എന്താണ് ലെബുശ?
‘ല്വശ്’ എന്ന സുറിയാനി വാക്കിന് ധരിക്കുക, അണിയുക എന്നൊക്കെയാണ് അർഥം.
മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ പട്ടക്കാർ ഉപയോഗിക്കുന്ന മുൻഭാഗം തുറന്നുകിടക്കുന്ന കറുത്ത നിറമുള്ള വസ്ത്രം ഉപയോഗിച്ചിരുന്നു. ഇന്നും യാക്കോബായ, മലങ്കര ഓർത്തഡോക്സ്, സീറോ മലങ്കര, കൽദായ ആദിയായ സഭകളിൽ ഇന്നും ഉപയോഗിക്കുന്നുണ്ട്.
കത്തോലിക്കാ – അകത്തോലിക്കാ വേർതിരിവ് കൂടാതെ എല്ലാ പൗരസ്ത്യ സഭകളിലും വൈദികർ ഇത്തരം കറുത്ത വസ്ത്രം ധരിക്കുന്നു. കേരളത്തിൽ നസ്രാണി സന്യാസിമാർ കറുത്ത വസ്ത്രം ധരിക്കുന്നു എന്ന് 1501ൽ ഇന്ത്യക്കാരനായ ജോസഫ് വെനീസിൽവച്ച് നൽകിയ വിവരണത്തിൽ കാണുന്നു.
1604ൽ അൻ്റോണിയോ ഗുവെയാ എഴുതിയ ജോർണാട എന്ന ഗ്രന്ഥത്തിലും, ഫ്രാൻസീസ് റോസ് മെത്രാൻ്റെ നിയമാവലിയിലും നമ്മുടെ പട്ടക്കാർ കറുത്ത വസ്ത്രം ധരിക്കുന്നു എന്ന് പറയുന്നുണ്ട്.
ചില സഭകളിൽ ആരാധന ക്രമ സമയത്ത് കറുത്ത വസ്ത്രം ധരിക്കുന്നു എങ്കിലും പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഒരിക്കലും പരിശുദ്ധ കുർബാനയ്ക്കോ മദ്ബഹായിലോ ഈ വസ്ത്രം ഉപയോഗിക്കുന്നില്ല.
നമ്മുടെ സഭയിൽ ഈ വസ്ത്രം വൈദികരുടെയും മെത്രാന്മാരുടെ സിവിലിയൻ വസ്ത്രത്തിന്റെ മേൽക്കുപ്പായമാണ്. ഇത് യാത്രകളുടെയും മറ്റ് ഔദ്യോഗിക യോഗങ്ങളുടെയും മറ്റും സമയത്ത് ധരിക്കുന്നു. യാമ നമസ്കാരങ്ങൾക്ക് പങ്കെടുക്കുകയോ നേതൃത്വം നൽകുകയോ ചെയ്യുന്ന സമയത്ത് ഈ കറുത്ത വസ്ത്രത്തിന് മുകളിൽ പൗരോഹിത്യ വസ്ത്രമായ ഊറാറ ധരിക്കുന്നു.
ലെബുശയുടെ ദൈവശാസ്ത്രം?
കറുത്ത നിറം: തങ്ങൾ ഈ ലോകത്തിൽ മരിച്ചവരാണന്നും, തങ്ങൾ അനുഷ്ഠിക്കുന്ന പ്രാർത്ഥനകൾ ഈ ലോകത്തിന്റെ ബന്ധങ്ങൾക്ക് അപ്പുറം പോകുന്ന യാഥാർഥ്യങ്ങൾ ആണെന്നും പട്ടക്കാരൻ തന്നെത്തന്നെയും വിശ്വാസികളെയും ഓർമിപ്പിക്കുന്നു. അതുപോലെ പശ്ചാത്താപത്തോടെ ദൈവത്തെ സമീപിക്കണം എന്നും അവിടുത്തെ കരുണയിലൂടെയാണ് എല്ലാം ലഭിക്കുന്നത് എന്നും കറുത്ത വസ്ത്രം ഓർമ്മിപ്പിക്കുന്നു. കറുപ്പ് പാപത്തിൽ ഉള്ള മരണത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും നിറമാണ്.
സന്യാസത്തിന്റെ പ്രതീകമാണ് കറുത്ത വസ്ത്രം.
ആരാധനക്രമ അവസരങ്ങളിൽ പട്ടക്കാരൻ കറുത്ത നിറമുള്ള വസ്ത്രം ധരിക്കുമ്പോൾ താൻ ഈ ലോകത്തിൽ മരിച്ചവനാണന്നും
ഈശോയ്ക്കു വേണ്ടി ജീവിക്കുന്നവനാണ് എന്നുമുള്ള മാർ പൗലോസ് ശ്ലീഹായുടെ ദൈവശാസ്ത്രം നമുക്ക് ദർശിക്കാൻ സാധിക്കും.
ചുവപ്പ് നിറം: പട്ടക്കാർ കറുത്ത വസ്ത്രങ്ങൾ അണിയുമ്പോൾ മേല്പട്ടക്കാർ അകത്ത് ചുവപ്പോടുകൂടിയ കറുത്ത വസ്ത്രങ്ങൾ അണിയുന്നു. കാരണം ആദിമ സഭയിലെ മെത്രാന്മാർ സാധാരണയായി രക്തസാക്ഷികൾ ആയിട്ടാണ് മരിച്ചിരുന്നത്, ജീവൻ കൊടുത്ത് പോലും ഈശോയ്ക്ക് സാക്ഷ്യം നൽകേണ്ടവരാണ് മെത്രാന്മാർ എന്ന് ചുവപ്പ് ഓർമിപ്പിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ മെത്രാഭിഷേക കർമ്മം ആരംഭിക്കുന്നതുതന്നെ സഹദാമാരുടെ തിരുശേഷിപ്പ് വണങ്ങിക്കൊണ്ട് ആണ്. ഏത് സമയത്തും ഈശോയ്ക്കും പരിശുദ്ധ സഭയ്ക്കും വേണ്ടി രക്തസാക്ഷിയായി മരിക്കാനുള്ള സന്നദ്ധത ഈ ചുവപ്പ് നിറത്തിലുള്ള വസ്ത്രം പ്രതിനിധാനം ചെയ്യുന്നു.
മുൻവശം തുറന്നു കിടക്കുന്ന നീണ്ട അങ്കി: യഹൂദപാരമ്പര്യത്തിൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഈശോ മ്ശീഹാ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. മനുഷ്യഹൃദയങ്ങൾ തുറന്നു വേണം ദൈവത്തെ സമീപിക്കാൻ എന്നും ഈ വസ്ത്രം പഠിപ്പിക്കുന്നു.
പൗരസ്ത്യ സുറിയാനി സന്യാസികൾ അഥവാ ദയറാക്കാർ ഒരു കറുത്ത പുതപ്പ് പോലുള്ള മേൽവസ്ത്രം അവർ അണിഞ്ഞിരുന്നു, ഇത് വികസിച്ച് ഇന്ന് കാണുന്ന രീതിയിലുള്ള വസ്ത്രമായി മാറി. പൗരസ്ത്യ സുറിയാനി സഭയുടെ ദയറാ പാരമ്പര്യത്തിൽനിന്ന് ആയിരിക്കാം ഈ വസ്ത്രം ഉത്ഭവിച്ചത്.
എല്ലാ പൗരസ്ത്യ സഭകളിലും ഇത്തരത്തിലുള്ള കറുത്ത വസ്ത്രങ്ങൾ ഉണ്ട് .
പൗരോഹിത്യത്തിന്റെ പ്രതീകം എന്ന നിലയ്ക്ക് പ്രാർത്ഥനാ വേളകളിൽ കറുത്ത കുപ്പായത്തിന് മുകളിൽ പട്ടക്കാർക്കും മേൽ പട്ടക്കാർക്കും ഊറാറ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
Reference :
1)നമ്മുടെ റീത്ത് ; Mar Podipara Ouseph placid Malpan
2)മാർത്തോമ നസ്രാണി സഭ വിജ്ഞാനകോശം : റവ.ഡോ.സേവ്യർ കൂടപ്പുഴ
3) ഫ്രാൻസിസ് റോസിന്റെ കാനോനകൾ
4) Narratives of Joseph the Indian
5)Nestorius and there rituals : Rev. George Percy Badger