തീരുമാനങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ നിരാശരായ വിശ്വാസികൾ പിന്നെ പ്രതീക്ഷവച്ചത് സഭാപിതാക്കന്മാർ ഒരുമിച്ചുകൂടുന്ന സിനഡിലാണ്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നെങ്കിലും പരിശുദ്ധ കുർബാനയെ അവഹേളിച്ചവർക്കെതിരെ എന്തെങ്കിലും നടപടികൾ സിനഡ് നിർദേശിക്കുമെന്ന് മനസിൽ ആഗ്രഹിച്ച് പ്രാർത്ഥിച്ചു കാത്തിരുന്നവരാണ് വിശ്വാസികൾ ഏറെയും. എന്നാൽ ഈ പ്രവൃത്തികളെല്ലാം അവഹേളനങ്ങളും ഉതപ്പുമാണെന്നു പ്രസ്താവിച്ച സിനഡ്, അവയ്ക്കെല്ലാം പരിഹാരം ചെയ്യാൻ വിശ്വാസികളോട് നിർദേശിച്ചിരിക്കുകയാണ്. അഭിവന്ദ്യ പിതാക്കന്മാരേ, കഴിഞ്ഞ കുറേ കാലമായി ഓരോ അവഹേളനമുണ്ടാകുമ്പോഴും പ്രാർത്ഥിച്ചും ഉപവസിച്ചും ആരാധന നടത്തിയും പരിഹാരംചെയ്ത ആയിരങ്ങൾ ഈ സഭയിലുണ്ട്. അതായത് പരിശുദ്ധ കുർബാന അവഹേളിക്കപ്പെടുമ്പോൾ അതിനു പരിഹാരം ചെയ്യണമെന്ന് ആരും ഉപദേശിച്ചില്ലെങ്കിലും അറിയാവുന്നവരാണ് നമ്മുടെ പാവപ്പെട്ട അമ്മമാർ ഉൾപ്പെടുന്ന വിശ്വാസസമൂഹം. അവരോട് സിനഡിലെടുത്ത വലിയൊരു തീരുമാനമായി അങ്ങനെയൊരു പരിഹാരകൃത്യത്തെ അവതരിപ്പിച്ചതുതന്നെ നിങ്ങളുടെ ഹൃദയം വിശ്വാസികളിൽനിന്ന് എത്രയോ ദൂരെയാണെന്ന് തെളിയിക്കുന്നു.
ഞാൻ ഇവിടെ ചർച്ചയ്ക്കുവയ്ക്കുന്നത് ഇതിന്റെയൊരു മറുവശമാണ്. വിശുദ്ധ കൂദാശകൾ ഏതെങ്കിലും സാഹചര്യത്തിൽ അവഹേളിക്കപ്പെടുമ്പോൾ അതിനു പരിഹാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകമാത്രമാണോ കൂദാശകളുടെ സംരക്ഷകരും സഭയുടെ കാവൽക്കാരുമായ മെത്രാന്മാരുടെ ദൌത്യം? അതല്ലെന്ന് മുൻകാലചരിത്രങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കലാസാഹിത്യമേഖലകളിലെ ചില തലതിരിഞ്ഞ വ്യക്തികൾ ആവിഷ്ക്കാരസ്വാതന്ത്ര്യമെന്ന ധിക്കാരത്തോടെ കൂദാശകളെയോ വിശുദ്ധ ചിത്രങ്ങളെയോ വികലമാക്കി അവതരിപ്പിച്ചപ്പോഴൊക്കെ പരിഹാരം ചെയ്യാൻ മാത്രമല്ല, ശക്തമായി പ്രതികരിക്കാനും നിയമനടപടികൾ സ്വീകരിക്കാനും തയ്യാറായായ ധാരാളം മെത്രാന്മാർ ഈ സഭയിലുണ്ട്. വെറും സാങ്കല്പികകഥയുണ്ടാക്കി, പള്ളിയുടെയും മറ്റും പശ്ചാത്തലം സൃഷ്ടിച്ചെടുത്ത് അച്ചനും കപ്യാരും കന്യാസ്ത്രീയുമൊക്കെയായി കലാകാരന്മാർ അഭിനയിക്കുന്ന സിനിമയിലോ നാടകത്തിലോ കൂദാശകളെ അവഹേളിക്കുന്ന എന്തെങ്കിലുമുണ്ടായാൽ എത്ര ശൌര്യത്തോടെയാണ് പിതാക്കന്മാർ പ്രതികരിക്കുന്നത്..! എന്നാൽ യഥാർത്ഥ പള്ളികളിൽ യഥാർത്ഥ വൈദികർ യഥാർത്ഥ പരിശുദ്ധ കുർബാനയർപ്പണങ്ങൾ നടത്തുമ്പോൾ പിശാചുക്കൾപോലും ചെയ്യാൻ മടിക്കുന്ന അവഹേളനങ്ങൾ നിരന്തരം ഉണ്ടാവുകയും അതു സോഷ്യൽ മീഡിയായിലൂടെ പൊതുസമൂഹത്തിൽ പ്രചരിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിനെ ശക്തമായി അപലപിക്കാനും അതിനെതിരെ പ്രതിഷേധിക്കാനും നിയമനടപടികൾ വേണമെന്ന് പരസ്യമായി ആവശ്യപ്പെടാനും സഭയിലെ ഒരു മെത്രാൻപോലും ഇല്ലാതെപോയി എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. തീർച്ചയായും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മനസുനീറാത്ത ഒരു മെത്രാനുമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷെ വ്യക്തിപരമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമൊക്കെ മിക്കവരും സിനഡിൽ അവതരിപ്പിച്ചിട്ടുമുണ്ടാകും. എന്നാൽ വിശ്വാസികളുടെയിടയിലും പൊതുസമൂഹത്തിലും പരസ്യമായി സംഭവിച്ച ഈ അവഹേളനങ്ങളെക്കുറിച്ച് വ്യക്തിപരമായും, കാറ്റുപോലും കേറാത്ത സിനഡുഹാളിലുംമാത്രം പ്രതികരിച്ചാൽ മതിയെന്ന് വിചാരിക്കുന്നതിന്റെ ദൈവശാസ്ത്രം ഒട്ടും മനസിലാകുന്നില്ല.
കുറച്ചുദിവസങ്ങൾക്കുമുമ്പ് ഛത്തീസ്ഘട്ടിൽ രണ്ടു സന്ന്യാസിനിമാർ അന്യായമായി തടവിലാക്കപ്പെട്ടപ്പോൾ നമ്മുടെ മിക്ക മെത്രാന്മാരും വളരെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പരസ്യമായി നടത്തിയത് കാണുവാനിടയായി. ഉടനെ അവരെ വിട്ടയച്ചില്ലെങ്കിൽ ഞങ്ങൾ പാർലമെന്റിന്റെ പടിക്കലേയ്ക്കു വരുമെന്ന് ഒരു മെത്രാൻ പറഞ്ഞപ്പോൾ മറ്റൊരാൾ പറഞ്ഞത് ഭാരതത്തിന്റെ ഭരണഘടന പശു തിന്നുപോയി എന്നാണ്. സഭയിലെ അച്ചടക്കത്തിന്റെയും നിയമവാഴ്ച്ചയുടെയും അടിസ്ഥാനമാകേണ്ട കാനൻനിയമം അപ്പാടെ വിഴുങ്ങി ഏമ്പൊക്കവുംവിട്ടിരുന്നാണ് ഈയൊരു പ്രതികരണം നടത്തിയതെന്നതാണ് വിരോധാഭാസം! രണ്ടു ധീരരായ മിഷനറിമാർക്ക്, അന്യായമായി തടവിലാക്കപ്പെട്ട് സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ അവസരം ലഭിച്ചപ്പോൾ അവരനുഭവിച്ച അന്യായത്തിനും അധാർമ്മികതയ്ക്കുമെതിരെ ഈ ജനാധിപത്യരാജ്യത്ത് തീർച്ചയായും നാം പ്രതികരിക്കേണ്ടതുതന്നെയാണ്. പക്ഷെ സഭയിലെ മെത്രാന്മാർക്ക് വിശുദ്ധ കുർബാനയോടുള്ള അവഹേളനത്തേക്കാൾ ഗുരുതരവും പ്രതിഷേധയോഗ്യവുമായി തോന്നിയത് സുവിശേഷത്തെപ്രതി പീഢയനുഭവിച്ച ആ സഹോദരിമാരുടെ ജയിൽവാസമാണെന്നത് യഥാർത്ഥത്തിൽ ഭയമുളവാക്കുന്നു. സഭയിലെ വിശുദ്ധരായ പിതാക്കന്മാർ നൂറ്റാണ്ടുകളോളം പീഢയനുഭവിച്ചും ജീവൻകൊടുത്തും സംരക്ഷിച്ചു പരിപാലിച്ച വിശുദ്ധ കൂദാശകളുടെ സമകാലികസംരക്ഷകർ ഈ പൈശാചികമായ അവഹേളനങ്ങൾക്കുമുമ്പിൽ തങ്ങളുടെ ദൌത്യംമറന്ന് മൌനികളായി മാറുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
പുതിയ മെത്രാപ്പോലീത്താമാരെയും മെത്രാന്മാരെയും അഭിനന്ദിച്ചുകൊണ്ട് സിനഡിനോടനുബന്ധിച്ചുനടന്ന സമ്മേളനത്തിൽ മെത്രാന്മാർ അനുഭവിച്ച സഹനങ്ങൾക്കും ഒറ്റപ്പെടലുകൾക്കും കുറ്റപ്പെടുത്തലുകൾക്കുംശേഷം ദൈവം നല്കിയ സന്തോഷസമ്മാനമാണ് ഈ പുതിയ നിയമനങ്ങളെന്ന് സൂചിപ്പിക്കുന്നതുകേട്ടു. തീർച്ചയായും എറണാകുളം പ്രശ്നവുമായി ബന്ധപ്പെട്ട മെത്രാന്മാർ അനുഭവിക്കുന്ന പ്രതിസന്ധികൾ വിവരണാതീതമാണെന്നതിനു സംശയമില്ല. എന്നാൽ സൂചികൊണ്ടെടുക്കാമായിരുന്നതിനെ ജെസീബികൊണ്ടുംപോലും നീക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്കെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വംകൂടി ഏറ്റെടുത്തുവേണം ഇങ്ങനെയൊരു സങ്കടംപങ്കുവയ്ക്കാനെന്നാണ് എനിക്കു പറയാനുള്ളത്. കൂടാതെ തങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചു വാചാലരാകുന്നവർ തങ്ങളുടെ നിസംഗതയോ പക്ഷംചേരലോമൂലം ദൈവജനം അനുഭവിക്കുന്ന പ്രതിസന്ധിയേക്കുറിച്ച് ഒട്ടും ആകുലരല്ല എന്ന പ്രതീതി ജനിപ്പിക്കുന്നത് വിശ്വാസികൾ വീണ്ടും നിങ്ങളിൽനിന്ന് അകലാനേ ഉപകരിക്കൂ എന്നത് മറക്കരുത്.
സിനഡിനെക്കുറിച്ചും സഭയിലെ മെത്രാന്മാരെക്കുറിച്ചും വിശ്വാസികൾക്കും പൊതുസമൂഹത്തിൽനിന്ന് സഭയെ നിരീക്ഷിക്കുന്നവർക്കും ഇപ്പോഴുള്ള കാഴ്ചപ്പാടെന്തെന്ന് ഇനിയും നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം പൂർണമാകും. ഓഫീസിൽനിന്നു പുറംലോകവുമായി ബന്ധമില്ലാത്ത വാഹനത്തിൽ കയറി കൈകൂപ്പിനില്ക്കുന്ന വിശ്വാസികൾക്കിടയിലേയ്ക്കു ചെന്നിറങ്ങി ഔദ്യോഗികകർമ്മങ്ങൾ നിർവഹിച്ച് അടുത്ത സ്ഥലത്തേയ്ക്കു തിരക്കിട്ടു യാത്രയാകുമ്പോൾ ഒരിക്കലും വിശ്വാസസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും വികാരങ്ങൾ തിരിച്ചറിയാൻ മെത്രാന്മാർക്കു സാധിക്കില്ല. ചുറ്റുംചേർന്നുനില്ക്കുന്നവരുടെ ആദരവിന്റെയും മിനുക്കിത്തേച്ച വാക്കകളുടെയും സുരക്ഷിതമായ കവചംപൊളിച്ച് ഒട്ടും ഔദ്യോഗികതയില്ലാതെ വിശ്വാസസമൂഹത്തിനു നടുവിൽനിന്നാൽ മാത്രമേ അവരുടെ പ്രതീക്ഷകളും നിരാശകളും അവരനുഭവിക്കുന്ന വിശ്വാസപ്രതിസന്ധികളും തിരിച്ചറിഞ്ഞ് അതു ഹൃദയത്തിലേറ്റുവാങ്ങാൻ കഴിയൂ. അതൊരുപക്ഷേ മെത്രാന്മാർക്ക് വിശ്വാസസംരക്ഷകരെന്ന നിലയിൽ ധീരമായ ചുവടുവയ്പ്പുകൾ നടത്താനുള്ള പ്രേരണയും പ്രചോദനവുമായിത്തീരാം.
അഭിവന്ദ്യപിതാക്കന്മാരേ, വിശുദ്ധ കൂദാശകൾക്ക് എറണാകുളത്തുണ്ടായ അവഹേളനങ്ങൾക്കെതിരേ തക്കതായ നിയമനടപടികൾ ഇപ്പോഴും വിശ്വാസികൾ പ്രതീക്ഷിക്കുന്നു. അവരെ ചാട്ടവാറിനടിക്കുന്നതു കണ്ട് ആനന്ദിക്കാനല്ല, സഭയിൽ നിയമവാഴ്ച നിലവിലുണ്ടെന്നു സ്വയം ബോദ്ധ്യപ്പെട്ട് കൂദാശകളോടുള്ള ഭയഭക്തിബഹുമാനത്തിൽ വളരാനും മക്കളെ വളർത്താനും വിശ്വാസികൾക്ക് അങ്ങനെയൊരു സാക്ഷ്യം അനിവാര്യമാണ്.
സഭയിലെ അച്ചടക്കവും നിയമവാഴ്ചയും സംഘബലത്തിനുമുമ്പിൽ അടിയറവയ്ക്കാനുള്ളതല്ലെന്ന സന്ദേശം സഭയ്ക്കും പൊതുസമൂഹത്തിനും വീണ്ടും നല്കുന്നതിനും അങ്ങനെയൊരു നിയമനടപടി ആവശ്യമാണ്.
കൂദാശകളെ ഈശോയുടെ പ്രവൃത്തിയായികണ്ട്, ഈശോയുടെ സ്ഥാനത്തുനിന്ന് അതു വിശുദ്ധിയോടെ പരികർമ്മം ചെയ്യുന്നതാണ് തങ്ങളുടെ ജീവിതത്തിന് അടിസ്ഥാനവും അർത്ഥവും നല്കുന്നതെന്ന ബോദ്ധ്യത്തിൽ ജീവിക്കുന്ന വൈദികർക്കുണ്ടായിരിക്കുന്ന അസ്തിത്വപ്രതിസന്ധി പരിഹരിക്കുന്നതിന് കൂദാശകളെ അവഹേളിച്ചവർക്കെതിരെ നിയമനടപടി ഉണ്ടായേ മതിയാകൂ…
കൂടാതെ ഇക്കാലമത്രയും സിനഡിന്റെ വാക്കുവിശ്വസിച്ച് നഷ്ടംസഹിച്ചും സഭയുടെ തീരുമാനങ്ങളോടു ചേർന്നുനില്ക്കുകയും ഇപ്പോൾ കബളിപ്പിക്കപ്പെട്ടുവെന്ന വികാരത്തിൽ നിരാശയോടെ പ്രതികരിക്കുകയുംചെയ്യുന്ന വിശ്വാസികളോട് സാമാന്യനീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഇനിയാര് സിനഡിനോടൊപ്പം നില്ക്കും…?
—-ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
